' ദി സമ്പൂര്‍ണ്ണ കൊടകരപുരാണം '

വീട് കൊടകരേല്, ജോലി ജബലലീലു, ഡെയിലി പോയിവരും! എന്നതായിരുന്നു , 2005 ല്‍ കൊടകര പുരാണം എന്ന ബ്ലോഗ് തുടങ്ങുന്ന കാലത്ത് അതിന്റെ ടാഗ് ലൈന്‍ . ബ്ലോഗില്‍ നിന്ന് അച്ചടി മഷി പുരണ്ട ആദ്യപുസ്തകങ്ങളില്‍ ഒന്നായിരുന്നു കൊടകരപുരാണം. 2005 ല്‍ നിന്ന് 2019 ല്‍ പുരാണത്തിന്റെ സമ്പൂര്‍ണ്ണ പതിപ്പിലേക്ക് എത്തിയപ്പോള്‍, ബ്ലോഗിന്റെ ടാഗും മാറിയിട്ടുണ്ട്. വീട് കൊടകരേല്, കുടി ഫുജൈറേല്., ഡെയിലി പോയിവരും! എന്നാണത് മാറിയിരിക്കുന്നത്. എഴുത്തുകാരനായ സജീവ് എടത്താടന്റെ ജോലി യു.എ.ഇ യിലെ ജബല്‍ അലിയില്‍ നിന്ന് ഫുജൈറയിലേക്ക് മാറിയതാണു ടാഗ് മാറ്റത്തിന്റെ കാരണം.

പടം : ദീപു പ്രദീപ്പടം : ദീപു പ്രദീപ്

ദുബായ് : ബ്ലോഗ് മലയാളത്തിന്റെ തുടക്ക കാലത്ത് ആഗോള മലയാളികളെ കുടുകുടാ ചിരിപ്പിച്ച കൊടകര പുരാണത്തിന്റെ സമ്പൂര്‍ണ്ണ സമാഹാരം ദി സമ്പൂര്‍ണ്ണ കൊടകര പുരാണം പുസ്തക വിപണിയില്‍ .

പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറക്കിയത് കറന്റ് ബുക്സായിരുന്നു. രണ്ടാം പതിപ്പ് എഴുത്തുകാരന്‍ വിശാലമനസ്ക്കന്‍ എന്ന സജീവ് എടത്താടന്‍ സ്വന്തം നിലയ്ക്കാണു പ്രസിദ്ധീകരിച്ചത്. മൂന്നാം പതിപ്പ് ഡി.സി ബുക്സ് പുറത്തിറക്കിയപ്പോള്‍, സമ്പൂര്‍ണ്ണ സമാഹാരമായ നാലാം പതിപ്പ് കഥാകാരന്‍ തന്നെ ചെയ്യുന്നു. ആമസോണില്‍ ഉള്‍പ്പടെയുള്ള പ്രധാന ഓണ്‍ലൈന്‍ പുസ്തകച്ചന്തകളിലും കോപ്പികള്‍ ലഭിക്കുമെന്ന്,സജീവ് എടത്താടന്‍ തത്സമയത്തോട് പറഞ്ഞു.

വിശാലമനസ്ക്കന്‍ എന്ന സജീവ് എടത്താടന്‍ വിശാലമനസ്ക്കന്‍ എന്ന സജീവ് എടത്താടന്‍

വീട് കൊടകരേല്, ജോലി ജബലലീലു, ഡെയിലി പോയിവരും! എന്നതായിരുന്നു , 2005 ല്‍ കൊടകര പുരാണം എന്ന ബ്ലോഗ് തുടങ്ങുന്ന കാലത്ത് അതിന്റെ ടാഗ് ലൈന്‍ . ബ്ലോഗില്‍ നിന്ന് അച്ചടി മഷി പുരണ്ട ആദ്യപുസ്തകങ്ങളില്‍ ഒന്നായിരുന്നു കൊടകരപുരാണം. 2005 ല്‍ നിന്ന് 2019 ല്‍ പുരാണത്തിന്റെ സമ്പൂര്‍ണ്ണ പതിപ്പിലേക്ക് എത്തിയപ്പോള്‍, ബ്ലോഗിന്റെ ടാഗും മാറിയിട്ടുണ്ട്. വീട് കൊടകരേല്, കുടി ഫുജൈറേല്., ഡെയിലി പോയിവരും! എന്നാണത് മാറിയിരിക്കുന്നത്. എഴുത്തുകാരനായ സജീവ് എടത്താടന്റെ ജോലി യു.എ.ഇ യിലെ ജബല്‍ അലിയില്‍ നിന്ന് ഫുജൈറയിലേക്ക് മാറിയതാണു ടാഗ് മാറ്റത്തിന്റെ കാരണം.


