ഹിന്ദുത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ പാര്‍ട്ടിയിലെ ഭിന്നത വ്യക്തമാക്കിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്നത്-വിശകലനം, ഭാഗം ഒന്ന്‌

ഹൈദരാബാദില്‍ 22-ന് സമാപിച്ച സി.പി.ഐ.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കൊണ്‌ഗ്രെസിനെ ചൊല്ലിയുള്ള വിശകലനങ്ങളും മാധ്യമചര്‍ച്ചകളും തുടരുകയാണ്. എന്നാല്‍, നാല്‍പ്പ...

ഹിന്ദുത്വരാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ പാര്‍ട്ടിയിലെ ഭിന്നത വ്യക്തമാക്കിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്നത്-വിശകലനം, ഭാഗം ഒന്ന്‌

ഹൈദരാബാദില്‍ 22-ന് സമാപിച്ച സി.പി.ഐ.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കൊണ്‌ഗ്രെസിനെ ചൊല്ലിയുള്ള വിശകലനങ്ങളും മാധ്യമചര്‍ച്ചകളും തുടരുകയാണ്. എന്നാല്‍, നാല്‍പ്പത് വര്‍ഷം മുന്‍പ് ജലന്തറില്‍ ഇതുപോലൊരു ഏപ്രിലില്‍ നടന്ന പത്താം കൊണ്‌ഗ്രെസിനെയും ഒന്നര പതിറ്റാണ്ട് മുമ്പ് 2002 മാര്‍ച്ചില്‍ ഹൈദരാബാദില്‍ തന്നെ നടന്ന പതിനേഴാം കൊണ്‌ഗ്രെസിനെയും പരാമര്‍ശിക്കാതിരിക്കാതെ ഇരുപത്തിരണ്ടാം കോണ്‌ഗ്രെസ്സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ണ്ണമാകില്ല. ഡോ. ഐ വി ബാബുവിന്റെ വിലയിരുത്തല്‍

സ്വതന്ത്ര ഇന്ത്യയുടെയും സി.പി.ഐ.എമ്മിന്റെയും ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് നാല്‍പ്പത് വര്‍ഷം മുമ്പ് പഞ്ചാബിലെ ജലന്തറില്‍ പത്താം പാര്‍ട്ടി കൊണ്ഗ്രസ്സ് നടന്നത്. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെയും ഭരണകക്ഷിയുടെയും ജനാധിപത്യവിരുദ്ധ മുഖം വെളിവാക്കുംവിധം ഭരണഘടന ഉറപ്പുനല്കിയ പൗരസ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും നിഷേധിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 1975 ജൂണ് 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. അത് പിന്‍വലിച്ചതിനു ശേഷം ജയപ്രകാശ് നാരായണന്റെ അനുഗ്രഹാശിസ്സുകളോടെ, സംഘടനാ കൊണ്ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഭാരതീയലോക്ദളും ഭാരതീയ ജനസംഘവും(ഇപ്പോഴത്തെ ബി.ജെ.പിയുടെ ആദ്യരൂപം) ലയിച്ചു രൂപീകരിച്ച ജനതാപാര്‍ട്ടി 1977 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാവുന്നു.

