ചിത്ര പത്മനാഭൻ പറഞ്ഞൊരു സംഭവ കഥ അഥവാ ട്രൈബൽ വൈഫ്

ഏറ്റവും ധിഷണാശാലിയായ ജനാധിപത്യവാദിയായി അറിയപ്പെട്ട നെഹ്രുവിന്‌ എന്തുകൊണ്ടാണ്‌ ഞങ്ങളുടെ ദുരന്തത്തെയും പാലായനത്തെയും മുൻകൂട്ടി കാണാൻ കഴിയാതെ പോയത് ?

ചിത്ര പത്മനാഭൻ പറഞ്ഞൊരു സംഭവ കഥ അഥവാ ട്രൈബൽ വൈഫ്

സി എസ് മുരളി

1959 ലാണ് നെഹ്രു, പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തുന്നത്. തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഒരു തൊഴിലാളിയെ കൊണ്ട് തന്നെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിപ്പിക്കണമെന്ന് നെഹ്രു ആവശ്യപ്പെട്ടു. ബുധ്നി മെഹ്ജാന്‍ എന്ന് പേരുള്ള ആദിവാസി പെണ്‍ക്കുട്ടിക്കാണ് ആ ഭാഗ്യം ഉണ്ടായത്. പക്ഷേ, ഇത് ബുധ്‌നിയ്ക്ക് ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. സാന്താള്‍ ഗോത്ര നിയമ പ്രകാരം പുരുഷനെ സ്ത്രീ ഹാരമണിയിച്ചാല്‍ വിവാഹം കഴിഞ്ഞു എന്നാണ് വിശ്വാസം. നെഹ്രൃവിനെ ഹാരമര്‍പ്പിച്ചതോടെ ബുധ്‌നി നെഹ്രുവിന്റെ ഭാര്യയായെന്ന് ഗോത്രനേതാക്കള്‍ വിധിച്ചു. അതേസമയം സാന്താള്‍ പെണ്‍ക്കുട്ടിക്ക് സ്വന്തം ഗോത്രത്തിനു പുറത്ത് വിവാഹം സാധ്യമല്ല. അതോടെ ബുധിനി ഗോത്രത്തിനു പുറത്തായി. ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ നിവൃത്തിയില്ലാതായപ്പോള്‍ ബിഹാര്‍ സര്‍ക്കാര്‍ അവര്‍ക്ക് ദാമോദര്‍ വാലി കോര്‍പ്പറേഷനില്‍ ജോലി നല്‍കി. അതോടൊപ്പം ഡാം പ്രവര്‍ത്തനക്ഷമമായതോടെ അവളുടേതടക്കം പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്ക് ഇത് സഹിക്കേണ്ടതാണെന്നായിരുന്നു നെഹ്രുവിന്റെ നിലപാട്. ഈ പശ്ചാത്തലത്തില്‍ വേണം സി എസ് മുരളിയുടെ ഹൃദയസ്പര്‍ശിയായ ഈ ചെറു കുറിപ്പ് വായിക്കാന്‍.


ഞാൻ, ബുധനി മെഹൻ

ജവഹർലാൽ നെഹ്റുവിന്റെ ട്രൈബൽ വൈഫ്.

അന്ന് അതൊരു ശൈശവ വിവാഹം ആയിരുന്നു.

അദ്ദേഹം അന്ന് ഇന്ത്യയുടെ രാഷ്ട്രശില്പി ആയിരുന്നു.

എനിക്കന്ന് സ്വപ്നങ്ങൾ കൊണ്ട്

മഴവിൽ നെയ്യുന്ന മധുര പതിനഞ്ച്.

സാന്താൾ ട്രൈബൽ പെൺകുട്ടി ആയിരുന്നെങ്കിലും

ഞാനൊരു അണക്കെട്ടിന്റെ ശില്പിയായിരുന്നു.

ബംഗാളിലെ ദുഃഖപുത്രിയായ

ദാമോദർ നദിയുടെ തീരത്ത്

പാഞ്ചെറ്റിൽ, ദാമോദർവാലി കോർപ്പറേഷൻ നിർമിച്ച നാലാമത്തെ അണക്കെട്ട്.

ആധുനിക ഇന്ത്യയിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായിരുന്നു അത്.

ഞാനാണ് അത് ശരിക്കും ഉദ്ഘാടനം ചെയ്തത്.

അതിന്റെ പത്ര പടം ഒക്കെ കണ്ട്

അദ്ദേഹത്തിന്റെ മഹാമനസ്കതയെന്ന് നാട്ടുകാരൊക്കെ പറഞ്ഞു.

വെള്ളവും വൈദ്യുതിയും കൃഷിയും വ്യവസായവും

വെളിച്ചത്തിലേക്ക് നയിക്കുമെന്നു പ്രസംഗമധ്യേ അദ്ദേഹം പറഞ്ഞു.

ഞാനും എന്റെ സമുദായവും അത് വിശ്വസിച്ചു.

എന്റെ ആത്മാഭിമാനവും സന്തോഷവും അധികനാൾ നീണ്ടുനിന്നില്ല.

