സ്നേഹശ്രുതിയില്‍ അതിരുകള്‍ മായ്ച്ച്

മതസൗഹാർദ്ദം നിലനില്‍ക്കാനും അനീതികള്‍ക്കെതിരേയുമാണ് ഈ അമ്പത്തഞ്ചുകാരന്റെ സംഗീതയാത്രകളേറെയും. ഉന്നതകുലജാതനാണെങ്കിലും സങ്കടരാഗങ്ങൾ ശ്രുതിചേർന്ന ബാല്യം. ദാരിദ്ര്യത്തിനൊപ്പം ഇരുകാലുകൾക്കും ജന്മനായുണ്ടായ അംഗപരിമിതി. പിതാവ് വെള്ളിക്കോത്ത് നടത്തിയിരുന്ന ഹോട്ടലിലെ ചെറുവരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. മൂന്നു വർഷത്തോളം ഒരേ ഉടുപ്പില്‍ സ്‌കൂളിൽ പോയ പഴയകാലം.

സ്നേഹശ്രുതിയില്‍ അതിരുകള്‍ മായ്ച്ച്

കാസര്‍കോട് : ശ്രുതി ചേര്‍ക്കാന്‍ കടലോളം സ്നേഹം കരുതിവച്ചിട്ടുണ്ട് കൊച്ചുകേരളത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ ഒരാള്‍. മതവും ജാതിയും വേലികെട്ടാത്ത മനസ്സുകളിലേക്ക് താളവും ലയവും സമംചേര്‍ത്ത് ഒഴുകിയെത്തും വെള്ളിക്കോത്ത് വിഷ്ണുഭട്ട് ചുണ്ടനക്കുമ്പോള്‍.

മതസൗഹാർദ്ദം നിലനില്‍ക്കാനും അനീതികള്‍ക്കെതിരേയുമാണ് ഈ അമ്പത്തഞ്ചുകാരന്റെ സംഗീതയാത്രകളേറെയും. ഉന്നതകുലജാതനാണെങ്കിലും സങ്കടരാഗങ്ങൾ ശ്രുതിചേർന്ന ബാല്യം. ദാരിദ്ര്യത്തിനൊപ്പം ഇരുകാലുകൾക്കും ജന്മനായുണ്ടായ അംഗപരിമിതി. പിതാവ് വെള്ളിക്കോത്ത് നടത്തിയിരുന്ന ഹോട്ടലിലെ ചെറുവരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. മൂന്നു വർഷത്തോളം ഒരേ ഉടുപ്പില്‍ സ്‌കൂളിൽ പോയ പഴയകാലം.

അച്ഛന്റെ താൽപ്പര്യപ്രകാരം ഏഴാം വയസ്സിൽ സംഗീതപഠനമാരംഭിച്ചു. 13-ാം വയസ്സിൽ അരങ്ങേറ്റം. തുടർന്നു പാലക്കാട് ചെമ്പൈ സംഗീത കോളജിൽനിന്ന് ഗാനഭൂഷണം. ദേശീയോദ്ഗ്രഥന സന്ദേശവുമായി 1991-ൽ വെള്ളിക്കോത്ത് വീണച്ചേരിയിലെ അബ്ദുല്ലയുടെ കാളവണ്ടയിൽ നാടുചുറ്റി നടത്തിയ സംഗീതയാത്ര ഏറെ അംഗീകാരം പിടിച്ചുപറ്റി. 1995-ൽ ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷന്റെ (ഇപ്റ്റ) നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ മദ്യവിപത്തിനെതിരേ സ്നേഹസംഗീതയാത്ര, മഹാകവി അക്കിത്തം നേതൃത്വം നൽകിയ സാംസ്‌ക്കാരിക തീർത്ഥയാത്ര തുടങ്ങി ഓരോ വർഷവും മനുഷ്യമനസ്സുകളെ വിമലീകരിക്കാന്‍ നടത്തിയ ഒട്ടേറെ സംഗീതയാത്രകള്‍. പ്രിയ ശിഷ്യനും സഹയാത്രികനുമായ റെജി അലക്സാണ്ടറിന്റെ വിയോഗമാണ് ജീവിതത്തിലെ വലിയ ദുഃഖമെന്ന് വിഷ്ണുഭട്ട് വിതുമ്പലോടെ ഓര്‍ക്കുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ച ഒരേയൊരു സംഗീതാദ്ധ്യാപകൻ. കാസർകോട് നെല്ലിക്കുന്ന് ഗേൾസ് ഹൈസ്‌കൂളിൽ സംഗീതാദ്ധ്യാപകനായിരിക്കെ 2008ൽ ജനകീയ സംഗീത പ്രസ്ഥാനമുണ്ടാക്കി. ആഴ്ചയിൽ മൂന്നു ദിവസം മ്യൂസിക് തെറാപ്പി സംഗീതവിരുന്നുകൾ, വ്യാഴാഴ്ചകളിൽ കാസർകോടൻ ചരിത്രഗാനങ്ങൾ, പ്രകൃതിയെ സ്തുതിച്ച് പ്രഭാതപ്രാർത്ഥനകൾ, വീടുകളിലേക്ക് സംഗീതയാത്ര, എൻഡോസൾഫാൻ ദുരിതബാധിതർക്കിടയിലെ സംഗീത ചികിത്സ എന്നിവ അതിൽ ചിലതുമാത്രം.

