കളി തോറ്റെങ്കിലും തലയുയര്‍ത്തിപ്പിടിച്ച് ധോണി

കളി കൈവിട്ടെങ്കിലും ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നായി ഇത് അടയാളപ്പെടുത്തുമെന്ന് തീര്‍ച്ച.

കളി തോറ്റെങ്കിലും തലയുയര്‍ത്തിപ്പിടിച്ച് ധോണി

ചെന്നൈാ: 'ആന്ദ്രെ റസ്സല്‍ ഒരു പ്രതിഭാസമാണെങ്കില്‍ മഹേന്ദ്രസിങ് ധോണി ഒരു യാഥാര്‍ത്ഥ്യമാണ്' - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള ധോണിയുടെ തകര്‍പ്പന്‍ ഇന്നിങ്സിന് ശേഷം ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. പ്രതിസന്ധികളില്‍ ഉലയാതെ കളിജയിപ്പിക്കുന്ന ഈ കൂള്‍ ക്യാപ്റ്റനെ ക്രിക്കറ്റ് ലോകം ഒരുപാട് കണ്ടതാണ്. എന്നാല്‍ സ്ഥിതി വ്യത്യസ്തമായിരുന്നു ഇന്നലെ.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 26 റണ്‍സ്. പന്തെറിയുന്നത് മുന്‍ ഇന്ത്യന്‍ താരം ഉമേഷ് യാദവ്. ആദ്യപന്ത് ധോണി അതിര്‍ത്തി കടത്തി. രണ്ടാമത്തെ പന്ത് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളിലൂടെ പുറത്തേക്ക്. ദൂരം 111 മീറ്റര്‍. മൂന്നാം പന്ത് യോര്‍ക്കര്‍. അതും ഗ്യാലറിയില്‍. നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാമത്തെ പന്തില്‍ വീണ്ടും സിക്സര്‍. അവസാന പന്തില്‍ എന്തും സംഭവിക്കാം. ആര്‍.സി.ബി ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുഖത്ത് മ്ലാനത. വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ എന്തോ സ്വകാര്യം പറഞ്ഞു. ഉമേഷ് എറിഞ്ഞത് സ്ലോ ഡെലിവറി. ധോണിക്ക് പന്ത് വായിക്കാനായില്ല. ബീറ്റ് ചെയ്യപ്പെട്ട പന്ത് ധോണിയുടെ കൈകളില്‍. നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നിന്ന് പറന്നെത്തിയ ശര്‍ദ്ദുല്‍ ഠാക്കൂര്‍ മുഴുനീളന്‍ ഡൈവ് ചെയ്തെങ്കിലും സെന്റീമിറ്ററുകളുടെ വ്യത്യാസത്തില്‍ പന്ത് വിക്കറ്റില്‍ കൊണ്ടു. ത്രില്ലറില്‍ ജയം ആര്‍.സി.ബിക്കൊപ്പം. തോല്‍വിയിലും തലയുയര്‍ത്തി 'തലൈവര്‍' മൈതാനം വിട്ടു

ദ ഗ്രേറ്റ് ഫിനിഷര്‍

അസാദ്ധ്യമായത് സാദ്ധ്യമാകുന്നിടത്തു വരെ എത്തിച്ച ധോണിയെ പ്രശംസ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. 48 പന്തില്‍ നിന്ന് ഏഴ് സിക്സര്‍ അടക്കം 84 റണ്‍സാണ് വാരിക്കൂട്ടിയത്. അതില്‍ ഒരു സിക്സര്‍ ഐ.പി.എല്ലില്‍ ഇതുവരെയുണ്ടായ ഏറ്റവും വലുതും! 37-ാം വയസ്സിലും പ്രതിസന്ധിയിലെ ഈ കൂസലില്ലായ്മ ധോണിയ്ക്കുണ്ട്. ഈ വയസ്സുകാലത്ത് ധോണിക്ക് പകരം റിഷഭ് പന്തിനെപോലുള്ള യുവരക്തങ്ങള്‍ക്ക് അവസരം നല്‍കിക്കൂടേ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇന്നലത്തെ ഇന്നിങ്സ്. 28 റണ്‍സിന് നാലു വിക്കറ്റ് വീണ് തകര്‍ന്നു കിടക്കുന്ന വേളയിലാണ് കപ്പിത്താന്‍ ഒറ്റയ്ക്ക് ടീമിനെ കരയ്ക്കടുപ്പിച്ചത്. കളി കൈവിട്ടെങ്കിലും ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നായി ഇത് അടയാളപ്പെടുത്തുമെന്ന് തീര്‍ച്ച. അമ്പാട്ടി റായിഡു (19) മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ചു നിന്നത്.

നേരത്തെ അര്‍ദ്ധ സെഞ്ച്വറി നേടിയ പാത്ഥിവ് പട്ടേലിന്റെ (37 പന്തില്‍ 53) കരുത്തിലാണ് റോയല്‍ ചലഞ്ചേസ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. നായകന്‍ കോഹ്ലി 9 റണ്‍സെടുത്ത് പുറത്തായി. എബി ഡിവില്ലിയേഴ്സ് 25 റണ്‍സെടുത്തപ്പോള്‍ മോയിന്‍ അലി 26ഉം അക്ഷ്ദീപ് നാഥ് 24ഉം റണ്‍സെടുത്തു. ചെന്നൈക്കായി ദീപക് ചഹാര്‍, രവീന്ദ്ര ജദേജ, ഡൈ്വന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റെടുത്തു.

ധോണി, നിങ്ങള്‍ ഫ്രീക്കാണ്!

വൗ, ഈ കളി എന്ത് മനോഹരമാണ് എന്നായിരുന്നു മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ കുറിപ്പ്. ഈ കളിക്ക് തിരക്കഥയെഴുതാന്‍ ധോണിയെ ക്രിക്കറ്റിന് വേണം എന്ന് കളിയെഴുത്തുകാരന്‍ ഹര്‍ഷെ ഭോഗ് ലെ ട്വിറ്ററില്‍ കുറിച്ചു. ഒരു ശ്വാസമെടുക്കട്ടെ, വിസ്മയം ഐ.പി.എല്‍ ക്രിക്കറ്റ് എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം ഗ്രയം സ്മിത്തിന്റെ കുറിപ്പ്. എം.എസ് ധോണി നിങ്ങള്‍ ഫ്രീക്കാണ് എന്നായിരുന്നു ഓസീസ് ക്രിക്കറ്റ് കമന്റേറ്റര്‍ ഡീന്‍ ജോണ്‍സിന്റെ പ്രതികരണം.

Read More >>