ഭരണഘടനകൊണ്ട് കളിക്കുന്നവര്‍

കഴിഞ്ഞ നവംബർ മുതൽ സി.ബി.ഐയ്ക്ക് യഥാർത്ഥത്തിൽ ബാലികേറാമലയായ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ഡൽഹി പ്രത്യേക നിയമമനുസരിച്ച് രൂപീകരിച്ച സി.ബി.ഐ എന്ന കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രവർത്തനം സംസ്ഥാന സർക്കാറിന്റെ അനുവാദത്തോടെയാകണം. സി.ബി.ഐയ്ക്കുള്ള അനുവാദം മമതാ സർക്കാർ കഴിഞ്ഞ നവംബറിൽ പിൻവലിച്ചിരുന്നു

ഭരണഘടനകൊണ്ട്  കളിക്കുന്നവര്‍

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

കോടതിയോട് കളിച്ച സി.ബി.ഐ താൽക്കാലിക ഡയറക്ടർ എം നാഗേശ്വരറാവുവിനോട് കോടതിയലക്ഷ്യത്തിന് നേരിട്ട് ഹാജരാകാൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സഹികെട്ടാണ് ഉത്തരവിട്ടത്.

ബിഹാർ അനാഥാലയ പീഡനകേസിൽ സുപ്രിം കോടതിയാണ് നേരിട്ട് കേസെടുത്തിരുന്നത്. അന്വേഷണ ചുമതലയേൽപ്പിച്ച സി.ബി.ഐ സംഘത്തെ സ്ഥലംമാറ്റരുതെന്നും നിർദ്ദേശിച്ചിരുന്നു. അതു ധിക്കരിച്ചതിനാണ് 'കളിച്ചത് കോടതിവിധിയോടാണ്, നിങ്ങളെ ഇനി ദൈവം രക്ഷിക്കട്ടെ' എന്ന് ചീഫ് ജസ്റ്റിസ് രോഷം പ്രകടിപ്പിച്ചത്. കേസു തന്നെ ബിഹാറിലെ മുസഫർപൂരിൽ നിന്ന് ഡൽഹിയിലെ കോടതിയിലേക്ക് മാറ്റി.

എന്നാൽ സി.ബി.ഐയുടെ കളി കോടതിവിധിയോടു മാത്രമല്ല സംസ്ഥാനങ്ങൾ ചേർന്നതാണ് ഇന്ത്യ എന്നു വിവക്ഷിക്കുന്ന നമ്മുടെ ഭരണഘടനയോടു തന്നെയാണ്. സി.ബി.ഐയെ മാത്രമല്ല, തങ്ങളുടെ കീഴിൽ വരുന്ന സകല ഏജൻസികളെയും ഏകോപിച്ച് ആയുധമാക്കി കേന്ദ്ര സർക്കാർ ഭരണഘടനയോടു രാഷ്ട്രീയം കളിക്കുന്ന ഒരസാധാരണ ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.

ഞങ്ങൾ വിധിച്ചിട്ടും പ്രസ്തുത കേസിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ എങ്ങനെ സ്ഥലംമാറ്റി എന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. 'ദൈവം' അവർക്കൊപ്പമുണ്ടെന്ന ഉത്തമവിശ്വാസത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ തലപ്പത്തിരിക്കുന്നവർ തീകൊണ്ടു കളിക്കുന്നത്. സി.ബി.ഐ ഡയറക്ടർ അലോക് വർമയെ കേന്ദ്ര സർക്കാർ പാതിരാത്രി പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കുതന്നെ അക്കാര്യം നന്നായി അനുഭവപ്പെട്ടതുമാണ്.

അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിനും സുപ്രിം കോടതി ഉത്തരവിൽ അദ്ദേഹം ഡയറക്ടറായി തിരിച്ചെത്തിയതിനും കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടൽ തുടർന്നുമുണ്ടായപ്പോൾ അദ്ദേഹം രാജിവെച്ചു പോയതിനും നേർസാക്ഷിയായിരുന്നു സുപ്രിം കോടതി. പ്രധാനമന്ത്രിതന്നെ ഭരണഘടനാ മൂല്യങ്ങളും വ്യവസ്ഥകളും വെല്ലുവിളിക്കാനിറങ്ങിയാൽ അതിന്റെ വഴിതടയാൻ പറ്റിയ വാലുള്ള ഹനുമാനൊന്നുമല്ല സുപ്രിം കോടതിയെന്ന ഭരണഘടനാ സ്ഥാപനം.

