ഇന്റർകോണ്ടിനെന്റൽ കപ്പ്; ഇന്ത്യ തോറ്റു തുടങ്ങി

നിലവിലെ ചാംപ്യൻമാരായ ഇന്ത്യയെ തജിക്കിസ്ഥാൻ 4–2ന് അട്ടിമറിച്ചു

ഇന്റർകോണ്ടിനെന്റൽ കപ്പ്; ഇന്ത്യ തോറ്റു തുടങ്ങി

ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽത്തന്നെ ഇന്ത്യയ്ക്കു തോൽവി. നിലവിലെ ചാംപ്യൻമാരായ ഇന്ത്യയെ തജിക്കിസ്ഥാൻ 4–2ന് അട്ടിമറിച്ചു. ആദ്യ പകുതിയിൽ രണ്ട് ഗോളിനു മുന്നിലെത്തിയതിനുശേഷമാണ് ഇന്ത്യയുടെ തോൽവി.

മന്ദർറാവു ദേശായിയെ തജിക്കിസ്ഥാൻ താരം ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽനിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. മനോഹരമായ പനേങ്ക കിക്കിലൂടെ ഛേത്രി കളിയുടെ മൂന്നാം മിനിറ്റിൽ തജിക്കിസ്ഥാൻ ഗോളിയെ കീഴടക്കി. ഉദാന്ത സിങ്ങിന്റെ ക്രോസിൻനിന്നു ഛേത്രി 41-ാം മിനിറ്റിൽ രണ്ടാമതും ലക്ഷ്യം കണ്ടു.

എന്നാൽ വിങ്ങുകളിലൂടെയുള്ള അതിവേഗ മുന്നേറ്റങ്ങളിലൂടെയും കൗണ്ടർ അറ്റാക്കുകളിലൂടെയും തജിക്കിസ്ഥാൻ ബോക്സിലേക്ക് ഇരമ്പിയാർക്കുന്നതിനിടെ, രണ്ടാം പകുതിയിൽ ഇന്ത്യ പ്രതിരോധം മറന്നു. ഇതു മുലലെടുത്താണ് തജിഖിസ്ഥാൻ നാലു ഗോളും നേടിയത്. കോമ്രോൺ ടെർസുനോവ് (56), ബോബൊയേവ് (58), റഹിമോവ് (71), സാമിയേവ് (74) എന്നിവരാണു സ്കോറർമാർ.

ശനിയാഴ്ച ഉത്തര കൊറിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More >>