വനിതാ ലോകകപ്പ്; അമേരിക്കയ്ക്ക് നാലാം കിരീടം

നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ചാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാംവട്ടവും ലോകകിരിടം ചൂടിയത്.

വനിതാ ലോകകപ്പ്; അമേരിക്കയ്ക്ക് നാലാം കിരീടം

ലോകകപ്പ് ഫുട്ബോളില്‍ നാലാംവട്ടവും മുത്തമിട്ട് അമേരിക്കന്‍ വനിതകള്‍ ചരിത്രം കുറിച്ചു. ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാംവട്ടവും ലോകകിരിടം ചൂടിയത്.

അറുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മേഗന്‍ റാപിനോയാണ് അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചത്. അലക്സ് മോര്‍ഗനെ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാട്ട് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് മേഗന്‍ സമര്‍ഥമായി ഗോളിയെ മറികടന്ന് വലയിലെത്തിച്ചത്. വാറിന്റെ തുണയോടെയാണ് റഫറി അമേരിക്കയ്ക്ക് പെനാല്‍റ്റി സമ്മാനിച്ചത്. ഈ ലോകകപ്പിലെ മേഗന്റെ ആറാം ഗോളായിരുന്നു ഇത്. മേഗന്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചുമായി.

എട്ട് മിനിറ്റിനുള്ളില്‍ അമേരിക്ക വീണ്ടും ലക്ഷ്യം കണ്ടു. റോസ് ലവെല്ലയായിരുന്നു സ്‌കോറര്‍. അപാരമായ ഡ്രിബിളിങ് മികവ് പുറത്തെടുത്ത ലവെല്ലെ ഒറ്റയ്ക്ക് തന്നെ ഒന്നാന്തരമായി മുന്നേറി വന്ന് ഇടങ്കാല്‍ കൊണ്ടൊരു ബുള്ളറ്റ് തൊടക്കുകയായിരുന്നു.

കളിയിലുടനീളം അമേരിക്കയ്ക്ക് തന്നെയായിരുന്നു മേല്‍ക്കൈ. 52 ശതമാനം പൊസഷന്‍ കൈയടക്കിയ ചാമ്പ്യന്മാര്‍ 17 തവയാണ് ഗോളിനായി പരിശ്രമിച്ചത്. ഒന്‍പത് തന്നെ ലക്ഷ്യത്തിലേയ്ക്ക് നിറയൊഴിച്ചു. അതേസമയം ഗോളിലേയ്ക്ക് ആറ് നല്ല മുന്നേറ്റങ്ങള്‍ മാത്രം നടത്തിയ ഓറഞ്ച് പടയ്ക്ക് ഒരൊറ്റ തവണ മാത്രമാണ് ലക്ഷ്യത്തിലേയ്ക്ക് നിറയൊഴിക്കാന്‍ കഴിഞ്ഞതുതന്നെ. എണ്ണയിട്ട യന്ത്രം പോലെ മുന്നേറിയ അമേരിക്കന്‍ മുന്നേറ്റനിര എട്ട് കോര്‍ണറുകള്‍ നേടിയെടുത്തപ്പോള്‍ രണ്ടു കോര്‍ണര്‍ മാത്രമാണ് നെതര്‍ലന്‍ഡ്സിന് നേടാനായത്.

കഴിഞ്ഞ തവണ കാനഡയില്‍ നടന്ന ലോകകപ്പില്‍ ജപ്പാനെ മറികടന്നാണ് അമേരിക്ക കിരീടം സ്വന്തമാക്കിയത്. 1991, 99 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുന്‍പ് അമേരിക്കയുടെ കിരീടംനേട്ടം. ജപ്പാന്‍ കിരീടം നേടിയ 2011ല്‍ അമേരിക്കയായിരുന്നു റണ്ണറപ്പ്. മൂന്ന് തവണ മൂന്നാം സ്ഥാനക്കാരുമായി. നെതര്‍ലന്‍ഡ്സിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.

Read More >>