രാഹുല്‍ മുന്നോട്ടുവെക്കുന്നത് അടിസ്ഥാന വരുമാന നിര്‍ണയം

മോദിയുടെ ബി.ജെ.പി ഗവണ്മെന്റിനെ അധികാരത്തിൽനിന്നു നീക്കി ഒരു മതനിരപേക്ഷ ഗവണ്മെന്റിന് മെയ് 23ന്റെ ജനവിധിക്കുശേഷം നേതൃത്വം നൽകുമെന്ന ആത്മവിശ്വാസം കേരള പര്യടനത്തിലാദ്യന്തം രാഹുൽ നിലനിർത്തി. മാർച്ച് 12ന് അഹമ്മദാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ കൂട്ടായ ചർച്ചകളും തീരുമാനങ്ങളും ഉൾക്കൊണ്ട 48കാരനായ രാഹുൽ ഗാന്ധി ഒരു മുതിർന്ന ദേശീയ നേതാവിനെയാണ് ഇത്തവണ സ്വയം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചത്

രാഹുല്‍ മുന്നോട്ടുവെക്കുന്നത് അടിസ്ഥാന വരുമാന നിര്‍ണയം

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുമ്പോഴും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനവും റാലിയും പൊതുതെരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെ നേരിടുമെന്നതിന്റെ ദൃഢനിശ്ചയമാണ് പ്രകടമാക്കിയത്. അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിപ്ലവകരമായ പരിപാടികളാണ് കേരള സന്ദർശനത്തിന്റെ സമാപന ചടങ്ങായ കോഴിക്കോട്ടെ യു.ഡി.എഫ് റാലിയിൽ രാഹുൽഗാന്ധി അവതരിപ്പിച്ചത്.

പെരിയയിൽ സി.പി.എമ്മുകാർ കൊലചെയ്ത കൃപേഷിന്റെയും ശരത്തിന്റെയും മാതാപിതാക്കളെ രാഹുൽ ഗാന്ധി സമാശ്വസിപ്പിക്കുന്നു.

റഫാൽ അഴിമതി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ് അദ്ധ്യക്ഷൻ ആരോപണങ്ങളുടെ ശരശയ്യയിൽ കിടത്തി. അതേസമയം അക്രമം നടത്തി അധികാരം നിലനിർത്താൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാറിനെ നയിക്കുന്ന സി.പി.എമ്മിന് ശക്തമായ താക്കീതും നൽകി. കോൺഗ്രസ്സിനും യു.ഡി.എഫിനാകെയും പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായി വ്യാഴാഴ്ച തൃശൂരിൽ തുടങ്ങി കാസർകോട് പെരിയ സന്ദർശിച്ച് കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയിൽ പങ്കെടുത്തുമടങ്ങിയ കോൺഗ്രസ് അദ്ധ്യക്ഷന്റെ സംസ്ഥാനത്തെ പരിപാടി.

മോദിയുടെ ബി.ജെ.പി ഗവണ്മെന്റിനെ അധികാരത്തിൽനിന്നു നീക്കി ഒരു മതനിരപേക്ഷ ഗവണ്മെന്റിന് മെയ് 23ന്റെ ജനവിധിക്കുശേഷം നേതൃത്വം നൽകുമെന്ന ആത്മവിശ്വാസം കേരള പര്യടനത്തിലാദ്യന്തം രാഹുൽ നിലനിർത്തി. മാർച്ച് 12ന് അഹമ്മദാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ കൂട്ടായ ചർച്ചകളും തീരുമാനങ്ങളും ഉൾക്കൊണ്ട 48കാരനായ രാഹുൽ ഗാന്ധി ഒരു മുതിർന്ന ദേശീയ നേതാവിനെയാണ് ഇത്തവണ സ്വയം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിച്ചത്. വിപ്ലവകരമായ ചില പരിപാടികൾ കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നു എന്ന ആമുഖത്തോടെയാണ് രാജ്യത്തെ ഓരോ പൗരനും അടിസ്ഥാന വരുമാനം ഉറപ്പാക്കുമെന്ന വെളിപ്പെടുത്തൽ. ദേശീയ തൊഴിലുറപ്പു പദ്ധതി യു.പി.എ ഗവണ്മെന്റ് ഉറപ്പാക്കിയതുപോലെ രാജ്യത്തെ അടിസ്ഥാന വരുമാനരേഖ നിർണയിക്കും. ആ നിശ്ചിത വരുമാനം ഉറപ്പാക്കാൻ സർക്കാർ അടിസ്ഥാനവേതനം പണമായി അവരുടെ അക്കൗണ്ടുകളിൽ എത്തിക്കും. ഇന്ത്യയിൽ ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കാൻ അടിസ്ഥാനപരമായ പ്രായോഗിക നടപടിയായി കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രിക ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന സൂചന രാഹുൽ നൽകി.

