ചിത്രം തെളിയാതെ ഉത്തര്‍പ്രദേശ്

സംസ്ഥാനത്തെ പ്രധാന കക്ഷികളായ സമാജ്‌വാദി പാർട്ടി ബി.എസ്.പി സഖ്യം ബി.ജെ.പി ക്കു കടുത്ത വെല്ലുവിളിയാണ്. കൂടാതെ, കഴിഞ്ഞ തവണ ബി.ജെ.പി മുന്നണിയുടെ ഭാഗമായിരുന്ന ചെറുകക്ഷികളുടെ പിണക്കങ്ങളും യു.പിയിൽ ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് സൂചന. എൻ.ഡി.എ ഘടകകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി ഇക്കുറി തനിച്ചാണ് മത്സരിക്കുന്നത്‌

ചിത്രം തെളിയാതെ ഉത്തര്‍പ്രദേശ്

സിദ്ദീഖ് കെ

രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭ സീറ്റുകളുള്ള ഉത്തർ പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോഴും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം പൂർണ്ണമായിട്ടില്ല. 80 സീറ്റുകളിൽ എട്ടു സീറ്റിലാണ് ഏപ്രിൽ 11ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ, ഏഴു ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നു എന്ന പ്രത്യേകതയും ഉത്തർപ്രദേശിനുണ്ട്. അതുകൊണ്ടു തന്നെ ഏഴാം ഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മെയ് 19ന്റെ നാമനിർദേശ പത്രിക പിൻവലിക്കുന്നതുവരെ സംസ്ഥാനത്തെ ചിത്രം വ്യക്തമാവില്ല. കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. അതിനാൽ, ഇവിടെ ഓരോ മണ്ഡലവും അതിപ്രധാനമാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാവുമ്പോൾ ഭരണകക്ഷിയായ ബി.ജെ.പി വലിയ പ്രതീക്ഷയിലല്ല. അക്കാര്യം പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പരസ്യമായി അംഗീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഇക്കുറി ചില സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ, കഴിഞ്ഞ തവണ വിജയിക്കാത്ത 60 സീറ്റുകൾ ഇക്കുറി പിടിച്ചെടുക്കുമെന്നാണ് അമിത് ഷായുടെ അവകാശവാദം. അതിൽ കേരളത്തിലെ അഞ്ചു സീറ്റുകളും ഉണ്ട്. ഇത് കണക്കിലെടുത്താൽ ബി.ജെ.പിയുടെ വിജയപ്രതീക്ഷയുടെ അവസ്ഥ മലയാളികൾക്കെങ്കിലും മനസ്സിലാവും.

സംസ്ഥാനത്തെ പ്രധാന കക്ഷികളായ സമാജ്‌വാദി പാർട്ടി- ബി.എസ്.പി സഖ്യം ബി.ജെ.പി ക്കു കടുത്ത വെല്ലുവിളിയാണ്. കൂടാതെ, കഴിഞ്ഞ തവണ ബി.ജെ.പി മുന്നണിയുടെ ഭാഗമായിരുന്ന ചെറുകക്ഷികളുടെ പിണക്കങ്ങളും യു.പിയിൽ ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് സൂചന. എൻ.ഡി.എ ഘടകകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി ഇക്കുറി തനിച്ചാണ് മത്സരിക്കുന്നത്. പാർട്ടി 39 സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചു. വാരാണസിയിൽ നരേന്ദ്ര മോദിയ്ക്കെതിരേയും ലഖ്നൗവിൽ രാജ്നാഥ് സിങ്ങിനെതിരേയും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പാർട്ടി അദ്ധ്യക്ഷനും യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗവുമായ ഓംപ്രകാശ് രാജ്ഭർ പ്രഖ്യാപിച്ചിട്ടുണ്ട്. വാരാണസിയിൽ സിദ്ദാർത്ഥ് രാജ്ഭറും ലഖ്‌നൗവിൽ ബബൻ രാജ്ഭറുടെയും പേരുകളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം പാർട്ടി ചിഹ്നത്തിൽ അഞ്ച് സ്ഥലങ്ങളിൽ മത്സരിക്കാൻ സീറ്റ് നൽകണമെന്നാണ് സുഹേൽദേവ് പാർട്ടി ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്വന്തം പാർട്ടി ചിഹ്നം മാറ്റിവച്ച് താമര ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറായാൽ ഒരു സീറ്റ് നൽകാമെന്നാണ് ബി.ജെ.പിയുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ചാണ് പാർട്ടി തനിച്ച് മത്സരിക്കാൻ തീരുമാനിച്ചത്.

