വറ്റിവരണ്ട ഡാമുകൾ കുറയുന്ന ഭൂഗർഭ ജല നിരപ്പ്

കേരളത്തിൽ പെയ്തിറങ്ങുന്ന മഴയിൽ വലിയ കുറവു വന്നിട്ടില്ല. എന്നാൽ ജലക്ഷാമം രൂക്ഷമായി എന്നു കാണാം. മഴക്കാലം കഴിഞ്ഞാൽ നദികൾ വറ്റിവരളുന്ന അവസ്ഥ ശക്തമായി. അതിനുള്ള പരിഹാരം ഡാമുകളുടെ എണ്ണം വർദ്ധിപ്പിക്കലാണ് എന്നതരത്തിലാണ് നമ്മുടെ ഉദ്യോഗസ്ഥരും നേതാക്കളും ചിന്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ പുതിയ ഡാമുകൾ നിർമ്മിക്കാതിരിക്കുകയും പഴയവ തുറന്നു വിടുകയും പൊട്ടിച്ചു കളയുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ത്യയും ചൈനയും ഒക്കെ ഡാം നിർമ്മാണത്തിൽ മുഴുകി മുന്നോട്ടു പോകുന്നത്.

വറ്റിവരണ്ട ഡാമുകൾ കുറയുന്ന ഭൂഗർഭ ജല നിരപ്പ്

ഇ.പി അനിൽ

ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് ഡാമുകൾ എന്ന് നമ്മുടെ ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു 1954 ൽ ലോകത്തോടു പറയുമ്പോൾ,അമേരിക്കയും റഷ്യയും സമാന നിലപാടുകൾ ഉയർത്തി ഏറെ മുന്നേറുന്നതിൽ വിജയിച്ച രാജ്യങ്ങൾ ആയിരുന്നു. ഡാമുകൾക്കൊപ്പം നദികളെ തമ്മിൽ ബന്ധിപ്പിക്കുവാൻ സോവിയറ്റ് യുണിയൻ നടത്തിയ ഇടപെടലുകളെ മാതൃകയാക്കി ചൈനയും സമാനരീതികൾ പിന്തുടർന്നു. കൃഷിയെയും വ്യവസായത്തെയും രക്ഷിക്കുവാൻ ഡാമുകളുടെ എണ്ണം കൂട്ടികൊണ്ട് കൃഷിയിടങ്ങളെയും വ്യവസായങ്ങളേയും പരിപോഷിപ്പിച്ചു. ആ കാലത്ത് നദികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തം തിരിച്ചറിയുവാൻ ശാസ്ത്രലോകവും നേതാക്കളും പരാജയപ്പെട്ടു. പിൽകാലത്ത് യൂറോപ്പിലും അമേരിക്കയിലും ശക്തമായ പരിസ്ഥിതി അവബോധം ദൂരവ്യാപകമായ ചലനങ്ങൾ ഉണ്ടാക്കി. സോഷ്യലിസ്റ്റ് ചേരി വിഷയത്തോട് മുഖംതിരിച്ചു. അതിന്റെ ഭാഗമായി സോവിയറ്റ് യൂണിയൻ ലോകത്തെ ഏറ്റവും അധികം മാലിന്യം ഉൽപാദിപ്പിച്ചു തള്ളുന്ന രാജ്യമായി തീർന്നു. ലോകത്തെ എണ്ണം പറഞ്ഞ ആരാൽ തടാകം വറ്റി വരണ്ട്, സമീപ പ്രദേശങ്ങൾ മരുഭൂമിയായി മാറിയ ശേഷം മാത്രമാണ് ദുരന്തത്തെ സോവിയറ്റ് അധികാരികൾ പരിഗണിക്കുവാൻ തയ്യാറായത്. അമേരിക്കയിൽ ഉയർന്നുവന്ന പരിസ്ഥിതി അവബോധം ഡാമുകളുടെ നിർമ്മാണം കുറക്കുവാനും പിന്നീട് പൊളിച്ചു കളയുവാനും അവസരം ഒരുക്കി.

സ്റ്റോക്ക് ഹോം സമ്മേളനത്തിൽ പങ്കെടുത്ത ലോക നേതാക്കളിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു. കൺവൻഷൻ നിർദ്ദേശങ്ങൾ നടപ്പിൽ കൊണ്ടുവരുവാനായി ഭരണഘടനാ ഭേദഗതികൾ ഉണ്ടാക്കിയ ലോകത്തെ ആദ്യത്തെ ഭരണാധികാരിയായിരുന്നു ഇന്ദിര. 42ആം ഭരണഘടന ഭേദഗതിയിലൂടെ (48എ വകുപ്പ്)പരിസ്ഥിതി സംരക്ഷണം വ്യക്തിയുടെ ചുമതലയാണെന്ന് ഉറപ്പിക്കുന്നുണ്ട്.എന്നാൽ പിൽകാല സർക്കാരുകൾ നിലപാടുകളെ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുവാൻ മടിച്ചു.

