അച്ചടിമാദ്ധ്യമങ്ങളുടെ ഭാവി ഭദ്രം

കൊച്ചിയിൽ തത്സമയം പത്രത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് കേരള ഗവർണർ റിട്ട. ചീഫ് ജസ്റ്റിസ് പി. സദാശിവം നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.

അച്ചടിമാദ്ധ്യമങ്ങളുടെ ഭാവി ഭദ്രം

കൊച്ചിയിൽ തത്സമയം പത്രത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് കേരള ഗവർണർ റിട്ട. ചീഫ് ജസ്റ്റിസ് പി. സദാശിവം നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം:

സ്വതന്ത്രവും നിഷ്പക്ഷവുമായ മലയാളത്തിലെ ആദ്യ പ്രദോഷ ദിനപ്പത്രമായ തത്സമയത്തിന്റെ ഔദ്യോഗിക ഉൽഘാടനം നിർവ്വഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിന്റെ മാദ്ധ്യമ മുഖം പുനർനിർമ്മിച്ചുകൊണ്ട് സത്യസന്ധമായ വാർത്ത അവതരിപ്പിക്കാൻ മുന്നോട്ടു വന്നതിൽ തത്സമയത്തിന്റെ നടത്തിപ്പുകാരോടുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. മാദ്ധ്യമധർമ്മം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വന്നിരിക്കുന്ന മലയാളത്തിലെ പരിചയസമ്പന്നരായ മാദ്ധ്യമപ്രവർത്തകരുടേയും യുവമാദ്ധ്യമപ്രവർത്തകരുടേയും സംഘത്തെ അഭിനന്ദിക്കുന്നു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് 10.30ന് ഉത്തരവ് പുറപ്പെടുവിച്ചാൽ 10.35ന് ടിവിയിൽ അത് ബ്രേക്കിങ് ന്യൂസായി എത്തിത്തുടങ്ങും. അടുത്ത അര മണിക്കൂറിനുള്ളിൽ അത് ഒരു വാർത്താരൂപത്തിലാകുന്നു. പിന്നീടുള്ള ഒരു ദിവസമത്രയും വാർത്ത ടിവിയിൽ നിറഞ്ഞു നിൽക്കുന്നു. ഈയവസ്ഥയിലാണ് പലരും അച്ചടി മാദ്ധ്യമങ്ങളുടെ അതിജീവനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്. രാജ്യത്തെ ഉയർന്ന പദവി അലങ്കരിച്ച വ്യക്തിയെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയാൻ സാധിക്കും. അത്യാധുനികമായ ഇന്നത്തെ കാലത്തും ഞാനുൾപ്പടെയുള്ളവർ പത്രങ്ങൾ വായിക്കുന്നതിൽ അത്യധികം സന്തോഷം കണ്ടെത്തുന്നവരാണ്. എന്റെ അമ്മക്ക് ഇപ്പോൾ 94 വയസ്സുണ്ട്. 85വയസ്സു വരെ അവർ പത്രങ്ങൾ കൃത്യമായി വായിച്ചിരുന്നു. കാലാവസ്ഥാ വാർത്തകളുൾപ്പടെ അമ്മ വായിക്കുമായിരുന്നു. എന്നാൽ കാഴ്ചക്ക് പ്രശ്നങ്ങളുള്ളതിനാൽ ഇപ്പോൾ വായിക്കാൻ സാധിക്കുന്നില്ല. എന്തായാലും, പത്രങ്ങൾക്കായി കാത്തിരിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ടെന്നു ഉറപ്പിച്ചു പറയാൻ സാധിക്കും.