അങ്ങനെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കൊണ്‌ഗ്രെസ്സ് കേന്ദ്രഭരണാധികാരത്തില്‍ നിന്നും പുറത്തായി. ഈ സുപ്രധാനമായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് 1978 ഏപ്രില്‍ 2 മുതല്‍ 8 വരെ ഒരാഴ്ച്ച ജലന്തര്‍ പാര്‍ട്ടി കൊണ്‌ഗ്രെസ്സ് നടന്നത്. (കൊണ്‌ഗ്രെസ്സ് ബന്ധത്തില്‍ നിന്നും വിട്ട് ഇടതുപക്ഷ ഐക്യത്തില്‍ ഊന്നിയുള്ള രാഷ്ട്രീയ നിലപാടിലേക്കുള്ള മാറ്റം പ്രഖ്യാപിച്ച സി.പി.ഐയുടെ പതിനൊന്നാം പാര്‍ട്ടി കൊണ്‌ഗ്രെസ്സ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നടന്നത് ഇതിനടുത്ത ദിവസങ്ങളിലാണ്) ഇതോടൊപ്പം, സി.പി.ഐ. എമ്മിനെ സംബന്ധിച്ചു ഈ പാര്‍ട്ടി കൊണ്‌ഗ്രെസ്സ് നിര്‍ണ്ണായകമാവാന്‍ മറ്റുചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. 1972-ലെ മധുരയില്‍ നടന്ന ഒമ്പതാം പാര്‍ട്ടി കൊണ്‌ഗ്രെസ്സിനു ശേഷം അടിയന്തരാവസ്ഥക്ക് ശേഷം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജലന്തര്‍ കൊണ്‌ഗ്രെസ്സ് ചേര്‍ന്നത്. പാര്‍ട്ടി രൂപീകരിച്ച 1964 ലെ കല്‍ക്കത്തയിലെ ഏഴാം കൊണ്‌ഗ്രെസ്സ് മുതല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പി.സുന്ദരയ്യ കേന്ദ്ര നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് വിയോജനക്കുറിപ്പ് നല്‍കി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ജലന്തര്‍ കൊണ്‌ഗ്രെസ്. ഇതില്‍ വച്ചാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന സങ്കല്‍പ്പം സി.പി.ഐ.എം മുന്നോട്ടുവച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിച്ച് തികച്ചും ആസൂത്രിതമായി മുസ്ലിങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും എങ്ങനെ ഉന്മൂലനം ചെയ്യാം എന്ന ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഗുജറാത്ത് നരഹത്യാ പരീക്ഷണം അരങ്ങേറിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് പതിനേഴാം പാര്‍ട്ടി കൊണ്‌ഗ്രെസ്സ് നടന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിനാശകരവും ദൂരവ്യാപകവുമായ പ്രത്യാഘാതം ഉളവാക്കിയ ബാബറി മസ്ജിദ് തകര്‍ത്തതിന് സമാനമായ; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു നിര്‍ണ്ണായകമായ സന്ദര്‍ഭമായിരുന്നു ഗുജറാത്ത് നരഹത്യയും. 1996 മുതല്‍ 2004 വരെ എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായ മൂന്ന് മന്ത്രിസഭകളുടെ കാലത്ത്, നമ്മുടെ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും ദുര്‍ബ്ബലമാക്കാനുദ്ദേശിച്ചു സംഘപരിവാര്‍ നടപ്പാക്കിയ ജനാധിപത്യ വിരുദ്ധ നടപടികളുടെ കൂടുതല്‍ തീവ്രമായ തുടര്‍ച്ചക്കാണ് മോദി-ഷാ കാലത്ത് നാം സാക്ഷ്യം വഹിക്കുന്നത്. 96-04 കാലത്ത് വാജ്പേയിയുടെ സൗമ്യമുഖത്തെ മുന്‍ നിര്‍ത്തിയാണ് സംഘപരിവാര്‍ ഫാസിസ്റ്റ് പ്രയോഗം നടത്തിയതെങ്കില്‍ ഇന്ന് അവര്‍ക്ക് അത്തരം ഒരു മുഖംമൂടിയുടെ ആവശ്യമേയില്ല.
ചുരുക്കത്തില്‍, മൊറാര്‍ജി മന്ത്രിസഭയുടെ തകര്‍ച്ച, ജനതാപാര്‍ട്ടിയുടെ ശൈഥില്യം, ആര്‍.എസ്.എസിലെ ദ്വയാംഗത്വ തര്‍ക്കത്തെ തുടര്‍ന്ന് പഴയ ജനസംഘക്കാര്‍ ജനതപാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ബി.ജെ.പി രൂപീകരിച്ചത്, കൊണ്‌ഗ്രെസ്സ്-ഐ യുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്, ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം, രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രിപദത്തിലേക്കുള്ള ആരോഹണം, കൊണ്‌ഗ്രെസില്‍ നിന്നുള്ള വി. പി.സിങ്ങിന്റെ രാജി, മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട് നടപ്പാക്കല്‍, ബാബറി മസ്ജിദ് തകര്‍ക്കലും തുടര്‍ന്ന് നടന്ന വര്‍ഗീയ കലാപങ്ങളും തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ 80'കളില്‍ ആരംഭിച്ച പലതരം പ്രവണതകളും അടിയൊഴുക്കുകളും ഇന്ന് പലപ്രകാരത്തില്‍ മൂര്‍ത്തരൂപം കൈവരിച്ചിരിക്കുന്നു. ഈയൊരു സാഹചര്യത്തോട് സി.പി.ഐ.എം എങ്ങനെ പ്രതികരിക്കുന്നുവെന്നതായിരുന്നു ഇക്കഴിഞ്ഞ ഹൈദരാബാദ് കോണ്ഗ്രസ്സിന്റെ മുഖ്യ അജണ്ട. അതേപ്പറ്റി പാര്‍ട്ടി എന്തുപറയുന്നു എന്ന് കേള്‍ക്കാനുള്ള ആകാംക്ഷയിലായിരുന്നു രാജ്യത്തെ ഇടതുപക്ഷ ചിന്താഗതിക്കാര്‍. ഈ കൊണ്‌ഗ്രെസ്സുകളുടെ അര്‍ഥപൂര്‍ണമായ തുടര്‍ച്ചയായി ഈ കൊണ്‌ഗ്രെസ്സ് മാറിയോ എന്ന ചര്‍ച്ച പിന്നീടാവാം. ആദ്യം കഴിഞ്ഞ കൊണ്‌ഗ്രെസ്സിനെപ്പറ്റി.