ആഗ്ര, ഫത്തേഹ്പുർ സിക്രി, ബുലന്ദ്ശഹർ അടക്കം സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലങ്ങളാണിവ. ഇക്കുറി ഈ എട്ടു മണ്ഡലങ്ങളിൽ ആറിടത്തും ബി.എസ്.പി സ്ഥാനാർത്ഥികളുമായി ബി.ജെ.പി കടുത്ത മത്സരത്തിലാണ്. ഫത്തേഹ് പൂർ സിക്രിയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജ് ബബ്ബർ, എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യ സ്ഥാനാർത്ഥി ശ്രീഭഗവാൻ ശർമ്മ, ബി.ജെ.പിയിലെ രാജ്കുമാർ ചഹർ എന്നിവരാണ് ഇവിടെ മത്സര രംഗത്തുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എസ്.പി-ബി.എസ്.പി സഖ്യവും കോൺഗ്രസ്സും മികച്ച സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവും ദലിത് സാമൂഹിക പ്രവർത്തകനുമായ ചന്ദ്രശേഖർ ആസാദ്, മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം നിലപാട് മാറ്റി. എസ്.പി-ബി.എസ്.പി സഖ്യത്തെ തന്റെ സംഘടന പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബി.ജെ.പി വിരുദ്ധ ദലിത് വോട്ടുകൾ വിഭജിച്ച് പോവാതിരിക്കാനാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്നു പിൻമാറുന്നതെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞത്. ബി.ജെ.പിയുടെ ചാരനാണ് ആസാദെന്നും അദ്ദേഹം ദലിത് വോട്ടുകൾ വിഭജിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് വാരാണസിയിൽ മത്സരിക്കുന്നതിൽനിന്നു പിൻമാറുന്നതായി അദ്ദേഹം അറിയിച്ചത്. ബി.എസ്.പി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ബ്രാഹ്മണ മുഖവുമായ സതീഷ് ചന്ദ്ര മിശ്രയാണ് വാരണസിയിൽ മൽസരിക്കുന്നതെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ആസാദ് പറഞ്ഞു. മായാവതിയെ മിശ്ര വഴിതെറ്റിക്കുകയാണെന്നും ദലിത് സംഘടനങ്ങൾക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നും ആസാദ് കുറ്റപ്പെടുത്തിയിരുന്നു. തങ്ങളെ ബി.ജെ.പിയുടെ ഏജന്റുമാരെന്നാണ് തങ്ങളുടെ ജനത വിളിക്കുന്നത്. എന്നാൽ, മായാവതി പ്രധാനമന്ത്രി ആവണമെന്നാണ് താൻ ഇപ്പോഴും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യം സാദ്ധ്യമായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, യാദവ, ദലിത് ജനവിഭാഗത്തിന്റെ വോട്ടുകൾ പരമാവധി ഏകീകരിക്കപ്പെടുന്നത് ബി.ജെ.പിക്ക് ദോഷമാവും. അതേസമയം, ഉയർന്ന ജാതി ഹിന്ദുക്കളുടെ വോട്ടുകൾ ബി.ജെ.പിയും കോൺഗ്രസ്സും പങ്കിട്ടെടുക്കുന്നത് ബി.ജെ.പിക്കും കോൺഗ്രസ്സിനും ഒരു പോലെ തിരിച്ചടിയാവും. അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിൽ ബി.ജെ.പിയെ വെല്ലുന്ന പ്രസ്താവനകളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത് തീവ്ര ഹിന്ദുത്വ വിഭാഗത്തിന്റെ മനസ്സ് കോൺഗ്രസ്സിന് അനുകൂലമാക്കുകയും സാധാരണക്കാരായ മുസ്‌ലിം ജനവിഭാഗങ്ങളെ കൂടുതൽ കോൺഗ്രസ്സിൽ നിന്ന് അകറ്റുകയും ചെയ്തത് ബി.എസ്.പി-എസ്.പി സഖ്യത്തിന് ഗുണകരമാവും എന്നാണ് കണക്കുകൂട്ടൽ.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന സംസ്ഥാനത്തെ തീവ്ര ഹിന്ദു ജനവിഭാഗങ്ങൾ പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും മുസ്‌ലിംകൾക്കിടയിൽ കോൺഗ്രസ്സിനോടുള്ള അവസാന മതിപ്പും ഇല്ലാതാക്കിയിട്ടുണ്ടെന്നാണ് ഉത്തർ പ്രദേശിലെ വോട്ടർമാരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. അത് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് തിരിച്ചടിയും ബി.എസ്.പി-എസ്.പി സഖ്യത്തിന് ഗുണകരവുമാകുമെന്നാണ് സൂചനകൾ.

അതേസമയം, മുറാദാബാദ് പോലെയുള്ള ചില മണ്ഡലങ്ങളിൽ കോൺഗ്രസ്സിനെ തന്നെയാണ് മുസ്‌ലിംകൾ പിന്തുണക്കുന്നത്. മുറാദാബാദ് ലോക്സഭ മണ്ഡലത്തിൽ ജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ബി.ജെ.പിയുടെ സിറ്റിങ് എം. പി. കുൻവാർ സർവേശ് കുമാർ സിങ് പറഞ്ഞു. മുസ്‌ലിം വോട്ടുകൾ കോൺഗ്രസ്സിലേക്ക് എത്തിച്ചേരും എന്നതിനാൽ നേരിട്ടുള്ള പോരാട്ടമാകും നടക്കുകയെന്നും കുൻവാർ സർവേശ് ചൂണ്ടിക്കാട്ടി. കവിയായ ഇമ്രാൻ പ്രതാപ്ഗഢിയാണ് മൊറാദാബാദിൽ കോൺഗ്രസ് സ്ഥാനാർത്ഥി. എസ്.ടി. ഹസ്സനാണ് ബി.എസ്.പി.സ്ഥാനാർത്ഥി. 47 ശതമാനമാണ് മുറാദാബാദിലെ മുസ്‌ലിം വോട്ടർമാർ. സമുദായനേതാക്കൾ ആരെയാണ് പിന്തുണയ്ക്കുക എന്ന് ഇനിയും വ്യക്തമായിട്ടില്ല. മൊറാദാബാദിൽ മുസ്‌ലിം വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോകുമോ എന്ന ബി.ജെ.പിയുടെ ആശങ്കകൾക്കിടയിലാണ് കുൻവാർ സർവേശിന്റെ വെളിപ്പെടുത്തൽ. "ഇത്തവണ വീണ്ടും ഞാൻ തെരഞ്ഞെടുക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് അത്യന്തം ദുഷ്‌കരമാണ്. മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ സാധിച്ചില്ല. കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്- കുൻവാർ സർവേശ് പറഞ്ഞു. ഏപ്രിൽ 23നാണ് ഉത്തർ പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ്.

Read More >>