അര്‍ദ്ധരാത്രിയിലെ അട്ടിമറി: അസ്താനയുടെ പിന്നില്‍ ആര്?

അസ്താനക്കെതിരെ വര്‍മ നിരവധി ആരോപണങ്ങളാണ് ചൗധരിക്ക് നല്‍കിയത്. യോഗങ്ങളില്‍ പങ്കെടുക്കില്ല. രാഷ്ട്രീയ നേതാക്കളുമായി വഴിവിട്ട ബന്ധം. സി.ബി.ഐ ഉദ്യോഗസ്ഥരുടെ നിയമനത്തിലെ ഇടപ്പെടല്‍ ഇവയൊക്കെയാണ് മേധാവി എന്ന നിലക്ക് അലോക് വര്‍മക്ക് അസ്താന ഉണ്ടാക്കിയ തലവേദന. മോയിന്‍ ഖുറൈഷി എന്ന ഹൈദരാബാദിലെ ഇറച്ചി വ്യാപാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയതാണ് ഏറ്റവും ഒടുവില്‍ അസ്താനക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം.

അര്‍ദ്ധരാത്രിയിലെ അട്ടിമറി: അസ്താനയുടെ പിന്നില്‍ ആര്?

ന്യൂഡല്‍ഹി: സി.ബി.ഐ ഉപമേധാവി രാകേഷ് അസ്താനയും ഡയരക്ടര്‍ അലോക് വര്‍മയും തമ്മിലുളള നിയോ-ഞാനോ തര്‍ക്കമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ഡല്‍ഹിയിലെ ലോധി റോഡിലുളള സി.ബി.ഐ ആസ്ഥാനത്ത് നടന്ന അട്ടിമറി നാടകത്തിന്റെ മുഖ്യകാരണമെന്നാണ് വ്യാപകമായ പ്രചാരണം. എന്നാല്‍ ഡയരക്ടറും ഉപഡയരക്ടറും തമ്മിലുളള ഈഗോ അല്ലെന്നും കൂടുതല്‍ വിപുലമായ രാഷ്ട്രീയ ഇടപ്പെടല്‍ അട്ടിമറിയില്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഴിമതിയടക്കമുളള ആരോപണങ്ങളാണ് അലോക് വര്‍മ അസ്താനക്കെതിരെ ഉയര്‍ത്തിയത്. അസ്താനയെ സ്‌പെഷ്യല്‍ ഡയരക്ടര്‍ ആക്കിയുളള നടപടിയെ അലോക് വര്‍മ എതിര്‍ത്തു. സംഭവം ചീഞ്ഞുനാറി തുടങ്ങിയപ്പോള്‍ തന്ത്രപൂര്‍വ്വം അസ്താനയെ രക്ഷിക്കാനുളള ശ്രമം നടന്നുവെന്നാണ് ഡല്‍ഹിയിലെ വര്‍ത്തമാനം. ചീഫ് വിജിലന്‍സ് കമീഷ്ണര്‍ കെ.വി ചൗധരി പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് അസ്താനക്ക് അനുകൂലമാണെന്നാണ് പ്രമുഖ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മനസില്‍ വിരിഞ്ഞ തന്ത്രമാണ് അര്‍ദ്ധരാത്രിയിലെ അട്ടിമറി നാടകമെന്നും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുകയുണ്ടായി.

ആരാണ് അസ്താന?

ഗുജറാത്ത് കേഡറില്‍ നിന്നും 1984 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് അസ്താന സി.ബി.ഐ ആസ്ഥാനത്തെയത്.് സി.ബി.ഐയുടെ അധികാരത്തിന്റെ ഇടനാഴിയില്‍ അസ്താന അസാധാരണ സ്വാതന്ത്ര്യം അനുഭവിച്ചുവന്നു. 5,000 കോടിയുടെ കടം തിരിച്ചടക്കാതെ വിവാദത്തിലകപ്പെട്ട സ്റ്റര്‍ലിങ് ബയോടകുമായി അസ്താനക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരായി ഒരു നടപടിയുമുണ്ടായില്ല. അസ്താനക്ക് കമ്പനി നല്‍കിയ ആനുകൂല്യങ്ങളുടെ കണക്കുകള്‍ കമ്പനിയുടെ ഡയറിയിലുണ്ടായിട്ടും അസ്ഥാനക്കെതിരെ ചെറുവിരല്‍ അനങ്ങിയില്ല.