വികസനത്തിന്റെ നട്ടെല്ലാണ് സ്ത്രീകളെന്ന് ഓർമ്മിപ്പിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ അധികാരത്തിൽ വന്നാൽ പാർലമെന്റിലും നിയമസഭകളിലും ദേശീയ സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് മൂന്നിൽരണ്ട് ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ബജറ്റിന്റെ ആറ് ശതമാനം വിദ്യാഭ്യാസ ചെലവുകൾക്കു നീക്കിവെക്കും. മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാറിൽ പ്രത്യേക മന്ത്രാലയം, നീതിയുടെ നാടായ കേരളത്തിൽ ഇരട്ടക്കൊലപാതകത്തിനിരയായ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കൽ, ചികിത്സ ചെലവുകൾ ഏറ്റെടുക്കുന്ന സർക്കാർ പദ്ധതി – രാഹുൽ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ വാരിവിതറുകയായിരുന്നില്ല. ബി.ജെ.പി കോട്ടകളായിരുന്ന രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാർഷിക കടങ്ങൾ എഴുതിതള്ളിയതുപോലെ ഈ തീരുമാനങ്ങൾ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജ്യത്താകെ നടപ്പാക്കുമെന്ന് ഉറപ്പു നൽകുന്നതായാണ് തോന്നിപ്പിച്ചത്.

പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ചത് രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കൃഷിക്കാർക്ക് പ്രതിമാസം 500 രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകാനാണ്. ഇത് രണ്ടുകോടിയിലേറെ കൃഷിക്കാർക്ക് ആശ്വാസമാകുമെന്നാണ് മോദി അവകാശപ്പെടുന്നത്. കേരളത്തിലടക്കം ദേശീയതലത്തിൽ കോൺഗ്രസ് കടുത്ത സംഘടനാ – രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടയ്ക്കായിരുന്നു രാഹുലിന്റെ കേരളസന്ദർശനം. അതിനിടയ്ക്കാണ് പാർട്ടിയുടെ ദേശീയ വക്താവും മലയാളിയുമായ ടോം വടക്കനെപ്പോലൊരാൾ ബി.ജെ.പി ആസ്ഥാനത്ത് പൂക്കുടയുമായി അമിത് ഷായെ ചെന്നുകണ്ട് ബി.ജെ.പിയിൽ അംഗത്വം നേടിയത്. യു.ഡി.എഫിലെ കേരളാ കോൺഗ്രസ് മാണി വിഭാഗം പിളരുന്നതും ആ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസ്സിന്റെ ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നൽകണമെന്ന ഒത്തുതീർപ്പ് നീക്കങ്ങൾ ഉണ്ടായതും. അതൊന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അസ്വസ്ഥനാക്കിയില്ല. പാർട്ടിയുടെ സീറ്റുകൾ മറ്റാർക്കും വിട്ടുവീഴ്ച ചെയ്തുകൂടെന്ന് സംസ്ഥാന നേതൃത്വത്തിന് കർശ്ശന നിർദ്ദേശം നൽകുകയാണ് രാഹുൽ ചെയ്തത്. പ്രബലമായ ഇടതുമുന്നണി ഒരുവശത്തും ആർ.എസ്.എസ് – ബി.ജെ.പി മറുവശത്തും നിലനിൽക്കുന്ന സംസ്ഥാനത്ത് പാർട്ടിക്ക് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാവണം. പ്രധാനമന്ത്രി മോദിയേയും ആർ.എസ്.എസിനെയും പരാജയപ്പെടുത്താൻ എന്തു ത്യാഗവും വലുതല്ലെന്ന പ്രവർത്തകസമിതി പ്രമേയമാണ് കോൺഗ്രസ് അദ്ധ്യക്ഷനെ നയിക്കുന്ന വികാരമെന്ന് അണികൾക്കും പ്രവർത്തകർക്കും ബോദ്ധ്യപ്പെട്ടിരിക്കണം.

വിചിത്രമായ രാഷ്ട്രീയ കാഴ്ചകളാണ് തെരഞ്ഞെടുപ്പിൽ ഇത്തവണ കേരളം കാണുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ രക്തസാക്ഷികളുടെ ഓർമ്മകൾ പുതുക്കി ജനമനസ്സുകൾ ഇളക്കി പിന്തുണനേടിയവരായിരുന്നു മുമ്പൊക്കെ കമ്മ്യൂണിസ്റ്റു പാർട്ടികൾ. ഇത്തവണ മറിച്ചാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളിൽ ചെല്ലാനോ ആശ്വസിപ്പിക്കാനോ അവരില്ല. കൊലയാളികളുടെ വീടുകളിലാണ് ആശ്വാസവും പിന്തുണയുമായി കേന്ദ്ര,സംസ്ഥാന,ജില്ലാ നേതാക്കൾ കയറിയിറങ്ങുന്നത്. രാഷ്ട്രീയ കൊലയാളികളെ സർക്കാർ സംരക്ഷിക്കുന്നു എന്ന മുറവിളിയാണ് സി.പി.എം പ്രതികളായിട്ടുള്ള സംഭവങ്ങളിൽ നാടാകെ ഉയരുന്നത്. കേരളത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷനെ രക്ഷകനെന്ന നിലയിൽ കൊല്ലപ്പെട്ടവരുടെ കുടുംബക്കാർ പ്രതീക്ഷയോടെ സമീപിക്കുന്ന പുതിയ അനുഭവമാണ് ഉണ്ടായത്.