കഴിഞ്ഞ നവംബർ മുതൽ സി.ബി.ഐയ്ക്ക് യഥാർത്ഥത്തിൽ ബാലികേറാമലയായ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ഡൽഹി പ്രത്യേക നിയമമനുസരിച്ച് രൂപീകരിച്ച സി.ബി.ഐ എന്ന കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രവർത്തനം സംസ്ഥാന സർക്കാറിന്റെ അനുവാദത്തോടെയാകണം. സി.ബി.ഐയ്ക്കുള്ള അനുവാദം മമതാ സർക്കാർ കഴിഞ്ഞ നവംബറിൽ പിൻവലിച്ചിരുന്നു. ആറുവർഷം മുമ്പ് സുപ്രിം കോടതി ശാരദാ ചിട്ടി ഫണ്ട് കേസ് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് നൽകിയ അധികാരത്തിന്റെ പിൻബലത്തിലാണ് കഴിഞ്ഞദിവസം 40 അംഗ സി.ബി.ഐ സംഘം കൊൽക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ വസതിയിൽ നിന്ന് പിടിച്ചുകൊണ്ടുപോകാൻ ചെന്നത്. കമ്മിഷണർ അന്വേഷണത്തിന് വഴങ്ങുന്നില്ലെന്നാണ് സി.ബി.ഐയുടെ ആരോപണം. അക്കാര്യം സുപ്രിം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അനുവാദം വാങ്ങണമെന്നാണ് കീഴ്വഴക്കം. അഞ്ചുവർഷമായി സി.ബി.ഐ അന്വേഷണം മരവിപ്പിച്ചിരുന്ന കേസാണിത്. പിറ്റേന്ന് പുതിയ സി.ബി.ഐ ഡയറക്ടർ ചുമതല ഏൽക്കാനിരിക്കെയാണ് താൽക്കാലിക ഡയറക്ടർ നാഗേശ്വരറാവു സി.ബി.ഐയെ ഇതിനു നിയോഗിച്ചത്.

യോഗിമാരുടെ നാട്ടിൽനിന്നു വ്യത്യസ്തമായി കാളീഘട്ടും ദുർഗ്ഗയുമൊക്കെ വൈകാരിക സാന്നിദ്ധ്യമായ ബംഗാളിലെ രാഷ്ട്രീയ ദുർഗ്ഗയാണ് മമതാ ബാനർജി. കേന്ദ്ര ഗവണ്മെന്റിന്റെ ഭരണഘടനാവിരുദ്ധ നീക്കത്തിനെതിരെ ഉടൻ അവർ സെക്രട്ടേറിയറ്റിൽനിന്നിറങ്ങി തെരുവിൽ ധർണ്ണ നടത്തി തിരിച്ചടിച്ചത് ദേശീയ വിഷയമായി. മോദി ഗവണ്മെന്റിനെ പുറത്താക്കി ഭരണഘടനയെയും രാജ്യത്തെയും രക്ഷിക്കുക എന്ന മമതയുടെ മുദ്രാവാക്യത്തെ ഇടതുപക്ഷം ഒഴിച്ചുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികളാകെ പിന്തുണച്ചു.

