വികസനം ആട്ടിയോടിക്കുന്ന കര്‍ഷകജീവിതങ്ങള്‍

എൽ.പി.എസ് പദ്ധതി പ്രകാരം കർഷകരും കൃഷിപ്പണലിക്കാരും നഷ്ടപരിഹാരത്തിന് അർഹരല്ല. ഭൂവുടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. തന്മൂലം കർഷകരുടെ ജീവിതമാണ് പെരുവഴിയിലായത്. എൽ.പി.എസ് പദ്ധതി വഴി കർഷക കുടുംബങ്ങൾക്ക് 10 വർഷത്തേക്ക് മാസം 2500 രൂപവീതം പെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇത് വളരേ പരിമിതമായ തുക മാത്രമാണ്. ഒരാളുടെ ശരാശരി വരുമാനം 8476 എന്നുനിൽക്കെ 2500രൂപ എവിടെയുമെത്തില്ല

വികസനം ആട്ടിയോടിക്കുന്ന കര്‍ഷകജീവിതങ്ങള്‍

രാഹുൽ മഗണ്ടി

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാർ വിളഭൂമികൾ കൈവശപ്പെടുത്തിയപ്പോൾ നിരവധി കർഷകരാണ് ഇവിടെ പെരുവഴിയിലായത്. നിത്യജീവിതത്തിന് വഴികളില്ലാതെ മറ്റുജോലികൾ ചെയ്യേണ്ട അവസ്ഥയാണ് ഇവിടത്തെ കർഷകർക്ക്.

ഗുണ്ടൂർ ജില്ലയിലെ നീരുകൊണ്ട ഗ്രാമത്തിൽ പുതുതായി പണികഴിപ്പിച്ച എസ്.ആർ.എം സ്വകാര്യ സർവ്വകലാശാലയിലെ മുറ്റത്ത് ചിതറിക്കിടക്കുന്ന പെയിന്റ് തുടച്ചു വൃത്തിയാക്കലായിരുന്നു വലപർള തിരുപതമ്മയുടെ ജോലി. ഇപ്പോൾ തിരുപതമ്മയെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. ''3-4 വർഷമായി ഞങ്ങൾക്ക് മതിയായ തൊഴിലില്ല. ജോലിചെയ്യാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, വല്ലപ്പോഴും മാത്രമേ ഞങ്ങൾക്ക് തൊഴിൽ കിട്ടുന്നുള്ളൂ. അതുകൊണ്ടു തന്നെ ഞങ്ങളുടെ സന്തോഷവും പരിമിതമാണ്'' 29കാരിയായ തിരുപതമ്മ സങ്കടത്തോടെ പറയുന്നു. കാരണമൊന്നും കൂടാതെയായിരുന്നു അവരെ രണ്ടാഴ്ചക്കു ശേഷം സർവ്വകലാശാല അധികൃതർ ജോലിയിൽനിന്നും പിരിച്ചുവിട്ടത്.

40കാരിയായ ഉസ്തല മേരി മാതക്കും ഇതേ അവസ്ഥതന്നെയാണ് ഉണ്ടായത്. അവർക്കും കാരണംകൂടാതെ ജോലി നഷ്ടപ്പെട്ടു. പെയിൻറ് തുടച്ചു വൃത്തിയാക്കിയാൽ ദിവസം 250രൂപയാണ് ലഭിക്കുക. ഏൽപ്പിച്ച ജോലി കഴിഞ്ഞപ്പോൾ അധികൃതർ ഈ ജോലിചെയ്യാൻ യോഗ്യയല്ലെന്ന് പറഞ്ഞ് മേരി മാതയെയും പറഞ്ഞുവിട്ടു.


