ഇവിടെ പരാജയപ്പെട്ടാൽ ഇനി നിങ്ങളുടെ മുമ്പിൽ വന്ന് യാചിക്കില്ല; അനുഭവം പങ്കുവച്ച് സച്ചിൻ

ന്യൂസിലൻഡിനെതിരായ പോരാട്ടത്തിലാണ് ആദ്യമായി സച്ചിൻ ഓപണറായി ഇറങ്ങിയത്

ഇവിടെ പരാജയപ്പെട്ടാൽ ഇനി നിങ്ങളുടെ മുമ്പിൽ വന്ന് യാചിക്കില്ല; അനുഭവം പങ്കുവച്ച് സച്ചിൻ

മുംബൈ: 24 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ റെക്കോർഡുകൾ തീർക്കുന്നതിന് മുമ്പ് ബാറ്റ് പിടിക്കാൻ യാചിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ.ഇന്ത്യൻ ടീമിന്റെ ഓപണിങ് സ്ഥാനത്തെത്തിയതിനെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സച്ചിൻ ഇക്കാര്യം പറയുന്നത്. ഡി.ബി.എസ് ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ പിയൂഷ് ഗുപ്തയുമായി നടത്തുന്ന ഒരു സംവാദത്തിന്റെ വീഡിയോ ആണ് ഇപ്പോൾ താരം പുറത്തു വിട്ടിരിക്കുന്നത്.

'1994 ലാണ് ആദ്യമായി ഞാൻ ഓപണിങ് സ്ഥാനത്തെത്തുന്നത്. അന്ന് വിക്കറ്റ് കളയാതെ നിൽക്കുക എന്നതായിരുന്നു എല്ലാ ടീമുകളുടേയും പൊതുവേയുള്ള തന്ത്രം. ഞാൻ ബോക്സിന് പുറത്ത് അൽപം മുന്നോട്ടിറങ്ങി ബൗളർമാരെ നേരിടാനാണ് ശ്രമിച്ചത്. ഓപ്പണിങിനായുള്ള ആ അവസരം ഞാൻ ഏറെ യാചിച്ചും അപേക്ഷിച്ചും വാങ്ങിയതാണ്.'-സച്ചിൻ പറഞ്ഞു.

താൻ ഒരു അവസരം ചോദിച്ചു. ഇവിടെ പരാജയപ്പെട്ടാൽ ഒരിക്കലും നിങ്ങളുടെ മുമ്പിൽ വരില്ലെന്ന് വരെ പറഞ്ഞു. ആ കളിയിൽ തനിക്ക് മികച്ച പ്രകടനം കാഴ്ചവക്കാനായി. പിന്നീട് ഓപ്പണിങ് സ്ഥാനത്തിറങ്ങാൻ അവർ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ ഇതു പറയുന്നത് പരാജയങ്ങളിൽ പതറാതെ ധീരമായി മുന്നോട്ടു പോകണം എന്ന സന്ദേശം നൽകാനുദ്ദേശിച്ചാണെന്നും സച്ചിൻ പറഞ്ഞു.

ന്യൂസിലൻഡിനെതിരായ പോരാട്ടത്തിലാണ് ആദ്യമായി സച്ചിൻ ഓപണറായി ഇറങ്ങിയത്. മത്സരത്തിൽ സച്ചിൻ 49 പന്തിൽ നിന്ന് 82 റൺസാണ് എടുത്തത്. ഓക്ക്ലൻഡിൽ നടന്ന മത്സരത്തിൽ സച്ചിനൊപ്പം അജയ് ജഡേജയായിരുന്നു സഹ ഓപണർ. ഇന്ത്യ വിജയിച്ച മത്സരത്തിൽ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു നായകൻ.

Next Story
Read More >>