രണ്ടാമതായി ഇറങ്ങിയ സമ്പൂര്‍ണ്ണ പതിപ്പിനു നിരവധി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, കെ.വി മണികണ്ഠന്‍, ആദ്യകാല ബ്ലോഗര്‍ കലേഷ് തുടങ്ങിയവരാണു കഥാകാരനും പുസ്തകത്തിനും ആശംസകള്‍ നേര്‍ന്നിട്ടുള്ളത് .

കൊടകര പുരാണം ബ്ലോഗില്‍ 2006ല്‍ പ്രസിദ്ധീക്യതമായ ഒരു രചന .

ഉര്‍വ്വശീ ശാപം

അന്ന് ചിന്താമണിക്ക്‌ പ്രായം പതിനേഴിനും പതിനെട്ടിനും ഇടക്കാണ്‌. എനിക്ക്‌ ഇരുപത്തൊന്ന്!

ചിന്താമണി ലക്ഷം വീട്‌ കോളനിയില്‍ താമസിക്കുന്ന കാളിക്കുട്ടി ചേടത്തിക്ക്‌ സിലോണ്‍ സുബ്രേട്ടന്‍ ഡെഡിക്കേറ്റ്‌ ചെയ്ത്‌ വെഡിങ്ങ്‌ ഗിഫ്റ്റായിരുന്നു.

വിവാഹം കഴിഞ്ഞ്‌ കഷ്ടി ആറുമാസം പോലും തികയുന്നതിന്‌ മുന്‍പേ സുബ്രേട്ടന്‍ 'നെന്മാറ വെല്ലങ്കി വേല' കാണാനെന്നുപറഞ്ഞ്‌ വഴിയമ്പലത്തുള്ള ആശാന്റെ പെട്ടിക്കടയില്‍ നിന്ന് ഒരു പൊതി വെള്ളക്കാജായും ഒരു ഷിപ്പ്‌ തീപ്പെട്ടിയും വാങ്ങി പോയതാണ്‌. പിന്നെ മടങ്ങി വന്നില്ല.

'വേലയും കണ്ട്‌ വിളക്കും കണ്ട്‌ കടല്‍ തിര കണ്ട്‌ കപ്പല്‍ കണ്ട്‌' ആ കപ്പലില്‍ കയറി സിലോണിലേക്കോ മറ്റോ വെള്ളക്കാജായും വലിച്ച്‌ ഒറ്റപ്പോക്ക്‌ പോവുകയായിരുന്നു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടാണ്‌ പിന്നെ നാട്ടില്‍ കിട്ടുന്നത്‌.

റിലീസാവാന്‍ പോകുന്ന തന്റെ കുഞ്ഞിനെ ഒരു നോക്ക്‌ കാണാന്‍ പോലും നില്‍ക്കാതെയായിരുന്നു സുബ്രേട്ടന്‍ സ്കൂട്ടായത്‌. ദുഷ്ടന്‍.

പിന്നീട്‌, അഞ്ചാറ്‌ കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതോ ഒരു തെലുങ്കത്തിയേയും വാഴക്കണ്ണ്‍ പരുവത്തിലുള്ള ഒരു ജോഡി കുട്ടികളേയും കൊണ്ട്‌ യാതൊരു ഉളുപ്പുമില്ലാതെ തിരിച്ചുവന്നുവെന്നും,

ആ വരവ്‌ കണ്ട്‌ കണ്ട്രോള്‍ പോയ കാ.കു. ചേടത്തി വയലന്റായി അടുപ്പില്‍ നിന്നും കനലെരിയുന്ന ഒരു വിറകും കൊള്ളിയെടുത്തു 'പുകഞ്ഞ കൊള്ളി പുറത്ത്ന്നാടാ പ്രമാണം, ഈ ഡേഷിനെ ഇന്ന് ഞാന്‍ കൊല്ലും' എന്നലറി സുബ്രേട്ടന്റെ പുറത്ത്‌ കുത്താനോടിച്ചെന്നെന്നും സുബ്രേട്ടന്‍ കനാല്‌ വട്ടം ചാടിയോടിയെന്നും അന്നേരം കനാലില്‍ നീന്തിയിരുന്ന പെണ്‍താറാവുകള്‍ എന്തോ ഭീകര ദൃശ്യം കണ്ടപോലെ തല വെള്ളത്തില്‍ താഴ്ത്തി എന്നുമൊക്കെയാണ്‌ പറഞ്ഞു കേട്ട കഥകള്‍.