അദ്ദേഹത്തിന്റെ കഴുത്തിൽ പൂമാലയിട്ടതിന്

എന്റെ സമുദായത്തിൽ നിന്നും

ഗ്രാമത്തിൽ നിന്നും ഞാൻ ചവിട്ടി പുറത്താക്കപ്പെട്ടു.

ഒപ്പം, ദാമോദർവാലി കോർപ്പറേഷനിലെ ജോലിയും നഷ്ടപ്പെട്ടു.

അന്നുമുതൽ പശിയടക്കാൻ പച്ചവെള്ളം കുടിച്ച

ഞാൻ, നെഹ്റുവിന്റെ 'ട്രൈബൽ വൈഫ്'

പദവിയിലേക്ക് ഉയർത്തപ്പെട്ടു.

എന്റെ, ദുരന്തം പോലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയ

പ്രളയജലത്തിൽ അനേകം സാന്താൾ ഗ്രാമങ്ങൾ മുങ്ങിപ്പോയി.

ഞങ്ങളുടെ, സമ്പത്ത്, സംസ്കാരം, സാഹിത്യം, ദൈവങ്ങൾ

എല്ലാമെല്ലാം, വെള്ളം കുടിച്ചു മരിച്ചു.

ഞാൻ, സമൂഹത്തിൽ നിന്നും

ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെട്ടതു പോലെ തന്നെ

എന്റെ, ആളുകൾ ഒരു മോസസിന്റെ അഭാവത്താൽ

കൂട്ടത്തോടെ ലക്ഷ്യരഹിതമായി പാലായനം ചെയ്യേണ്ടി വന്നു.

രാജ്യം വൈദ്യുതി വെളിച്ചത്തിലേക്ക് നയിക്കപ്പെട്ടു.

ഞാനും സാന്താളുകളും ഇരുട്ടിലേക്ക് തള്ളപ്പെട്ടു.

ബ്രിട്ടീഷുകാർ, ഞങ്ങളെ ഭയപ്പെട്ടു

ഞങ്ങൾ ഇന്ത്യൻ ഇംഗ്ലീഷുകാരെ ഭയപ്പെട്ടു.

തിരിച്ചറിവുകളിലേക്ക് തിരിച്ചെത്താൻ

എനിക്കും ഒരുപാട് സമയം വേണ്ടി വന്നു.

എന്റെ സമൂഹം എനിക്കുമേൽ ഭ്രഷ്ട് കല്പിക്കുമെന്നും,

ഞങ്ങളുടെ ഗ്രാമങ്ങൾ മുങ്ങി പോകുമെന്നും,

ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ

അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുകയോ,

അദ്ദേഹത്തെ മാലയിട്ട് സ്വീകരിക്കുകയോ,

അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയോ ഞാൻ ചെയ്യുമായിരുന്നില്ല.

ഇപ്പോൾ, മാപ്പ് ചോദിക്കുവാൻ പോലും കഴിയാത്ത ദൂരത്തിലാണ് ഞാൻ.

ഒരിക്കൽ മാത്രം രാജീവ് ഗാന്ധി എന്ന പൗത്രനെ കണ്ടു ഞാൻ.

ഗ്രാമത്തിലേക്ക് തിരിച്ചു പോകാൻ ആയില്ലെങ്കിലും

തൊഴിൽ എങ്കിലും തിരിച്ചുകിട്ടുമോയെന്നറിയുവാൻ.

ഒന്നും നടന്നില്ല !

നെഹ്റുവിന്റെ ട്രൈബൽ വൈഫ് ജാതി ഭ്രഷ്ടിലും ദാരിദ്ര്യത്തിലുമാണെന്ന

കൗതുക വാർത്തകൾ മാത്രം ബാക്കിയായി.

അദ്ദേഹം ഞങ്ങളെ ചതിക്കുകയായിരുന്നു. എന്തുകൊണ്ടാണ്

ഇന്ത്യയെ കണ്ടെത്തുവാൻ ശ്രമിച്ചഏറ്റവും ധിഷണാശാലിയായ

ജനാധിപത്യവാദിയായി അറിയപ്പെട്ട അദ്ദേഹത്തിന്

ഞങ്ങളുടെ ദുരന്തത്തെയും പാലായനത്തെയും

മുൻകൂട്ടി കാണാൻ കഴിയാതെ പോയത് ?

അദ്ദേഹത്തിന്റെ ഇന്ത്യ വികസിച്ചു

ആധുനികമായി ആധുനികോത്തരമായി

ഒപ്പം ഞങ്ങളുടെ ദുരന്തങ്ങളും പലായനവും തുടർന്നു.

അതൊരു ചാക്രികമായ പ്രക്രിയയായി മാറുന്നു.

പാലായനം ചെയ്യപ്പെട്ടവർ ലക്ഷങ്ങളും കോടികളുമായി.

എന്നിട്ടും ദരിദ്രനും നിർധനനുമായ മനുഷ്യന്റെ മുഖം

ആരും ശ്രദ്ധിച്ചില്ല.

ഇതാണോ ജാതി ജനാധിപത്യം ?

[ആശയത്തിനും അക്ഷരങ്ങൾക്കും കെഎം സലിംകുമാറിനോട് കടപ്പാട് ]


Read More >>