ഇനി ചിഞ്ചുവുമുണ്ട് എറണാകുളത്ത് മത്സരിക്കാൻ

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് ചിഞ്ചു അശ്വതിയെന്ന അശ്വതി രാജപ്പന്റെ മത്സരരംഗത്തേക്കുള്ള വരവ്. മണ്ഡലത്തിലെ ജനാധിപത്യ വിശ്വാസികളും എൽ.ജി.ബി.ടി. ഐ.ക്യു വിഭാഗത്തിൽ പെട്ടവരും സുഹൃത്തുക്കളും ചെറുപ്പക്കാരായ വോട്ടർമാരുമെല്ലാം തനിക്ക് വോട്ടു ചെയ്യുമെന്ന പ്രതീക്ഷയിലാണ് അശ്വതി. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ് മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് അശ്വതി പറയുന്നു.

ഇനി ചിഞ്ചുവുമുണ്ട് എറണാകുളത്ത് മത്സരിക്കാൻ

തപസ്യ ജയന്‍

കൊച്ചി: എറണാകുളത്ത് വന്‍ തോക്കുകള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് ചിഞ്ചു അശ്വതി; രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാർത്ഥി. പേരിലും പെരുമയിലും രാജീവിനും ഹൈബിയ്ക്കും കണ്ണന്താനത്തിനും ഒപ്പമെത്തില്ലെങ്കിലും പോരിടത്തില്‍ നെഞ്ചൂക്കോടെ നിലയുറപ്പിക്കാന്‍ തന്നെയാണ് ചിഞ്ചുവിന്റെ തീരുമാനം.

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് ചിഞ്ചു അശ്വതിയെന്ന അശ്വതി രാജപ്പന്റെ മത്സരരംഗത്തേക്കുള്ള വരവ്. മണ്ഡലത്തിലെ ജനാധിപത്യ വിശ്വാസികളും എൽ.ജി.ബി.ടി. ഐ.ക്യു വിഭാഗത്തിൽ പെട്ടവരും സുഹൃത്തുക്കളും ചെറുപ്പക്കാരായ വോട്ടർമാരുമെല്ലാം തനിക്ക് വോട്ടു ചെയ്യുമെന്ന പ്രതീക്ഷയിലാണ് അശ്വതി. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ് മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് അശ്വതി പറയുന്നു.

അങ്കമാലി നടുവട്ടം മഞ്ഞപ്ര സ്വദേശിയായ അശ്വതി ബംഗളുരുവിലെ എൻ.ജി.ഒക്കുവേണ്ടി പ്രവർത്തിക്കുകയാണ്. തൃശൂർ ആസ്ഥാനമായുള്ള സഹയാത്രിക എന്ന കൂട്ടായ്മയുടെയും പ്രവർത്തകനാണ്. 25കാരനായ അശ്വതി ഇന്റർസെക്സ് ആയാണ് ജനിച്ചതെങ്കിലും 2016 വരെ പെൺകുട്ടിയായാണ് ജീവിച്ചത്. തുടർന്ന് തന്നിലെ മിശ്രലിംഗ പ്രകൃതത്തെ അംഗീകരിച്ച് പെണ്ണിൽ നിന്ന് ആണിലേക്ക് രൂപാന്തരം പ്രാപിക്കുകയും പൂർണമായ അർത്ഥത്തിൽ മിശ്രലിംഗക്കാരനായി തുടരുകയുമായിരുന്നു. തന്റെ സ്വത്വം പറഞ്ഞു കൊണ്ട് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ എൽ.ജി.ബി.ടി.ഐ.ക്യു വിഭാഗത്തിൽ പെട്ടവർ, ദലിതർ, സ്ത്രീകൾ, തുടങ്ങി പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി തനിക്ക് ഒരുപാട് പോരാടാനുണ്ടെന്നാണ് ചിഞ്ചു അശ്വതിയുടെ വാദം.

സ്വന്തം ജീവിതം പറഞ്ഞാണ് അശ്വതി തിരഞ്ഞെടുപ്പിലേക്ക് വരുന്നത്. സമൂഹത്തിൽ തന്നെ പോലെ പൊരുതി ജീവിക്കുന്നവരുടെ പ്രതിനിധിയായിട്ടാണ് ഞാൻ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉത്തരവാദിത്തങ്ങൾ ഏറെയാണ് അശ്വതി തത്സമയത്തോട് പറഞ്ഞു. 'എനിക്ക് മുമ്പിൽ വലിയൊരു പക്ഷത്തിന്റെ സ്ഥാനാർത്ഥികളാണ് ഉള്ളത്. അവരോടൊരു മത്സരം കാഴ്ച വയ്ക്കാൻ എനിക്ക് ആഗ്രഹമില്ല. ആർക്കും എതിരെയല്ല എന്റെ മത്സരം. മറിച്ച് അടിച്ചമർത്തപ്പെടുന്ന ഞങ്ങളുടെ സമൂഹത്തിന്റെ ശബ്ദമാകാനാണ് ഞാൻ ശ്രമിക്കുന്നത്'- അശ്വതി കൂട്ടിച്ചേർത്തു.

സാധാരണക്കാരിൽ സാധാരണക്കാരനായ ദളിതൻ, ഇന്റർ സെക്സ് വ്യക്തി മത്സരിക്കുന്നത് ഒരു വലിയ സമൂഹത്തിനും സമുദായത്തിനും വേണ്ടിയാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നവർ എനിക്ക് വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷ- അശ്വതി പറഞ്ഞു.

Next Story
Read More >>