ഹവ്വെവര്‍, അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ ചേടത്തി ചിന്താമണിയെ ഓമനിച്ച്‌ വളര്‍ത്തി. പ്രസവിച്ചപ്പോഴേ തന്റെ മോള്‍ പെണ്ണാണെന്നും മോള്‍ക്ക്‌ കല്യാണപ്രായമാകുമ്പോള്‍ കെട്ടിച്ചുവിടേണ്ടിവരുമെന്നും തിരിച്ചറിഞ്ഞ ചേടത്തി കേരളത്തിലെ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് മാതൃകയായി, നാനാവിധ കുറികള്‍ ചേര്‍ന്നു. ഓരോ പൂവ്‌ കൃഷിപ്പണികഴിയുമ്പോഴും കാല്‍പണത്തൂക്കമെങ്കില്‍ കാല്‍പണത്തൂക്കം സ്വര്‍ണ്ണം വാങ്ങി സ്വരൂപിച്ചു.

അമ്മയെ നെല്ലുപണിക്ക്‌ സഹായിക്കാന്‍ കൂടെ പോകുന്ന ചിന്താമണി, അവിടത്തെ ചേച്ചിമാരുടെ തലയിലെ പേന്‍ നോക്കിയും ഈര്‌ കൊല്ലി വച്ച്‌ ഈരിനെ എടുത്തും ഗോസിപ്പുകള്‍ അപ്ഡേറ്റ്‌ ചെയ്തും കമ്പ്ലീറ്റ്‌ ചേച്ചിമാരെയും കയ്യിലെടുത്തു. അങ്ങിനെയങ്ങിനെ കുമാരി. ചിന്താമണി, കരക്കും കരക്കാര്‍ക്കും പ്രിയപ്പെട്ടവളായി. ലോകത്തുള്ള എല്ലാവരോടും സ്‌നേഹവും ബഹുമാനവും ഉള്ള ഒരു ഓപ്പണ്‍ ഹൃദയകുമാരി.

ആക്വ്ചലി, ചിന്താമണിക്ക്‌ മേയ്ക്കപ്പ്‌ കുറച്ച്‌ ആര്‍ഭാടമാണെങ്കിലും, കാഴ്ചക്ക്‌ വീനസ്‌ വില്യംസ്‌ വാഴക്കൂമ്പ്‌ കളര്‍ ദാവിണിയുടുത്ത്‌ റോള്‍ഡ്‌ ഗോള്‍ഡിന്റെ ഇളക്കത്താലി ഇട്ടു വരുന്നതുപോെലെയൊരു ലുക്കായിരുന്നെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവമായിരുന്നു എന്നതില്‍ എനിക്കും എതിരഭിപ്രായമില്ല.

അച്ഛനില്ലതെ വളരുന്ന കുട്ടി, തികഞ്ഞ ആരോഗ്യവതിയായ കാ.കു.ചേടത്തിയുടെ മകള്‍, എന്നിങ്ങനെയുള്ള ചില പരിഗണയുടെ പുറത്ത്‌ ചിന്താമണിയോട്‌ എന്നും ഒരു സഹോദരീ സ്‌നേഹം മാത്രമേ തോന്നിയിട്ടുമുള്ളൂ.

ചിന്താമണിക്ക്‌ തിരിച്ചും എന്നോട്‌ അങ്ങിനെയൊക്കെ തന്നെയായിരുന്നുവെന്നാണ്‌ ഞാനും കരുതിയിരുന്നത്‌. ആറാട്ടു പുഴ പൂരത്തിന്റന്നു വരെ!

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന, ഞങ്ങളുടെ മൂന്നു പറ നിലത്തില്‍ ജോലിക്കുവരുന്ന ഒരു പണിക്കാരിയുടെ മകള്‍ക്ക്‌ കോടിക്കണക്കായ ഭൂസ്വത്തുക്കളുള്ള ഒരു മുതലാളിയുടെ മകന്‍ വകയില്‍ സ്വാഭാവികമായും ഒരു 'കൊച്ചുമുതലാളി' ആയതുകൊണ്ട്‌, ചിന്താമണിയുടെ ബഹുമാനം കണ്ട്‌ പരിഭ്രികിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഞാനാദ്യം കരുതിയത്‌.