റഫാൽ വിമാന ഇടപാടിൽ അഴിമതി ആരോപിച്ചുള്ള പരാതി സി.ബി.ഐ ആസ്ഥാനത്ത് നൽകിയതു തൊട്ട് സി.ബി.ഐ ഡയറക്ടർ അലോക് വർമയെയും നൂറിലേറെ മുതിർന്ന സി.ബി.ഐ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയായിരുന്നു തുടക്കം. ഈ കളിക്കിടയിൽ താൽക്കാലിക ഡയറക്ടറായി സി.ബി.ഐ തലപ്പത്ത് കയറിക്കൂടിയ ആളാണ് ഒഡീഷ കേഡറിലെ ഐ.പി.എസുകാരനായ എം നാഗേശ്വരറാവു. താൽക്കാലിക സി.ബി.ഐ ഡയറക്ടറെ രാഷ്ട്രീയക്കളിക്കുള്ള ആയുധമാക്കുന്നത് തിരിച്ചറിഞ്ഞ സുപ്രിം കോടതിയുടെ മറ്റൊരു ബഞ്ചിന് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നത് ഒട്ടും വൈകിച്ചുകൂടെന്ന് പരോക്ഷമായി പ്രധാനമന്ത്രി മോദിക്കു പരസ്യ നിർദ്ദേശം നൽകേണ്ടിവന്നു.

കേന്ദ്രവും സംസ്ഥാന ഗവണ്മെന്റും തമ്മിലുള്ള കൊൽക്കത്തയിലെ അസാധാരണ ഏറ്റുമുട്ടൽ രാജ്യം വീർപ്പടക്കിയാണ് നോക്കിക്കണ്ടത്. ഇതിനിടയിൽ പശ്ചിമ ബംഗാൾ ഗവണ്മെന്റിനെ പിരിച്ചുവിടാനുള്ള നീക്കംപോലും ആഭ്യന്തരമന്ത്രിയും ഗവർണറും മുൻകൈയെടുത്ത് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ സുപ്രിം കോടതി ഇടപെട്ടാണ് പൊട്ടിത്തെറികൾ തടഞ്ഞത്. പൊലീസ് കമ്മിഷണർ കേസിൽ പ്രതിയല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തോട് സി.ബി.ഐ അന്വേഷണത്തിൽ സഹകരിക്കാൻ നിർദ്ദേശിച്ചു. ഏറ്റുമുട്ടലിന്റെ ചൂട് തണുപ്പിക്കാൻ ചോദ്യം ചെയ്യൽ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നടത്താനും ഉത്തരവിട്ടു.

എന്നാൽ കേന്ദ്ര ഗവണ്മെന്റിൽനിന്നുള്ള ഈ നീക്കം ഒരു പൊലീസ് കമ്മിഷണറുമായോ തൃണമൂൽ ഗവണ്മെന്റുമായി മാത്രമോ ബന്ധപ്പെട്ട ഒരു പ്രശ്നമായി ചുരുക്കി കണ്ടുകൂടാ. സി.പി.എം ജനറൽ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോയും പറഞ്ഞതുപോലെ അഴിമതിക്കാരായ തൃണമൂലിന്റെയും ബി.ജെ.പിയുടെയും നാടകമായും കാണാൻ പറ്റില്ല. ഇത് സർവ്വാധിപത്യത്തിലേക്കുള്ള അപകടകരമായ നീക്കമാണ്. മറ്റു രാഷ്ട്രീയപാർട്ടികളും ജനാധിപത്യ വിശ്വാസികളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഉയർത്തിയ വിഷയത്തിനു വലിയതോതിൽ ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് റോബർട്ട് വദ്രക്കു പിന്നാലെ ധനമന്ത്രാ ലയത്തിനു കീഴിലുള്ള എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കുതിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും നരേന്ദ്രമോദിയുടെ ലോക് സഭാ മണ്ഡലം ഉൾക്കൊള്ളുന്ന കിഴക്കൻ യു.പിയുടെ സംഘടനാ ചുമതലക്കാരിയുമായി പ്രിയങ്ക വദ്ര സ്ഥാനമേൽക്കുന്ന നേരം നോക്കിയാണ് ഇക്കളി. കള്ളപ്പണം വെളുപ്പിച്ചു, അഗസ്ത വെസ്റ്റ്‌ലാന്റ് വിമാന ഇടപാടിൽ ഇടത്തട്ടുകാരനായി പണം തട്ടി, ലണ്ടനിലുൾപ്പെടെ ആഡംബര വസതികൾ വാങ്ങിക്കൂട്ടി, രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് ഗവണ്മെന്റുകളുടെ സഹായത്തോടെ ഭൂമി തട്ടിപ്പ് നടത്തി തുടങ്ങിയ ആരോപണങ്ങൾക്കാണ് തുടർച്ചയായ ചോദ്യംചെയ്യലിലൂടെ വദ്രയിൽനിന്ന് തെളിവ് തേടിയത്.