ആര്‍.എസ്.എസിന്റെ സവര്‍ണ്ണ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങളും ഇന്ത്യയിലെ ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് താല്പര്യങ്ങളും നിയന്ത്രിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വഭാവത്തെ ശരിയായി വിലയിരുത്തുന്നതിലും അതിനനുസരിച്ചു വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്ട്രീയ അടവുനയം രൂപപ്പെടുത്തുന്നതിലും സി.പി.ഐ.എം നേതൃത്വത്തിലുള്ള കാതലായ അഭിപ്രായഭിന്നത വെളിവാക്കിയാണ് ഹൈദരാബാദ് പാര്‍ട്ടി കൊണ്‌ഗ്രെസ്സ് സമാപിച്ചത്. ഉദ്ഘാടന പ്രസംഗത്തിലും പ്രകാശ് കാരാട്ടിന്റെ 'ഭൂരിപക്ഷ' രാഷ്ട്രീയപ്രമേയാവതരണത്തെ തുടര്‍ന്ന് നടത്തിയ 'ന്യുനപക്ഷ' നിലപാടവതരണത്തിലും സീതാറാം യച്ചൂരി പലപാട് ആവര്‍ത്തിച്ചത് പാര്‍ട്ടിയിലെ ഐക്യത്തെക്കുറിച്ചായിരുന്നു. വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലും അദ്ദേഹം ഐക്യത്തെപ്പറ്റി ആവര്‍ത്തിച്ചു. കാരണം, ഒന്നര ദിവസത്തെ ചര്‍ച്ചകള്‍ കഴിഞ്ഞ് ഒരു ഖണ്ഡിക ഒഴിവാക്കിയും ചില പ്രയോഗങ്ങള്‍ മാറ്റിയും രാഷ്ട്രീയപ്രമേയം പാര്‍ട്ടി കോണ്ഗ്രസ് അംഗീകരിച്ചതിന് ശേഷവും അടുത്ത ദിവസത്തെ പതിവ് പത്രസമ്മേളനത്തില്‍ വൃന്ദ കാരാട്ട് സംസാരിച്ചത് തലേന്നത്തെ ധാരണകള്‍ക്ക് വിരുദ്ധമായാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും ഈ മാറ്റങ്ങള്‍ അംഗീകരിക്കാനുള്ള 'ഭൂരിപക്ഷ'ത്തിന്റെ വൈമനസ്യം പ്രകടമായിരുന്നു. മാത്രമല്ല, കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് ഒഴിവായ മുതിര്‍ന്ന ഒരു നേതാവ് വീണ്ടും ക്ഷണിതാവായി കേന്ദ്രക്കമ്മിറ്റിയില്‍ തിരിച്ചെത്തുന്നതും പ്രായപരിധി കഴിഞ്ഞ ഒരു മുതിര്‍ന്ന നേതാവിനെ പോളിറ്റ് ബ്യുറോവില്‍ നിലനിര്‍ത്തിയതും കേന്ദ്ര നേതൃത്വത്തില്‍ ഇപ്പോഴും ബാക്കിയായ ചില അസ്വാരസ്യങ്ങളുടെ ബാക്കിയല്ലാതെ മറ്റെന്താണ്. പാര്‍ട്ടിയിലെ രൂക്ഷമായ അഭിപ്രായഭിന്നതകള്‍ക്ക് നിമിത്തമായ കരട് കേന്ദ്രക്കമ്മിറ്റിയുടെ രാഷ്ട്രീയപ്രമേയത്തിന്റെ നിര്‍മ്മാണവേളയില്‍ നടന്ന കേന്ദ്രക്കമ്മിറ്റികള്‍ക്കിടയിലെ പത്രസമ്മേളനങ്ങളില്‍ ആദ്യം സ്വയംനിയന്ത്രണത്തോടെയും കൊല്‍ക്കത്ത കേന്ദ്രക്കമ്മിറ്റിക്ക് ശേഷം തെല്ലൊക്കെ തുറന്നും പാര്‍ട്ടിയിലെ അഭിപ്രായഭിന്നതയെപ്പറ്റി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സൂചിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം ലെനിനിസ്റ്റ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള വിശദീകരണവും നല്‍കാന്‍ അദ്ദേഹം മറക്കാറില്ല.

