നയംമാറ്റം ആരെങ്കിലും അറിയുന്നുണ്ടോ?

ഗഡ്കരി നിർദ്ദേശിച്ച വികസനനയംമാറ്റം ദേശീയപാതയിൽ ഒതുങ്ങുന്നതല്ല. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ തന്റെ ലോക്സഭാ മണ്ഡലമായ നാഗ്പൂരിൽ പെഞ്ച് നദിയിലെ ടോട്‌ലഡോക് റിസർവോയറിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതിനെ തുടർന്ന് കേന്ദ്ര ജനവിഭവ മന്ത്രാലയ ഫണ്ടിൽനിന്ന് ആയിരംകോടി രൂപയാണ് ഗഡ്കരി സംസ്ഥാനത്തിന് അനുവദിക്കാൻ നിർദ്ദേശിച്ചത്. കേരള മുഖ്യമന്ത്രിയും സംഘവും ഗഡ്കരിയുടെ ഈ വികസന രാഷ്ട്രീയം മനസ്സിലാക്കിയതായി തോന്നുന്നില്ല

നയംമാറ്റം ആരെങ്കിലും  അറിയുന്നുണ്ടോ?

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

മുഖ്യമന്ത്രി പിണറായിയുടെയും ഇടതുപക്ഷ - ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെയും വികസന മനോഭാവവും സമീപനവും ഇത്രപെട്ടെന്ന് മാറിയോ? കേരളത്തിന്റെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സർക്കാറും കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച അടിയന്തര നടപടികളും തിരുത്തലുകളും അതാണ് വെളിപ്പെടുത്തുന്നത്.

കേന്ദ്ര സഹായത്തിന്റെ ഭാഗമായി കേരളത്തിൽ 45 മീറ്റർ വീതിയിൽ പൂർത്തിയാക്കേണ്ട 600 കിലോമീറ്റർ ദേശീയപാതാ വികസനച്ചെലവിലേക്ക് 6000 കോടിരൂപ സംസ്ഥാനം വഹിക്കാമെന്നാണ് കേരള സർക്കാർ ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. ഇതിനായി പ്രധാന വകുപ്പുകളുടെ പദ്ധതി വിഹിതത്തിൽനിന്ന് 20 ശതമാനം തുക വെട്ടിക്കുറയ്ക്കാനും സമ്മതിച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക ഫണ്ടിൽനിന്ന് 1000 കോടിരൂപയും ദേശീയപാതാ ഫണ്ടിലേക്ക് നീക്കിവെക്കും.

കേന്ദ്ര പദ്ധതിക്കുവേണ്ടി സംസ്ഥാനം സ്വന്തം പദ്ധതി വെട്ടിക്കുറയ്ക്കുന്നു എന്നാണ് ഇതിനർത്ഥം. കേരളത്തിന്റെ വാർഷിക പദ്ധതിയും ബജറ്റും വെട്ടിച്ചുരുക്കേണ്ടി വന്നിരിക്കുന്നു. ജി.എസ്.ടി വരുമാനത്തിൽനിന്ന് 3000 കോടി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുന്നു. കേരള പുനർനിർമ്മാണത്തിനെന്നു പറഞ്ഞ് കിഫ്ബി മുഖേനയും മസാലബോണ്ട് മുഖേനയും ശേഖരിക്കുന്ന തുകയിൽ നിന്നും പോരാത്ത വിഹിതം നൽകാനാണ് തീരുമാനം. ദേശീയപാതാ വികസനത്തിന്റെ പേരിൽ ഫെഡറൽ ബന്ധങ്ങളെ തകർത്ത് സംസ്ഥാന വരുമാന വിഹിതം കൂടി കേന്ദ്രം കവർന്നെടുക്കുന്നു. സംസ്ഥാനത്ത് കേന്ദ്രസഹായത്തോടെ പദ്ധതി നടപ്പാക്കണമെങ്കിൽ അതിന്റെ നാലിലൊന്ന് കേരളം വഹിക്കണമെന്ന പുതിയ വ്യവസ്ഥ ഇടതു-ജനാധിപത്യമുന്നണി ഗവണ്മെന്റ് നിശ്ശബ്ദം അംഗീകരിക്കുകയാണ്.

കേന്ദ്രം പൂർത്തിയാക്കേണ്ട 600 കിലോമീറ്റർ ദേശീയപാതാ വികസനത്തിന്റെ മൊത്തം ചെലവ് 44,000 കോടിയെന്നാണ് കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പു ഘട്ടത്തിൽ കഴിഞ്ഞവർഷം ഇത് മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണിതെന്നും ജനങ്ങളെ അണിനിരത്തി തിരുത്തിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ പ്രഖ്യാപിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് തിരക്കുകഴിഞ്ഞ് വിശ്രമിക്കാനെന്ന പേരിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും കുടുംബവും ഒരാഴ്ച കേരളത്തിലുണ്ടായിരുന്നു. സ്വകാര്യ സന്ദർശനത്തിനെത്തിയ ഗഡ്കരി ജൂൺ 11ന് കുടുംബസമേതം കേരളനിയമസഭയിലെത്തി. സ്പീക്കറുടെ ചേംബറിൽ സ്പീക്കറും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സന്ദർശക ഗ്യാലറിയിൽ വിശിഷ്ടാതിഥിയായി സഭാ നടപടികൾ വീക്ഷിക്കുകയും ചെയ്തു. തന്റെ 'സുഹൃത്തായി കരുതുന്ന' മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കുടുംബസമേതം ഉച്ചഭക്ഷണവും കഴിച്ചു.