2018മെയ് മാസത്തിലായിരുന്നു കരാറുകാർ നീരുകൊണ്ടയിലെ ദലിത് കോളനിയിൽ സന്ദർശനം നടത്തി തൊഴിലാളികളെ തിരഞ്ഞെടുത്തത്. കോളനിയിൽ ആസമയം തൊഴിലില്ലാത്തവരായി 1500ഓളം പേർ ഉണ്ടായിരുന്നു. എന്നാൽ, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട 20അംഗ സംഘത്തെയാണ് അവർ തിരഞ്ഞെടുത്തു. 'ആവശ്യമുള്ളപ്പോഴൊക്കെ കരാറുകാർ കോളനിയിലെത്തും. അവർക്ക് ആവശ്യമുള്ളവരെയും കൊണ്ട് മടങ്ങും. ജോലി കഴിഞ്ഞാൽ തിരികെ കോളനിയിലേക്കു തന്നെ തിരിച്ചയക്കും. കാരണമായി മുടന്തൻ ന്യായങ്ങളും നിരത്തും' 60കാരിയായ കുരങ്കതി വജ്രം പറഞ്ഞു. 'ഒരു തൊഴിലുമില്ലാത്ത ഞങ്ങൾ അവിടെയുള്ളേടത്തോളം കാലം സർവ്വകലാശാല കരാറുകാർക്ക് തൊഴിലാളികളുടെ കുറവ് അനുഭവപ്പെട്ടിട്ടില്ല' തമാശയെന്നോണം പരിഭ്രമിച്ചുകൊണ്ട് അവർ പറഞ്ഞു.

ഏതാനും ചില ഗ്രാമവാസികൾ യൂണിവേഴ്‌സിറ്റിയിലെ പൂന്തോട്ടത്തിലും മറ്റുമായി ഇപ്പോൾ തൊഴിലെടുക്കുന്നുണ്ട്. എന്നാൽ, ഇവരുടെ ജോലിയും എത്രകാലം നിലനിൽക്കുമെന്ന് പറയാൻ കഴിയില്ല. ആന്ധ്രപ്രദേശ് തലസ്ഥാനമായ അമരാവതിയിലെ '്‌നോളജ് സിറ്റിയിൽ' എസ്.ആർ.എം സർവ്വകലാശാലയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഗവേഷണം, കോർപ്പറേറ്റ്-പൊതുമേഖല, നൈപുണ്യ വികസനം തുടങ്ങിയ വകുപ്പുകൾ 75 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എസ്.ആർ.എം സർവ്വകലാശാലയിലുണ്ട്.

2022ൽ ഒന്നാംഘട്ട നിർമ്മാണവും 2037ൽ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാവുമെന്നാണ് ആന്ധ്രപ്രദേശ് ക്യാപിറ്റൽ റിജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.സി.ആർ.ഡി.എ) രേഖകൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ, ഇതിനുചുറ്റും നിരവധി ഭൂമിയാണ് കൃഷിചെയ്യാനാകാതെ പാഴായിക്കിടക്കുന്നത്. ഇവിടെ പാടത്തിറങ്ങേണ്ട കർഷകർക്ക് സർവ്വകലാശാലക്കു വേണ്ടി ഇടക്കാലത്തേക്ക് തൊഴിലെടുക്കേണ്ടിവരുന്നു. ഇത്തരക്കാരിൽ കൂടുതൽ പേരും മല സമുദായത്തിൽപ്പെട്ടവരാണ്. 2014 മുതൽ ഇവിടെ കൃഷിഭൂമികൾ വരണ്ടുണങ്ങി. ഇതോടെ ഭൂവുടമകൾ അമരാവതിക്കുവേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ ലാൻഡ് പൂളിങ് പദ്ധതി വഴി സ്ഥലമെല്ലാം സ്വമേധയാ സർക്കാരിനു വിട്ടുനൽകുകയായിരുന്നു. ''കർഷകരെയെല്ലാം അവർ കുടിയൊഴിപ്പിക്കുന്നതു വരേ ഞാനും എന്റെ ഭാര്യയും ഈ നിലത്താണ് രാപ്പകലില്ലാതെ പണിയെടുത്തത്. ഇതിനു ശേഷം ഞങ്ങൾക്ക് മതിയായ തൊഴിൽ ലഭിച്ചിട്ടില്ല.' മേരിയുടെ ഭർത്താവ് അജരയ്യ പറഞ്ഞു. കൃഷ്ണ-ഗോദാവരിയിലെ ഡെൽട്ട ഗ്രാമങ്ങൾക്കു സമീപത്താണ് നീരുകൊണ്ട ഗ്രാമം സ്ഥിതിചെയ്യുന്നത്. കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ എന്നീ ജില്ലകളുമായി ഈ പ്രദേശം അതിർത്തി പങ്കിടുന്നുണ്ട്. ഡെൽട്ട ഗ്രാമത്തിലെ കാർഷിക തൊഴിലാളികളിൽ പുരുഷന്മാർക്ക് 400-500 രൂപയും സ്ത്രീകൾക്ക് 150-200രൂപയുമാണ് ദിവസവേതനം. ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് മാസം 12000-15000രൂപവരെ വേതനം ലഭിക്കാറുണ്ടായിരുന്നു. 2015ന്റെ തുടക്കത്തിൽ അമരാവതി തലസ്ഥാന നഗരത്തിന്റെ പദ്ധതി ആരംഭിച്ചതോടെ ഇതു നിലച്ചു.


