പഴയ പുതിയ പരിഷ്ക്കാരങ്ങള്‍

ജാതി തിരിവുകളെ അപരിഷ്‌കൃതമായി നോക്കിക്കണ്ടിരുന്ന ബ്രിട്ടീഷുകാർ പക്ഷേ മറ്റൊരു തരം വിവേചനം കൈമെയ് മറന്ന് നടപ്പിലാക്കിയിരുന്നു. അത് നാട്ടുഭാഷകളോടാണ്. എ.ആർ രാജരാജവർമ്മയെ ഇംഗ്ലീഷ് കോളേജിലെ 'നാട്ടുഭാഷാപര്യവേഷകനായാണ് ' നിയമിച്ചിരുന്നത് എന്ന കാര്യം ഓർക്കണം.

പഴയ പുതിയ പരിഷ്ക്കാരങ്ങള്‍

ആര്‍.പി.ശിവകുമാര്‍

പഴയ കണക്കുകൾ കാണുമ്പോഴാണ് പുതിയ പല അവകാശവാദങ്ങളുടെയും ഉള്ളു പൊള്ളയാണെന്നു മാത്രമല്ല, വീരവാദങ്ങളിൽ പലതും സ്വയം വഞ്ചിക്കുന്ന കാപട്യം കൂടിയാണെന്ന് മനസ്സിലാവുന്നത്. 1874-ൽ നാട്ടുഭാഷാവിദ്യാലയങ്ങളിൽ ആകെ പഠിക്കുന്ന കുട്ടികളുടെ എണ്ണം 885 ആയിരുന്നു. 1883 ആയപ്പോൾ കുട്ടികളുടെ എണ്ണം 35558 ആയെന്നാണ് ഒരു കണക്ക്. 1904-ൽ ബ്രിട്ടീഷ്‌സർക്കാർ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തു. അദ്ധ്യാപകർ ബ്രിട്ടീഷ് സർക്കാർ നൽകിയ 'സാലറിഗ്രാൻഡ്' ലഭിക്കില്ലെന്നു വന്ന ഘട്ടത്തിലാണ്, ഗുരുകുലമാതൃകയിൽ പ്രവർത്തിച്ചിരുന്ന പല സ്കൂളുകളിലെയും പരമ്പരാഗത ഗുരുക്കന്മാർക്ക് ഇതര ജാതികളിലെ കുട്ടികളെയും തങ്ങളുടെ വിദ്യാശാലകളിൽ ചേർക്കേണ്ടിവന്നത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. ( മലയാളഭാഷാസാഹിത്യപഠനം - സാംസ്ക്കാരികവും രാഷ്ട്രീയവുമായ വിശകലനം - ഡോ. പി.പി പ്രകാശൻ)

ജാതി തിരിവുകളെ അപരിഷ്‌കൃതമായി നോക്കിക്കണ്ടിരുന്ന ബ്രിട്ടീഷുകാർ പക്ഷേ മറ്റൊരു തരം വിവേചനം കൈമെയ് മറന്ന് നടപ്പിലാക്കിയിരുന്നു. അത് നാട്ടുഭാഷകളോടാണ്. എ.ആർ രാജരാജവർമ്മയെ ഇംഗ്ലീഷ് കോളേജിലെ 'നാട്ടുഭാഷാപര്യവേഷകനായാണ് ' നിയമിച്ചിരുന്നത് എന്ന കാര്യം ഓർക്കണം.

