അതിവേ​ഗ പന്തെറിഞ്ഞ് ലങ്കൻ കൗമാര താരം; ഷോയിബ് അക്തറിന്റെ 16 വർഷത്തെ റെക്കോർഡ് പഴങ്കഥയായി

175 കിലോമീറ്റര്‍ (108mph) വേ​ഗമാണ് പതിരാനയുടെ പന്ത് സ്പീഡ് ​ഗണ്ണിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

അതിവേ​ഗ പന്തെറിഞ്ഞ് ലങ്കൻ കൗമാര താരം; ഷോയിബ് അക്തറിന്റെ 16 വർഷത്തെ റെക്കോർഡ് പഴങ്കഥയായി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേ​ഗതയേറിയ പന്തെറിഞ്ഞ് പുത്തൻ റെക്കോർഡിട്ട് ശ്രീലങ്കയുടെ മതീഷ പതിരാന. അണ്ടര്‍ 19 ലോകകപ്പില്‍ ഞായറാഴ്ച ഇന്ത്യക്കെതിരെ ആയിരുന്നു പതിരാന അതിവേഗം പന്തെറിഞ്ഞത്. 175 കിലോമീറ്റര്‍ (108mph) വേ​ഗമാണ് പതിരാനയുടെ പന്ത് സ്പീഡ് ​ഗണ്ണിൽ രേഖപ്പെടുത്തിയിട്ടുള്ളത്. യശസ്വി ജയ്‌സ്വാളിനെതിരെ പതിരാന എറിഞ്ഞ വൈഡ് ബോളായാണ് കലാശിച്ചത്.

ഇതോടെ പാക്സ്താൻ മുൻ താരം ഷോയിബ് അക്തറിന്റെ 16 വർഷത്തെ റെക്കോർഡ് പഴങ്കഥയായി. 2003 ഫെബ്രുവരി 22ന് ഇംഗ്ലണ്ടിനെതിരെ അക്തര്‍ 161.3 കിലോമീറ്റര്‍ (100.23 mph) വേഗതയിലെറിഞ്ഞ പന്താണ് ഇതുവരെ വേ​ഗതയേറിയ പന്തായിരുന്നത്. 2003ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ ഷോണ്‍ ടെയ്റ്റ് 161.1 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്തായിരുന്നു രണ്ടാം സ്ഥാനത്ത്.

2005ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീയും 161.1 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുണ്ട്. ലങ്കയുടെ ബൗളിംഗ് ഇതിഹാസമായ ലസിത് മലിംഗയുടെ അതേ സൈഡ് ആം ആക്ഷനില്‍ പന്തെറിഞ്ഞാണ് പതിരാന ക്രിക്കറ്റില്‍ മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയത്. കോളേജ് ക്രിക്കറ്റിൽ വെറും ഏഴ് റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയതും വാർത്തയായിരുന്നു.

Next Story
Read More >>