സച്ചിന്‍ ബേബിയെ മാറ്റി; ജലജ് സക്‌സനേ കേരള രഞ്ജി ട്രോഫി ക്യാപ്റ്റന്‍

രഞ്ജി ട്രോഫിയില്‍ കേരളത്തിനെ ആദ്യമായി സെമിഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍ ബേബി.

സച്ചിന്‍ ബേബിയെ മാറ്റി; ജലജ് സക്‌സനേ കേരള രഞ്ജി ട്രോഫി ക്യാപ്റ്റന്‍

കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സച്ചിൻ ബേബിയെ മാറ്റി. ടൂർണമെന്റിലെ തുടർച്ചയായ തോൽവികളുടെ പശ്ചാത്തലത്തിലാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. പുതിയ ക്യാപ്റ്റനായി ജലജ് സക്‌സേനയെ നിയമിച്ചു. സച്ചിന്‍ ബേബിയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സീസണിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ സക്സേനയാവും കേരളത്തെ നയിക്കുക.

ആന്ധ്രാ പ്രദേശിനെതിരായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഈമാസം 27 മുതല്‍ 30 വരെ നടക്കുന്ന മത്സരം കേരളത്തിന് നിര്‍ണായകമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ കേരള ടീമിനൊപ്പം ഇല്ലാതിരുന്ന റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി, പി രാഹുല്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന സഞ്ജു സാംസണ്‍, സന്ദീപ് വാര്യര്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

സിജോമോന്‍ ജോസഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലെത്തിയ കേരളം ഇത്തവണ ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. എന്നാൽ ആദ്യ റൗണ്ടില്‍ പുറത്തായി എലീറ്റ് ഗ്രൂപ്പില്‍ തരംതാഴ്ത്തല്‍ വക്കിലാണ്. തരം താഴ്ത്തലില്‍ നിന്ന് ഒഴിവാകണമെങ്കില്‍ വരുന്ന മത്സരങ്ങളില്‍ കേരളത്തിന് ജയിക്കേണ്ടതുണ്ട്.

അതേസമയം കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരായ പരാജയത്തിനു ശേഷം തോല്‍വിയുടെ ഉത്തരവാദിത്തം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റെടുക്കുന്നതായി സച്ചിന്‍ ബേബി പറഞ്ഞിരുന്നു. രഞ്ജി ട്രോഫിയില്‍ കേരളത്തിനെ ആദ്യമായി സെമിഫൈനലില്‍ എത്തിച്ച ക്യാപ്റ്റനാണ് സച്ചിന്‍ ബേബി. കഴിഞ്ഞ സീസണില്‍ ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു കേരളത്തിന്റെ സെമിഫൈനല്‍ പ്രവേശത്തിന് പ്രധാനപങ്ക് വഹിച്ചത്. എന്നാൽ ഇത്തവണ ബൗളിങ്ങില്‍ മാത്രമാണ് താരം തിളങ്ങിയത്.

Next Story
Read More >>