ധവാന് പകരം മായങ്ക് അഗർവാൾ; ഏകദിന ടീമിൽ സഞ്ജുവില്ല

28കാരനായ മായങ്ക് ഇതിന് മുമ്പ് ഏകദിനത്തിൽ കളിച്ചിട്ടില്ല. ഇതോടെ അവസരം ലഭിച്ചാൽ ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം താരത്തിൻെറ അരങ്ങേറ്റമാകും.

ധവാന് പകരം മായങ്ക് അഗർവാൾ; ഏകദിന ടീമിൽ സഞ്ജുവില്ല

വെസ്റ്റൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരം നറുക്ക് വീണത് കർണാടക താരം മായങ്ക് അ​ഗർവാളിനാണ്. സഞ്ജുവിന് ടീമിൽ ഇടം ലഭിക്കുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ തുടരുന്ന മിന്നുന്ന ഫോമും ടെസ്റ്റിൽ അവസാന അഞ്ച് ഇന്നിംഗ്സിൽ രണ്ട് ഇരട്ട സെഞ്ച്വറിയുമടക്കം അടിച്ചെടുത്തതാണ് മായങ്ക് അഗർവാളിന് തുണയായത്. 28കാരനായ മായങ്ക് ഇതിന് മുമ്പ് ഏകദിനത്തിൽ കളിച്ചിട്ടില്ല. ഇതോടെ അവസരം ലഭിച്ചാൽ ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം താരത്തിൻെറ അരങ്ങേറ്റമാകും. എന്നാൽ ഇതിനുള്ള സാധ്യത കുറവാണ്.

കെഎല്‍ രാഹുല്‍ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. മധ്യനിരയില്‍ മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരെ പരി​ഗണിച്ചതിന് ശേഷമാകും മായങ്കിന് അവസരം നൽകുക. അതേസമയം ധവാന്റെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ബിസിസിഐ മെഡിക്കൽ സംഘം അറിയിച്ചത്. പരിക്ക് കാരണം നേരത്തെ ടി20 പരമ്പരയിൽ നിന്നും ധവാനെ ഒഴിവാക്കിയിരുന്നു.

Read More >>