ഛേത്രി മികച്ച താരം, സഹൽ എമർജിം​ഗ് പ്ലയർ; ഫുട്ബോൾ ഫെഡറേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആശാലതാ ദേവിയാണ് മികച്ച വനിതാ താരം

ഛേത്രി മികച്ച താരം, സഹൽ എമർജിം​ഗ് പ്ലയർ;  ഫുട്ബോൾ ഫെഡറേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2018-19 സീസണിലെ ഫുട്ബോൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള യുവതാരം സഹൽ അബ്ദുൾ സഹൽ എമർജിങ് പ്ലെയറിനുള്ള പുരസ്കാരത്തിനർഹനായി. ഇന്ന് ചേർന്ന എ.ഐ.എഫ്.എഫ്. എക്സിക്യൂട്ടീവ് സമിതിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സ് താരമായ സഹൽ ഇതിനകം ഇന്ത്യക്കായി മൂന്ന് മത്സരങ്ങൾ കളിച്ചു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനത്തിനിടയിലും സഹലിന്റെ പ്രകടനം ശ്രദ്ധേയമായി. ഐ.എസ്.എല്ലിലേയും എമർജിങ് താരത്തിനുള്ള പുര്സകാരം സഹലിനായിരുന്നു.

ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ് മികച്ച പുരുഷതാരം. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഛേത്രിയെ തേടി ഈ പുരസ്കാരമെത്തുന്നത്. നിലവിൽ ബെം​ഗളുരു എഫ്.സി താരമായ ഛേത്രി, അന്താരാഷ്ട്ര ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ​ഗോൾവേട്ടക്കാരിൽ രണ്ടാമനാണ്.

ഇന്ത്യൻ വനിതാ ടീമിന്റെ സെൻട്രൽ ഡിഫൻഡറാണ് മണിപ്പൂർ സ്വദേശി ആശാലതാ ദേവി. മാലിദ്വീപ് ക്ലബിലടക്കം കളിച്ചിട്ടുള്ള ആശാലതാ ​ദേവി ഇക്കുറി ഇന്ത്യൻ വനിതാ ടീം സാഫ് കപ്പ് നേടിയപ്പോൾ നിർണായക സാന്നിധ്യമായിരുന്നു. വനിതാ വിഭാ​ഗത്തിന്റെ എമർജിങ് പ്ലെയർ പുരസ്കാരം മണിപ്പൂരിന്റെ തന്നെ ഡാങ്മെയ് ​ഗ്രെയിസിനാണ്.

തമിഴ്നാടിന്റെ ആർ. വെങ്കിടേഷാണ് മികച്ച റഫറി. മികച്ച അസിസ്റ്റന്റെ റഫറി മലയാളിയായ ടോണി ജോസഫാണ്. താഴെത്തട്ടിലുള്ള ഫുട്ബോൾ വികസന പരിപാടികൾക്കുള്ള പുരസ്കാരം ജമ്മു കശ്മീർ ഫുട്ബോൾ അസോസിയേഷനാണ്.

Read More >>