മിസ്റ്റർ രാഹുൽ, മികച്ചൊരു പ്രതിപക്ഷമെങ്കിലും ആകാൻ നിങ്ങൾക്കാവുന്നില്ലല്ലോ?

രാജ്യം കടുത്ത പ്രതിസന്ധി മുഖാമുഖം കാണുമ്പോൾ, ജനവിരുദ്ധമായ പലതും പാർലമെന്റ് മിനുട്ടുകൾക്കകം നിയമമാക്കി ചുട്ടെടുക്കുമ്പോൾ, ഒന്നു പൊട്ടിക്കരയാനായില്ലെങ്കിലും നേർത്ത ഒരു പ്രതിഷേധത്തിന്റെ നിഴലെങ്കിലുമാവാൻ സാധിക്കുന്നില്ലല്ലോ?

മിസ്റ്റർ രാഹുൽ, മികച്ചൊരു പ്രതിപക്ഷമെങ്കിലും ആകാൻ നിങ്ങൾക്കാവുന്നില്ലല്ലോ?

കെ സി റിയാസ്

മിസ്റ്റർ രാഹുൽ, സത്യായിട്ടും സങ്കടമുണ്ട്! താങ്കൾ എവിടെയാണ്? രാജ്യം, അല്ല വയനാട്ടുകാരായ ഞങ്ങൾ കേരളീയർ പ്രതീക്ഷയോടെ പാർലമെന്റിലേക്കയച്ച താങ്കൾ എവിടെയാണ്? ഇനി എന്നാണ് താങ്കൾ ഞങ്ങളുടെ മണ്ഡലത്തിലെത്തുക? ഇനി ഇവിടെ വന്നില്ലെങ്കിലും ഞങ്ങൾ ക്ഷമിക്കാം; ഇന്ദ്രപ്രസ്ഥത്തിൽ എന്തെടുക്കുകയാണ് താങ്കൾ? രാജ്യം കടുത്ത പ്രതിസന്ധി മുഖാമുഖം കാണുമ്പോൾ, ജനവിരുദ്ധമായ പലതും പാർലമെന്റ് മിനുട്ടുകൾക്കകം നിയമമാക്കി ചുട്ടെടുക്കുമ്പോൾ, ഒന്നു പൊട്ടിക്കരയാനായില്ലെങ്കിലും നേർത്ത ഒരു പ്രതിഷേധത്തിന്റെ നിഴലെങ്കിലുമാവാൻ സാധിക്കുന്നില്ലല്ലോ? എന്തിനേറെ, ഉന്നാവോ വിഷയത്തിൽ മാദ്ധ്യമങ്ങൾ പ്രതികരണം ചോദിക്കുമ്പോൾ ട്വിറ്റ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് അങ്ങ് മാറി നടക്കുന്നത് എവിടേക്കാണ്? എന്തിനാണ്? ഭരിക്കാൻ പോയിട്ട്, മികച്ചൊരു പ്രതിപക്ഷമെങ്കിലും ആകാൻ നിങ്ങൾക്കാവുന്നില്ലല്ലോ? വല്ലാത്തൊരു ദുർഗതിയാണിത്!

ട്വിറ്ററും എഫ്.ബിയുമൊന്നും വേണ്ടെന്നല്ല, പക്ഷേ പാർട്ടി ജനകീയ പ്രശ്നങ്ങളിൽ നിന്നകന്ന് ട്വിറ്റർ കോൺഗ്രസായി ചുരുങ്ങുന്നത് എന്തിനാണ്? തൃണമൂൽ കോൺഗ്രസിൽ ലയിക്കേണ്ട വിധം കോൺഗ്രസിനെ ട്രോളുന്നിടത്തേക്ക് കാര്യങ്ങൾ എത്തിക്കുന്നത് എന്തിനാണ്? പ്ലീസ്... ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം കാര്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്.

ലോക് സഭ തെരഞ്ഞെടുപ്പ് തോറ്റിട്ട് മാസം രണ്ടു കഴിഞ്ഞിട്ടും പാര്‍ട്ടിക്ക് ഗൃഹനാഥനെ തെരഞ്ഞെടുക്കാനായിട്ടില്ല. കൃത്യമായി പറഞ്ഞാൽ, ഇന്നേക്ക് രണ്ടു മാസവും എട്ടു ദിവസവുമായി കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ സ്ഥാനത്യാഗത്തിന്. 134 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള, നീണ്ട ആറു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച ഒരു പാർട്ടി എത്തിനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ ഏകദേശ ചിത്രമാണിത്. പാർലമെന്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള സാങ്കേതിക അക്കം ഒത്തില്ലെങ്കിലും പ്രതിപക്ഷ ഉത്തരവാദിത്തം നിറവേറ്റണ്ടവർ ഇങ്ങനെ എത്ര നാൾ നാഥനില്ലാക്കളരിയായി തുടരും?

