ഈ ഓര്‍മ, ഒരു പിറന്നാള്‍ ആശംസ!

വർഷങ്ങൾക്കു മുമ്പ് അഭിമുഖത്തിനായി അവരെ സന്ദർശിച്ച അനുഭവം പങ്കുവയ്ക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ ലേഖകൻ

ഈ ഓര്‍മ, ഒരു പിറന്നാള്‍ ആശംസ!

വിജയ് സി. എച്ച്

അന്ന് എനിക്കിത്ര വയസ്സായിട്ടില്ലായിരുന്നുവെങ്കിലും ചിത്ര ചെറുപ്പമായിരുന്നു! സിന്ധുഭൈരവിയിലെ 'പാടറിയേൻ പഠിപ്പറിയേ'നും നഖക്ഷതങ്ങളിലെ 'മഞ്ഞൾപ്രസാദ'ത്തിനും ദേശീയപുരസ്‌കാരം 1986 ലും 87 ലും തുടർച്ചയായി നേടിയതിനുശേഷം 89 ൽ വീണ്ടും വൈശാലിയിലെ 'ഇന്ദുപുഷ്പ'ത്തിനും ചിത്ര തന്നെ രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കണ്ടു രണ്ടു വർത്തമാനം പറയാൻ ഇനിയും വൈകുന്നത് നീതികേടാണെന്ന് തോന്നി.

ഒരു വിദേശ ഇംഗ്ലീഷ് മാദ്ധ്യമ ഗ്രൂപ്പ് ചിത്രയുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രീലാൻസർമാർക്ക് നല്ല പ്രതിഫലം കൊടുക്കുന്ന, ധാരാളം ഫീച്ചറുകൾ പതിവായി അച്ചടിക്കുന്ന ഒരു ദിനപത്രം!

യേശുദാസ്, ജയചന്ദ്രൻ മുതലായവരെയൊക്കെ കണ്ടു സംസാരിച്ചു വിദേശ മാദ്ധ്യമങ്ങളിൽ എഴുതിയ ആളാണെന്നു അറിയിച്ചപ്പോൾ, കൂടുതൽ ചോദ്യങ്ങളും തെളിവെടുപ്പുകളൊന്നും ഇല്ലാതെ ചിത്രയുടെ ഓഫീസ് മേനേജർ എനിക്ക് സമയം അനുവദിച്ചു.

ചിത്ര ഒരു സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയി കത്തിക്കയറി നിൽക്കുന്ന സമയമായിരുന്നു അത്. മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമകളിൽ തിരക്കോടു തിരക്ക്. ഒരു ദിവസം തന്നെ മൂന്നും നാലും റെക്കോർഡിങ്! അതിന്റെ ഇടവേളകളിലാണ് ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള അവരുടെ പുതിയ വസതിയിൽ ചെല്ലാൻ എനിക്ക് അപ്പോയന്റ്‌മെന്റ് ലഭിച്ചത്.

സാലിഗ്രാമത്തിൽ തന്നെയുള്ള പ്രസാദ് സ്റ്റുഡിയോയിലാണ് അന്ന് ഉച്ചയ്ക്കു ശേഷം റെക്കോർഡിങ്ങെന്നും ഊണിനു ശേഷം അങ്ങോട്ടു പോകുന്നതിനു മുമ്പുള്ള സമയമാണ് എന്റേതെന്നും മേനേജർ പ്രത്യേകം പറഞ്ഞിരുന്നു. ഉച്ചക്ക് കൃത്യം ഒരു മണിക്ക് ഞാൻ ചിത്രയുടെ വീട്ടിൽ എത്തിയിരിക്കണം എന്നായിരുന്നു നിബന്ധന.

നാഗത്തമ്മൻ കോവിലിനടുത്താണ് വീട്, അവിടെയെത്തിയാൽ ആരോടെങ്കിലും ചോദിച്ചാൽ മതിയെന്നായിരുന്നു നിർദ്ദേശം. താമസിച്ചിരുന്ന വടപളനിയിലെ ഹോട്ടലിൽ നിന്നുതന്നെ നേരത്തെ ഊണു കഴിച്ച്, പന്ത്രണ്ടരക്ക് ഞങ്ങൾ സാലിഗ്രാമത്തിലെ നാഗത്തമ്മൻ ക്ഷേത്രത്തിനു മുന്നിലെത്തി.

ആ കോവിലിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞു വരുന്ന ഒരു തമിഴൻ ഭക്തനോട് ചിത്രയുടെ വീട് അന്വേഷിച്ചു.