പക്ഷെ, അവള്‍ക്കെന്നോടുള്ള സ്‌നേഹവും ബഹുമാനവും ചെമ്മീനിലെ കൊച്ചുമുതലാളിയായ പരീക്കുട്ടിയോട് കറുത്തമ്മക്കുണ്ടായ പോലെയൊരു സ്‌നേഹമാണെന്ന് എനിക്കൂഹിക്കാന്‍ പോലും കഴിഞ്ഞില്ല.

ഒരു കൊല്ലം ആറാട്ടുപുഴ പൂരത്തിന്റന്ന് രാത്രി, കട്ടന്‍ കാപ്പി കുടിക്കാന്‍ വച്ചിരുന്ന അഞ്ചുരൂപ കൊടുത്ത് കൈ നോക്കി പറഞ്ഞ കാക്കാലത്തിയാണ്‌ ഞെട്ടിക്കുന്ന ആ സത്യത്തിന്റെ ഇന്റിക്കേഷന്‍ എനിക്ക് തന്നത്.

"ഏതോ ഒരു പെണ്ണ്‍ ഭയങ്കരമായി നിങ്ങളെ നിങ്ങലറിയാതെ പ്രേമിക്കുന്നുണ്ട്‌"

കൂടുതല്‍ ക്ലൂവിന്‌ വേണ്ടി രണ്ടുരൂപ കൂടെ കൊടുത്തപ്പോള്‍ പാതിരാത്രിക്കും നാലും കൂട്ടി മുറുക്കിയിരുന്ന ആ കാക്കലത്തി സുന്ദരി,

"നിങ്ങളുടെ വീട്ടില്‍ ഇടക്കിടെ വരുന്നവള്‍, എല്ലാവരുടെയും കണ്ണിലുണ്ണീ" എന്ന് ക്ലൂ തരുകയും "നിങ്ങള്‍ തമ്മില്‍ മംഗലത്തിനും സാധ്യത കയ്യില്‍ കാണുന്നുണ്ട്‌" എന്നും കൂടെ സൂചിപ്പിക്കുകയും ചെയ്തു.

ഈശ്വരാ!!!!

കാക്കാലത്തി ചേച്ചി ഉദ്ദേശിച്ച ആള്‍ കാളിക്കുട്ട്യേടത്തിയുടെ മോളായ ചിന്താ മണിയാണെന്ന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

അപ്പോള്‍, അവള്‍ 'തത്തമ്മ പച്ച കളര്‍ ഷര്‍ട്ടും ഓറഞ്ച്‌ കളര്‍ പാന്റും വെള്ളബെല്‍റ്റും' ചേര്‍ന്ന കോമ്പിനേഷന്‍ ചേട്ടന്‌ നല്ല ചേര്‍ച്ചയായിരിക്കും' എന്ന് കൂടെക്കൂടെ പറയുന്നത്‌ ചുമ്മാതല്ല!

സമൂഹവിവാഹത്തിന്‌ സ്റ്റേജില്‍ വധൂവരന്മാര്‍ നില്‍ക്കുന്നപോലെ ആനകള്‍ നിരന്ന് നില്‍ക്കുന്ന ആറാട്ടുപുഴ പൂരത്തിന്റെ കൂട്ടിയെഴുന്നുള്ളിപ്പിനിടേ, ആനകളെ ശ്രദ്ധിക്കാതെ ഞാന്‍ നിന്നു.

ഒരു രാത്രി മുഴുവനും ഉറക്കമൊഴിച്ചിട്ടും പൂരത്തിന്റെ പിറ്റേന്ന് രാത്രി എനിക്ക്‌ മര്യാദക്കുറങ്ങാന്‍ പറ്റിയില്ല. പലവിധ ചിന്തകളാല്‍ ഞാന്‍ തിരുഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കമൊന്ന് പിടിച്ചുവന്നപ്പോള്‍‍ ഞാന്‍ കണ്ട സ്വപ്നം മുഴുവന്‍ കാണാന്‍ മനക്കട്ടിയില്ലാതെ ഞാന്‍ ചാടിയെണീറ്റു ചുറ്റിനും നോക്കി.