രാജ്യം, പാർട്ടിയും/ കുടുംബവും ഒരു വലിയ പ്രതിസന്ധിയിൽ കഴിയവെ പാർട്ടി/കുടുംബം വിട്ട് ഇറങ്ങുന്നവനാണോ യഥാർത്ഥ നേതാവ്/ഗൃഹനാഥൻ എന്ന ചോദ്യം സ്വാഭാവികമാണ്. പ്രത്യേകിച്ചും ഒരു നിർണ്ണായക പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് സമുന്നതനായ ഒരു വ്യക്തി പലായനം ചെയ്യുന്നത് ഒരു നല്ല നേതാവിന് ചേർന്നതല്ല തന്നെ. എങ്കിലും, പറയട്ടെ: പാർട്ടി നേതാക്കളും അണികളുമെല്ലാം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സ്ഥാനത്യാഗം രാഷ്ട്രീയനാടകമല്ലെന്നു ബോദ്ധ്യപ്പെടുത്തിയ താങ്കളുടെ ആത്മാർത്ഥതയിൽ അഭിമാനമുണ്ട്, നന്ദിയുണ്ട്. അതുകൊണ്ടു തന്നെ വീണ്ടും വീണ്ടും അത്തരമൊരു ചോദ്യം ഉന്നയിക്കുന്നതിലെ ശരികേടുകൾ ആവർത്തിക്കുന്നില്ല.

തന്നാലാവും വിധം പാർട്ടി കെട്ടിപ്പടുക്കാൻ, മോദി ബാധയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ അ­­ക്ഷീണം, അനവരതം, മനസ്സറിഞ്ഞ് പണി എടുത്ത ഒരാളുടെ നിരാശയെ/നി­സ്സഹാവസ്ഥയെ നിസ്സാരമായി ഗണിക്കുന്നില്ല. പാരമ്പര്യമായി ലഭിച്ച മഹത്തായ ഒരു പദവിയെ വളരെ ഉത്തരവാദിത്തത്തോടെ അർഹർക്ക് തിരിച്ചേൽപ്പിക്കാനുള്ള ജാഗ്രത്തായ ഇടപെടലും തിരിച്ചറിവും രാഹുലിൽ പ്രകടമായി എന്ന സത്യവും നിഷേധിക്കുന്നില്ല. നെഹ്‌റു കുടുംബത്തെ കുറിച്ചുള്ള തെറ്റായ ധാരണകളിലും തെളിച്ചം നൽകുന്നതാണ് രാഹുലിന്റെ നിലപാട്. രാഷ്ട്രീയ ധാർമികതയുടെ, സത്യസന്ധതയുടെ, നേരിന്റെ പുതിയ ഏടാണ് രാഹുൽ അങ്ങ് ധീരമായി പ്രഖ്യാപിച്ചത്. കുടുംബവാഴ്ചയ്‌ക്കെതിരേയുള്ള എതിരാളികളുടെ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന തീരുമാനം. നിരാശയിൽ നിന്നുള്ള പ്രതിഷേധവും ചില നന്മവിചാരവുമാണത്.

