സർ, മുസ്‌ലിംകൾ ഭൂരിപക്ഷമാകുന്നത് കുറ്റമാണോ?

വയനാട്ടിൽ ഹിന്ദു സമുദായം ന്യൂനപക്ഷമായതു കൊണ്ടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അവിടെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഒരിക്കൽക്കൂടി പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച മഹാരാഷ്ട്രയിലെ നാന്ദഡിലെ ബി.ജെ.പി റാലിയിലാണ് മോദിയുടെ പരാമർശം. 'മത്സരിക്കാനായി ഒരു സുരക്ഷിത മണ്ഡലം തേടി മൈക്രോസ്‌കോപ്പുമായി നടക്കുകയാണ് കോൺഗ്രസ് നാടുവാഴി. ഭൂരിപക്ഷം ന്യൂനപക്ഷമായ ഒരു മണ്ഡലം തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു' - വയനാടിനെയോ രാഹുലിനെയോ പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.

സർ, മുസ്‌ലിംകൾ ഭൂരിപക്ഷമാകുന്നത് കുറ്റമാണോ?

രാഷ്ടവിചാരം / എം.അബ്ബാസ്

വയനാട്ടിൽ ഹിന്ദു സമുദായം ന്യൂനപക്ഷമായതു കൊണ്ടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി അവിടെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഒരിക്കൽക്കൂടി പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച മഹാരാഷ്ട്രയിലെ നാന്ദഡിലെ ബി.ജെ.പി റാലിയിലാണ് മോദിയുടെ പരാമർശം. 'മത്സരിക്കാനായി ഒരു സുരക്ഷിത മണ്ഡലം തേടി മൈക്രോസ്‌കോപ്പുമായി നടക്കുകയാണ് കോൺഗ്രസ് നാടുവാഴി. ഭൂരിപക്ഷം ന്യൂനപക്ഷമായ ഒരു മണ്ഡലം തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു' - വയനാടിനെയോ രാഹുലിനെയോ പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.

സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു. ഒരു മണ്ഡലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ജനസംഖ്യയിൽ കൂടുതലാകുന്നത് കുറ്റകരമാണോ? അത്തരമൊരു മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിക്ക് മത്സരിക്കാനാകില്ലേ? തികഞ്ഞ വർഗ്ഗീയ കാർഡ് കളിക്കുകയാണ് പ്രധാനമന്ത്രി. വയനാട് മണ്ഡലത്തിൽ 51 ശതമാനത്തോളം ന്യൂനപക്ഷങ്ങളാണ് ഉള്ളത്. ഇതിൽ 28.65 ശതമാനമാണ് മുസ്‌ലിംകൾ. ബാക്കി ക്രിസ്ത്യൻ, ദലിത് വിഭാഗങ്ങളാണ്. ഇവരെക്കൂടി അവമതിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രിയുടേത്. ഭൂരിപക്ഷത്തെ മാത്രമല്ല ഒരു പ്രധാനമന്ത്രി പ്രതിനിധീകരിക്കേണ്ടത്. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമുള്ള എല്ലാ സ്ഥലങ്ങളിലും ഇതു തന്നെയാണോ ബി.ജെ.പി നിലപാട്. ഉത്തർപ്രദേശിൽ മാത്രം 40 ലേറെ ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള നാലു മണ്ഡലങ്ങളുണ്ട്. ബിജിനോർ, മുറാദാബാദ്, റാംപൂർ, സഹാറൻപൂർ എന്നിവ. മീററ്റിലും റായ്ബറേലിയിലും 35 ശതമാനത്തോളമാണ് മുസ്‌ലിംകൾ. ബംഗാളിലെ മുർഷിദാബാദിൽ 66.27 ശതമാനമാണ് മുസ്‌ലിംകൾ. ഉത്തർ ദിനാജ്പൂരിൽ അത് 49.92 ഉം മാൽഡയിൽ 51.27 ശതമാനവുമാണ്. ബിഹാറിലെ കിഷൻഗഞ്ചിൽ 67.98 ശതമാനം മുസ്‌ലിംകളാണ്. അറാറിയയിൽ 42.5 ശതമാവും കതിയാറിൽ 44.7 ശതമാനവും ന്യൂനപക്ഷ വിഭാഗം. അസമിൽ ഒമ്പത് മണ്ഡലങ്ങളിൽ 50 ശതമാനത്തിലേറെ മുസ്‌ലിംകളുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, ഏതു പാർട്ടിക്കും, ഏതു വ്യക്തിക്കും മത്സരിക്കാം. അതിന് മത-സാമുദായിക-ജാതീയ പരിഗണനകളില്ല. അതാണ് ജനാധിപത്യം. അതിന്റെ ആത്മാവിനെയാണ് പ്രധാനമന്ത്രി തുടർച്ചയായി ചോദ്യം ചെയ്യുന്നത്. ഇതിനെതിരെ നടപടിയെടുക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ മറ്റുകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറ്റകരമായ മൗനം പാലിക്കുകയും ചെയ്യുന്നു.

