മാധവിക്കുട്ടിയുടെ കുഴിമാടത്തിനരുകില്‍ നില്‍കുമ്പോള്‍

മാധവിക്കുട്ടിയെ കുറിച്ച് ഓര്‍ക്കുകയാണ് ലേഖകന്‍

മാധവിക്കുട്ടിയുടെ കുഴിമാടത്തിനരുകില്‍ നില്‍കുമ്പോള്‍

ശശികുമാർ വാസുദേവൻ

രണ്ടു ദിവസം മുമ്പ് സക്കറിയയ്ക്കും ശശികുമാറിനുമൊപ്പം പാളയം പള്ളിയുടെ മുന്നിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ പറഞ്ഞു ഇവിടെയാണ് മാധവിക്കുട്ടിയെ അടക്കിയത്. അപ്പോൾ കറിയാച്ചൻ (ഞങ്ങൾ അടുത്ത ചങ്ങാതിമാർ സക്കറിയയെ വിളിക്കുന്നതങ്ങാനാ)പറഞ്ഞു ചേച്ചിയുടെ ഏതെങ്കിലും പ്രധാന ദിവസങ്ങളിൽ നമുക്കവരെ അടക്കിയടുത്തൊന്നു പോകണം. കറിയാച്ചൻ ആദ്യമായി മാധവിക്കുട്ടിയെ കാണാൻ മുംബൈ മലബാർ ഹില്ലിലെ ഫ്ളാറ്റിൽ ഒരുച്ചക്ക് പോയതും എന്നോടൊപ്പമായിരുന്നു. സുഖമില്ലായിരുന്നെങ്കിലും അവർ കറിയാച്ചനെ കണ്ട ആഹ്ലാദം ഇപ്പോഴും ഓർമ്മയിൽ.

സന്തോഷ വർത്തമാനങ്ങൾ നീണ്ടപ്പോൾ ദാസേട്ടൻ ഞങ്ങളുടെ രണ്ടു പേരുടെയും അടുത്തു വന്നിട്ട് പുറംവാതിലേക്കു കൊണ്ടുവന്നു പറഞ്ഞു: 'കമലാ ഈസ് നോ കീപ്പിംഗ് വെൽ..പ്‌ളീസ് ഡു നോട്ട്‌ ഫോർഗെറ്റ് ടു വിസിറ്റ്‌ ഹർ വെൻ എവർ യു ആര്‍ നിയർ '

ഇന്നലെ കാലത്തു റേഡിയോവിലെ 'ഓർമ്മിയ്ക്കാൻ ഓർത്തിരിക്കാൻ' എന്ന പരിപാടിയിൽ മാധവിക്കുട്ടിയുടെ ശബ്ദം വീണ്ടും കേട്ടു. ജാതിയും മതവും ഒന്നുമില്ലാത്തവരാണ് നാലപ്പാട്ടുകാർ എന്ന് തുടങ്ങിയ കവിത നിറഞ്ഞ പതിഞ്ഞ ശബ്ദം.

രണ്ടായിരത്തി ഒൻപതിന് മെയ് 31 നാണു കമലാദാസ് അന്തരിച്ചത്.

ജോണ് എബ്രഹാമിന്റെ ചരമ ദിനം മാത്രം ഓർത്തിരുന്ന ഞാൻ കറിയാച്ചനെ വിളിച്ചോർമ്മിപ്പിച്ചു, ഇന്ന് കമലാദാസ് അന്തരിച്ച ദിവസം കൂടിയാണ്.

ചേച്ചിയെ അടക്കിയിടം കാണാൻ പാളയം പള്ളി സെക്രട്ടറിയെ കണ്ടു അനുവാദം വാങ്ങി. ഫോട്ടോയെടുക്കാൻ പാടില്ലെന്ന് മാത്രം പറഞ്ഞു. പിന്നെ പുഷ്പാർച്ചനയും നടത്താറില്ല.

'ഇസ്ലാം മതാചാരപ്രകാരം മരിച്ചവരെല്ലാം തുല്യരാണ്. ചെറിയവനും വലിയവനും പ്രശസ്തനും അപ്രശസ്തനുമില്ല. ഇടക്കിടയ്ക്ക് അവരെ അടക്കിയ ഇടം കാണാൻ സാഹിത്യകാരൻമാരും സാംസ്ക്കാരിക പ്രവർത്തകരും വിദേശികളും വരാറുണ്ട്- 'സെക്രട്ടറി പറഞ്ഞു.