പ്രഭാത പത്രങ്ങൾ രാത്രി ഒരു മണിക്കു മുമ്പു വരെയുള്ള വാർത്തകൾ മാത്രമെ ഉൾപ്പെടുത്തുന്നുള്ളു. ഈ പത്രങ്ങളുടെ അച്ചടിക്ക് ശേഷവും അനവധി വാർത്തകളാണ് ദിനംപ്രതി സംഭവിക്കുന്നത്. ഇത്തരം വാർത്തകൾ ജനങ്ങൾക്കു മുന്നിലെത്തിക്കുക എന്നത് വൈകുന്നരം ഇറങ്ങുന്ന പത്രത്തിന്റെ കടമയാണ്. 2017ലെ ഇന്ത്യൻ റീഡർഷിപ്പ് സർവ്വേ പ്രകാരം ഇന്ത്യയിൽ പത്രമാദ്ധ്യമങ്ങൾക്കു ഏറ്റവും സ്വീകാര്യതയുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ജനസംഖ്യയുടെ 60 ശതമാനം ആളുകളിലേക്കു ദിവസവം പത്രമെത്തുന്നു എന്നാണ് കണക്ക്. എന്നാൽ രാജ്യത്തെ ജനസംഖ്യയിൽ ഇത് 17 ശതമാനത്തിൽ താഴെയാണ്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പത്രമാദ്ധ്യമങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. 1000 ആളുകൾക്ക് വെറും 4 പത്രമെന്ന രീതിയിലായിരുന്നു അന്നത്തെ വിതരണ കണക്ക്. എന്നാൽ ഇന്ന് 1000 പേർക്കു നൂറു പത്രമെന്ന രീതിയിലേക്കു വർദ്ധിച്ചിരിക്കുന്നു. പത്രമാദ്ധ്യമങ്ങളോടുള്ള മലയാളികളുടെ സ്നേഹമാണ് ഇത്തരമൊരു മാദ്ധ്യമ വളർച്ചക്കു കാതൽ.

രാജ്യത്ത് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 97.5 ശതമാനത്തിനു മുകളിലാണ് കേരളത്തിന്റെ സാക്ഷരത. സാക്ഷരത വർദ്ധിപ്പിക്കുന്നതിൽ പത്രവായനക്കു മുഖ്യമായ പങ്കുണ്ട്. എങ്ങനെയാണ് പത്രവായനാശീലവും സാക്ഷരതയും ബന്ധപ്പെട്ടിരിക്കുന്നത് എന്ന കാര്യം മുകളിൽ പറഞ്ഞ കണക്കുകളിൽ നിന്നു വ്യക്തമാണ്. പൊസീറ്റീവ് മാദ്ധ്യമപ്രവർത്തനം മുൻനിർത്തിയുള്ള തത്സമയത്തിന്റെ ചുവടുവെപ്പ് വലിയ പ്രാധാന്യമർഹിക്കുന്നു. ഇന്നത്തെ മാദ്ധ്യമങ്ങൾ പൊസീറ്റീവ് മാദ്ധ്യമപ്രവർത്തനം മറച്ചു വെക്കുന്നുണ്ട്. ദിനംപ്രതി പരക്കുന്ന നെഗറ്റീവ് വാർത്തകളാണ് യഥാർത്ഥ വാർത്തകൾ എന്ന ചിന്ത ആളുകളിലുണ്ട്. നെഗറ്റീവ് സ്വഭാവമുള്ള വാർത്തകൾക്ക് ആളുകളെ മാദ്ധ്യമങ്ങളിലേക്കു അടുപ്പിക്കാനും കഴിയുന്നുണ്ട്. മാദ്ധ്യമങ്ങൾ വാർത്തകൾ ഉദ്വേഗജനകമാക്കാനാണ് ശ്രമിക്കുന്നത്.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു എത്തിച്ചതിൽ സാക്ഷരതയിലുള്ള കേരളത്തിന്റെ വളർച്ചക്കു വ്യക്തമായ പങ്കുണ്ട്. എന്നാൽ പലപ്പോഴും മാദ്ധ്യമങ്ങൾ സ്ത്രീകളെ മുഖ്യധാരയിലെത്താൻ പ്രോൽസാഹിപ്പിക്കുകയും അതേസമയം സ്ത്രീകളെ സംബന്ധിച്ച വാർത്തകൾ സെൻസേഷണലൈസ് ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ മാറണം.