എൽ.പി.എസ് പദ്ധതി പ്രകാരം കർഷകരും കൃഷിപ്പണലിക്കാരും നഷ്ടപരിഹാരത്തിന് അർഹരല്ല. ഭൂവുടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. തന്മൂലം കർഷകരുടെ ജീവിതമാണ് പെരുവഴിയിലായത്. എൽ.പി.എസ് പദ്ധതി വഴി കർഷക കുടുംബങ്ങൾക്ക് 10 വർഷത്തേക്ക് മാസം 2500 രൂപവീതം പെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇത് വളരേ പരിമിതമായ തുക മാത്രമാണ്. ഒരാളുടെ ശരാശരി വരുമാനം 8476 എന്നുനിൽക്കെ 2500രൂപ എവിടെയുമെത്തില്ല. 'നാലംഗ കുടുംബത്തിന് 25000രൂപ എങ്ങനെ തികയും'മേരി ചോദിക്കുന്നു. മൂന്നോ നാലോ മാസം കൂടുമ്പോഴാണ് ഈ തുക കർഷകർക്കു കിട്ടുന്നതു തന്നെ. സംസ്ഥാന സർക്കാരിന്റെ ലാൻഡ് പൂളിങ് പദ്ധതിയിൽപ്പെട്ട 29ഗ്രാമങ്ങളിൽ ഒന്നാണ് നീരുകൊണ്ടയും. അമരാവതിയുടെ ദക്ഷിണ അറ്റത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിന്റെ വടക്കായാണ് കൃഷ്ണ നദിയും മറ്റു ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നത്. ആന്ധ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിൽ 33000ഏക്കർ ഭൂമിയാണ് ഉൾക്കൊള്ളുന്നത്. 2050ൽ മൂന്നുഘട്ടവും പൂർത്തിയാവുന്നതോടെ മൊത്തം 10000ഏക്കർ ഭൂമിയാണ് പദ്ധതിയിൽ ഉൾപ്പെടുക.

കൃഷ്ണ നദിക്കു എതിർവശത്ത് നാലേപാട് എന്ന ഗ്രാമമാണ്. 100ഓളം ഭൂരഹിതരായ ദലിത് കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഇവരുടെയും ഏക ആശ്രയം കൃഷിപ്പണിയാണ്. 2014ൽ ഈ പ്രദേശവും സർക്കാറിനു നൽകപ്പെട്ടതോടെ ഇവിടത്തുകാർക്ക് തൊഴിൽതേടി ദൂരെ ദേശങ്ങളിലേക്കു പോകേണ്ടിവന്നതായി മല സമുദായക്കാരിയായ കൊമ്മുരി ചിറ്റമ്മ പറഞ്ഞു. 'കൃഷിയില്ലാതായതോടെ ഞങ്ങൾ വൈകുണ്ടപ്പുരത്തേക്ക് പോയി. 30-40 ി.മീ അകലെയാണ് ഈ പ്രദേശം. മുളക് പാടത്താണ് ഞങ്ങൾക്ക് ജോലി. നവംബർ-മാർച്ച് മാസങ്ങളിൽ മാത്രമേ ഇവിടെ ജോലിയുണ്ടാവൂ. ദിവസം 150-200രൂപയാണ് ശമ്പളം. ഭൂമിയില്ലാത്തവർക്ക് മാസത്തിൽ 1000രൂപയെങ്കിലും പെൻഷൻ ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കൊമ്മുരി ചിറ്റമ്മ പറഞ്ഞു.