വീഴ്ചകൾ സ്വയം ഏറ്റെടുത്തും വരാനിരിക്കുന്ന പ്രതിസന്ധികളെ അർത്ഥപൂർണ്ണമായി അടയാളപ്പെടുത്തിയും ഫലപ്രദമായ ചികിത്സക്കു കളമൊരുക്കാ­നുള്ള ത്യാഗസന്നദ്ധതയാണ് തീരുമാനത്തിലെ മർമ്മം. ഞാനാകുന്നില്ല, പോകുന്നുമില്ല. കൂടെയുണ്ടാകും...ഇതാണ് രാജിയിലൂടെ രാഹുൽ നൽകുന്ന സന്ദേശം. പുതുക്കക്കാർക്കോ പഴയ പടക്കുതിരകൾക്കോ പുതിയ അവസരത്തിന് വഴി തുറന്നിട്ടിരിക്കുന്നു. സമ്മർദ്ദ തന്ത്രമില്ലാതെ, തീർത്തും ആത്മാർത്ഥമായ, സുതാര്യമായ നിലപാട്. കോൺഗ്രസിന്റെ ദിശ നിർണ്ണയിക്കാൻ, പ്ര­തിപക്ഷ പാർട്ടികളെ നയിക്കാൻ പ്രാപ്തമായ പുതുരക്തം ഇനി ആരാവും? ജയറാം രമേശ്, സുശീൽ കുമാർ ഷിൻഡെ, സച്ചിൻ പൈലറ്റ്, ഡി.കെ ശിവകുമാർ, അമരീന്ദർ സിങ്, ശശി തരൂർ, പ്രിയങ്കാ ഗാന്ധി ...അങ്ങനെ പ്രതീക്ഷ നല്‍കുന്ന പേരുകള്‍ പലരുണ്ട്. ഇതില്‍ ആര്‍ക്കാവും നിയോഗം? അതിന് ഇനി എത്ര നാൾ കാത്തിരിക്കണം? ഇ­തോട് ക്രി­യാ­ത്മകമായി പ്രതികരിക്കാൻ ഈ നിമിഷം വരെയും കോൺഗ്രസ് വർക്കിങ് കമ്മിറ്റിക്ക് ആയിട്ടില്ല എന്നതാണ് ഖേദകരം. പാർട്ടി അദ്ധ്യക്ഷൻ നെഹ്റു കുടുംബത്തിൽ നിന്നോ പുറത്തുനിന്നോ എന്നത് പാർട്ടി തീരുമാനിക്കട്ടെ. പക്ഷേ, ഈ കടുത്ത കൂരിരുട്ടിലും ഒരു നുറുങ്ങ് വെട്ട മെങ്കിലും ആകാൻ പാർട്ടിക്ക് ഇനി എത്ര സമയം എടുക്കും?

തെരഞ്ഞെടുപ്പിൽ ജയവും തോൽവിയുമെല്ലാം സ്വാഭാവികമാണ്. വീഴ്ചകളിലെ പാഠങ്ങൾ തിരിച്ചറിഞ്ഞ്, തിരുത്തലാണ് കരണീയം. രാഹുലിനും അദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തിനും വ്യക്തമായ ചില രാഷ്ട്രീയ പരിശീലനം അനിവാര്യമാണ്. അതാണീ അനാഥത്വം തുടരുമ്പോഴും നേതൃത്വത്തിലെ ചിലരുടെ പ്രതികരണം വിളിച്ചറിയിക്കുന്നത്. നേതൃത്വം എത്ര തന്നെ നിഷേധിച്ചാലും ശരി, പാർട്ടിയെ സ്നേഹിക്കുന്ന, കോൺഗ്രസ് ഇവിടം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന, കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാത്ത, മതനിരപേക്ഷ ചിന്തയുള്ള, പതിനായിരങ്ങൾ കോൺഗ്രസ് സംഘടനാപരമായും നയപരമായും ഇങ്ങനെ പോയാൽ പോരെന്ന് നൂറല്ല, ഒരായിരം വട്ടം പറയുന്നുണ്ട്. പക്ഷേ, ഇതൊന്ന് കേൾക്കാൻ ഹൈക്കമാൻഡിനോ നേതൃത്വത്തിനോ ആവുന്നില്ലെന്നു മാത്രം.

കോൺഗ്രസിന് അദ്ധ്യക്ഷനില്ലാത്തത് ആ പാർട്ടിയുടെ മാത്രം പ്രശ്നമാണോ, അതോ രാജ്യത്തെ പ്രതിപക്ഷത്തിന്റെ പ്രശ്നമാണോ എന്നീ ചോദ്യങ്ങളെക്കാൾ നല്ലത് ഈ സങ്കീർണ്ണാവസ്ഥ മോദിയുടെ പണി എളുപ്പമാക്കുന്നുവോ എന്ന പരിശോധനയാണ്. നാഥനില്ലായ്മയെ കുറിച്ച തിരുവനന്തപുരം എം.പി ശശി തരൂരിന്റെ അഭിപ്രായപ്രകടനം പാർട്ടി സംഘടനാവേദികളിൽ പറയേണ്ടതാണെന്നു വാദിക്കാമെങ്കിലും പൊതുജനവികാരം തരൂരിനോടൊപ്പമാണ്. ഗോവയിലും കർണ്ണാടകയിലും മറ്റും പാർട്ടി അഭിമുഖീകരിക്കുന്ന പുതു വെല്ലുവിളികൾ അടക്കമുള്ള വിഷയങ്ങൾ നേതൃത്വം സഗൗരവം അടിയന്തരമായി പരിഹരിക്കേണ്ടവയാണ്.