ആരോപണങ്ങൾ ആർക്കെതിരെ ഉയർന്നാലും ബന്ധപ്പെട്ട തലങ്ങളിൽ സത്യസന്ധമായ അന്വേഷണം ഉറപ്പുവരുത്തണം. ജനാധിപത്യത്തിന്റെ ഈ പൊതുനിയമത്തിൽനിന്ന് റഫാൽ അഴിമതി നേരിടുന്ന പ്രധാനമന്ത്രിയോ അഴിമതിക്കാരെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷ നേതാക്കളോ അവരുമായി ബന്ധപ്പെട്ടവരോ വ്യത്യസ്തരല്ല. എന്നാൽ ഇപ്പോൾ നടക്കുന്ന അഴിമതിയന്വേഷണ കോലാഹലങ്ങൾ വിശ്വാസത്തിലെടുക്കാനാവുന്നില്ല.

പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പ് കേസുകളിൽ അറസ്റ്റുചെയ്യപ്പെട്ട പലരെയും മോദിയുടെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് എം.എൽ.എയും എം.പിയും മന്ത്രിപോലും ആക്കി. അവരിൽ ചിലർ ഇപ്പോൾ കേസിൽ മാപ്പുസാക്ഷികളാണത്രേ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ഉന്നയിച്ചിരുന്ന ആരോപണങ്ങളാണ് ചിട്ടി ഫണ്ട് കേസുകളും മറ്റും. രാജസ്ഥാനിലെയും ഹരിയാനയിലെയും ബി.ജെ.പി ഗവണ്മെന്റുകൾക്കോ അധികാരത്തിലേറിയ നരേന്ദ്രമോദിക്കോ ഈ കേസുകൾ അന്വേഷിച്ച് ഇതുവരെ സത്യം പുറത്തുകൊണ്ടുവരണമെന്ന് തോന്നിയില്ല. തെരഞ്ഞെടുപ്പ് നേരിടാൻ പോകുമ്പോഴാണ് അന്വേഷണ നാടകങ്ങൾ.

സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജൻസികളിലൂടെ ആരോപണങ്ങൾ മാദ്ധ്യമങ്ങളിലെത്തിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പെരുമ്പറ മുഴക്കുകയാണ്. ലോക് സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത പ്രധാനമന്ത്രി തനിക്കെതിരായ ആരോപണങ്ങളെ നേരിടുകയല്ല ചെയ്തത്. പകരം പൊതുയോഗങ്ങളിലെന്നപോലെ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിച്ചു. പ്രതിപക്ഷം ഏത് ആയുധകമ്പനിയുടെ വക്താക്കളാണെന്നു ചോദിച്ചും സർക്കാർ നടത്തുന്ന അന്വേഷണങ്ങളിൽ രഹസ്യങ്ങളും തെളിവുകളും പുറത്തുവരുമെന്ന് അവകാശപ്പെട്ടുമാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. പ്രതിപക്ഷ നേതാക്കൾക്കെതിരായ ആരോപണങ്ങളുടെ പുകമറയാണ് പ്രധാനമന്ത്രിയും അന്വേഷണ ഏജൻസികളും ചേർന്ന് സൃഷ്ടിക്കുന്നത്.

മുൻകേന്ദ്ര ധനമന്ത്രി ചിദംബരത്തിനും മകനുമെതിരെ ഇതുപോലെ അന്വേഷണവേട്ട മുറുകുന്നുണ്ട്. രാഷ്ട്രീയപാർട്ടി നേതാക്കളെ മാത്രമല്ല മോദിക്കും സംഘ് പരിവാറിനു മെതിരെ ശബ്ദിക്കുന്ന പൗരാവകാശ – ജനാധിപത്യ പ്രവർത്തകരെയും ഇതുപോലെ കേസിൽ കുടുക്കുന്നു. മഹാരാഷ്ട്രയിൽ ആനന്ദ് തെൽതുംബ്‌ഡേയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതും കോടതി ഇടപെട്ടതും അതിന്റെ തുടർച്ചയാണ്.