അത്ര വിശുദ്ധനല്ല, അദ്വാനി


തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശവിരുദ്ധതയും വർഗ്ഗീയതയും പ്രധാന അജൻഡയായി വരുന്ന വേളയിലാണ്, വിയോജിക്കുന്നവരെ ശത്രുക്കളും ദേശവിരുദ്ധരുമാക്കുന്ന പാരമ്പര്യമല്ല ബി.ജെ.പിയുടേത് എന്ന മുതിർന്ന നേതാവ് എൽ.കെ അദ്വാനിയുടെ അഭിപ്രായപ്രകടനം വരുന്നത്. പാർട്ടിയുടെ 39-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് (ഏപ്രിൽ ആറ്) തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് നിലവിലെ നേതൃത്വത്തോട് പരോക്ഷമായി കലഹിക്കുന്ന അദ്വാനിയുടെ കുറിപ്പ്. ആദ്യം രാജ്യം, പിന്നീട് പാർട്ടി, അതിനു ശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പാർട്ടിയുടെ പ്രവർത്തനം എന്ന് അദ്വാനി എഴുതുമ്പോൾ ആ ശരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെയാണെന്ന് വ്യക്തം. രാഷ്ട്രീയമായി ഒന്നും നഷ്ടപ്പെടാനില്ലാത്ത, 91-ാം വയസ്സിലാണ് ഒടുവിൽ അദ്വാനി മനസ്സു തുറന്നിരിക്കുന്നത്. ഈ പറച്ചിലിൽ അത്ഭുതങ്ങളൊന്നുമില്ല. 1998 മുതൽ കൈവശം വച്ചു വരുന്ന ഗാന്ധിനഗർ ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ട് ഇനിയൊരു രാഷ്ട്രീയഭാവി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

ഈ വേളയിൽ ജരാനരകൾ ബാധിക്കുന്നതിനു മുമ്പുള്ള അദ്വാനിയെയും ഓർക്കേണ്ടതാണ്. പ്രത്യേകിച്ചും, 90 കളിൽ ഉത്തരേന്ത്യൻ മണ്ണിലൂടെ താൻ നടത്തിയ സംഘർഷഭരിതമായ രഥയാത്ര നയിച്ച അദ്വാനിയെ. അത് ഗുജറാത്തിലെ സോമനാഥിൽ നിന്നായിരുന്നു അത് ആരംഭിച്ചത്. അയോദ്ധ്യയായിരുന്നു ലക്ഷ്യം. അത് അയോധ്യയിൽ എത്തും മുമ്പേ ബീഹാറിൽ വച്ച് ലാലുപ്രസാദ് യാദവ് അദ്വാനിയെ അറസ്റ്റു ചെയ്തു. ഇത്തരം യാത്രകൾ സൃഷ്ടിച്ച വർഗ്ഗീയ ഭ്രാന്തിന്റെ ഉച്ചസ്ഥായിയിൽ ആണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്.

