റഫറിയോട് കയര്‍ത്തു; കോസ്റ്റയ്‌ക്കെതിരെ അച്ചടക്ക നടപി

ബാഴ്സലോണയ്ക്കെതിരായ മത്സരത്തിനിടെ തന്നെ വീഴ്ത്തിയിട്ടും റഫറി ഫൗള്‍ വിളിക്കാത്തതാണ് കോസ്റ്റയെ ചൊടിപ്പിച്ചത്.

റഫറിയോട് കയര്‍ത്തു;  കോസ്റ്റയ്‌ക്കെതിരെ അച്ചടക്ക നടപി

മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്സലോണയ്ക്കെതിരായ മത്സരത്തിനിടെ റഫറിയോട് മോശമായി പെരുമാറിയ അത്ലറ്റികോ മാഡ്രിഡിന്റെ ഡീഗോ കോസ്റ്റയ്ക്കെതിരേ അച്ചടക്ക നടപടി. എട്ട് മത്സരങ്ങില്‍ വിലക്കാണ് താരത്തിന് ശിക്ഷ വിധിച്ചത്. ഇതോടെ ഈ സീസണിലെ ഇനിയുള്ള ഏഴ് മത്സരങ്ങളും കോസ്റ്റയ്ക്ക് നഷ്ടമാവും. അടുത്ത സീസണിലെ ആദ്യ മത്സരവും നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏഴ് മത്സരമായി ശിക്ഷ വെട്ടിച്ചുരുക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞയാഴ്ചയാണ് വിവാദമായി സംഭവം. ബാഴ്സലോണയ്ക്കെതിരായ മത്സരത്തിനിടെ തന്നെ വീഴ്ത്തിയിട്ടും റഫറി ഫൗള്‍ വിളിക്കാത്തതാണ് കോസ്റ്റയെ ചൊടിപ്പിച്ചത്. റഫിയെ അസഭ്യം പറയുകയും കൈയില്‍ കയറി പിടിക്കുകയും ചെയ്തതോടെ റഫറി ചുവപ്പുകാര്‍ഡ് നല്‍കി. റഫറി കാര്‍ഡ് നല്‍കിയിട്ടും കളം വിടാന്‍ കോസ്റ്റ തയ്യാറായില്ല. പിന്നീട് സഹതാരങ്ങള്‍ ഇടപെട്ടാണ് കോസ്റ്റയെ മൈതാനത്ത് നിന്ന് മടക്കിയത്.

മത്സരത്തിന് ശേഷം റഫറി പരാതി നല്‍കി. അമ്മയെ വിളിച്ചെന്നും മോശം പദപ്രയോഗം നടത്തിയെന്നുമാണ് റഫറി പരാതി നല്‍കിയത്. അന്വേഷണത്തില്‍ ഇത് സത്യമാണെന്ന്് തെളിഞ്ഞതോടെയാണ് കോസ്റ്റയ്ക്കെതിരേ നടപടി സ്വീകരിച്ചത്. മോശം പെരുമാറ്റത്തിന് നാല് മത്സരം,റഫറിയുടെ കൈയില്‍ പിടിച്ചതിന് നാല് മത്സരം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 6010 യൂറോ കോസ്റ്റയും 2800 യൂറോ അത്ലറ്റികോ മാഡ്രിഡും പിഴയായി നല്‍കണം.

Read More >>