ആര്‍ക്കും കൊടിനാട്ടാനാവാതെ സച്ചിനെന്ന കൊടുമുടി

16 വര്‍ഷമായി സച്ചിന്‍ കൊണ്ടുനടന്ന നേട്ടം ആരെങ്കിലും മറിക്കടക്കുമോയെന്ന് സച്ചിന്‍ ആരാധകരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ എല്ലാം പഴയപടിപോലെ തന്നെ തുടര്‍ന്നു

ആര്‍ക്കും കൊടിനാട്ടാനാവാതെ സച്ചിനെന്ന കൊടുമുടി

'ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്'- പാണന്മാര്‍ പാടിപ്പതിഞ്ഞ ഈണങ്ങളിലൊന്നാണിത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കാര്യത്തില്‍ പലപ്പോഴും ഇത് സത്യമാവാറുമുണ്ട്. താരങ്ങള്‍ ദൈവത്തിനൊപ്പമെത്തിയെന്ന് കരുതുന്നിടത്ത് അപ്രതീക്ഷിതമായൊന്നു വീഴും, അല്ലെങ്കില്‍ ഫോം നഷ്ടമാവും. ഒരു പക്ഷേ സച്ചിന്‍ ദൈവമാണോയെന്ന് സംശയിച്ചുപോവുന്നിടത്താണ് പലപ്പോഴും ഇത് അവസാനിക്കാറ്.

ഇത്തരത്തില്‍ സച്ചിന്റെ റൊക്കോഡുകള്‍ക്കൊപ്പമെത്തുമെന്ന് കരുതി വീണുപോയവര്‍ ഏറെയാണ്. ഓസീസ് മുന്‍ക്യാപ്റ്റന്‍ റിക്ക് പോണ്ടിങ് മുതല്‍ രോഹിത്തും വാര്‍ണറും വരെ പട്ടിക നീണ്ടുകിടക്കും. 2019 ലോകകപ്പിലും ഈ വിസ്മയത്തിന് മാറ്റമൊന്നും സംഭവിച്ചില്ല. ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഒരു റെക്കോഡ് ആരെങ്കിലും മറികടക്കുമോ എന്ന ചിന്തയിലായിരുന്നു ക്രിക്കറ്റ് ആരാധകര്‍. 16 വര്‍ഷമായി സച്ചിന്‍ കൊണ്ടുനടന്ന നേട്ടം ആരെങ്കിലും മറിക്കടക്കുമോയെന്ന് സച്ചിന്‍ ആരാധകരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ എല്ലാം പഴയപടിപോലെ തന്നെ തുടര്‍ന്നു. ലോകകപ്പ് പോരാട്ടം ഫൈനലിലെത്തി നില്‍ക്കുമ്പോള്‍ സച്ചിന്റെ റെക്കോഡ് ഭദ്രമാണ്. മറികടക്കാന്‍ സാദ്ധ്യതയുണ്ടായിരുന്ന താരങ്ങളെല്ലാം കളംവിട്ടു.

ഒരു ലോകകപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമെന്ന സച്ചിന്റെ റെക്കോഡിനാണ് നേരത്തെ വെല്ലുവിളി ഉയര്‍ന്നത്. 2003 ലോകകപ്പിലാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 11 കളികളില്‍ നിന്ന് 673 റണ്‍സാണ് സച്ചിന്‍ അന്ന് നേടിയത്. അതിനു ശേഷം നടന്ന ലോകകപ്പുകളിലൊന്നും ആ റൊക്കോഡ് ഭേദിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറുമായിരുന്നു ഈ റെക്കോര്‍ഡ് ഭേദിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, രണ്ടു പേര്‍ക്കും സെമിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. മാത്രമല്ല, ഇന്ത്യയും ഓസ്‌ട്രേലിയയും സെമിഫൈനലില്‍ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.

ഒമ്പത് കളികളില്‍നിന്ന് 648 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. ഡേവിഡ് വാര്‍ണറാകട്ടെ 10 കളികളില്‍ നിന്ന് നേടിയത് 647 റണ്‍സും. നേരിയ വ്യത്യാസത്തിലാണ് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇരുവര്‍ക്കും സാധിക്കാതെ പോയത്.

ന്യൂസീലന്‍ഡുമായുള്ള സെമിയില്‍ 30 റണ്‍സായിരുന്നു സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. കളിയില്‍ സെഞ്ച്വറി നേടിയാല്‍ ലോകകപ്പില്‍ ഏറ്റുവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും മറിക്കടക്കാമായിരുന്നു. എന്നാല്‍ ഒരു റണ്‍സുമായാണ് രോഹിത് കളംവിട്ടത്.

ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി കണ്ടെത്തിയാല്‍ രണ്ടു പേര്‍ക്കും സച്ചിന്റെ റെക്കോഡ് മറികടക്കാമായിരുന്നു. റണ്‍ പട്ടികയില്‍ നാലും അഞ്ചും സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സച്ചിന് വെല്ലുവിളിയാണ്. റൂട്ടിന് 549 റണ്‍സും വില്യംസണ് 548 റണ്‍സുമാണുള്ളത്. സച്ചിന്റെ റൊക്കോഡിനൊപ്പമെത്താന്‍ റൂട്ടിന് 124 റണ്‍സും വില്യംസണ് 125 റണ്‍സുമാണ് വേണ്ടത്.

44 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി സച്ചിനുയര്‍ത്തിയ റണ്‍മലയും മറ്റുതാരങ്ങള്‍ക്ക് കൊടുമുടിയാണ്. ആറ് സെഞ്ച്വറികളടക്കം 2,278 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.

1743 റണ്‍സുമായി റിക്കി പോണ്ടിങ്ങും 1532 റണ്‍സുമായി കുമാര്‍ സംഗക്കാരയുമാണ് സച്ചിന് പിന്നിലുളളത്. ലോകകപ്പ് റണ്‍ വേട്ടയില്‍ ആദ്യ പത്തില്‍ ബംഗ്ലാദേശിന്റെ ഷാക്ക്ബ് അലി ഹസ്സന്‍ മാത്രമേ നിലവില്‍ കളിക്കുന്നുള്ളൂ. 1146 റണ്‍സുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഷാക്കിബ്.

Read More >>