'എന്തുറക്കമാ ഇത്. എണീക്കെന്നേയ്' എന്ന് പറഞ്ഞെന്നെ കുലുക്കിയെണീപ്പിക്കുന്ന, ഒരു കയ്യില്‍ ബെഡ്‌ കോഫിയുമായി മഞ്ഞയില്‍ ചുവപ്പ് പുള്ളികളുള്ള നൈറ്റിയിട്ട്‌ നില്‍ക്കുന്ന ചിന്താമണിയെന്ന മിസ്സിസ്‌. ഞാന്‍'

എന്തു ചെയ്യും? ആരോട്‌ പറയും?

കൂട്ടുകാരോടാരോടെങ്കിലും ഈ കേസിനെ പറ്റി പറഞ്ഞാല്‍ പുന്നകൈ മന്നനില്‍ കമലഹാസന്‍ അതിരപ്പിള്ളീ വെള്ളച്ചാട്ടത്തിന്റെ മോളീന്ന് താഴോട്ട്‌ ചാടിയ പോലെയായിരിക്കും അവസ്ഥ.

ഞാന്‍ മനസ്സമാധാനമില്ലാതെ നടന്നു. രാത്രി കണ്ണടച്ചാല്‍, ചിന്താമണി നൈറ്റിയിട്ട്‌ ബെഡ്‌ കോഫിയുമായി വന്നു വിളിച്ചുണര്‍ത്തി. പകലും സമാധാനമില്ല, രാത്രിയുമില്ല.

ഞാന്‍ എരുമയെ കറക്കുമ്പോഴും നാളികേരം പൊളിക്കുമ്പോഴും തുറുവിടുമ്പോഴും വിറക്‌ വെട്ടുമ്പോഴും എന്നെ ആരാധനയോടെ നോക്കുന്ന ചിന്താമണിയെ ഞാന്‍ കണ്ടു.

മാരണം പാരയായല്ലോ എന്നോര്‍ത്ത്‌ യാതോരുവിധ മനസമധാനമില്ലാതെ നടക്കുന്ന കാലത്ത് ഒരു മഹാസംഭവം നടന്നു. കൂത്തുപറമ്പ്‌ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ കേരള ബന്ദായിരുന്നന്ന്.

ബന്ദനുകൂലികള്‍ക്ക്‌ പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌, കൊടകരയില്‍ ഒരു കൊച്ചുസ്റ്റാന്റില്‍ കുറേ ചെപ്പുകള്‍ നിരത്തി വച്ച്‌ മുറുക്കാന്‍ വില്‍ക്കുന്ന കൃഷ്ണേട്ടന്‍ തൊട്ട്‌ പന്തല്ലൂക്കാരന്‍ സില്‍ക്സ്‌ വരെ 'എന്തിനാ കട തല്ലിപ്പൊളിച്ച്‌ കളയിക്കണേ?' എന്നോര്‍ത്ത്‌ അടച്ചിട്ടു.

വീട്ടിലിരുന്നാല്‍ വൈക്കോല്‍ ഉണക്കാന്‍ പറയുമെന്ന് പേടിച്ച്‌ സ്കൂള്‍ ഗ്രൌണ്ടിലേക്ക്‌ പോവുകയായിരുന്നു ഞാന്‍. സൈക്കിളിന്റെ പിറകില്‍ സ്റ്റമ്പുകളും ബാറ്റുമൊക്കെ വച്ച്‌.

പോകും വഴി, വൈക്കോലുണക്കി ചിന്താമണി നില്‍ക്കുന്നു. കൂടെ കാ.കു. ചേച്ചിയും കാര്‍ത്ത്യേച്ചിയുമുണ്ട്‌.

അവരെ കണ്ടപ്പോള്‍ സൈക്കിളില്‍ ഒരു കാല്‍ കുത്തി ഞാന്‍ വെറുതെ എന്തോ പറയാന്‍ നില്‍ക്കുമ്പോഴായിരുന്നു അതുവഴി രണ്ട്‌ വണ്ടി പോലീസ്‌ പോയത്‌.

പോലീസാവാന്‍ അപേക്ഷ അയച്ചത്‌ വൈകീപ്പോയെന്ന കാരണത്തില്‍ പിന്തള്ളിയതില്‍ പിന്നെ പോലീസിനെ കണ്ടാല്‍ ഞാനെന്നും ഒരു നഷ്ടബോധത്തോടെ നോക്കും. 'എനിക്ക് പിറക്കാതെ പോയ ഉണ്ണിയല്ലേ നീ' എന്ന വടക്കന്‍ വീരഗാഥാ ഡൈലോഗ് ഓര്‍ത്തുകൊണ്ട് അമ്മാതിരിയൊരു ഭാവേനെ പോലീസുകാരെ നോക്കി എന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളൂ..

