ഗുദാമിലേക്ക് വരൂ...പൊടിതട്ടി മിനുക്കിയ പോയകാലത്തെ തൊട്ടറിയാം

കടന്നു പോയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ പുരാവസ്തുക്കളുടെ കൂട്ടത്തിൽ ലോകത്തിന്റെ പല ഭാ​ഗത്തു നിന്നുമായി ശേഖരിച്ച വസ്തുക്കളുമുണ്ട്

ഗുദാമിലേക്ക് വരൂ...പൊടിതട്ടി മിനുക്കിയ പോയകാലത്തെ തൊട്ടറിയാം

കോഴിക്കോട്: കാലം മാറുന്നതിനനുസരിച്ച് എങ്ങനെയാണ് ചുറ്റുപാടുകൾ മാറുക എന്നറിയാൻ കോഴിക്കോട്ടെ ​ഗുജറാത്തി സ്ട്രീറ്റിലുള്ള ​ഗൂദാം ആർട്ട് ​ഗ്യാലറിയിലേക്ക് വന്നാൽ മതി. ​ഗുദാം അഥവാ പാണ്ടികശാല എന്നു പറയുന്നത് അരിയും മറ്റു ചരക്കുകളും സൂക്ഷിക്കുന്ന സംഭരണ-വ്യവസായ കേന്ദ്രങ്ങൾക്കായിരുന്നു. വർഷങ്ങൾക്കു മുമ്പ് കോഴിക്കോടിന്റെ വ്യാവസായിക പ്രതാപകാലത്ത് വലിയങ്ങാടിയിലും ​ഗുജറാത്തി സ്ട്രീറ്റിലും തൊട്ടുതൊട്ട് ​ഗുദാമുകളായിരുന്നു.

കോഴിക്കോടിന് വ്യാപാര മേഖലയിലുള്ള ആധിപത്യം കുറഞ്ഞു വന്നതോടെ ​നിരവധി ​ഗുദാമുകൾ ഒഴിഞ്ഞു കിടക്കാൻ തുടങ്ങി. അഞ്ഞനെ ഒഴിഞ്ഞു കിടക്കുകയാരുന്ന ഒരു ​ഗുദാം തലശ്ശേരി സ്വദേശിയായ ബടേക്കണ്ടി ബഷീർ ഏറ്റെടുക്കുകായിരുന്നു. തന്റെ ഭാര്യയ്ക്ക് അനന്തരാവകാശമായി ലഭിച്ചതാണ് ഈ ​പാണ്ടികശാല. ​ഗുദാമിലെ താഴത്തെ നിലയിൽ ഒരു കോഫി ഷോപ്പും ആർട്ട് ​ഗ്യാലറിയുമാണ് പ്രവർത്തിക്കുന്നത്. മുകളിൽ ബഷീറിന്റെ തന്നെ 40ഓളം വർഷത്തെ പുരാവസ്തു ശേഖരം മനോഹരമായി വിതാനിച്ചിരിക്കുന്നു.

കടന്നു പോയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ പുരാവസ്തുക്കളുടെ കൂട്ടത്തിൽ ലോകത്തിന്റെ പല ഭാ​ഗത്തു നിന്നുമായി ശേഖരിച്ച വസ്തുക്കളുമുണ്ട്. ഈജിപ്തിൽ നിന്നുള്ള ഫറോവയുടെയും ഫറോവയുടെ ഭാര്യ നെഫ്രീതിയുടെയും ചെറിയ പ്രതിമകൾ, പരവതാനികൾ, മാ​ഗസിനുകൾ, അമൂല്യമായ കല്ലുകൾ, നാണയങ്ങൾ‍, കറൻസികൾ എന്നിവയെല്ലാം സന്ദർശകർക്ക് സൂക്ഷമമായി കണ്ടു മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ നമ്മുടെ നാട്ടിൽ ഉപയോ​ഗിച്ചിരുന്ന പാനീസ് വിളക്കുകൾ, കസേരകൾ, കട്ടിലുകൾ, ​ഗ്രാമഫോൺ തുടങ്ങിയ നിരവധി വസ്തുക്കളും ഇവിടെയുണ്ട്. പഴയ കാലത്തെ ഭരണാധികാരികൾ ഉപയോ​ഗിച്ചിരുന്ന തലപ്പാവുകൾ, വാളുകൾ, സപ്രമഞ്ചക്കട്ടിൽ തുടങ്ങിയവയും ​ഗുദാമിലുണ്ട്.

സപ്രമഞ്ചക്കട്ടിലിന് 300 വർഷത്തെ പഴക്കമുണ്ടെന്ന് ബഷീർ പറയുന്നു. 67 ഔഷധമരങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ കിടന്നാൽ അസുഖങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കരുതുന്നത്. മണ്ണെണ്ണയിൽ പ്രവർത്തിച്ചിരുന്ന ഫാനുകൾ, തൂക്കു വിളക്കുകൾ എന്നിവ വൈദ്യുതീകരിച്ച് ​ഗുദാമിൽ ഉപയോ​ഗിക്കുന്നുമുണ്ട്. തന്റെ മുത്തനമ്മാവനും മുസലിംലീ​ഗ് നേതാവും എം.പിയായിരുന്ന ബി പോക്കർ ഉപയോ​ഗിച്ചിരുന്ന ടൈപ്പ്റൈറ്ററും ബഷീർ സൂക്ഷിച്ചു വച്ചിട്ടുണ്ട്. 18 വർഷത്തോളം ദുബൈയിൽ പൊലീസ് വകുപ്പിൽ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുള്ള ബഷീർ കോഴിക്കോട്ടെ പാലാഴിയിലാണ് താമസം.

പുരാവസ്തുക്കൾ ശേഖരിക്കാനായി ചെറുപ്പത്തിൽ താൻ ​വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമായിരുന്നുവെന്ന് ബഷീർ പറഞ്ഞു. തന്റെ ശേഖരത്തിൽ രണ്ടെണ്ണമുള്ളവ കൈമാറിയാണ് പല അപൂർവ്വ വസ്തുക്കളും സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ശേഖരത്തിലുള്ള പല വസ്തുക്കളോടും തനിക്ക് വൈകാരികമായ അടുപ്പമുണ്ടെന്നും അതിനാൽ തന്നെ ഇവിടെയുള്ള എല്ലാ വസ്തുക്കളും വിൽക്കാനുള്ളതല്ലെന്നും ബഷീർ കൂട്ടിച്ചേർത്തു.

Read More >>