ഹൃദയത്തില്‍ കിളികള്‍ കൂടുകൂട്ടിയ പാറുവമ്മ

മന്ദാരത്തിൽ നിന്ന് പാറുവമ്മയുടെ ചായക്കട നോക്കി കിളികൾ ചിലക്കും. പാറുവമ്മ അവയെ അടുത്തേക്ക് വിളിക്കുമെങ്കിലും എന്തോ പരിഭവം ഉള്ളത് പോലെ അവ പറന്നകലും. ഈ അകലം ഏറെ നാൾ നീണ്ടില്ല. പതിയെ കിളികൾ പാറുവമ്മയുടെ ചായപ്പുരയുടെ അരിലെത്തി വല്ലതും കൊത്തിപ്പെറുക്കിയെടുക്കും. ചായക്കടയിലേക്ക് ആളുകളെത്തുമ്പോൾ പറന്നകലും. ആളൊഴിഞ്ഞ നേരം ഇവ ചായക്കടയിൽ വീണ്ടുമെത്തും. നീട്ടിച്ചിലച്ചുകൊണ്ട് പാറുവമ്മയോട് കൂട്ടുകൂടും. ആ സൗഹൃദം വളർന്നു. ഇപ്പോൾ പാറുവമ്മയുടെ കൈയിൽ കയറിയിരുന്ന് എന്തെങ്കിലും കഴിക്കാതെ പോകാൻ ഈ കിളികൾക്കാവില്ല.

ഹൃദയത്തില്‍ കിളികള്‍   കൂടുകൂട്ടിയ പാറുവമ്മ

നാരായണന്‍ കരിച്ചേരി

കാസർകോട്: മനസിന്റെ നൈർമല്യവും ഹൃദയവിശാലതയുമാണ് പാറുവമ്മയുടെ കൈമുതൽ. കിളികളാണ് ഉറ്റചങ്ങാതിമാർ. അവരുടെ സൗഹൃദങ്ങളോട് കൂട്ടുകൂടാൻ ആർക്കും തോന്നും. കിളികൾ മനുഷ്യരുമായി കൂട്ടുകൂടാനെത്തുന്ന കാഴ്ച കാണണമെങ്കിൽ ചെറുവത്തൂർ കാരിയിലെ പാറുവമ്മയുടെ ചായക്കടയിലെത്തണം. ഇവിടെ ഹൃദയത്തില്‍ കിളികൾ കൂട്ടുകൂടിയ ഒരമ്മയുണ്ട്.

ഒരപൂർവ സൗന്ദര്യത്തിന്റെയും സൗഹൃദത്തിന്റെയും നേർകാഴ്ച. കാരിയിൽ എ.എൽ.പി സ്‌കൂളിന് സമീപം വർഷങ്ങളായി ഓലപ്പുരയിൽ ചായക്കട നടത്തുകയാണ് പാറുവമ്മ. ചായക്കടയ്ക്ക് തൊട്ടപ്പുറത്തുള്ള സ്‌കൂളിനു സമീപം പടർന്ന്പന്തലിച്ചുനിൽക്കുന്ന മഞ്ഞ മന്ദാരമരമുണ്ട്. മന്ദാരത്തിൽ അഭയം തേടി കൂടുകെട്ടിയ കുറേ കുഞ്ഞു കിളികളുമുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ ഈ കാഴ്ചകൾ സദാനോക്കി നിൽക്കും. എന്തൊരു മനോഹാരിത. വട്ടമിട്ട് പറന്നും ചെറുപ്രാണികളെ ചിറകടിയോടെ അകത്താക്കിയും പ്രകൃതിയുടെ വരദാനമായി അവർ വിഹായസിൽ ആറാടുന്നു. കുട്ടികൾക്ക് ആഗ്രഹമുണ്ട്, അതിലൊന്നിനെ കൈക്കലാക്കാന്‍. അത് നടക്കാത്തകാര്യം.. പക്ഷേ നടക്കും, പാറുവമ്മയ്ക്കു മാത്രം.

മന്ദാരത്തിൽ നിന്ന് പാറുവമ്മയുടെ ചായക്കട നോക്കി കിളികൾ ചിലക്കും. പാറുവമ്മ അവയെ അടുത്തേക്ക് വിളിക്കുമെങ്കിലും എന്തോ പരിഭവം ഉള്ളത് പോലെ അവ പറന്നകലും. ഈ അകലം ഏറെ നാൾ നീണ്ടില്ല. പതിയെ കിളികൾ പാറുവമ്മയുടെ ചായപ്പുരയുടെ അരിലെത്തി വല്ലതും കൊത്തിപ്പെറുക്കിയെടുക്കും. ചായക്കടയിലേക്ക് ആളുകളെത്തുമ്പോൾ പറന്നകലും. ആളൊഴിഞ്ഞ നേരം ഇവ ചായക്കടയിൽ വീണ്ടുമെത്തും. നീട്ടിച്ചിലച്ചുകൊണ്ട് പാറുവമ്മയോട് കൂട്ടുകൂടും. ആ സൗഹൃദം വളർന്നു. ഇപ്പോൾ പാറുവമ്മയുടെ കൈയിൽ കയറിയിരുന്ന് എന്തെങ്കിലും കഴിക്കാതെ പോകാൻ ഈ കിളികൾക്കാവില്ല.

ചായക്കടയിൽ പാറുവമ്മയെ കാണാതിരുന്നാൽ ഇവ ഉച്ചത്തിൽ ചിലക്കും. പലഹാരങ്ങൾ പൊടിച്ച് ഇവയ്ക്കു നൽകണം. കൈയിൽ കയറിയിരുന്നു അവയെല്ലാം കഴിച്ചശേഷം വെള്ളം കുടിക്കാൻ ഒരുക്കിയ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചേ മടങ്ങൂ. ദിവസത്തിൽ നാലോ അഞ്ചോ തവണ കിളികൾ പാറുവമ്മയെ തേടിയെത്തും. കടയിൽ ആളുണ്ടായാലും കിളികൾക്കിപ്പോൾ ഭയമില്ല. കാരണം പാറുവമ്മയുടെ കരവലയത്തിൽ തങ്ങൾ സുരക്ഷിതരാണെന്ന് അവർക്കറിയാം.

കാരിയുടെ സ്വന്തം പാറുവമ്മ പക്ഷികളുടെ ഉറ്റ തോഴികൂടിയാണ്. ഭർത്താവ് രാമന്റെ മരണശേഷമാണ് പാറുവമ്മ ചായക്കട നടത്തിപ്പ് തുടങ്ങിയത്. ഈ ചായക്കടക്കും പ്രത്യേകതയുണ്ട്. ലാഭം ലക്ഷ്യമിട്ടല്ല കച്ചവടം. ചായക്കും കടിക്കും ഒന്നിന് അഞ്ച് രൂപ മാത്രമാണ് ഈടാക്കുന്നത്. സ്‌കൂൾ കുട്ടികൾക്ക് കുടിക്കാന്‍ ഇവർ പ്രത്യേകം വെള്ളം കരുതും. അങ്ങാടിക്കുരുവി, മണ്ണാത്തിക്കിളി, ഓലേഞ്ഞാലി, കരിയിലക്കിളി....അങ്ങനെ പോകുന്നു ആ സൗഹൃദപ്പക്ഷികള്‍.

Read More >>