"എന്താടാ..എന്താടാ.. " എന്ന് ചോദിച്ച്‌ ചില പോലീസുകാര്‍ വണ്ടിയില്‍ ഇരുന്നെന്നെ ചീത്തവിളിച്ചതും "പോടേയ്‌ പോടേയ്‌" എന്ന റോളില്‍ ഞാന്‍ നോക്കിയതും വണ്ടി നിറുത്തി മൂന്ന് പോലീസുകാര്‍ ലാത്തിയും പൊക്കിപിടിച്ച് ഓടിവന്നതും അധികം സമയത്തിന്റെ ഗ്യാപ്പൊന്നുമില്ലാതായിരുന്നു.

സംഗതി കൈവിട്ടൂ എന്ന് മനസ്സിലായ ഞാന്‍, പോകേണ്ട ദിശക്കെതിര്‍ വശത്തേക്ക് സൈക്കിള്‍ തിരിച്ചതും സൈക്കിളിന്റെ പിറകിലെ മങ്കാടില്‍ 'പടേ' എന്നൊരു ശബ്ദം കേട്ടതും അത്‌ പേപ്പട്ടിയുടെ വാല്‍ പോലെയായതും ഞാനറിഞ്ഞു.

"വയ്ക്കോലിന്‌ മുകളിലൂടെ സൈക്കിള്‍ സ്പീഡില്‍ ചവിട്ടാന്‍ പറ്റില്ല എന്നാരാ പറഞ്ഞേ?? "

അങ്ങിനെയൊരു അടി അടിച്ച്‌ എന്നെ ഒന്നു പേടിപ്പിച്ച് അവര്‍ പോയെങ്കിലും, പിന്നാലെ അവരുണ്ട്‌ എന്ന തോന്നലില്‍‍ ഞാന്‍ ഒരു കിലോമീറ്ററോളം വയ്കോലിട്ട റോഡിലൂടെ തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യമില്ലാതെ പേടിച്ച്‌ നിന്നു ചവിട്ടി.

ആ ഒറ്റ ദിവസത്തെ സൈക്കിള്‍ ചവിട്ടില്‍; ഒരു കൊല്ലത്തോളം വെയ്റ്റ് തോളില്‍ വച്ച് ഇരുന്നെണീറ്റിറ്റും വരാത്ത തരം മസില്‍ കാലില്‍ വരുകയും പാദം തൊട്ട് ഹൌസിങ്ങ് വരെയുള്ള മൊത്തം പേശികളും വലിഞ്ഞ് മുറുകിയ ഞാന്‍, പതുക്കെ പതുക്കെ "ങേ..ഹേ.. ങേ..ഹേ.. " എന്ന് ശ്വസമെടുത്ത് തിരിച്ചുവരുമ്പോള്‍ വായ് പൊത്തി ചിരിക്കുന്ന ചിന്താമണി ഏന്റ് പാര്‍ട്ടിയെ കണ്ട്‌ സ്പീച്ച്‌ ലെസ്സായി നിന്നു.

കൂത്തുപറമ്പില്‍ വെടിവെപ്പ്‌ നടന്നതിന്റെ പേരില്‍ ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോയ പാവം എന്നെ യാതോരു കാര്യവുമില്ലാതെ തല്ലാന്‍ ഓടിച്ചത്‌ കേരള പോലീസിന്റെ പൈശാചികവും മൃഗീയവുമായ ഒരു നടപടിയായിരുന്നെങ്കിലും, അതുകൊണ്ട്‌ എനിക്ക്‌ ഒരു ഗുണമുണ്ടായി.

എന്റെ മരണവെപ്രാളവും സൈക്കിള്‍ ചവിട്ടും കണ്ട്‌ എന്നെ ക്കുറിച്ചുള്ള കമ്പ്ലീറ്റ് അഭിപ്രായവും പൊയ്പ്പോയ ചിന്താമണി എന്നെ അയോഗ്യനായി പ്രഖ്യാപിച്ച് ഡൈവോഴ്സ് ചെയ്തു... ഭാഗ്യം!
ബ്ലോഗില്‍ വായിക്കാന്‍

Read More >>