കന്നികിരീടം നേടി ഫൈനലില്‍ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും

ഇതാദ്യമായാണ് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്നത്.

കന്നികിരീടം നേടി ഫൈനലില്‍ ന്യൂസീലന്‍ഡും ഇംഗ്ലണ്ടും

ആദ്യ ലോകകപ്പ് കിരീടത്തിനായി ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രവേശം.

ഓസീസ് 223 റണ്‍സെടത്ത് ഓള്‍ഔട്ടായപ്പോള്‍ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. ഇംഗ്ലണ്ടിനായി എട്ട് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ക്രിസ് വോക്സ് ആണ് കളിയിലെ താരം.

ആദ്യ ഇന്നിങ്സില്‍ ഓസീസ് ഓപ്പണര്‍മാര്‍ റണ്‍സ് രണ്ടക്കം തികയ്ക്കാതെ പുറത്തായി. 11 പന്തില്‍ നിന്ന് 9 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ക്രിസ് വോക്സിന്റെ ഓവറില്‍ ജോണി ബെയര്‍സ്റ്റോ പിടിച്ച് പുറത്താക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ച് റണ്ണൊന്നും നേടാതെ പുറത്തായി. ജോഫ്രാ ആര്‍ച്ചറെറിഞ്ഞ ആദ്യ പന്ത് തന്നെ എല്‍.ബി.ഡബ്ല്യു ആയി.

മൂന്നാമതിറിങ്ങിയ സ്റ്റീവ് സ്മിത്ത് തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചപ്പോള്‍ 119 പന്തില്‍ നിന്ന് 85 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ മറ്റു മത്സരങ്ങളില്‍ തിളങ്ങാതിരുന്ന സ്മിത്തിന് പ്രതിസന്ധി ഘട്ടത്തില്‍ ടീമിനു വേണ്ടി കളി പുറത്തെടുക്കാനായി. ജോസ് ബട്ട്ലറുടെ പന്തില്‍ റണ്ണൗട്ടായാണ് സ്മിത്ത് പുറത്തായത്.

സ്മിത്തിനു ശേഷം നാലാമനായി ഇറങ്ങിയ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് 12 പന്തില്‍ നിന്ന് നാലു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു. 46 റണ്‍സെടുത്ത് ആശ്വാസകരമായ കളി പുറത്തെടുത്ത അലക്സ് കാരി ആദില്‍ റാഷിദിന്റെ പന്തില്‍ പുറത്തായി. 70 ബോളില്‍നിന്നാണ് കാരിയുടെ 46 റണ്‍സ്. മാര്‍കസ് സ്റ്റോണിസ് റണ്ണൊന്നുമെടുക്കാതെ റാഷിദിന്റെ ഓവറില്‍ എല്‍.ബി.ഡബ്ല്യുവില്‍ പുറത്തുപോയി. ഗ്ലെന്‍ മാക്സ്വെല്‍ മെച്ചപ്പെട്ട റണ്‍റേറ്റ് കാഴ്ചവച്ചെങ്കിലും 22 റണ്‍സ് നേടി പുറത്തായി. 23 പന്തില്‍ നിന്നാണ് 22 റണ്‍സെടുത്തത്. പുറത്തായത് ആര്‍ച്ചറുടെ പന്തില്‍ ഇയോണ്‍ മോര്‍ഗന്‍ ക്യാച്ച് ചെയ്തപ്പോള്‍. പാറ്റ് കുമ്മിസ് ആറ് റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക് 29 റണ്‍സ് നേടി. അവസാനമിറങ്ങിയ ജേസണ്‍ ബെഹന്ദ്രോഫ് ഒരു റണ്ണും നതാന്‍ ല്യോണ്‍ അഞ്ച് റണ്‍സുമെടുത്തു.

ഇംഗ്ലിഷ് ബൗളിങ് നിരയില്‍ ക്രിസ് വോക്സിനു പുറമേ ജോഫ്രാ ആര്‍ച്ചറും മികച്ച പ്രകടനം കാഴ്ചച്ചു. 10 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി ആര്‍ച്ചര്‍ രണ്ടു വിക്കറ്റെടുത്തു. ആദില്‍ റാഷിദാണ് 10 ഓവര്‍ എറിഞ്ഞ മറ്റൊരു താരം. 54 റണ്‍സ് വഴങ്ങിയ റാഷിദ് മൂന്ന് വിക്കറ്റെടുത്തു. മാര്‍ക് വുഡ് ഒമ്പത് ഓവറില്‍ 45 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ലിയാം പ്ലങ്കറ്റ് എട്ട് ഓവറെറിഞ്ഞ് 44 റണ്‍സ് വഴങ്ങി. ബെന്‍ സ്റ്റോക്സ് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനായി ഓപണര്‍ ജേസണ്‍ റോയ് 65 പന്തില്‍നിന്ന് 85 റണ്‍സ് നേടി. ഒമ്പത് ഫോറും അഞ്ച് സിക്സുമടക്കമാണ് ഇന്നിങ്സ്. ജോണി ബെയര്‍സ്റ്റോ 43 റണ്‍സെടുത്തു. ജോറൂട്ട് പുറത്താവാതെ 49 റണ്‍സും നായകന്‍ ഇയോണ്‍ മോര്‍ഗന്‍ പുറത്താവാകെ 45 റണ്‍സുമെടുത്ത് വിജയലക്ഷ്യം മറികടന്നു. മിച്ചല്‍ സ്റ്റാര്‍കും പാറ്റ് കുമിന്‍സും ഓസീസിനായി വിക്കറ്റുകള്‍ നേടി.

ഇതാദ്യമായാണ് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്നത്. നാലാം തവണയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ ഫൈനല്‍ 1979ല്‍. 286 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസിനോട് 194ന് ഓള്‍ ഔട്ടായ ഇംഗ്ലണ്ട് പരാജയപ്പെട്ടു. 87ല്‍ ഫൈനലില്‍ ഓസീസിനോടും 92ല്‍ പാകിസ്താനോടും പരാജയപ്പെട്ടു. 27 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് വീണ്ടും ഫൈനലിലെത്തുന്നത്.

ന്യൂസീലന്‍ഡിന്റെ രണ്ടാം ഫൈനലാണിത്. 2015ല്‍ ആദ്യ ഫൈനല്‍. ഓസീസിനോട് പരാജയപ്പെട്ടു. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍.

Read More >>