എന്റെ ചോദ്യം ആ ഭക്തന് 'സെരിയാ പുരിയാതെ' വന്നപ്പോൾ, കൂടെയുണ്ടായിരുന്ന എന്റെ ഫോട്ടോഗ്രാഫർ സുഹൃത്ത് തമിഴും ഇംഗ്ലീഷും മലയാളവും വേർതിരിച്ചെടുക്കുവാൻ കഴിയാത്ത വിധം കലർത്തിയ 'തങ്കയാളത്തിൽ' ഒരു കീച്ചുകീച്ചി!

ഫോട്ടോഗ്രാഫർ സുഹൃത്ത് ഭക്തനോട് ചോദിച്ചത്, 'സൗത്ത് ഇന്ത്യാവിൻ അരുമയാന വാനമ്പാടി, three-time best female playback singer national award winner, കേരളത്തിന്റെ അഭിമാനം മുതലായ സ്ഥാനങ്ങളൊക്കെ ഉണ്ടായിട്ടുകൂടി താങ്കൾക്ക് ചിത്രയെ അറിയില്ലായെന്നാണോ' എന്നാണെന്ന് എനിക്കു മനസ്സിലായെങ്കിലും, ഭാഷകൾ മൂന്നും മിക്‌സിയിൽ ഇട്ട് അടിച്ച് ചോദിച്ചതിനാൽ, പാവം ഭക്തൻ ഒന്നും 'പുരിയാതെ' അന്തംവിട്ട് നിൽക്കുകയായിരുന്നു!

ഫോട്ടോഗ്രാഫർ സുഹൃത്തിന്റെ തങ്കയാളം കേട്ട ഷോക്കിൽ നിന്ന് അൽപ്പം മുക്തനായപ്പോൾ എന്റെ ചങ്ങാതിയെ ചൂണ്ടി, ഏറെ ഭവ്യതയോടെ ഭക്തൻ എന്നോടു പറഞ്ഞു, 'ഇന്ത സാറ് സൊന്നത് എനക്ക് കൊഞ്ചംകൂടി പുരിയിലൈ' എന്ന്!

ഏതു കാലത്തും ഈ ഫോട്ടോഗ്രാഫർമാരുടെ ഒരു ഭാഷാപ്രാവീണ്യം ഒന്നു വേറെത്തന്നെയാണ്!

ശരി, ഞാൻ തന്നെ ഭക്തനോട് ഒരിക്കൽകൂടി 'വിളക്കമാ കേൾക്കാൻ' തീരുമാനിച്ചു.

'പാടകി ചിത്രാവെ തെരിയാതാ? അവർ റൊമ്പം ഫൈമസ്,' ഞാൻ ഭക്തനോട് സൗമ്യമായി ചോദിച്ചു. ആദ്യം 'പാടകി' (പാട്ടുകാരി) എന്നു ചേർക്കാതെയല്ലേ ചിത്രയുടെ പേര് പറഞ്ഞത്!

ഒരാഴ്ചയോളം ചിത്രയായിരുന്നല്ലൊ മനസ്സു നിറയേ, അപ്പോയന്റ്‌മെന്റ് എടുക്കലും, അവരുടെ പാട്ടുകളുടെ കണക്കെടുപ്പും, ചോദ്യങ്ങൾ ഉണ്ടാക്കലും മറ്റുമായിട്ട്! പാട്ടുകാരി എന്ന ടൈറ്റിൽ ചേർത്തിട്ടല്ലല്ലൊ ചിത്രയെന്ന് ചിന്തിച്ചിരുന്നത്!

പാടകി ചേർത്തു ചിത്രയെന്നു കേട്ടപ്പോൾ ഭക്തന്റെ ബതിൽ വന്നത് തൊടുത്തു വിട്ട ശരം പോലെയായിരുന്നു!

'ചിന്നക്കുയിൽ ചിത്രാവാ...?' ഭക്തൻ ത്രില്ലടിച്ചു എന്നോടു 'കേട്ടു'.

'അതെ, 'അന്ത ചിത്ര താൻ' എന്നു ഞാൻ മറുപടിയും കൊടുത്തു.

ഉടനെ ക്ഷേത്രത്തിന്റെ മുന്നിൽ തന്നെയുള്ള ഒരു ജങ്ഷൻ ഭക്തൻ ചൂണ്ടിക്കാണിച്ചു. 'ഇന്ത സന്തിൽ നിൻട്ര് റൈറ്റ് പോക വേണ്ടിയത്. ലെഫ്റ്റ് പാത്താ, അങ്കെ, മലയാളത്താൻ പാർവൈയിൽ മുടിച്ച അഴകാന കെട്ടിടം ഒൺട്രു പാക്ക മുടിയും. അതു താൻ അവർ വസതി,' ഭക്തന്റെ വിവരണം സ്ഫടികം പോലെ വ്യക്തം!