ഇന്ത്യയിലെ ആദ്യത്തെ രഥയാത്ര ആയിരുന്നില്ല അത്. രഥത്തിലല്ലെങ്കിലും 1930-40കളിൽ മഹാത്മാഗാന്ധി ഇന്ത്യയിലുടനീളം മൂന്ന് യാത്രകൾ നടത്തിയിട്ടുണ്ട്. 30 ലെ ഉപ്പുസത്യഗ്രഹം, 34 ൽ ജാതീയതയ്‌ക്കെതിരെ തൊട്ടുകൂടായ്മാ വിരുദ്ധ സമരം, 46 ൽ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി സമാധാന മാർച്ചുകൾ. 1983ൽ ഇന്ദിരാഗാന്ധിക്കെതിരെ ജനതാപാർട്ടി നേതാവ് ചന്ദ്രശേഖർ രാജ്യത്തുടനീളം പദയാത്ര നടത്തിയിട്ടുണ്ട്. എന്നാൽ ആ യാത്രയുടെയെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്ന് ഭിന്നമായിരുന്നു അദ്വാനിയുടെ യാത്ര. രഥയാത്രയ്ക്കു ശേഷം ഹിന്ദു-മുസ്‌ലിം മനസ്സുകളിൽ വിദ്വേഷത്തിന്റെ, പകയുടെ വിത്തുകൾ മുളച്ചു. ഉത്തരേന്ത്യ നിറയെ കലാപങ്ങളുടെ തീയെരിഞ്ഞു. ബിഹാറിലെ ഭഗൽപ്പൂരിൽ മാത്രം 1000 ൽ ഏറെ മുസ്‌ലിംകൾ കൊല്ലപ്പെട്ടു. ഒരിക്കൽ എഴുത്തുകാരനായ ഖുഷ്‌വന്ത് സിങ് അദ്വാനിയുടെ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞു-'നിങ്ങൾ രാജ്യത്ത് സാമുദായിക വിദ്വേഷത്തിന്റെ വിത്തുപാകി. ഞങ്ങൾ അതിന്റെ വില കൊടുക്കേണ്ടി വരുന്നു'.

ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രധാന പ്രായോജകരായിരുന്നു ബി.ജെ.പി. 1984ലെ രണ്ട് സീറ്റിൽ നിന്ന് ബി.ജെ.പിക്ക് വെച്ചടി വെച്ചടി കയറ്റമുണ്ടായി. ('84ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജയിച്ചത് 415 സീറ്റിലാണ്!) മൂന്നു പതിറ്റാണ്ട് പിന്നിടവെ രണ്ടിൽ നിന്ന് 282 സീറ്റിലേക്ക് ബി.ജെ.പി കുതിച്ചു കയറി. കോൺഗ്രസ് 415ൽ നിന്ന് 44 സീറ്റിലേക്ക് ഇടിഞ്ഞുവീണു. ബി.ജെ.പിയുടെ വളർച്ചയ്ക്ക് ഒറ്റക്കാരണമേയുണ്ടായിരുന്നുള്ളൂ, മതരാഷ്ട്രീയം. ഇന്ത്യൻ ഉപബോധ മനസ്സിൽ നേരത്തെയുണ്ടായിരുന്ന ആ വിത്ത് മുളപ്പിച്ചെടുത്തത് അദ്വാനിയാണ്. അതിന്റെ കായ്ഫലം അദ്ദേഹത്തിന് അനുഭവിക്കാനായില്ലെങ്കിൽക്കൂടി. അതുകൊണ്ട് അദ്വാനിയെ ജനാധിപത്യത്തിലെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ചരിത്രത്തെ കൂടി ഓർക്കണം.

നേതാക്കളേ, വരുന്നത് വരൾച്ചയാണ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരിറ്റു വെള്ളം കിട്ടാത്ത ഒരവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കൂ. ഈ വെയിലിൽ തളരാത്ത ആരുമുണ്ടാകില്ല. അപ്രകാരം നമ്മെ തളർത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജ്യത്തിന്റെ മൊത്തം ഭൂമിയുടെ 42 ശതമാനവും വരൾച്ചയിലാണ് എന്നതാണ് റിപ്പോർട്ട്. ഡ്രോട്ട് ഏർലി വാണിങ് സിസ്റ്റം വഴിയാണ് ആന്ധ്ര, ബിഹാർ, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ചില വടക്കു കിഴക്കൻ ഭാഗങ്ങൾ എന്നിവയെ വരൾച്ച ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 50 കോടിയോളം പേർ താമസിക്കുന്ന (ജനസംഖ്യയുടെ നാൽപ്പത് ശതമാനം) മേഖലയാണിത്.

വരാനിരിക്കുന്നത് കൊടുംവരൾച്ചയുടെ കാലമാണ് എന്ന ഭീതിയോടൊപ്പം രാജ്യത്തെ അഞ്ചിൽ മൂന്നു ജില്ലകളും ഇതിനെ നേരിടാൻ സജ്ജമല്ല എന്നതാണ് ഏറെ ദൗർഭാഗ്യകരം.

Read More >>