'രാവിലെ അഞ്ചുമണിക്ക് ഞങ്ങൾ എഴുന്നേൽക്കും. ബാഗിൽ ഭക്ഷണവും കരുതി ഏഴുമണിയോടെ ഞങ്ങൾ തൊഴിലന്വേഷിച്ച് പുറപ്പെടും. രാത്രി എട്ടുമണിയോടെയാണ് തിരികെയെത്തുക' അവർ പറഞ്ഞു. മാസത്തിൽ 1000രൂപയെങ്കിലും പെൻഷൻ തുകയായി സർക്കാർ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി നിരവധി പ്രക്ഷോഭപരിപാടികളും സംഘടിപ്പിച്ചിരുന്നു. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന 2500രൂപ പെൻഷൻ പണം ഒറ്റത്തവണ ആശുപത്ര ചെലവുകൾക്കു പോലും മതിവരില്ലെന്നാണ് ഇവർ പറയുന്നത്.


തൊഴിലാളികൾക്ക് സർക്കാർ എം.ജിഎൻ.ആർ.ഇ.ജി.എ പദ്ധതിയിൽ 365 ദിവസവും തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒരിക്കൽ പോലും പദ്ധതി വഴി തൊഴിൽ ലഭിച്ചില്ലെന്ന് ഗ്രാമവാസികൾ കുറ്റപ്പെടുത്തുന്നു. നാലേപാട് ഗ്രാമത്തിൽ ഒരു ബോർഡ് തൂക്കിയിട്ടിട്ടുണ്ട്. എൻ.ആർ.ഇ.ജി.എ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച റോഡിനെക്കുറിച്ചുള്ളതാണ് ആ ബോർഡ്. പക്ഷേ, ഗ്രാമത്തിലെ ഒരു കർഷകന് പോലും റോഡ് നിർമ്മാണത്തിൽ തൊഴിൽ കിട്ടിയിട്ടില്ലെന്ന് പ്രദേശവാസിയായ നിർമ്മല പറഞ്ഞു. ആ ബോർഡ് എപ്പോൾ സ്ഥാപിച്ചെന്നുപോലും അവർക്ക് അറിയില്ല. തലസ്ഥാനനഗരത്തിന്റെ കെട്ടിട നിർമ്മാണ പ്രവർത്തികൾ നടക്കുന്ന നാലു ഗ്രാമങ്ങളിലൊന്നാണ് നാലേപ്പാടും. ഹൈക്കോടതി സമുച്ചയം, എം.എൽ.എ കോർട്ടേഴ്‌സ്, ഐ.എ.എസ് ഓഫിസേഴ്‌സ് കോളനി തുടങ്ങി നിരവധി കെട്ടിടങ്ങളാണ് ഇവിടെ ഉയരുന്നത്. നിർമ്മാണപ്രവർത്തികൾക്കെല്ലാം ബംഗാൾ, ബിഹാർ, ഝാർഘണ്ട്് തൊഴിലാളികളാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള ഒരു തൊഴിലാളിക്കുപോലും തൊഴിൽ ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കിൽ അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ജോലിക്കെടുക്കുകയാണ് കമ്പനികളെന്ന് മാരിയമ്മയുടെ ഭർത്താവ് ഡൊണേഷ് പറയുന്നു. ഒരിക്കൽ നിർമ്മാണമേഖലയിൽ സെക്യൂരിറ്റിയുടെ ജോലിതേടി ഡൊണേഷ് ചെന്നിരുന്നു. ''അവർ എന്നോട് ഒരു പാമ്പിനെ പിടിക്കാൻ പറഞ്ഞു. ഞാൻ ആ പാമ്പിനെ കൊന്നു. അപ്പോൾ അവരെന്നോടു പറഞ്ഞു പാമ്പിനെ കൊല്ലാനല്ല, ജീവനോടെ പികൂടാനാണ് പറഞ്ഞതെന്ന്' ഡൊണേഷ് പറഞ്ഞു. നീരുകൊണ്ടയിലെ 20 കുടുംബങ്ങളാണ് വരൾച്ചമൂലം ഗുണ്ടൂർ, പ്രകസം ജില്ലകളിലെ ക്യാമ്പിൽ കഴിയുന്നത്. ഇവരും സർവ്വകലാശാലയിൽ പണിയെടുക്കുന്നവരാണ്. 2017മുതൽ ഇവർക്ക് ഇവിടെ പണിലഭിക്കുന്നു. എന്നാൽ, എപ്പോൾ കോൺട്രാക്ട് അവസാനിക്കുമെന്ന് അവർക്ക് അറിയില്ല.

