കെ.എം ഷാജിയും മുസ്ലിം ലീഗിന്റെ വര്‍ഗ്ഗീയതയും

ലീഗിനെ വർഗ്ഗീയമായി ചിത്രീകരിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുക ലീഗിന്റെ മൃദു നിലപാട് ഇഷ്ടപ്പെടാത്ത മറ്റു തീവ്ര മുസ്‌ലിം സംഘടനകളായിരിക്കും. ലീഗിനകത്തു തന്നെ ചില നേതാക്കളെങ്കിലും ഇത്തരം ചിന്താഗതിക്കാരെ അകറ്റി നിർത്തുന്നതിനു പകരം പാർട്ടിക്കകത്തേക്ക് സ്വാംശീകരിക്കാൻ ശ്രമിക്കുന്നതും കാണുന്നുണ്ട്. അത്തരം സംഘടനകളുടെ അജൻഡകൾക്കു മുന്നിൽ ചിലപ്പോഴെങ്കിലും ലീഗ് വീണു പോകുന്നുണ്ടോ എന്നും സംശയമുണ്ട്. ലീഗിനകത്തെ വളരെ ന്യൂനപക്ഷമായ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട നേതാക്കളും അണികളുമാണ് അത്തരം ദിശയിലേക്ക് പോകുന്നതായി കാണുന്നത്.

കെ.എം ഷാജിയും മുസ്ലിം ലീഗിന്റെ വര്‍ഗ്ഗീയതയും

മുസ്‌ലിം ലീഗിന്റെ അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗിന്റെ വർഗ്ഗീയ സ്വഭാവത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ എതിർ സ്ഥാനാർഥിയായിരുന്ന തനിക്കെതിരെ ഷാജി കടുത്ത വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടെന്ന എം.വി നികേഷ് കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ വർഗ്ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് താൻ എന്നാണ് ഷാജി ഇതേക്കുറിച്ച് പ്രതികരിച്ചത്. ലീഗിനെ ആ അർത്ഥത്തിൽ ഒരു വർഗ്ഗീയ പാർട്ടിയായി ചിത്രീകരിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ? അല്ല. ലീഗിനെ ഒരു സാമുദായിക പാർട്ടി, അല്ലെങ്കിൽ ഒരു ന്യൂനപക്ഷ പാർട്ടി എന്ന നിലയിലാണ് വിലയിരുത്തേണ്ടത്. ഇന്ത്യയെ പോലൊരു ബഹുസ്വര, ഭൂരിപക്ഷ ജനാധിപത്യ രാജ്യത്ത് അത്തരമൊരു പാർട്ടിയുടെ പ്രസക്തിയെ തള്ളിക്കളയാനാകില്ല.

എന്നാൽ, അത്തരം സമുദായിക പാർട്ടികളിൽ വർഗ്ഗീയ പ്രവണത നിലനിൽക്കും എന്നത് ഒരു വസ്തുതയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടു കൊണ്ടു പോകാൻ ലീഗ് വലിയ വെല്ലുവിളി നേരിടുന്നുണ്ട് എന്നതും വാസ്തവമാണ്. ബി.ജെ.പിയുടെ വളർച്ച ഉയർത്തിക്കാട്ടി മുസ്‌ലിംകൾക്കിടയിലെ തീവ്ര ആശയക്കാർ സമുദായത്തിനകത്ത് വലിയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കത്വ സംഭവത്തിനു ശേഷം ഇത്തരം സംഘടനകൾ സൃഷ്ടിച്ചെടുത്ത വാട്‌സാപ്പ് ഹർത്താലിനെ ലീഗ് നേതൃത്വം ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞിട്ടും ചില ലീഗുകാരെങ്കിലും അതിൽ പങ്കെടുത്തതായി നാം കണ്ടത് ലീഗ് നേതൃത്വം നേരിടുന്ന ഈ വെല്ലുവിളി എത്രത്തോളം വലുതാണെന്ന് കാണിക്കുന്നുണ്ട്.

