ഇന്ത്യ വെസ്റ്റിൻഡീസ് ടി20: രണ്ടാം മത്സരം നാളെ, ടീമുകൾ ഇന്നെത്തും

മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ പരമ്പരയിൽ സഞ്ജു സാംസൺ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ ബിജു അറിയിച്ചു.

ഇന്ത്യ വെസ്റ്റിൻഡീസ് ടി20: രണ്ടാം മത്സരം നാളെ, ടീമുകൾ ഇന്നെത്തും

തിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ വൈകിട്ട് 5.45 ഓടെ ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ടീമുകളെ കെ.സി.എ ഒഫീഷ്യൽസും ക്രിക്കറ്റ് ഫാൻസും ചേർന്ന് സ്വീകരിക്കും. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളിൽ ഹോട്ടൽ ലീലയിലേക്ക് പോകും. ഇരു ടീമുകൾക്കും പരിശീലന സെഷനുകൾ ഉണ്ടായിരിക്കുന്നതല്ല.

മത്സരത്തിനായി കാണികൾക്ക് വൈകിട്ട് നാല് മുതൽ പ്രധാന കവാടം വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയൽ കാർഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയൽ കാർഡും പരിശോധനയ്ക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകൾക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകൾ വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തേ പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കും.

സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ലൈറ്റുകൾ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ പരമ്പരയിൽ സഞ്ജു സാംസൺ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർ ബിജു അറിയിച്ചു.

തിരുവനന്തപുരം കലക്ടർ കെ. ഗോപാലകൃഷ്ണൻ സ്റ്റേഡിയം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. മത്സരത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മത്സരത്തിന്റെ സുരക്ഷാ ഗതാഗത ചുമതലയ്ക്കായി സിറ്റി പൊലിസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ 1000 പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിന്റെ 94 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഇന്ന് വൈകിട്ട് വരെ കെ.സി.എ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇൻസൈഡർ, പേടിഎം വെബ്സൈറ്റ് എന്നിവ വഴിയും ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം

ടീം:

ഇന്ത്യ: വീരാട് കൊഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ശ്രേയസ് അയ്യർ, ശിവം ദുബേ, റിഷഭ് പന്ത്, സഞ്ജു സാംസൺ, മനീഷ് പാണ്ഡേ, മൊഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ദീപക് ചാഹർ, യുസ്വേന്ദ്ര ചഹൽ.

വെസ്റ്റിൻഡീസ്: കിറോൺ പൊള്ളാർഡ് (ക്യാപ്റ്റൻ), ഫാബിയൻ അലെൻ, ബ്രൻഡൻ കിങ്, ദേനെഷ് റാംദിൻ, ഷെൽഡൻ കോട്ട്രൽ, എവിൻ ലേവിസ്, ഷെർഫേൻ റുതർഫോർഡ്, ഷിംറോൺ ഹെറ്റ്മെയർ, ജസൺ ഹോൾഡർ, കീമോ പോൾ, നിക്കോളാസ് പുരേൻ, ഖറി പിറേ, ലെൻഡൽ സിമ്മൺസ്, ഹെയ്ഡെൻ വാൾഷ്, കെസ്റിക് വില്യംസ്.

Read More >>