മറ്റ് അദ്ധ്യാപകർക്കെല്ലാം 350 രൂപ ശമ്പളം നൽകിയപ്പോൾ എ.ആറിന് 200 മാത്രമായിരുന്നു ശമ്പളം. ഒരാഴ്ച പ്രിൻസിപ്പാൾ ജോലിവരെ നോക്കിയ, തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനത്തിനുതന്നെ കാരണക്കാരനായ എ.ആർ രാജരാജവർമ്മയുടെ അദ്ധ്യാപക ടൈം- ടേബിൾ ഇങ്ങനെയായിരുന്നു:

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ -സിക്‌സ്ത് ഫോറം, മെട്രിക്കുലേഷൻ, എഫ് എ (ഫസ്റ്റ് എക്‌സാമിനേഷൻ ഇൻ ആർട്‌സ്, ഇന്നത്തെ പ്ലസ് ടു വിന്റെ പ്രാഗ് രൂപം). ചൊവ്വ, വ്യാഴം ദിവസങ്ങളിൽ - ബി എ ക്ലാസ്.

ഉച്ചയ്ക്ക് 1 മണിമുതൽ 1.30 വരെയായിരുന്നു ഇടവേള.

എ.ആർ രാജരാജവർമ്മ എന്ന നാട്ടുഭാഷാദ്ധ്യാപകന് മഹാരാജാസ് കോളജിലെ മറ്റു പ്രൊഫസർമാരോടൊപ്പമായിരുന്നില്ല ഇരിപ്പിടം. മറിച്ച് സ്കൂളിലെ മുൻഷിമാരോടൊപ്പമായിരുന്നു. ( മഹാരാജാസ് ഫ്രീ സ്‌കൂളും കോളേജും സർവ്വകലാശാലാ ആസ്ഥാനവും ആയിരുന്നു പല കാലങ്ങളിൽ )

ഇത് എടുത്തുപറയാൻ കാരണമുണ്ട്. പ്ലസ് ടു ഹൈസ്‌കൂളുമായി ലയിപ്പിക്കാൻ (ഫലത്തിൽ ഹയർ സെക്കൻഡറിയെ തരംതാഴ്ത്താൻ) എന്തായാലും ഉദ്യമിച്ചു നടക്കുന്നവർക്ക് ഒരു മാതൃക കേരളത്തിന്റെ അധികം ദൂരെയല്ലാത്ത ഭൂതകാലത്തിൽ ഉണ്ടെന്നു ചൂണ്ടിക്കാട്ടാനാണ്. എന്തിന് ഹയർ സെക്കൻഡറിയെ മാത്രമാക്കി തരംതാഴ്ത്തണം? കോളേജിലെ അദ്ധ്യാപകരെയും ചേർത്ത് നമുക്ക് പൊതുവിദ്യാഭ്യാസത്തെ ഒന്നാക്കാം. പണ്ട് മിച്ചൽ സായ്പ് ചെയ്തതുപോലെ കോളജിലെ പ്രൊഫസ്സർമാരെ പിടിച്ച് സിക്‌സ്തിലെയും മെട്രിക്കുലേഷനിലെയും എഫ് എയിലേയും അദ്ധ്യാപകരുടെ കൂടെ ഇരുത്തുക. അവരുടെ ശേഷി സ്‌കൂളിലെ കുട്ടികൾക്കും കൂടിയായി വീതിച്ചു നൽകുക.

കോളജിലെ ലാബുകൾ ഉൾപ്പടെയുള്ള സൗകര്യം സ്കൂളിലെ കുട്ടികൾക്കും കൂടിയാക്കുക. സമത്വവും ഏകീകരണവും കേന്ദ്രീകൃതത്വവും ഒരു കുടയും സർവ്വവും സമഗ്രവുമായ എല്ലാ ശിക്ഷയും ഒറ്റയടിക്ക് നടപ്പാവും. അതിനിവിടെ ഇംഗ്ലീഷുകാർ തന്നെ നടപ്പാക്കിയ മാതൃകയും ഉണ്ട്.

പാരമ്പര്യവുമായി പുതുമയുമായി! കാറ്റഗറി എന്ന പ്രശ്നമേ വരുന്നില്ല. സംഘടനയും ഒന്നു മതി. സംഘടനാ പ്രസിദ്ധീകരണവും ഒന്നുമതി. എങ്ങനെയുണ്ട്? അതല്ലേ യഥാർത്ഥ ഹീറോയിസം!

Read More >>