തൊഴിലില്ലാത്ത ഇന്ത്യ

അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം എത്താത്ത തൊഴിൽ വളർച്ചയാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഏറ്റവും വലിയ രണ്ടാമത്തെ...

തൊഴിലില്ലാത്ത ഇന്ത്യ

അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം എത്താത്ത തൊഴിൽ വളർച്ചയാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാഷ്ട്രത്തിലാണ് ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത്. ഏകദേശം 130 കോടി വരുന്ന ഇന്ത്യൻ ജനസംഖ്യയുടെ പാതിയും മുപ്പതു വയസ്സിൽ താഴെയുള്ളവരാണ്. ഒരു രാഷ്ട്രത്തെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദകരമായ അവസ്ഥ. എന്നാൽ ഈ യുവഊർജ്ജത്തെ കൃത്യമായി വിനിയോഗിക്കാനുള്ള വഴികൾ തുറന്നു നൽകാനായില്ലെങ്കിൽ അപാര പ്രഹരശേഷിയുള്ള ബോംബായി അതു മാറും.

തൊഴിൽ നൽകാമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങളിലൊന്ന്. രണ്ടാം യു.പി.എയെ താഴെയിറക്കി പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ദ്രപ്രസ്ഥത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ഒരു സർക്കാർ രൂപീകരിക്കാൻ മോദിയെ സഹായിച്ചതും ഈ പ്രതീക്ഷ നിറഞ്ഞ മുദ്രാവാക്യമാണ്. ഈ സർക്കാറിന്റെ കാലാവധി അവസാനിക്കാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ തൊഴിൽ എവിടെ എന്ന ചോദ്യം ബാക്കിയായി നിൽക്കുന്നു.

തീർച്ചയായും മോദിയല്ല ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. ചരിത്രപരമായി ഇത് രാജ്യത്തിന്റെ തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആഗോളീകരണം വന്ന 1990കളിലാണ് രാജ്യത്തെ തൊഴിൽരഹിത വളർച്ച മോശം സ്ഥിതിയിലെത്തിയത്. ഇക്കാലയളവിൽ നേടിയ സാമ്പത്തിക വളർച്ചയ്‌ക്കൊത്ത് തൊഴിലുകൾ സൃഷ്ടിക്കാൻ മാറി മാറി വന്ന സർക്കാറുകൾ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം സാമ്പത്തികാവലോകന സംഘടനയായ ഒ.ഇ.സി.ഡി നടത്തിയ സാമ്പത്തിക സർവേ പ്രകാരം 15-29 ന് ഇടയിൽ പ്രായമുള്ള മുപ്പത് ശതമാനത്തിലേറെ വരുന്ന യുവജനങ്ങൾ തൊഴിൽ മേഖലയിലില്ല. ലോകബാങ്ക് പഠന പ്രകാരം 2004നും 2012നും ഇടയിൽ 20 ദശലക്ഷം സ്ത്രീകൾക്കാണ് തൊഴിൽ നഷ്ടമായത്.

രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയും കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഇതു മാത്രമല്ല, ഇന്ത്യയിലെ തൊഴിൽ വിപണിയിൽ 90 ശതമാനവും അസംഘടിത മേഖലയിലാണ്. 2.3 ശതമാനം തൊഴിൽ ശേഷിക്കു മാത്രമേ ആവശ്യമായ വൈദഗ്ദ്ധ്യം ലഭിച്ചിട്ടുള്ളൂ. ജർമനിയിൽ തൊഴിൽ വൈദഗ്ദ്ധ്യം ലഭിച്ചവർ 75 ശതമാനവും അയൽരാഷ്ട്രമായ ചൈനയിൽ 30 ശതമാനവുമാണ്. സർവകലാശാലാ ബിരുദധാരികൾ സ്വകാര്യമേഖലയിൽ പോലും തൊഴിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ 13 കാന്റീൻ വെയ്റ്റർമാരുടെ ഒഴിവിലേക്ക് ഏഴായിരത്തോളം പേരാണ് അപേക്ഷിച്ചത് എന്നതിലുണ്ട് ഇന്ത്യ നേരിടുന്ന തൊഴിൽ പ്രതിസന്ധിയുടെ ആഴം. ഇതിനു മുമ്പ് റെയിൽവേയിലെ പതിനായിരം തസ്തികകളിലേക്ക് ഒരു കോടി പേരും മഹാരാഷ്ട്ര പൊലീസിലെ 852 തസ്തികകളിലേക്ക് 10.5 ലക്ഷം പേരും അപേക്ഷിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു.സർക്കാർ മാത്രം വിചാരിച്ചാൽ മാത്രം എളുപ്പത്തിൽ മറികടക്കാൻ കഴിയുന്ന പ്രതിസന്ധി അല്ലയിത്. തൊഴിലവസരം സൃഷ്ടിക്കുന്നതിൽ എട്ടുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ ഇന്ത്യ. തൊഴിൽ പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ ഒഴിവുകൾ നികത്താത്ത സർക്കാർ നിസ്സംഗതയെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. കേന്ദ്രസർക്കാറിന്റെ വിവിധ വകുപ്പുകൾക്കു കീഴിൽ 2016 വരെ 412,752 ഒഴിവുകളാണ് നികത്താനുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിന് തൊഴിൽ സഹമന്ത്രി സന്തോഷ് കുമാർ ഗാങ്കവാർ പാർലമെന്റിൽ വെച്ച കണക്കാണിത്. സർക്കാർ രേഖകൾ പ്രകാരം 2015 സെപ്തംബർ വരെ രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അഞ്ചു കോടി പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വർഷവും അത്ര ആശാവഹമല്ല എന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നതു പ്രകാരം ഈ വർഷവും ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് കൂടും.