ഭക്തനോട് നൻട്രി സൊല്ലി, കവലയിലേക്കു നീങ്ങി, മലയാളി സ്‌റ്റൈലിൽ നിർമ്മിച്ച വീടു തേടുന്നതിനിടയിൽ, ഫോട്ടോഗ്രാഫർ ചോദിച്ചു, 'ഈ ചിന്നക്കുയിൽ വിശേഷണം എന്തിനാ? തമിഴന്മാർ മ്മ്‌ടെ ചിത്രയെ എന്തിനാ ഇങ്ങിനെ കൊച്ചാക്കുന്നത്?'

മണിനാദം മുഴക്കുന്ന അമ്മക്കുയിലുകൾ സുശീലാമ്മയും ജാനകിയമ്മയും തെന്നിന്ത്യൻ പിന്നണി ആലാപനലോകത്തെ ചക്രവർത്തിനിമാരായി നമ്മളെ നാദബ്രഹ്മത്തിൽ ആഴ്ത്തുമ്പോഴാണല്ലൊ, തിരുവനന്തപുരത്തുനിന്ന് ചിത്ര ചെന്നൈയിലേക്കു ചേക്കേറിയത്! അതിനാൽ ചിത്രയെ ചെറിയ കുയിലായിട്ടാണ് ഇളയരാജ തമിഴ്‌നാട്ടിൽ പരിചയപ്പെടുത്തിയിരിക്കുന്നത്!

ചിത്രയുടെ തമിഴിലെ തുടക്കമത്രയും ഇളയരാജയുടെ സംഗീതസംവിധാനത്തിലായിരുന്നു. സിന്ധുഭൈരവിക്കു തൊട്ടുപിന്നാലെ ഇറങ്ങിയ 'നീ താനേ അന്തക്കുയിൽ' എന്ന തമിഴ്ചിത്രത്തിൽ ചിത്ര പാടിയ 'ഇനിപ്പ്' നിറഞ്ഞു കവിഞ്ഞൊഴുകുന്ന 'പാടൽകൾ' തമിഴ്‌നാട്ടിൽ അവരെ ശരിക്കുമൊരു പാടുന്ന ഇളംകുയിലായി വിളംബരം ചെയ്തു!

ഞാനിത്രയും ചിന്നക്കുയിൽ ചരിതം പറഞ്ഞു തീർത്തപ്പോഴേക്കും, ഞങ്ങൾ 'ശ്രുതി'യുടെ മുന്നിലെത്തി. നല്ല നൻപൻ, നാഗത്തമ്മൻ ഭക്തൻ സൂചിപ്പിച്ചതുപോലെ, കേരള ട്രഡീഷനൽ രീതിയിൽ നിർമ്മിച്ച സുന്ദരമായൊരു 'മലയാളത്താൻ' ഭവനം!

സ്വരമാധുര്യം രാഗരസത്തിൽ അലിഞ്ഞുചേർന്ന സോപാനത്തിൽ ചവിട്ടിക്കയറി ഞങ്ങൾ ശ്രുതിയിൽ പ്രവേശിച്ചു! പല്ലവി അവിടെ സ്വതഃസിദ്ധമായ ചിരിയോടെ ഞങ്ങളെ പ്രതീക്ഷിച്ചു നിന്നിരുന്നു.

കൂടിവന്നാൽ അര മണിക്കൂർ സമയം മാത്രമേ അഭിമുഖത്തിനു ലഭിക്കൂ എന്ന ഏകദേശ ധാരണ ഉണ്ടായിരുന്നതിനാൽ, അറിയാനുള്ളതെല്ലാം ഇടതടവില്ലാതെ ചോദിച്ചു കൊണ്ടിരുന്നു. പൊതുവെ ചിരിച്ചും, ചോദ്യങ്ങൾക്ക് കയ്‌പ്പേറുമ്പോൾ മാത്രം അൽപ്പം ഗൗരവത്തിലും ചിത്ര പ്രതികരിച്ചുകൊണ്ടുമിരുന്നു.

അവസാനത്തെ ചോദ്യവും അതിനിടക്കൊരു ചായയും കഴിഞ്ഞു നോക്കുമ്പോൾ അര മണിക്കുറിന് ഇനിയും അഞ്ചു മിനിട്ട് ബാക്കി. ചിത്രയോടൊരു പാട്ടു പാടാൻ ആവശ്യപ്പെട്ടാലോ? എന്നാൽ, അത് ഞാൻ അർഹിക്കാത്തൊരു ആഡംബരമാകുമോ എന്നൊരു ഉത്കണ്ഠയും! ഓരോ പാട്ടിനും ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന എന്റെ മുന്നിലിരിക്കുന്നയാൾ, മൂന്നു തവണ മികച്ച ആലാപനത്തിന് രാഷ്ട്രപതിയിൽനിന്ന് പുരസ്‌കാരം സ്വീകരിച്ച ദേശീയ ഗായിക!