എന്തായാലും, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള ഐക്യാഹ്വാനങ്ങള്‍ കേട്ടാണ് സി.പി.ഐ.എം ഇരുപത്തിരണ്ടാം കൊണ്‌ഗ്രെസ്സ് ഹൈദരാബാദില്‍ സമാപിച്ചത്. പൊതുവില്‍, ഇടതുപക്ഷ- മതനിരപേക്ഷ-ജനാധിപത്യ നിലപാടുള്ള, പാര്‍ട്ടി സഹയാത്രികരും സുഹൃത്തുക്കളും ആഗ്രഹിച്ചതുപോലെ സീതാറാം യച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കൊണ്‌ഗ്രെസില്‍ അവതരിപ്പിച്ച 'ന്യുനപക്ഷ' നിലപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ ഭൂരിപക്ഷ നിലപാടായി മാറുകയും ചെയ്തു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ തുടങ്ങി ലോക്കല്‍, ഏറിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങളിലൂടെ പാര്‍ട്ടിക്കുള്ളില്‍ നാലു മാസത്തിലേറെ നീണ്ട ഒരു നടപടിക്രമത്തിനാണ് ഇതോടെ സമാപനം കുറിച്ചത്. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ കൊണ്‌ഗ്രെസില്‍ അവതരിപ്പിച്ചു അംഗീകാരം നേടേണ്ട രാഷ്ട്രീയ പ്രമേയം തയ്യാറാക്കാന്‍ സി.പി.ഐ. എം കേന്ദ്രനേതൃത്വം ആരംഭിച്ചതു മുതല്‍, 2017 ഒക്ടോബര്‍ മുതലാണ് പാര്‍ട്ടി കോണ്ഗ്രസ് സമാപനത്തോടെ വിരാമമായത്. അടുത്ത മൂന്ന് വര്‍ഷത്തെ സി.പി.ഐ. എമ്മിന്റെ രാഷ്ട്രീയ കാര്യപരിപാടികളെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന രേഖയാണ് പാര്‍ട്ടി കോണ്ഗ്രസ് അംഗീകരിക്കുന്ന രാഷ്ട്രീയപ്രമേയം.(ഇതിനെപ്പറ്റി കൊണ്‌ഗ്രെസ്‌ന് മുന്‍പ് പാര്‍ട്ടി ഘടകങ്ങളിലും പുറത്തും നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഏതാ ണ്ട് പതിനായിരത്തോളം ഭേദഗതികളും നിര്‍ദ്ദേശങ്ങളുമാണ് ഇ-മെയിലായും അല്ലാതെയും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് ലഭിച്ചതത്രെ. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഘടകങ്ങളിലെ ചര്‍ച്ചകള്‍ക്ക് പുറമെ പാര്‍ട്ടി അംഗങ്ങള്‍ക്ക് വ്യക്തിപരമായും ഭേദഗതികളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കാം. പാര്‍ട്ടി അംഗങ്ങളല്ലാത്തവര്‍ക്കും കേന്ദ്രനേതൃത്വത്തെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം. പാര്‍ട്ടി കൊണ്‌ഗ്രെസ്സിലാവട്ടെ പ്രതിനിധികളില്‍ നിന്നു പൊതുവില്‍ നാനൂറോളം ഭേദഗതികളാണ് ലഭിച്ചത്. അതില്‍ നൂറിലേറെ രാഷ്ട്രീയപ്രമേയത്തിലെ അടവുനയവുമായി ബന്ധപ്പെട്ടായിരുന്നു എന്നാണ് പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്. ഈ അര്‍ത്ഥത്തില്‍ വിപുലമായ ഒരു ജനാധിപത്യപ്രക്രിയയിലൂടെയാണ് രേഖകളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചത്. (എന്നിട്ടും കൊണ്‌ഗ്രെസില്‍ വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ രഹസ്യബാലറ്റ് ഉപയോഗിക്കണം എന്ന് സംസ്ഥാനഘടകങ്ങള്‍ ആവശ്യപ്പെട്ടുവെന്നത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ ചില ദൗര്‍ബല്യമല്ലേ വെളിവാക്കുന്നത്!) ഇതിലെ മൗലികമായ രണ്ട് പരാമര്‍ശങ്ങളെ ചൊല്ലിയാണ് രാജ്യത്തെ ഇടതുപക്ഷ- മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികള്‍ സി.പി.ഐ.എമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കൊണ്‌ഗ്രെസ്സ് ഏറെ ശ്രദ്ധിച്ചതും ചര്‍ച്ചചെയ്തതും.