2014ൽ ഒരു കോടി തൊഴിൽ അവസരം പുതുതായി സൃഷ്ടിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന വേളയിൽ ആ വാഗ്ദാനം ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പ്.

കടത്തിലാക്കിയ സര്‍ക്കാര്‍

സര്‍ക്കാര്‍ നേട്ടങ്ങളുടെ കഥ നാടൊട്ടുക്കും പ്രചരിപ്പിക്കാന്‍ ബി.ജെ.പി ദേശീയ നിര്‍വാഹക കൗണ്‍സില്‍ തീരുമാനിച്ചുറപ്പിച്ചതിനു പിന്നാലെ, സര്‍ക്കാറിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയാണ് കടബാദ്ധ്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സര്‍ക്കാര്‍ കടത്തെ കുറിച്ചുള്ള സ്റ്റാറ്റസ് പേപ്പറിന്റെ എട്ടാം പതിപ്പിലാണ്, ഒരുപക്ഷേ സര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ചയെ തന്നെ ബാധിച്ചേക്കാവുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

മോദി സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വര്‍ധിച്ച് 82 ലക്ഷം കോടി രൂപയായതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2018 സെപ്തംബര്‍ വരെ 82,03,253 കോടി രൂപയാണ് സര്‍ക്കാറിന്റെ മൊത്തം കടം. മോദി അധികാരമേല്‍ക്കുന്ന വേളയില്‍ 54,90,763 കോടിയായിരുന്ന കടമാണ് അമ്പത് ശതമാനത്തോളം വര്‍ദ്ധിച്ചത്. കള്ളപ്പണവും അഴിമതിയും തടയാന്‍ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടത്തി എന്ന് അവകാശവാദങ്ങള്‍ക്കു മേലാണ് കടം കരിനിഴലായി വീണുകിടക്കുന്നത്.കടം വര്‍ദ്ധിച്ചതോടെ, ഓരോ ഇന്ത്യക്കാരന്റെയും കടം നാലരവര്‍ഷംമുമ്പ് ഉണ്ടായിരുന്ന 42,000ത്തില്‍ നിന്ന് 63,000ല്‍പരം രൂപയായി ഉയര്‍ന്നു. പൊതുകടം നാലരവര്‍ഷത്തില്‍ 51.7 ശതമാനം വര്‍ധിച്ച് 48 ലക്ഷം കോടി രൂപയില്‍നിന്ന് 73.25 ലക്ഷം കോടിയായി. ആഭ്യന്തരകടത്തിലുണ്ടായ 54 ശതമാനം വര്‍ദ്ധനയാണ്് പൊതുകടം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയ്. 68 ലക്ഷം കോടി രൂപയാണ് 2018 സെപ്തംബര്‍ വരെയുള്ള ആഭ്യന്തരകടം. വിദേശകടം 5.25 ലക്ഷം കോടി രൂപയായി. മറ്റ് ബാധ്യതകള്‍ 8.55 ലക്ഷം കോടി രൂപ.

90കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയാണ് മോദി സര്‍ക്കാര്‍ കടന്നു പോയത്. നോട്ടുനിരോധനവും ജി.എസ്.ടിയും തന്നെ അതില്‍ പ്രധാനം. ഇവ രണ്ടും രാജ്യത്തിന് ഒരു നേട്ടവുമുണ്ടാക്കിയില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ് സ്റ്റാറ്റസ് പേപ്പര്‍. ജി.എസ്.ടി വഴി പ്രത്യക്ഷ നികുതി വരുമാനം വര്‍ദ്ധിച്ചു, നോട്ടുനിരോധനം കള്ളപ്പണം തടഞ്ഞു തുടങ്ങിയ അവകാശവാദങ്ങളെ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവയിലെ വന്‍ വര്‍ദ്ധനവു വഴി ലഭിച്ച തുകയും കടം കുറയ്ക്കാന്‍ സഹായിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

Read More >>