അവസാനം, അതുവരെ സംസാരിച്ചതു കൊണ്ടുണ്ടായ സൗഹൃദത്തിന്റെ സ്വാതന്ത്ര്യത്തിൽ ഞാൻ ചോദിച്ചു.

'ഓ..., പാടാലോ. ഏതു പാട്ടാണ് വേണ്ടത്,' ചിത്ര ആരാഞ്ഞു.

'അടുത്ത കാലത്ത് ചിത്ര പാടിയ പാട്ടുകളെല്ലാം കേട്ടുകേട്ടു ദേശീയ ഗാനങ്ങളായി മാറിയിട്ടുണ്ട്! മൂന്നാലു വർഷം മുമ്പത്തെ ഒരു പാട്ടു പറയട്ടേ?'

'പറയൂ, ഓർമയുള്ള വരികൾ പാടാം...'

'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന പടത്തിലെ, ആ 'ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ...' എന്ന ഗാനം എനിക്ക് ഏറെ ഇഷ്ടമാണ്. കുറെ കാലമായി കേട്ടിട്ടില്ല...്'

കണ്ഠം ഒന്നു ക്ലിയർ ചെയ്ത്, ചിത്ര പാടാൻ തുടങ്ങി:

'ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ...

എന്നിൽ നിന്നും പറന്നകന്നൊരു

പൈങ്കിളീ മലർ തേൻകിളീ...

മഞ്ഞുവീണതറിഞ്ഞില്ലാ...

വെയിൽ വന്നുപോയതറിഞ്ഞില്ലാ...

പൈങ്കിളീ മലർ തേൻകിളീ...

മഞ്ഞുവീണതറിഞ്ഞില്ലാ

വെയിൽ വന്നുപോയതറിഞ്ഞില്ലാ...

ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ

പൈങ്കിളീ മലർ തേൻകിളീ...

വന്നു നീ വന്നു നിന്നു നീയെന്റെ

ജന്മസാഫല്യമേ...

തെന്നലുമ്മകളേകിയോ...

കുഞ്ഞു തുമ്പി തമ്പുരു മീട്ടിയോ...

ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ...

പൈങ്കിളീ മലർ തേൻകിളീ...

എന്റെ ഓർമയിൽ പൂത്തുനിന്നൊരു

മഞ്ഞമന്ദാരമേ...

എന്നിൽ നിന്നും പറന്നുപോയൊരു

ജീവചൈതന്യമേ...'

ചിത്ര ഇന്ന് ചിന്നക്കുയിലല്ല. മകൾ നന്ദന നഷ്ടമായ വേവലാതി ഉള്ളിലൊതുക്കി, ഇപ്പോഴും നമുക്കുവേണ്ടി മധുരമായി പാടിക്കൊണ്ടിരിക്കുന്ന അമ്മക്കുയിൽ! ചിത്ര പാടിയ ഒരു പാട്ടെങ്കിലും ഉറങ്ങുന്നതിനു മുന്നെ കേൾക്കണമെന്ന് പറയുന്ന ഒട്ടനവധി സഹൃദയരെ ഈ ലേഖകനു നേരിട്ടറിയാം!

ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ ആലപിച്ചു, മികച്ച ഗായികക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരം ഏറ്റവുമധികം തവണ(ആറ്) നേടിയ വാനമ്പാടി! നാലു സംസ്ഥാന സർക്കാരുകളിൽനിന്ന് മികച്ച ഗായികക്കുള്ള അംഗീകാരം 33 തവണ നേടിയ പിന്നണി ഗായിക! ബ്രിട്ടീഷ് പാർലിമെന്റ് ബഹുമതി നൽകിയ ഇന്ത്യയിലെ പ്രഥമ വനിത!

കേരളത്തിൽനിന്ന് ആദ്യമായി തെന്നിന്ത്യയിലെ മാത്രമല്ല, ദേശീയ തലത്തിൽതന്നെ, മുൻ നിരയിലെത്തിയ ഗായികയാണ് ചിത്ര. ആലാപനത്തിനപ്പുറത്ത്, ചിത്രയിന്ന് നമ്മുടെ സംസ്‌കൃതിയുടെതന്നെ ഒരു ഭാഗമായിരിക്കുന്നു!

നാളെ അവരുടെ ജന്മദിനം. ഈ ഓർമക്കുറിപ്പ് ചിത്രക്കൊരു പിറന്നാളാശംസ!

Next Story
Read More >>