പിറ്റേന്ന് ഒരു പ്രമുഖ മലയാളപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ചൈനയും റഷ്യയും വികസന നയങ്ങൾ മാറ്റിയിട്ടും കേരളം അതു മാറ്റാത്തതാണ് പ്രശ്നമെന്ന് ഗഡ്കരി പറഞ്ഞു. 'പുതിയ നിക്ഷേപങ്ങൾ വന്നാലേ മൂലധനം ഉണ്ടാകൂ. മൂലധനം ഉണ്ടായാലേ പദ്ധതികൾ വരൂ. പദ്ധതികൾ വന്നാലേ തൊഴിലവസരം ഉണ്ടാകൂ. അതുണ്ടായാലേ പട്ടിണി മാറ്റാനാകൂ.' ഗഡ്കരി കേരളം സ്വീകരിക്കേണ്ട മോദി ഗവണ്മെന്റിന്റെ വികസനനയം വിശദീകരിച്ചു. ഭക്ഷണവും തൊഴിലും സൃഷ്ടിക്കുന്ന കൃഷിക്കും തൊഴിൽ പദ്ധതികൾക്കും മുൻഗണനയില്ലാത്ത മൂലധന വളർച്ചയിൽ മാത്രം ഊന്നുന്ന പുതിയ നിക്ഷേപം കൊണ്ടുവരണമെന്നാണ് ഗഡ്കരിയുടെ ഉപദേശം. മനുഷ്യന് മുൻഗണനയില്ലാത്ത, വൻകിടക്കാർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയുള്ള വികസനനയം.

കേരളത്തിലെ ഭൂമിവിലയും ഇന്ധനച്ചെലവും പരിഗണിച്ച് ആകാശപാതയും കടൽവിമാനവും ആകാശബസും മറ്റും ആരംഭിക്കാൻ വൈകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിലോമീറ്ററിന് 350 കോടി ചെലവുവരുന്ന മെട്രോയ്ക്കു പകരം 50 കോടി രൂപ ചെലവു വരുന്ന ആകാശബസ് തുടങ്ങാൻ ബസ് നിർമ്മാണ കമ്പനി എം.ഡിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് സംസാരിക്കണമെന്നുകൂടി അദ്ദേഹം ശുപാർശചെയ്തു. മുഖ്യമന്ത്രി തന്റെ സുഹൃത്താണെന്നും മുൻഗണനാ പട്ടികയിൽനിന്ന് കേരളത്തെ ഒഴിവാക്കിയത് ഉദ്യോഗസ്ഥരുടെ തെറ്റാണെന്നും താനത് തിരുത്തിയിട്ടുണ്ടെന്നും അറിയിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തോട് വിവേചനമില്ലെന്നും വ്യക്തമാക്കി.

'കേരളത്തിന്റെ വികസന മനോഭാവം മാറണം. മുഖ്യമന്ത്രി നല്ല സുഹൃത്താണ്. നല്ല പദ്ധതി കൊണ്ടുവരൂ. എല്ലാ പിന്തുണയും ഉണ്ടാകും. പണവും തരാം.' ഇങ്ങനെ പറഞ്ഞാണ് ഗഡ്കരി ഡൽഹിക്കു മടങ്ങിയത്.

മൂന്നുദിവസം കഴിഞ്ഞ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉദ്യോഗസ്ഥവൃന്ദവും ഡൽഹിയിൽ ഗഡ്കരിയെ സന്ദർശിച്ചു. സംസ്ഥാന വിഹിതമില്ലാതെ കഴിഞ്ഞ അഞ്ചു വർഷക്കാല ഭരണത്തിൽ ഇന്ത്യയിൽ 17 ലക്ഷം കിലോമീറ്റർ ദേശീയപാത വിവിധ സംസ്ഥാനങ്ങളിലൂടെ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് 600 കിലോമീറ്റർ മാത്രംവരുന്ന കേരളത്തിന്റെ പാതാ വികസനം.