പശ്ചിമബംഗാൾ കടന്നാക്രമണത്തിന് നേതൃത്വം നൽകിയത് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന് മമതാ ബാനർജി വെളിപ്പെടുത്തുകയുണ്ടായി. കൊൽക്കത്തയിലെ സി.ബി.ഐ ഉദ്യോഗസ്ഥരെ ഡൽഹിയിൽ വിളിപ്പിച്ചാണ് ഇത് ആസൂത്രണം ചെയ്തതെന്നും. പാകിസ്താൻ അതിർത്തിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന്റെ പിന്നിലും ഡോവലാണെന്ന് വാർത്തയുണ്ടായിരുന്നു. ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിയെ സഹായിക്കുകയാണ് ഡോവൽ. കഴിഞ്ഞ സെപ്തംബറിൽ ഡോവലിനെ സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായി മോദി നിയോഗിച്ചു. അതിനായി 1999ലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സംബന്ധിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഭേദഗതിചെയ്തു.

ക്യാബിനറ്റ് സെക്രട്ടറിതൊട്ട് ഇന്റലിജന്റസ് ഡയറക്ടർ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി, ആർ.ബി.ഐ സേനാ മേധാവികൾ, നിതി ആയോഗ് തുടങ്ങി സർക്കാറിന്റെ എല്ലാ ഭരണസംവിധാനങ്ങളും കയ്യാളാൻ അധികാരമുള്ള ഒരു പുതിയ അധികാരകേന്ദ്രമാക്കി ഡോവലിനെ മാറ്റി. പ്രധാനമന്ത്രി മോദിയുടെ അധികാര പദവിക്ക് തുടർന്നും സുരക്ഷിതത്വമുറപ്പിക്കുന്ന വിഷയങ്ങളാണ് അദ്ദേഹമിപ്പോൾ സർക്കാർ ഏജൻസികളെക്കൊണ്ട് നടപ്പാക്കുന്നത്. പ്രതിപക്ഷ മുന്നണി ഗവണ്മെന്റല്ല മോദിയുടെ സർക്കാർതന്നെ വീണ്ടും അധികാരത്തിലേറണമെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ.

ഇതിന്റെ ബലത്തിലാണ് നാഗേശ്വരറാവുവിനെപ്പോലുള്ള ഉദ്യോഗസ്ഥന്മാർ കോടതിയോടും കോടതിവിധിയോടും കളിക്കുന്നത്. കർണാടകയിൽ എം.എൽ.എമാരെ ഭരണപക്ഷത്തുനിന്നു പിടിച്ച് ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിലുള്ള ആസൂത്രണംപോലും സൗത്ത് ബ്ലോക്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിനോടു ചേർന്നുള്ള ഡോവലിന്റെ ഓഫീസിൽനിന്നാണ്.

സുപ്രിം കോടതി ഇടപെട്ടിട്ടും കേന്ദ്ര ഗവണ്മെന്റിന്റെ അരിശം തീർന്നിട്ടില്ല. പശ്ചിമബംഗാൾ ഗവണ്മെന്റിലെ ഉന്നതരായ പൊലീസ് മേധാവികളുടെ മെഡലുകൾ തിരിച്ചെടുക്കാനും കേന്ദ്ര പാനലിൽനിന്ന് അവരെ ഒഴിവാക്കാനും നീക്കം ആരംഭിച്ചു. ഡി.ജി.പിമാരടക്കം എല്ലാ സംസ്ഥാന പൊലീസിലെയും ഐ.പി.എസ് കേഡറിലുള്ളവരെ ഭയപ്പെടുത്തി വരുതിയിൽ നിർത്താൻകൂടിയാണ് ഈ രാഷ്ട്രീയ കരുനീക്കം.

Read More >>