ആറു മണിക്ക് മുഖ്യമന്ത്രിയും കുറെ നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും പള്ളിയിൽ വരുന്നുണ്ട്. പൊലീസ് സെക്ക്യൂരിറ്റിക്കാർ വരുന്നതിനു മുമ്പ് ആമിയുടെ ഖബർസ്ഥാൻ കാണാൻ ഞങ്ങൾ തീരുമാനിച്ചു. നാലുമണിക്ക് കറിയാച്ചനും ,റോസ് മേരിയും ടോമിയും എത്തി.

നേരത്തെ തന്നെ അടക്കിയിടം ഞാൻ കണ്ടു വെച്ചിരുന്നു.

ഒരു വൻമരത്തിനു കിഴക്കു മാറി രണ്ടു മാതള ചെടികൾക്കിടയിൽ. വടക്കേ അറ്റത്തു ഒരു ചെറിയ കല്ലുണ്ട്. വടക്കോട്ടാണ് തല വെച്ചിരിക്കുന്നത്.

പത്തു വർഷം മുമ്പ്‌ എം.എ ബേബി സാംസ്ക്കാരിക മന്ത്രിയായിരുന്ന കാലത്തു മാധവിക്കുട്ടി അന്തരിച്ചപ്പോൾ തിരുവനന്തപുരത്തെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ സ്വരലയയുടെ നേതൃത്വത്തിൽ എറണാകുളത്തു നിന്ന് മൃതദേഹം തിരുവനന്തപുരം സെനറ്റ്ഹാളിലെ സ്റ്റേജിൽ കൊണ്ട് വച്ചതും കരമന ഹരി, റഷീദ്, ഈസ്റ്റ് -വെസ്റ്റ് ട്രാവൽ ഉടമ നജീബ് തുടങ്ങിയവർ ചേച്ചിയുടെ ചുറ്റും നിന്ന് വന്നവരെ സ്വീകരിച്ചു വിട്ടതും ചാനലുകൾ പാതിരാവോളം ലൈവ് ആയികാണിച്ചു കൊണ്ടിരുന്നതും ആ കാഴ്ചകളിൽ അസ്വസ്ഥരായി സണ്ണി ജോസഫ് ,രാജീവ് വിജയരാഘവൻ, എം പി സുകുമാരൻ നായർ, അശോകൻ എന്നിവർക്കൊപ്പം സെനറ്റ്ഹാളിനു മുന്നിലെ മരച്ചുവട്ടിൽ നിന്നതും പാതിരാവിൽ ഒരു ആംബുലൻസിൽ ദേഹം ഒരുക്കാനായി വട്ടിയൂർകാവിൽ ഒരു വീട്ടിൽ കൊണ്ട് പോയതും പിറ്റേന്ന് കാലത്തു വൻ ജനാവലിയെ സാക്ഷ്യം നിർത്തി ഈ മരച്ചുവട്ടിൽ കുഴിയിലേക്ക് താഴ്ത്തി മണ്ണിട്ടതും ഇതു കാണാൻ സ്ത്രീകൾക്കനുവാദമില്ലായിരുന്നിട്ടു കൂടി നൂറു കണക്കിന് സ്ത്രീകൾ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ നിന്ന് ചടങ്ങുകൾ വീക്ഷിച്ചതും ഓർത്തു പോയി.

ഇപ്പോൾ കുറെ നേരം കുഴിമാടത്തിനരുകിൽ നിന്നപ്പോൾ ഒരാൾ വന്നു പറഞ്ഞു, 'ഏഴു വർഷത്തിൽ കൂടുതലൊരാളിന്റെ കുഴിമാടവും സൂക്ഷിക്കാറില്ല. ഏഴുകൊല്ലം കൊണ്ട് മണ്ണാകുമെന്നാ. ഇപ്പോളിത് പത്തു വർഷമായി. അവരുടെ മാത്രം സംരക്ഷിക്കുന്നു. ഇടക്കിടയ്ക്ക് വൃത്തിയാക്കുന്നു. രണ്ടെണ്ണമേയുള്ളൂ പത്തു വർഷമായുള്ളതു. കമലാദാസിന്റേതും അതേ വർഷം അടക്കിയ എന്റെ വാപ്പയുടെയും. അവരുടെ കെയർ ഓഫിൽ എന്റെ വാപ്പയുടെതും.'

ഇപ്പോൾ ഈ പള്ളിയിൽ സ്ത്രീകൾക്ക് നിസ്‌കരിക്കാൻ അനുവാദമുണ്ട്. പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ആറ് മണിക്ക് മുഖ്യമന്ത്രിയും മറ്റുള്ളവരും ഈദ് സൽക്കാരത്തിൽ പങ്കെടുക്കാൻ വരുന്നതിനു മുൻപ് ഞങ്ങൾ പിരിഞ്ഞു.

Read More >>