സർക്കാരിൽനിന്നും യാതൊരു സഹായവും ഇല്ലാതെയാണ് നാലേപ്പാട്ടെ കർഷകർ കഴിയുന്നത്. 'തൊഴിൽകിട്ടുമ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കും. അല്ലാത്ത സമയങ്ങളിൽ വിശപ്പോടെ കിടന്നുറങ്ങും' ഇളംചിരിയോടെ മാരിയമ്മ പറഞ്ഞു. വെള്ളമില്ലാത്തതു കാരണം മർക്കാപൂർ ഗ്രാമത്തിൽ കൃഷിപ്പണിക്കു വഴിയില്ലെന്ന് ഗ്രാമവാസിയായ ഗോർലമ്മ പറയുന്നു. സ്വന്തം ഗ്രാമത്തിൽതന്നെ തൊഴിലെടുക്കണമെന്നുണ്ട് അവർക്ക്. പക്ഷേ, ഗ്രാമത്തിൽ തൊഴിലില്ലാത്തതിനാൽ അത് സാദ്ധ്യമാവുന്നില്ല. തെലുങ്കു ദേശം പാർട്ടിയുടെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി രാമറാവുവിന്റെ കൂറ്റൻ പ്രതിമ അമരാവതിയിൽ പണിയാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഗ്രാമവാസികൾക്ക് മുഴുവൻ കാണാൻ പാകത്തിന് നീരുകൊണ്ടയിലെ മലമുകളിലാണ് പ്രതിമ സ്ഥാപിക്കുക. എന്നാൽ, ഇതേക്കുറിച്ച് സർക്കാർ പ്രഖ്യാപനങ്ങളൊന്നും ഇതേവരേ നടത്തിയിട്ടില്ല. മേരിയും മറ്റു ദലിത് കുടുംബങ്ങളും ഈ മലമുകളിലാണ് താമസിക്കുന്നത്. പ്രതിമ സ്ഥാപിച്ചാൽ തങ്ങളുശടെ ആകെക്കൂടിയുള്ള കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് അവർ. സർക്കാർ തങ്ങളെ തുടച്ചുനീക്കും മുമ്പ് കിടക്കാൻ സ്വന്തമായി ഇടംവേണമെന്നാണ് ഇവരുെട ആവശ്യം. മതിയായ നഷ്ടപരിഹാരവും ഇവർക്കു ലഭിക്കേണ്ടതുണ്ട്്. വിലയ നഗരമായി അമരാവതി അണിഞ്ഞൊരുങ്ങുമ്പോൾ ഇവിടെയുണ്ടായിരുന്ന പാവപ്പെട്ട കർഷകർ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.

വിവർത്തനം: പി.ഷബീബ് മുഹമ്മദ്

കടപ്പാട്: റൂറൽ ഇന്ത്യ ഓൺലൈൻ

Read More >>