രാജ്യത്തിന്റെ നാലാം തൂണാണ് പത്രമാദ്ധ്യമങ്ങൾ. ഇന്ത്യൻ ഭരണഘടന പത്രസ്വാതന്ത്ര്യത്തെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. ഞാൻ മലയാളി അല്ലെങ്കിലും മലയാളം വാർത്തകൾ കാണാനും വായിക്കാനും ശ്രമിക്കാറുണ്ട്. തമിഴിനോടു ചേർന്നു നിൽക്കുന്ന ഭാഷയായതിനാൽ മലയാളം മനസ്സിലാകും. ഗവർണ്ണറായി കേരളത്തിലെത്തിയതിന്റെ അഞ്ചാം വർഷമാണിത്. ദിവസേന പകൽ 2 മുതൽ നാലു വരെയും രാത്രി ഒമ്പതു മുതൽ പത്തു വരേയും മലയാളം വാർത്താ ചാനലുകളുടെ സ്ഥിരം പ്രേക്ഷകനാണ്. സംസ്ഥാനത്തുടനീളം എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കുന്നതെന്നറിയാനാണിത്. നിർദ്ദേശം നൽകിയിരിക്കുന്നതിനാൽ ഓഫീസുദ്യോഗസ്ഥർ പ്രധാനപ്പെട്ട വാർത്തകളുടെ പേപ്പർ കട്ടിംങ്ങുകൾ എന്റെ മുന്നിലേക്കെത്താറുണ്ട്. സെൻസേഷണലായ വാർത്തകളോ സർവ്വകലാശാല വാർത്തകളോ ആയിരിക്കും വാർത്താ കട്ടിങ്ങുകളിൽ പലതും. സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ ഇരിക്കുന്ന ആളാണ് ഞാൻ. പത്ര കട്ടിങ്ങുകൾ സർവ്വകലാശാല അധികാരികൾക്കോ വൈസ് ചാൻസലർക്കോ അയക്കുകുകയും അതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.

പത്ര സ്വാതന്ത്രത്തിനായാണ് ഇന്നത്തെ സമൂഹം നിലകൊള്ളുന്നത്. പത്രങ്ങൾക്കു സമൂഹവിശ്വാസങ്ങൾ സൂക്ഷിക്കാനുള്ള അവകാശമുണ്ട്. കുട്ടികളുടെയും സ്ത്രീകളുടേയും സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാൻ മാദ്ധ്യമങ്ങൾ മുന്നോട്ടു വരണം. ഇന്നത്തെ കാലത്ത് മാദ്ധ്യമങ്ങൾ ആ ധർമ്മം പൂർണ്ണമായും നിറവേറ്റുന്നതിൽ സന്തോഷമുണ്ട്. അച്ചടി മാദ്ധ്യമങ്ങൾ മറ്റു മാദ്ധ്യമങ്ങൾക്ക് ഈ കാര്യത്തിൽ ഒരു മാതൃകയാണ്. സമൂഹമാദ്ധ്യമങ്ങൾക്ക് അതിപ്രസരമുള്ള ഈ കാലത്ത് ഭൂരിഭാഗം മുഖ്യധാര മാദ്ധ്യമങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിലുള്ള അവരുടെ പങ്കാളിത്തം അറിയിച്ചിരിക്കുന്നു. എന്നാൽ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കുൾപ്പടെ കൃത്യമായ മാദ്ധ്യമ വിദ്യാഭ്യാസം പകരേണ്ടത് അത്യാവശ്യമാണ്. കൗമാരക്കാരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ചെളി തെറിപ്പിക്കുന്ന പ്രവണതയിൽ നിന്നു തടയുന്നതിനും അതിൽ വീഴാതിരിക്കാനുള്ള പ്രചാരണങ്ങൾ നടത്താൻ തത്സമയം ഉൾപ്പടെയുള്ള അച്ചടിമാദ്ധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. മാദ്ധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണാടിയാണ്. നാനാത്വത്തിൽ ഏകത്വമെന്ന മുദ്രാവാക്യം പത്രങ്ങളിലും പ്രതിഫലിപ്പിക്കാൻ സാധിക്കണം. സമൂഹത്തിൽ പുതിയ പ്രവണതകൾ രൂപവൽക്കരിക്കുന്നതിൽ വലിയ സ്ഥാനമാണ് മാദ്ധ്യമങ്ങൾക്കുള്ളത്. മാദ്ധ്യമപ്രവർത്തകർ ഈ ആശയം മനസ്സിൽ നിർത്തിയാകണം പ്രവൃത്തിക്കേണ്ടത്.