ലീഗിനെ വർഗ്ഗീയമായി ചിത്രീകരിക്കുന്നതിൽ ഏറ്റവും സന്തോഷിക്കുക ലീഗിന്റെ മൃദു നിലപാട് ഇഷ്ടപ്പെടാത്ത മറ്റു തീവ്ര മുസ്‌ലിം സംഘടനകളായിരിക്കും. ലീഗിനകത്തു തന്നെ ചില നേതാക്കളെങ്കിലും ഇത്തരം ചിന്താഗതിക്കാരെ അകറ്റി നിർത്തുന്നതിനു പകരം പാർട്ടിക്കകത്തേക്ക് സ്വാംശീകരിക്കാൻ ശ്രമിക്കുന്നതും കാണുന്നുണ്ട്. അത്തരം സംഘടനകളുടെ അജൻഡകൾക്കു മുന്നിൽ ചിലപ്പോഴെങ്കിലും ലീഗ് വീണു പോകുന്നുണ്ടോ എന്നും സംശയമുണ്ട്. ലീഗിനകത്തെ വളരെ ന്യൂനപക്ഷമായ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട നേതാക്കളും അണികളുമാണ് അത്തരം ദിശയിലേക്ക് പോകുന്നതായി കാണുന്നത്. ബാക്കിയുള്ള ബഹുഭൂരിപക്ഷവും മതേതര, സാഹോദര്യ പാരമ്പര്യത്തിന് കോട്ടം തട്ടാതെ സമൂഹത്തെ മുന്നോട്ട് കൊണ്ട് പോകാൻ കരുതലോടെ പ്രവർത്തിക്കുന്നവരാണ്. ലീഗിന്റെ നാളിതു വരെയുള്ള ചരിത്രത്തിൽ, ചില അപവാദങ്ങളുണ്ടെങ്കിലും, അതിന്റെ നേതൃത്വം ഇക്കാര്യത്തിൽ ദീർഘദൃഷ്ടിയുള്ള നിലപാടുകളാണെടുത്തിട്ടുള്ളത്. ലീഗിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലങ്ങൾക്ക് പതിറ്റാണ്ടുകൾ നേതൃത്വം നൽകിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്വന്തം ജീവിതം കൊണ്ടു തന്നെ അത്തരമൊരു നിലപാട് കാണിച്ചു തന്നിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ആഗസ്തിൽ ഡൽഹിയിൽ നടത്തിയ അദ്ദേഹത്തിന്റെ അനുസ്മരണ പ്രഭാഷണത്തിൽ ശശി തരൂർ ശിഹാബ് തങ്ങളുടെ ജീവിതത്തിൽ നിന്ന് എടുത്തു പറഞ്ഞ മൂന്ന് ഉദാഹരണങ്ങൾ അതിനുള്ള തെളിവായിരുന്നു.

ഒന്ന്, ബാബരി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ മുസ്‌ലിം സമുദായത്തോട് സംയമനം പാലിക്കാനും മുസ്‌ലിം ലീഗ് പ്രവർത്തകരോട് അമ്പലങ്ങൾക്ക് സംരക്ഷണം നൽകാനും അദ്ദേഹം നടത്തിയ ആഹ്വാനം. അന്ന് തങ്ങളോട് 'നമ്മൾ ഇങ്ങനെ നിന്നാൽ പോര!' എന്ന് പറഞ്ഞ ലീഗുകാരോട് 'ഇങ്ങനെ നിന്നാൽ മതി. എന്നിട്ടുള്ളത് മതി' എന്ന് സ്വതസിദ്ധമായ ശൈലിയിൽ സൗമ്യമായും കർക്കശമായും തങ്ങൾ അന്നത്തെ പാർട്ടി മീറ്റിങ്ങില്‍ പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പിന്നീട് ഓർക്കുകയുണ്ടായി.