മറ്റു പല കേസുകളിലും അസ്താനയുടെ വഴിവിട്ട ബന്ധം തെളിഞ്ഞു. ആറിലധികം അഴിമതി കേസുകള്‍ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ആ കേസുകളുടെ വെളിച്ചത്തിലാണ് അലോക് വര്‍മ അസ്താനയെ പ്രത്യേക ഡയരക്ടര്‍ ആക്കാനുളള നീക്കത്തെ എതിര്‍ത്തത്. എന്നാല്‍, വര്‍മയുടെ എതിര്‍പ്പ് വകവെയ്ക്കാതെ ചിഫ് വിജിലന്‍സ് കമ്മീഷ്ണര്‍ ചൗധരി അദ്ദേഹത്തെ പ്രത്യേക ഡയരക്ടറാക്കി ഉയര്‍ത്തുകയായിരുന്നു.

അസ്താനക്കെതിരെ വര്‍മ നിരവധി ആരോപണങ്ങളാണ് ചൗധരിക്ക് നല്‍കിയത്. യോഗങ്ങളില്‍ പങ്കെടുക്കില്ല. രാഷ്ട്രീയ നേതാക്കളുമായി വഴിവിട്ട ബന്ധം. സി.ബി.ഐ ഉദ്യോഗസ്ഥരുടെ നിയമനത്തിലെ ഇടപ്പെടല്‍ ഇവയൊക്കെയാണ് മേധാവി എന്ന നിലക്ക് അലോക് വര്‍മക്ക് അസ്താന ഉണ്ടാക്കിയ തലവേദന. മോയിന്‍ ഖുറൈഷി എന്ന ഹൈദരാബാദിലെ ഇറച്ചി വ്യാപാരിയില്‍ നിന്നും കൈക്കൂലി വാങ്ങിയതാണ് ഏറ്റവും ഒടുവില്‍ അസ്താനക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം. ഖുറൈഷിക്കെതിരായ കേസ് ഒതുക്കിതീര്‍ക്കുന്നതിനായി വലിയ തുക അസ്താനക്ക് നല്‍കിയെന്നാണ് ഖുറൈഷിയുടെ അടുപ്പമുളള സന സതീഷ് വെളിപ്പെടുത്തിയിരുന്നു. ഈ കേസിലാണ് വര്‍മ അസ്താനക്കെതിരെ എഫ്.ഐ.ആര്‍ ഇടാന്‍ ഉത്തരവിട്ടത്. വ്യാജരേഖ നിര്‍മ്മിച്ചതിന്റെ പേരില്‍ അസ്താനയുടെ സഹായി ദേവന്ദര്‍ കുമാര്‍ എന്ന ഡി.എസ്.പിയെ സംസ്‌പെന്റ് ചെയ്തിരുന്നു.

ബി.ജെ.പി സര്‍ക്കാറിന്റെ പിന്‍ബലത്തിലാണ് അസ്താന പരിധിവിട്ട കളികള്‍ നടത്തിവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കോണ്‍ഗ്രസും മംമ്താ ബാനര്‍ജിയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും അലോക് വര്‍മക്കെതിരായ നടപടിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചിരുന്നു. സര്‍ക്കാറിന്റെ നടപടിക്കെതിരെ കോമണ്‍ കോസ് എന്ന എന്‍.ജി.ഒ സുപ്രീം കോടതിയില്‍ ഇന്ന് ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

Read More >>