ചക്കയില്‍ കുതിക്കാന്‍ കേരളം

ആയിരം വർഷം മുമ്പേ ചക്ക ഈ നാട്ടിലുണ്ടായിരുന്നു. എന്നാൽ, അഞ്ചു വർഷത്തിനിടെയാണ് ചക്ക സൂപ്പർസ്റ്റാർ പരിവേഷം നേടിയത്. മൂത്തുപഴുത്താലും മലയാളി തിരിഞ്ഞു നോക്കാത്ത ചക്ക ഇന്ന് ആഗോള വിപണിയിൽ ഡിമാന്റ് പട്ടികയിൽ ഒന്നാംലിസ്റ്റിൽ പെടുന്ന ഐറ്റമായി മാറി. ചക്കയുടെ ഗുണഗണങ്ങൾ തന്നെയാണ് അതിനെ ഇത്രമേൽ പ്രിയങ്കരമാക്കിയത്.

ചക്കയില്‍ കുതിക്കാന്‍ കേരളം

സി വി ശ്രീജിത്ത്

തിരുവനന്തപുരം: തൊടിയിലും വഴിയോരത്തും വീണടിഞ്ഞ് ആർക്കും വേണ്ടാത്ത ചക്കയുടെ കാലം വിസ്മൃതിയിലേക്ക്. കാപ്പിക്കും കുരുമുളകിനും ഏലത്തിനും ഒപ്പമോ അതിലുമേറെയോ വിദേശനാണ്യം നേടിത്തരുന്ന നിലയിലേക്ക് കേരളത്തിന്റെ സ്വന്തം ചക്ക വളരുകയാണ്. കഴിഞ്ഞവർഷം കേരംതിങ്ങും കേരളനാട്ടിൽ നിന്നുള്ള തേങ്ങ കയറ്റുമതി കുത്തനെ കുറഞ്ഞെങ്കിലും ചക്ക കുതിച്ചുകയറി. 500 ടൺ ചക്കയാണ് പോയ വർഷം കേരളം കയറ്റിയയച്ചത്. ഈ വർഷം അത് 900 ടണ്‍ ആകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും ചക്ക സ്‌നേഹികളും. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ചക്ക കയറ്റുമതി ചെയ്യുന്നത്.

മലയാളിക്ക് ചക്കയുടെ മണവും പശയും കുരുവും ചവിണിയും(പൂഞ്ഞ) മടലും(പുറന്തോട്) കാണുന്നതേ കലിയാണ്. പറമ്പിൽ വീണടിയുന്ന ചക്കയുടെ മണവും അതിനു ചുറ്റും വട്ടമിട്ടുപറക്കുന്ന ഈച്ചകളും പലര്‍ക്കും അരോചകമാകാറുണ്ടെങ്കിലും ഇന്ന് കഥ മാറി. മാംസാഹാരം പതുക്കെ കൈയൊഴിയുന്ന പടിഞ്ഞാറുകാരുടെ മെനുവില്‍ ചക്ക മുഖ്യആഹാരാമായി. യൂറോപ്പിലെ പല ഹോട്ടലുകളിലും ചക്ക സ്റ്റാർ ഐറ്റമാണ്. പിസ സെന്ററുകളിൽ മാംസത്തിനു പകരം അവർ ചക്ക കൊണ്ടുണ്ടാക്കിയ പേസ്റ്റാണ് ഉപയോഗിക്കുന്നത്. ചക്കപ്പഴവും ചക്കവരട്ടിയതും പായസവും ഹൽവയും കറിവിഭവങ്ങളും ചില പലഹാരങ്ങളും മാത്രമേ മലയാളിക്കറിവുള്ളൂ. എന്നാൽ ചക്ക കൊണ്ട് യൂറോപ്യൻമാർ ഇരുനൂറിലേറെ വിഭവങ്ങളുണ്ടാക്കുകയാണെന്നു മിയാമി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ആഡംബര കപ്പലിലെ മാനേജര്‍ കണ്ണൂർ സ്വദേശി എ. സുനിൽകുമാർ പറയുന്നു. ചക്കയുടെ വിപണനത്തിനും വ്യാപനത്തിനുമായി ഒട്ടേറെ സംഘടനകൾ യൂറോപ്പിൽ പ്രവർത്തിക്കുന്നുണ്ട്.

ആയിരം വർഷം മുമ്പേ ചക്ക ഈ നാട്ടിലുണ്ടായിരുന്നു. എന്നാൽ, അഞ്ചു വർഷത്തിനിടെയാണ് ചക്ക സൂപ്പർസ്റ്റാർ പരിവേഷം നേടിയത്. മൂത്തുപഴുത്താലും മലയാളി തിരിഞ്ഞു നോക്കാത്ത ചക്ക ഇന്ന് ആഗോള വിപണിയിൽ ഡിമാന്റ് പട്ടികയിൽ ഒന്നാംലിസ്റ്റിൽ പെടുന്ന ഐറ്റമായി മാറി. ചക്കയുടെ ഗുണഗണങ്ങൾ തന്നെയാണ് അതിനെ ഇത്രമേൽ പ്രിയങ്കരമാക്കിയത്.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മെഡിക്കൽ ജേർണലിൽ പറയുന്നതു പ്രകാരം ചക്ക പ്രമേഹത്തെ പ്രതിരോധിക്കുക മാത്രമല്ല, ലഘൂകരിക്കാനും സാധിക്കുന്ന ഫലമാണ്. കാൻസറിനെ പ്രതിരോധിക്കുമെന്നതു സംബന്ധിച്ച പഠനം നടന്നുവരുന്നതായും ജേർണൽ വ്യക്തമാക്കുന്നു.


ചക്കയുടെ വിപണി സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഈ വർഷം ചക്കയുടെ കയറ്റുമതി 900 ടണ്ണായി വർദ്ധിപ്പിക്കും. കൃഷിവകുപ്പ് പ്രത്യേകമായ ശ്രദ്ധയും പരിഗണനയും ചക്കയുമായി ബന്ധപ്പെട്ടു നൽകുന്നുണ്ട്. വൈവിദ്ധ്യ വൽക്കരണവുമായി ബന്ധപ്പെട്ട പരിശീനങ്ങൾ, ശിൽപശാലകൾ എന്നിവയും വകുപ്പു സംഘടിപ്പിക്കും. ചെറുകിട ഉൽപാദകർ, മറ്റു സംരംഭകർ എന്നിവർക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും നൽകും.

വി.എസ് സുനില്‍കുമാര്‍(കൃഷി വകുപ്പു മന്ത്രി)

Next Story
Read More >>