ലോകത്തെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏറ്റവും പ്രധാനപ്പെട്ട 10 പ്രദേശങ്ങളിൽ ഒന്നായി പരിഗണിക്കുന്ന പശ്ചിമഘട്ടത്തിന്റെ നിർണായക ഭാഗങ്ങൾ കേരളത്തിന്റെ അതിർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ഉണ്ടായ കാടുകളുടെ നശീകരണത്തിൽ കേരളത്തിന്റെ സംഭാവന 62% ആണെന്ന് രേഖപ്പെടുത്തുമ്പോൾ നമ്മുടെ നാട് മറ്റാരേക്കാളും നിരുത്തരവാദപരമായാണ് പെരുമാറിയത് എന്നു കാണാം. അതുവഴി സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിൽ മാറ്റം ഉണ്ടായതിൽ സഹ്യപർവ്വതത്തിന്റെ പരിസ്ഥിതിക്ക് സംഭവിച്ച ശോഷണത്തിന് പ്രധാന പങ്കുണ്ട്.

കാടുകൾ നശിച്ചതും ചരിഞ്ഞ പ്രതലങ്ങളിലെ മണ്ണൊലിപ്പ് വർദ്ധിക്കുവാൻ സാഹചര്യങ്ങൾ കൂടിയതും വേഗത്തിൽ വെള്ളം ഒഴുകി ഇറങ്ങുവാൻ അവസരം ഒരുക്കി.ഏകവിള തോട്ടങ്ങൾ മറ്റൊരു ഭീഷണിയായിരുന്നു. നദികളുടെ സ്വാഭാവത്തെ മാറ്റിമറിച്ച ഇടപെടലുകൾ ഭൂമിയുടെ ഉള്ളറകളിലേക്ക് ജലം ഒഴുകി ഇറങ്ങുവാൻ തടസ്സങ്ങൾ ഉണ്ടാക്കി. ഇത് മഴവെള്ളം വേഗത്തിൽ ഒഴുകി കടലിൽ എത്തുന്ന അവസ്ഥ സൃഷ്ടിച്ചു. കഴിഞ്ഞ നാളുകളിൽ മൂടിയ നെൽപാടങ്ങൾ( 7 ലക്ഷം ഹെക്റ്റർ) ഭൂഗർഭ ജലം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. ഒരു ഹെക്റ്റർ പാടത്തിന് 8 ലക്ഷം ലിറ്റർ മുതൽ 30 ലക്ഷം ലിറ്റർ വെച്ച് (ഹെക്റ്ററിന്) ഭൂമിയുടെ ഉള്ളറകളിൽ എത്തിക്കുവാൻ കഴിയും. ഇത്തരം അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ ഏറ്റവും കുറഞ്ഞത് 8 ലക്ഷം ഗുണം 8 ലക്ഷം ലിറ്റർ വെള്ളം നാടിനു നഷ്ടപെട്ടു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ പണിതിട്ടുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് (2354) രാജ്യത്തെ ഏറ്റവും കൂടുതൽ ജലക്ഷാമം ഉണ്ടായതും. അത് കഴിഞ്ഞാൽ മദ്ധ്യപ്രദേശിൽ (906) അവിടെയും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിൽ 80 ലധികം ഡാമുകൾ ഉണ്ട്. നിലവിലുള്ള ഡാമുകൾ ഒക്കെ ഡീ കമ്മിഷൻ ചെയ്യണം എന്ന വാദം പ്രായോഗികമല്ല.എന്നാൽ ഡാമുകളുടെ എണ്ണം കൂട്ടൽ വെള്ളം സുലഭമായി കിട്ടുവാനുള്ള ഉത്തമ മാർഗ്ഗമായി കരുതുന്നത് അശാസ്ത്രീയമാണ്.

കേരളത്തിൽ പെയ്തിറങ്ങുന്ന മഴയിൽ വലിയ കുറവു വന്നിട്ടില്ല. എന്നാൽ ജലക്ഷാമം രൂക്ഷമായി എന്നു കാണാം. മഴക്കാലം കഴിഞ്ഞാൽ നദികൾ വറ്റിവരളുന്ന അവസ്ഥ ശക്തമായി. അതിനുള്ള പരിഹാരം ഡാമുകളുടെ എണ്ണം വർദ്ധിപ്പിക്കലാണ് എന്നതരത്തിലാണ് നമ്മുടെ ഉദ്യോഗസ്ഥരും നേതാക്കളും ചിന്തിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ പുതിയ ഡാമുകൾ നിർമ്മിക്കാതിരിക്കുകയും പഴയവ തുറന്നു വിടുകയും പൊട്ടിച്ചു കളയുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ത്യയും ചൈനയും ഒക്കെ ഡാം നിർമ്മാണത്തിൽ മുഴുകി മുന്നോട്ടു പോകുന്നത്.