ഇതിന്റെ മൊത്തം ചെലവായി കണക്കാക്കിയ 44,000 കോടിയിൽ 24,000 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിവരും. അതുകൊണ്ട് അതിന്റെ നാലിലൊന്നായ 6000 കോടി സംസ്ഥാനം വഹിക്കണമെന്നാണ് ഡൽഹി യോഗത്തിൽ ഗഡ്കരി നിർദ്ദേശിച്ചത്. ദേശീയ പാതയോരത്തെ താമസക്കാർക്ക് പ്രത്യേക വികസനനികുതി ചുമത്തണമെന്നതടക്കമുള്ള ജനദ്രോഹവ്യവസ്ഥകളും വേറെയുണ്ട്. സംസ്ഥാനത്ത് തിരിച്ചെത്തിയശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുകയായിരുന്നു. അതാണിപ്പോൾ നടപ്പാക്കാമെന്ന് കേരള സർക്കാർ കേന്ദ്രത്തെ അറിയിച്ചത്.

പിണറായി സർക്കാർ ഭരണത്തിന്റെ നാലാം വർഷത്തേക്ക് കടന്നുകഴിഞ്ഞു. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനമൊരുക്കുന്നതിൽ മുഖ്യമായത് ദേശീയപാതാ വികസനമാണ്. അതിന്റെ സ്ഥലമെടുപ്പുപോലും പൂർത്തിയായിട്ടില്ല. ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളിൽനിന്നു പലമടങ്ങ് കൂടുതലായ ഇവിടെ ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെയും സർക്കാറിന് നേരിടേണ്ടതുണ്ട്. ഇടതുപക്ഷ സർക്കാർ നേരിടുന്ന ഈ രാഷ്ട്രീയ പ്രതിസന്ധി മുതലെടുക്കുകയാണ് ബി.ജെ.പിയുടെ മുൻ അദ്ധ്യക്ഷൻകൂടിയായ ഗഡ്കരി യഥാർത്ഥത്തിൽ ചെയ്തത്. ഈ ഗവണ്മെന്റിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്ക് ദേശീയപാതാ നിർമ്മാണം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ കേന്ദ്ര നിർദ്ദേശം വള്ളിപുള്ളി വിടാതെ അനുസരിക്കണം.

ഡൽഹി യോഗത്തിന്റെ നിർദ്ദേശാനുസരണം വിശദ പദ്ധതിരേഖകൾ തയാറാക്കാനും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനും അതിനു വേണ്ട പണം വിതരണം ചെയ്യാനും വിവിധ ജില്ലാ കളക്ടർമാരെയും ദേശീയപാതാ വിഭാഗത്തെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ഗഡ്കരി നിർദ്ദേശിച്ച വികസനനയംമാറ്റം ദേശീയപാതയിൽ ഒതുങ്ങുന്നതല്ല. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ തന്റെ ലോക്സഭാ മണ്ഡലമായ നാഗ്പൂരിൽ പെഞ്ച് നദിയിലെ ടോട്ലഡോക് റിസർവോയറിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതിനെ തുടർന്ന് കേന്ദ്ര ജനവിഭവ മന്ത്രാലയ ഫണ്ടിൽനിന്ന് ആയിരംകോടി രൂപയാണ് ഗഡ്കരി സംസ്ഥാനത്തിന് അനുവദിക്കാൻ നിർദ്ദേശിച്ചത്. കേരള മുഖ്യമന്ത്രിയും സംഘവും ഗഡ്കരിയുടെ ഈ വികസന രാഷ്ട്രീയം മനസ്സിലാക്കിയതായി തോന്നുന്നില്ല. കിഫ്ബി, മസാലബോണ്ട് തുടങ്ങിയവയിലൂടെ നിക്ഷേപം കൊണ്ടുവന്ന് കേരളത്തിന്റെ വികസനം ഉറപ്പാക്കുമെന്നു പറയുന്നതിന്റെ യഥാർത്ഥരൂപം ഇതിലൂടെ കേരളത്തിനു പ്രായോഗികമായി മനസ്സിലാകാൻ പോകുന്നു.

കേന്ദ്ര നികുതി വരുമാനത്തിന്റെ 50 ശതമാനവും, ഈടാക്കുന്ന സർച്ചാർജിന്റെ വിഹിതവും കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകണമെന്നും സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികളുടെ ഫണ്ട് പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് കൈമാറണമെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ആവശ്യപ്പെട്ട പാർട്ടിയാണ് സി.പി.എം. സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കുവേണ്ടി കേന്ദ്രവുമായി പോരാടിപ്പോന്ന പാർട്ടി. ഗഡ്കരി പറഞ്ഞതുപോലെ കേരളത്തിലിപ്പോൾ അതിന്റെ വികസനനയം കൊട്ടും കുരവയുമൊന്നും ഇല്ലാതെ അതിവേഗം തിരുത്തിക്കൊണ്ടിരിക്കുന്നു. എൽ.ഡി.എഫിലെ ഘടകകക്ഷികളായ സി.പി.എം - സി.പി.ഐ അടക്കമുള്ള പാർട്ടികളുടെ നേതൃത്വം ഇത് അറിയുന്നുണ്ടോ ആവോ!

കടപ്പാട്: വള്ളിക്കുന്ന് ഓൺലെൻ

Read More >>