2000-ൽ 36ാം വയസ്സിൽ ദേശീയ അദ്ധ്യാപക അവാർഡ്. 2010-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌ക്കാരം, 1992-ൽ അദ്ധ്യാപക കലാവേദി സംസ്ഥാന അവാർഡ്, 1995-ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയുടെ പ്രത്യേകാംഗീകാരം, കീർത്തിമുദ്ര, കന്നഡ ചുഡ്കു സാഹിത്യ പരിഷത്ത് പുരസ്‌ക്കാരം, സീതമ്മ പുരുഷനായക് സ്മാരക കന്നഡഭവന ഗ്രന്ഥാലയത്തിന്റെ കന്നഡ പയസ്വിനി പുരസ്‌ക്കാരം, വേൾഡ് പീസ് കാസർകോട് ചാപ്റ്റർ സമാധാന പുരസ്‌ക്കാരം, നെഹ്റു യുവകേന്ദ്ര അവാർഡ്, മൊഗ്രാൽപുത്തൂർ യുവജന സമിതി ജില്ലാതല ഗാനശ്രീ അവാർഡ്, ജേസീരത്ന, റോട്ടറി ക്ലബിന്റെ ആചാര്യരത്ന, എക്സലൻസി അവാർഡ്, ജൂനിയർ കാസർകോട്-പാലക്കാട് മേഖലാ യുവപ്രതിഭ പുരസ്‌ക്കാരം, മദറു പുരസ്‌ക്കാരം, പി.എൻ.പണിക്കർ ഫൗണ്ടേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനകം തേടിയെത്തി. 2017 മുതൽ വെള്ളിക്കോത്ത് സ്‌കൂളിൽ സംഗീതാദ്ധ്യാപകനാണ്. ഇപ്പോഴും നാടുനീളെ സംഗീതയജ്ഞം തുടരുന്നു. വെള്ളിക്കോത്ത് ഭഗവതിക്കാവിൽ മേൽശാന്തിയായിരുന്ന പരേതരായ കെ.ഗോവിന്ദ ഭട്ടിന്റെയും ഗൗരിയമ്മയുടെയും മകനായി 1964 മെയ് 11ന് ജനനം.

പ്രശസ്ത യക്ഷഗാന ആചാര്യന്മാരായ മാമ്പാടി നാരായണ ഭാഗവതർ വല്ല്യച്ഛനും ഷേണി ഗോപാലകൃഷ്ണഭട്ട് അമ്മാവനുമാണ്. പിതൃസഹോദരൻ കുദ്രെക്കോഡ്‌ലു രാമഭട്ട് ചെണ്ട വിദഗ്ദ്ധനും പിതാവ് ഗോവിന്ദഭട്ട് നല്ല തബല വാദ്ധ്യാരുമായിരുന്നു. ഇവരുടെയെല്ലാം കലാപാരമ്പര്യം വിഷ്ണുഭട്ടിനും ലഭിച്ചു. പിന്തുണയുമായി ഭാര്യ പി.ജ്യോതിയും മകൾ ശ്രീഗൗരി വി. ഭട്ടും കൂടെയുണ്ട്.

Read More >>