ഒന്ന്, സംഘപരിവാര്‍ നിയന്ത്രിക്കുന്ന, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെ, ഫാസിസ്റ്റ് ഉന്മുഖം (Fascistic) എന്നാണോ, അതല്ല അമിതാധികാര/സ്വേച്ഛാധിപത്യ (Authoritarian) സ്വഭാവമുള്ളത് എന്നാണോ പാര്‍ട്ടി വിലയിരുത്തുന്നത് എന്നതായിരുന്നു ഒരു പ്രശ്‌നം. (അമിതാധികാര/സ്വേച്ഛാധിപത്യ സ്വഭാവം എന്നത് മാറ്റി ഫാസിസ്റ്റ് ഉന്മുഖമാണ് കേന്ദ്രസര്‍ക്കാര്‍ എന്ന ഭേദഗതി ഉണ്ടായോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ഭേദഗതി ഉണ്ടെങ്കിലേ കൊണ്‌ഗ്രെസ്സ് ബന്ധം സംബന്ധിച്ച ഭേദഗതിക്ക് പ്രസക്തിയുള്ളൂ) ഇതിനുള്ള ഉത്തരത്തെ ആസ്പദമാക്കിയാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്ട്രീയ അടവ്‌നയം രൂപപ്പെടുത്തേണ്ടത്. ഈ അടവുനയത്തിന് അടിയന്തര പ്രസക്തിയും പ്രാധാന്യവും നല്‍കുന്നത് ഈ വര്‍ഷം വരും മാസങ്ങളില്‍ നടക്കുന്ന മൂന്ന് സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളും ഏറെ വൈകാതെ 2019 മാര്‍ച്ച്-ഏപ്രിലോടെ നടക്കേണ്ട ലോക്‌സഭാതെരഞ്ഞെടുപ്പും ആണ്. ഇതില്‍ കേന്ദ്രഭരണത്തെ ഫാസിസ്റ്റ് ഉന്മുഖം എന്ന് വിലയിരുത്തുകയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. അത് അമിതാധികാര സ്വഭാവമുള്ളതാണെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പക്ഷം. മോദി ഭരണം ഫാസിസ്റ്റ് ഉന്മുഖമാണ് എന്ന് അംഗീകരിച്ചാല്‍ രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ശക്തിസമാഹരണമാണ് നടക്കേണ്ടത്. അങ്ങിനെ വരുമ്പോള്‍ കോണ്ഗ്രസ്-ഐ ഉള്‍പ്പെടെയുള്ള എല്ലാ മതനിരപേക്ഷ- ജനാധിപത്യ പാര്‍ട്ടികളും സംഘടനകളും ഗ്രൂപ്പുകളും വ്യക്തികളും ചേരുന്ന വിശാലമായ ഒരു മുന്നണിയെയും സഖ്യത്തെയും കുറിച്ചാണ് സി.പി.ഐ. എം ആലോചിക്കേണ്ടത്. അതല്ല, അമിതാധികാര-സ്വേച്ഛാധിപത്യ സ്വഭാവമാണ് മോദി സര്‍ക്കാരിന്റേത് എന്നാണ് വിലയിരുത്തലെങ്കില്‍ രാഷ്ട്രീയ അടവുനയത്തില്‍ ഇതുപോലുള്ള ഒരു മുന്നണിക്ക് പ്രസക്തിയില്ലെന്ന് വരും. സമ്പദ് വ്യവസ്ഥയെ കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുത്തു,രാജ്യത്തെ മതനിരപേക്ഷ-ജനാധിപത്യ വ്യവസ്ഥയെ വേരോടെ പിഴുതെറിഞ്ഞു പകരം സവര്‍ണ്ണ ഫാസിസ്റ്റ് സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക ക്രമം സ്ഥാപിക്കാനുറച്ചാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന കാര്യം പിന്നിട്ട നാലുവര്‍ഷത്തിനുള്ളില്‍ വ്യക്തമായതാണ്.