രാജ്യത്ത് വോട്ടവകാശം വിനിയോഗിച്ച 57 കോടി ജനങ്ങളിൽ കേരളം, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് തന്ത്രങ്ങൾക്ക് (52 എം.പിമാരിൽ 31ഉം ഇവിടെ നിന്ന്) ഇത്തവണ സ്വീകാര്യത ലഭിച്ചത്. അതുതന്നെയും മോദി വിരുദ്ധ രാഷ്ട്രീയത്തിനു ലഭിച്ച അംഗീകാരമെന്നു വിലയിരുത്തുന്നതാകും കൂടുതൽ ശരി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ വ്യക്തിപ്രഭാവവും തമിഴ്നാട്ടിൽ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രങ്ങളും കേരളത്തിൽ രാഹുൽ തരംഗവും മോദി വിരുദ്ധ വികാരം നെഞ്ചിലേറ്റി. കേന്ദ്ര ഭരണപ്രദേശം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രതിനിധികളില്ല. പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ ഒരു സീറ്റ് തൊട്ടുകൂട്ടാൻ പോലും ലഭിച്ചില്ല. ബി.ജെ.പിയുടെ ജീർണ്ണ റിസോർട്ട് രാഷ്ട്രീയത്തിലൂടെ ഈയിടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ഭരണം നഷ്ടമായ കർണാടകയിലും അധികാരത്തിലുള്ള മദ്ധ്യപ്രദേശിലും ഓരോ സീറ്റ് മാത്രമാണ് സമ്പാദ്യം. ഛത്തീസ്ഗഡിൽ രണ്ടേ രണ്ടു സീറ്റും. രാജ്യത്തോളം പ്രവിശാലമായിരുന്ന ഒരു പാർട്ടിക്ക് ഉണ്ടായ ഈ ദുർഗതി പരിശോധിച്ച് അനിവാര്യമായ തിരുത്തൽ പ്രക്രിയയിലേക്ക് പാർട്ടി പോകാൻ വൈകുന്ന ഓരോ നിമിഷവും മതനിരപേക്ഷ ഇന്ത്യയുടെ ഭീതിയുടെ ആഴം വർദ്ധിക്കുമെന്നു തീർച്ച. കശാപ്പുകാരൻ പച്ചില കാട്ടി ആടിനെ മുന്നോട്ടു തെളിക്കുമ്പോൾ പ്രത്യേകിച്ചും. കശ്മീർ, അയോദ്ധ്യ, ശബരിമല യുവതിപ്രവേശം, യു.എ.പി.എ, പശുരാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങളിൽ കോൺഗ്രസ് എത്തിപ്പെട്ട ചുഴികൾ പലതാണ്. അതിനാൽ, കോൺഗ്രസിലെ കോൺഗ്രസുകാരെ കണ്ടെത്തുന്നതോടൊപ്പം പാർട്ടിയിലെ പരിവാർ മനസ്സുകാരെയും കാണാതെ പോകരുത്. ഇത് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ.

എന്തായാലും രാഹുൽ ഗാന്ധി പാര്‍ട്ടി പദവിയില്‍നിന്ന് മാറിനില്‍ക്കുമ്പോഴും തന്നിലര്‍പ്പിതമായ ദൗത്യത്തിൽനിന്ന് പിറകോട്ടു പോകുമെന്ന് കരുതുന്നില്ല. ഓട്ടമത്സരത്തിന് സ്റ്റാർട്ടിങ് പോയിന്റിൽ നിൽക്കുന്നവർ ഒരു കാൽ പിറകോട്ടു വെയ്ക്കുന്നത് പിറകോട്ട് ഓടാനല്ല, മുന്നോട്ടു കുതിക്കാൻ തന്നെയാണ്. രാഹുലും അത്തരമൊരു മുന്നൊരുക്കത്തിലാണെന്ന് സമാധാനിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്.

Next Story
Read More >>