ഒരു ന്യായാധിപൻ എന്ന നിലക്കു മജീദിയ വേജ് ബോർഡ് ശുപാർശ പരിഗണിച്ച സമയത്ത് മാദ്ധ്യമങ്ങളേപ്പറ്റി ആഴത്തിലുള്ള പഠനം നടത്താൻ സാധിച്ചു. ജസ്റ്റിസ് മജീദിയയുടെ കീഴിൽ മാദ്ധ്യമപ്രവർത്തകരെപ്പറ്റി പഠിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും മാദ്ധ്യപ്രവർത്തകരുടെ ജീവിതസാഹചര്യം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് മാദ്ധ്യമപ്രവർത്തകർക്കുള്ള വേതന വർദ്ധനവിനായി ശുപാർശ ചെയ്യുകയും ചെയ്തു. കേന്ദ്ര സർക്കാർ ശുപാർശ അംഗീകരിച്ചു ഗസറ്റ് പ്രസിദ്ധീകരണം നടത്തിയെങ്കിൽ മാത്രമെ വേതന വർദ്ധന നടപ്പാകുമായിരുന്നുള്ളൂ. ശുപാർശ നടപ്പാകാതെ നിരവധി വർഷങ്ങൾ കടന്നുപോയി. തുടർന്ന് മാദ്ധ്യമപ്രവർത്തകർ ഇതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും അതിനും മുന്നു നാലു വർഷത്തെ കാലതാമസമെടുത്തു. മജീദിയ കമ്മറ്റിയുടെ ശുപാർശകൾ ആദ്യം പ്രാവർത്തികമാക്കിയ സംസ്ഥാനം കേരളമാണ്. കാലാനുസൃതമായി മാദ്ധ്യമപ്രവർത്തകർക്കു വേതന-ജീവിത സാഹചര്യങ്ങളിൽ മാറ്റം സംഭവിക്കണമെന്നാണ് ഞാൻ കരുതുന്നത്. സമൂഹത്തിൽ അന്തസ്സോടു കൂടി ജീവിക്കാനുള്ള സാഹചര്യം അവർക്ക് നൽകണം. പത്രപ്രവർത്തകർക്ക് സമയബന്ധിതമായി ജോലി ചെയ്യാൻ സാധിക്കില്ല. സമയം നോക്കാതെ ജോലി ചെയ്യുന്നവരാണ് അവർ.

ഈ വേദിയിൽ തത്സമയം ആദരിച്ച ഓരോ വ്യവസായികളേയും അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ഒരു മുൻ ന്യായാധിപൻ എന്ന നിലക്ക് എനിക്കു പറയുവാനുള്ളത് രാജ്യത്തിന്റെ ഓരോ നിയമവും അംഗീകരിച്ചു മുന്നോട്ടു പോകാൻ അവർ ശ്രമിക്കണമെന്നാണ്. തത്സമയത്തിന്റെ പ്രഥമ കടമ സത്യത്തോടായിരിക്കണം. അതിഥികളെ ക്ഷണിച്ചതിൽ കാണിച്ച സൂക്ഷ്മതയിൽ നിന്നു തന്നെ തത്സമയത്തിന്റെ നിലപാട് വ്യക്തമാണ്. ഗവർണ്ണർ സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ആളുകൾക്കായാണ് നിലനിൽക്കുന്നത്. സ്പീക്കർ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധിയാണ്. നഗരസഭ മേയർ നഗരത്തിലെ എല്ലാവരുടെയും പ്രതിനിധിയാണ്. ഇവരെല്ലാം ഈ വേദിയിലുണ്ട്.

പൊതുജനങ്ങൾക്കു വേണ്ടിയാകണം പത്രം പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയമായും മതപരമായും സ്വതന്ത്ര നിലപാടുകളെടുക്കാൻ തത്സമയത്തിനു സാധിക്കട്ടെ എന്ന് ഈയവസരത്തിൽ ആശംസിക്കുന്നു.

പരിഭാഷ: അനന്ദു

Read More >>