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബം കണ്ണൂർ വിമാനത്താവളത്തിൽ കാത്തുനിന്നാണ് രാഹുൽ ഗാന്ധിയെ കണ്ടത്. സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും തങ്ങൾക്ക് നീതി കിട്ടില്ലെന്ന ആശങ്കയും സങ്കടവും അതു ലഭ്യമാക്കണമെന്ന അപേക്ഷയുമായാണവർ എത്തിയത്. അവർക്ക് ആശ്വാസവും ഉറപ്പും കോൺഗ്രസ് അദ്ധ്യക്ഷൻ നൽകി. അവിടെനിന്നു പോയത് ഒരുമാസം മുമ്പ് രണ്ടു യുവ കോൺഗ്രസുകാരെ സി.പി.എംകാർ ആസൂത്രിതമായി കൊലപ്പെടുത്തിയ കാസർകോട്ടെ പെരിയയിലേക്കാണ്. അവിടെ കല്ല്യാട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ ഒറ്റമുറി കൂരയിലേക്ക് അദ്ദേഹം കടന്നുചെന്നു. അവനൊപ്പം സംസ്‌ക്കരിച്ച ജോഷിയെന്ന് നാട്ടുകാർ വിളിക്കുന്ന ശരത്‌ലാലിന്റെ വീട്ടിലേക്കും. ആ നാടാകെ കണ്ണീരും വേദനയുമായി രാഹുലിനെ കാത്ത് അവിടെ തിങ്ങിക്കൂടിയിരുന്നു.

കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ നേതാക്കൾ രക്തസാക്ഷി കുടുംബങ്ങളെ സമാശ്വസിപ്പിക്കാൻ മുമ്പ് കേരളത്തിൽ എത്തിയിരുന്നതുപോലെ സാന്ത്വനത്തിന്റെ മനുഷ്യരൂപമായി രാഹുൽഗാന്ധി എത്തി. അവരുടെ കണ്ണീരും തേങ്ങലും കണ്ട് കണ്ണുനിറഞ്ഞ ആ യുവനേതാവ് അമ്മമാരെയും സഹോദരിമാരെയും സമാശ്വസിപ്പിച്ചും കൊല്ലപ്പെട്ടവരുടെ അച്ഛന്മാരെ കെട്ടിപ്പിടിച്ചും സാന്ത്വനം പകർന്നു. നഷ്ടപ്പെട്ട മകനായി തന്നെ കാണാനും കുടുംബത്തിനൊപ്പം പാർട്ടിയുണ്ടാകുമെന്നും ഉറപ്പുനൽകി.

ആർ.എസ്.എസ് – ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ അക്രമത്തിന്റെ പ്രത്യയശാസ്ത്രമാണ് നടപ്പാക്കുന്നത്. പക്ഷെ ദുർബലന്റെ ആയുധമാണ് അക്രമം. ഹിംസയെ അഹിംസകൊണ്ട് നേരിടുന്ന സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരെ ഓർത്ത് അഭിമാനിക്കുന്നു എന്ന് രാഹുൽ പറഞ്ഞു. പാടത്തെ പണിക്ക് വരമ്പത്തുകൂലി എന്ന് ഭരണത്തിലിരുന്നു പറയുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയത്തെ മാന്യമായും സഹനത്തിന്റെ സംസ്‌ക്കാരം കൈവിടാതെയുമാണ് രാഹുൽ വിമർശിച്ചത്. അതേസമയം മോദിയെ വസ്തുതകളും തെളിവുകളും എണ്ണിയെണ്ണി പറഞ്ഞ് അതിരൂക്ഷമായാണ് വിമർശിച്ചത്. ജനാധിപത്യ സ്ഥാപനങ്ങൾ ഓരോന്നായി തകർത്തതും സുപ്രിം കോടതിയെപോലും മറികടക്കുന്നതും രാഹുൽ വിശദീകരിച്ചു. കഴിഞ്ഞ 45 വർഷക്കാലത്തിനിടയ്ക്കുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് മോദി ഭരണത്തിൽ നേരിട്ടത്. ഏതാനും ശതകോടീശ്വരന്മാർക്കാണ് പൊതുഖജനാവിലെ പണമത്രയും മോദി നൽകിയത്. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മോദിക്കും അംബാനിക്കും അഴിയെണ്ണേണ്ടിവരുമെന്നും രാഹുൽ മുന്നറിയിപ്പു നൽകി.

രാഷ്ട്രീയമായും ആശയപരമായും മോദിയേയും ബി.ജെ.പിയേയും സംഘ് പരിവാറിനെയും എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പിൽ വിമർശിക്കേണ്ടത് എന്നതിന്റെ ഗൃഹപാഠം സി.പി.എമ്മിന് നൽകുന്നതായിരുന്നു രാഹുലിന്റെ കോഴിക്കോട്ടെ പ്രസംഗം.

Read More >>