പാര്‌ലമെന്റിനെപ്പോലും മറികടന്ന് നിയമനിര്‍മ്മാണം നടത്തുക, പ്രതിപക്ഷത്തോടുള്ള നിഷേധാത്മക സമീപനം, ജഡ്ജി നിയമനത്തിലടക്കം സുപ്രീംകോടതിയോടുള്ള അനാദരവ് (ഇക്കാര്യത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിന് രണ്ടുതവണ പ്രധാനമന്ത്രി മോദി യുടെ മുന്‍പില്‍ വിങ്ങിപ്പൊട്ടേണ്ടി വന്നു), ചരിത്രത്തിനും ശാസ്ത്രത്തിനും പകരം അന്ധവിശ്വാസങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുക, ചരിത്രം തിരുത്തിയെഴുത്തുക, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യക്രമം പൊളിച്ചെഴുതുക, അക്കാദമിക് സ്വാതന്ത്ര്യം തകര്‍ക്കുക, ബൗദ്ധിജീവിതത്തോടുള്ളപുച്ഛം, ദളിതര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം, വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക, മണിപ്പൂരിലും ഗോവയിലും മറ്റും കണ്ടതുപോലെ ജനവിധിയെ പണം വാറിയെറിഞ്ഞു അട്ടിമറിക്കുക തുടങ്ങിയ നിരവധി നടപടികളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുകയാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍. എന്നിട്ടും, എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ വിക്റ്റര്‍ കീര്‍ണ്ണന്റെ ശിഷ്യനായിരുന്ന പ്രകാശ് കാരാട്ടിന് ഇക്കാര്യം മനസ്സിലായില്ലെങ്കില്‍ അദ്ദേഹവും കൂട്ടുകാരും സി.പി.ഐ.എമ്മില്‍ ഏറ്റെടുത്ത ദൗത്യം എന്തെന്ന് ഗൗരവപൂര്‍വമായി അന്വേഷിക്കേണ്ടതുണ്ട്.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തെ മനസ്സിലാക്കുന്നതിലും അതിനൊത്ത രാഷ്ട്രീയ അടവുനയം മുന്നോട്ടവയ്ക്കുന്നതിലും അത് നടപ്പാക്കുന്നതിലും പ്രകടിപ്പിക്കുന്ന പ്രത്യുല്‍പ്പന്നമതിത്വവും പ്രായോഗികബുദ്ധിയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുള്ള സ്വീകാര്യതയും എല്ലാമാണ് സി.പി.ഐ.എമ്മിനോട് വിമര്‍ശനാത്മക സഹവര്‍ത്തിത്വം പുലര്‍ത്തുന്ന ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ നിലപാടുകാര്‍ക്കും സീതാറാം സ്വീകാര്യനാവാന്‍ കാരണം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിലപാടിന് പാര്‍ട്ടി കൊണ്‌ഗ്രെസില്‍ അംഗീകാരം ലഭിക്കണമെന്ന് ഈ വിഭാഗമടക്കം ആഗ്രഹിക്കാന്‍ കാരണം. ഏതായാലും, സീതാറാമിന്റെ സ്ഥാനാരോഹണവും മറ്റും സൃഷ്ടിച്ച ഉണര്‍വ് സി.പി.ഐ.എം എങ്ങനെ ഉപയോഗിക്കും എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കും.

(തുടരും)

Story by
Read More >>