അമേരിക്ക അധികം ഡാമുകൾ പൊളിച്ചു കളഞ്ഞത് അവ പ്രദേശത്തിന് വരുത്തി വെച്ച വ്യത്യസ്ത ദുരന്തങ്ങളെ പരിഗണിച്ചായിരുന്നു. ഈ അവസരത്തിൽ ഡാമുകൾ ഉണ്ടാക്കിയ പാരിസ്ഥിതിക തിരിച്ചടികളെ അംഗീകരിക്കുവാൻ നമ്മുടെ ഭരണകൂട സംവിധാനം മടിക്കുന്നു. ഡാമുകൾ നിർമ്മിക്കുമ്പോൾ തന്നെ നദിയെ 20% എങ്കിലും ഒഴുകുവാൻ അനുവദിക്കണം എന്നിരിക്കെ ഇത്തരം നിബന്ധനകൾ നാടിനു ബാധകമല്ല എന്ന തരത്തിൽ ആസൂത്രകർ സംസാരിക്കുന്നു, ഡാമുകളുടെ സുരക്ഷ ദേശീയമായി പരിശോധിക്കുന്ന സമിതിയുടെ നിർദ്ദേശങ്ങളെ വേണ്ട വിധം അംഗീകരിക്കുവാൻ കേരളം ജാഗ്രത കാട്ടിയില്ല. മുല്ലപെരിയാർ പോലെ പഴക്കം ചെന്ന ഡാമുകളെ പറ്റി വേവലാതിപ്പെടുമ്പോഴും ഡാമുകൾ ഏതൊക്കെ തരത്തിലുള്ള സമ്മിശ്ര അനുഭവമാണ് നൽകിയിട്ടുള്ളത് എന്ന് പരിശോധിക്കുവാൻ ശ്രമിക്കാതെ, ചാലക്കുടി പുഴയിൽ പുതിയ ഡാം നിർമ്മിക്കുന്നതിനെ പറ്റി വിവരിക്കുന്നുണ്ട്.

സംസ്ഥാനത്തെ പെയ്തിറങ്ങുന്ന വെള്ളത്തിൽ നാമമാത്രമായ കുറവേ ഉണ്ടായിട്ടുള്ളൂ എങ്കിലും ഭൂഅറകളിൽ എത്തേണ്ട വെള്ളത്തിന്റെ അളവിൽ സംഭവിച്ച ശോഷണം വരൾച്ചയെ രൂക്ഷമാക്കി.അതിനുള്ള പരിഹാരം സർക്കാർ കൂടുതൽ ഡാമുകളും തണയിടകളും ഉണ്ടാക്കുകയാണ് എന്ന വാദം പരിസ്ഥിതിക്ക് ഇണങ്ങുന്നതല്ല. കാടുകൾ വെട്ടി നശിപ്പിച്ചതോടെ മണ്ണൊലിപ്പ് വർദ്ധിച്ച അവസ്ഥ, ശൂന്യമായ മലകളിൽ നിന്നും വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കൂടിയത് ഡാമുകളുടെ സംഭരണ ശേഷി കുറച്ചു. കുന്നിൻ മുകളിൽ ഖനനത്തിലൂടെ ഉണ്ടായ വലിയ കുഴികളും മറ്റും ഒരേ സമയം നീരൊഴുക്കിന് തടസ്സം ഉണ്ടാക്കി. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ വളരെയധികം വർദ്ധിച്ചു. ഈ കാരണങ്ങളാൽ ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞു. ഡാമുകളുടെ സേവനക്ഷമതക്ക് തിരിച്ചടി നേരിട്ടു. ഈ പശ്ചാത്തലത്തിലാണ് യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളിൽ ഡാമുകൾ ഒഴിവാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

സീസണൽ മഴ കുറയുകയും പെയ്യുന്ന മഴയുടെ സ്വഭാവത്തിൽ മാറ്റം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിനൊപ്പം നദികളുടെ സ്വാഭാവികമായ ഒഴുക്ക് കടലിൽ വരെ എത്തിച്ചേരാത്ത സാഹചര്യങ്ങൾ ജീവികൾക്കും മാറ്റും ഉണ്ടാക്കുന്ന പ്രതിസന്ധികൾ ഇപ്പോൾ മനുഷ്യരേയും ബാധിച്ചു തുടങ്ങി. വറ്റിവരണ്ട ഡാമുകളെ സാക്ഷിയാക്കി ഇനിയും ഡാമുകൾ ആകാം എന്ന് പറയുവാൻ മടിക്കാത്തവർ വൈദ്യുതി ഊർജ്ജത്തിന്റെപുതിയ വഴികൾ തേടാതെ, കൃഷിയിൽ കുറഞ്ഞ വെള്ളം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്താതെ, ഒരു നൂറ്റാണ്ട് മുമ്പ് ശരി എന്ന് കരുതി വന്ന ഡാം നിർമ്മാണങ്ങളെ ഇന്നും പുകഴ്ത്തുന്നു. ഇത്തരക്കാർ നമ്മുടെ നാട്ടിലെ ഭരണകർത്താക്കളും അവരുടെ ഉപദേശകരും ആയി തുടരുന്ന അവസ്ഥ ദയനീയമാണ്.

Read More >>