രണ്ടാമതായി, ഒരു മുസ്‌ലിം പള്ളിയുടെ ഓട്ടിൻ പുറത്തേക്ക് ചാഞ്ഞു നിന്ന് സ്ഥിരമായി ഓടു പൊളിച്ചിരുന്ന തൊട്ടടുത്തെ ഒരു ഹിന്ദു കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പറമ്പിലെ തെങ്ങ് സൃഷ്ടിച്ച പ്രശ്‌നവും തങ്ങൾ അതിന് പരിഹാരം കണ്ടെത്തിയ രീതിയുമാണ്. ഇരുകൂട്ടരും പരാതിയുമായി വന്നപ്പോൾ കൽപവൃക്ഷം വെട്ടരുതെന്നും പകരം പള്ളിയുടെ മേൽക്കൂര പൊളിച്ച് കോൺക്രീറ്റ് ചെയ്യണം എന്നുമാണ് തങ്ങൾ നൽകിയ നിർദേശം. അതിനുള്ള ആദ്യ സംഭാവന തങ്ങൾ തന്നെ നൽകുകയും ചെയ്തു. മൂന്നാമതായി തരൂർ ചൂണ്ടിക്കാട്ടിയത് അങ്ങാടിപ്പുറം ക്ഷേത്രത്തിലെ വലിയ കവാടമാണ്. ഒരു രാത്രി ക്ഷേത്രത്തിലുണ്ടായ തീപിടുത്തം ആ കവാടം നശിപ്പിക്കുകയും അത് വർഗ്ഗീയമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്ന അവസരത്തിൽ ഈ അമ്പലത്തിൽ പോകുന്നവർ തന്റെ അയൽവാസികളാണെന്നും ഈ കവാടം പുനർനിർമ്മിക്കേണ്ടതിന്റെ ഉത്തരവാദിത്തവും ചെലവും താൻ ഏറ്റെടുക്കുന്നുവെന്നും തങ്ങൾ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ നേതാക്കളുമായി അടുത്തിടപഴകുമ്പോൾ ഈ ഒരു മതേതര പാരമ്പര്യം അവരുടെ ഓരോ നിലപാടുകളിലും തെളിയുന്നുണ്ടെന്ന് കാണാം. വർഗ്ഗീയമായി വളരെ ധ്രുവീകരിക്കപ്പെട്ട ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പോലും അസദുദ്ദീൻ ഉവൈസി ശൈലി ഒരിക്കലും പി.കെ കുഞ്ഞാലികുട്ടിയില്‍ നിന്നും പാർലമെന്റിലോ പുറത്തോ കേൾക്കാറില്ല. ഇ. അഹമ്മദ് വളർത്തിക്കൊണ്ടു വന്ന ശൈലിയും അതു തന്നെയായിരുന്നു. എം.കെ. മുനീർ ഫാഷിസത്തെക്കുറിച്ച് നിരന്തരം സംസാരിക്കുമ്പോൾ തന്നെ അതിനെ മുസ്‌ലിം പക്ഷത്തു നിന്നു മാത്രം നോക്കിക്കാണാതെ മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെയും അധ:കൃത സമൂഹങ്ങളുടെയും പരിസരത്തു നിന്നു കൂടി നോക്കിക്കണ്ട് വിശാലമായ രാഷ്ട്രീയ ബോദ്ധ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നതും കാണാവുന്നതാണ്.

മുസ്‌ലിംങ്ങൾക്കിടയിൽ രാഷ്ട്രീയ ഇസ്ലാമിന്റെയും മതാധിഷ്ഠിത (സമുദായാധിഷ്ഠിതമല്ല) രാഷ്ട്രീയത്തിന്റെയും ധാരകൾ നിലനിൽക്കുന്ന ഈ അവസരത്തിൽ പാരമ്പര്യമായി തന്നെ സമുദായത്തിനകത്ത് ജനാധിപത്യ മൂല്ല്യങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് ലീഗ് നടത്തിപ്പോരുന്നത്. സമുദായത്തിനകത്തെ തീവ്രനിലപാടുകളെ സമുദായത്തിനകത്തു നിന്നു തന്നെ ലീഗ് ചെറുക്കുന്നു. കെ.എം ഷാജിക്കെതിരിലുള്ള കോടതി വിധിയെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ലീഗ് നേരിടുന്ന ഒരു വെല്ലുവിളിയുടെ ഭാഗമായിട്ടാണ് കാണേണ്ടത്.

മതേതര, ജനാധിപത്യ മൂല്യങ്ങളിലൂന്നിയുള്ള, തീവ്രവും പ്രകോപനപരവുമല്ലാത്ത ഒരു ന്യൂനപക്ഷ രാഷ്ട്രീയം ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തിന് മൊത്തം ഒരു മാതൃകയായിരിക്കും. ക്രിയാത്മകമായ ഒരു ന്യൂനപക്ഷ രാഷ്ട്രീയം പടുത്തുയർത്താനുള്ള ഒരു ഓർമ്മപ്പെടുത്തലും അവസരവുമായി അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് വിധിയെ ലീഗ് കാണുമെന്നു പ്രതീക്ഷിക്കാം.

Read More >>