സംഘ് പരിവാറിനെയും മോദി വെല്ലുവിളിക്കുന്നു

തന്റെ അഞ്ചുവർഷക്കാലത്തെ ഭരണനേട്ടങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ ലഭിച്ചതിന്റെയും താഴെത്തട്ടിൽ നിന്നുള്ള പ്രതികരണം നേരിട്ട് മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് കണക്കുകൾ എന്ന് മോദി പറഞ്ഞു. 'ടൈംസ് നൗ' ചാനലിന്റെ ലേഖികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന മാർച്ച് 28 മുതൽ എല്ലാ സംസ്ഥാനങ്ങളും പലവട്ടം സന്ദർശിച്ച് പ്രചാരണം നടത്തിവരുന്ന മോദി അവകാശവാദം ഉന്നയിച്ചത്. മെയ് 12നും 19നും 59 മണ്ഡലങ്ങളിൽവീതം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണത്തുടർച്ച ഉറപ്പാണെന്ന് മോദി ആദ്യമായി പ്രഖ്യാപിച്ചത്.

സംഘ് പരിവാറിനെയും മോദി വെല്ലുവിളിക്കുന്നു

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

രാജ്യമാകെ ചുറ്റിയടിച്ചു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് 2019ലെ ജനവിധിയുടെ മൂന്നു സാദ്ധ്യതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഡൽഹിയിൽ പ്രവചിച്ചത്. ഒന്ന്: ബി.ജെ.പിക്ക് ലോക്‌സഭയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കും. രണ്ട്: 2014ൽ നേടിയതിലും കൂടുതൽ സീറ്റുകളിൽ വിജയിക്കും. മൂന്ന്: എൻ.ഡി.എ ഘടകകക്ഷികൾക്ക് കൂടുതൽ വോട്ടുകളും സീറ്റുകളും ലഭിക്കും.

തന്റെ അഞ്ചുവർഷക്കാലത്തെ ഭരണനേട്ടങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ ലഭിച്ചതിന്റെയും താഴെത്തട്ടിൽ നിന്നുള്ള പ്രതികരണം നേരിട്ട് മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് കണക്കുകൾ എന്ന് മോദി പറഞ്ഞു. 'ടൈംസ് നൗ' ചാനലിന്റെ ലേഖികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന മാർച്ച് 28 മുതൽ എല്ലാ സംസ്ഥാനങ്ങളും പലവട്ടം സന്ദർശിച്ച് പ്രചാരണം നടത്തിവരുന്ന മോദി അവകാശവാദം ഉന്നയിച്ചത്. മെയ് 12നും 19നും 59 മണ്ഡലങ്ങളിൽവീതം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണത്തുടർച്ച ഉറപ്പാണെന്ന് മോദി ആദ്യമായി പ്രഖ്യാപിച്ചത്.

ഇതിന്റെ പശ്ചാത്തലം ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ കക്ഷികളാകെ. അതുകൊണ്ട് ലോക്‌സഭയിൽ ഭൂരിപക്ഷമില്ലാത്ത കക്ഷിയുടെ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കരുതെന്ന് ആവശ്യപ്പെടാൻ 21 പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിരിക്കയാണ്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഗവണ്മെന്റ് രൂപീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായ കൂടിയാലോചനകൾ ആരംഭിച്ചുകഴിഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു എന്നിവർ രണ്ടുവഴിക്ക് നീക്കം തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ചന്ദ്രബാബു നായിഡു കണ്ടതും കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചന്ദ്രശേഖർ റാവു കണ്ട് ചർച്ച നടത്തിയതും ഇതിന്റെ തുടക്കമായിരുന്നു.

മോദിയുടെ കണക്കനുസരിച്ചാണെങ്കിൽ മെയ് 23ന് തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ മോദി ഗവണ്മെന്റ് രണ്ടാമൂഴം ഉറപ്പാക്കും എന്നർത്ഥം. മതനിരപേക്ഷ സർക്കാരോ ഫെഡറൽ മുന്നണി സർക്കാരോ രൂപീകരിക്കാൻ ശ്രമം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾ ചിത്രത്തിൽ ഉണ്ടാകുകയുമില്ല. കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 283 സീറ്റും (33 ശതമാനം വോട്ടും) എൻ.ഡി.എയ്ക്ക് മൊത്തം 336 സീറ്റും ലഭിച്ച സാഹചര്യത്തിൽ. മോദിയുടെ അവകാശവാദം ബദൽ സർക്കാർ രൂപീകരിക്കുമെന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദത്തിന് മറുപടിയാണെന്ന് തോന്നാമെങ്കിലും ആർ.എസ്.എസിനും സംഘ് പരിവാർ നേതൃത്വത്തിനും മോദിയിൽനിന്നുള്ള കൃത്യമായ മറുപടികൂടിയാണ് ഇത്.

ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാൻ സാദ്ധ്യതയില്ലെന്ന ജനറൽ സെക്രട്ടറി രാം മാധവിന്റെ പ്രസ്താവന വന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. 424 മണ്ഡലങ്ങളിൽ വോട്ടെടുപ്പു കഴിഞ്ഞതിനു പിറകെയാണ് അദ്ദേഹം പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ചത്. തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച സംഘ് പരിവാറിന്റെ ഏറ്റവും ഒടുവിലത്തെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാം മാധവിന്റെ മാറിയ നിലപാടെന്നതു വ്യക്തമാണ്. 116 ലോകസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ പാർട്ടികളെ വിഭ്രമിപ്പിക്കുക മാത്രമല്ല സംഘ് പരിവാർ നേതൃത്വത്തിനും ബി.ജെ.പി നേതൃത്വത്തിൽ അതൃപ്തരായി അവസരം കാത്തുനിൽക്കുന്നവർക്കും മുന്നറിയിപ്പു നൽകുകയാണ് മോദി ചെയ്തത്. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും പിൻബലം കുറയുന്നത് നികത്താൻ തന്നെ മാറ്റിനിർത്തി ആരുമായും ധാരണയുണ്ടാക്കാൻ അനുവദിക്കില്ലെന്നതാണ് സംഘ് പരിവാറിന് മോദി നൽകിയ സന്ദേശത്തിലെ താക്കീതും വെല്ലുവിളിയും.

2019ലെ പൊതു തെരഞ്ഞെടുപ്പിന്റെ പ്രത്യേകത ശ്രദ്ധിക്കേണ്ടതുണ്ട്. മഹാസഖ്യം ഉണ്ടായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിലും പ്രതിപക്ഷം പലയിടങ്ങളിലും പരസ്പരം എതിർക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തിൽ പരമാവധി യോജിപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിൽ ഒരു ഗവണ്മെന്റ് വീണ്ടും അധികാരത്തിൽ വന്നുകൂടാ എന്ന കാര്യത്തിൽ ആദ്യന്തം രൂപപ്പെട്ടിട്ടുള്ള പൊതു യോജിപ്പാണത്. പ്രാദേശിക കക്ഷികൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോല്പിച്ച് പരമാവധി സീറ്റുകൾ നേടുമെന്ന സവിശേഷത 2019ലെ തെരഞ്ഞെടുപ്പിനുണ്ട്. കോൺഗ്രസ് തങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ വിപുലമായ പുതിയ യു.പി.എ സർക്കാർ രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. മറ്റ് പ്രതിപക്ഷ പാർട്ടികളാകട്ടെ കോൺഗ്രസ്സിനെ ഉൾപ്പെടുത്തിയോ അല്ലാതെയോ സംസ്ഥാനങ്ങൾക്ക് ശക്തിപകരുന്ന ഒരു കേന്ദ്ര സർക്കാറിന് രൂപം നൽകാൻ പരിശ്രമിക്കുന്നു. തെലങ്കാനയിലെ ചന്ദ്രശേഖർ റാവുവിന്റെ ടി.ആർ.എസിനെയും ആന്ധ്രയിൽ വൈ.എസ്.ആർ കക്ഷിയേയും ഒഡിഷയിൽ നവീൻ പട്നായിക്കിന്റെ ബി.ജെ.ഡിയെയും കൂടെനിർത്തി പുതിയൊരു എൻ.ഡി.എ ഗവണ്മെന്റ് ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊണ്ടുവരാനുള്ള നീക്കം ആർ.എസ്.എസ് - സംഘ് പരിവാർ നടത്തുന്നുമുണ്ട്.

ഇതിന്റെയൊക്കെ സാദ്ധ്യത തകർക്കുക എന്നതാണ് പുറമെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി നടത്തിയിട്ടുള്ള പ്രസ്താവനയുടെ യഥാർത്ഥ ഉദ്ദേശ്യം; തെരഞ്ഞെടുപ്പിന്റെ ഗതി ആർ.എസ്.എസ് നേതൃത്വത്തിനും മോദിക്കും ഒരുപോലെ വ്യക്തമായിട്ടുണ്ടെങ്കിലും. മോദിയുടെ നേതൃത്വത്തിൽ രണ്ടാമതൊരു സർക്കാറിന് പിന്തുണ നൽകാൻ പുതുതായി പ്രതിപക്ഷത്തുനിന്നാരും മുന്നോട്ടുവരില്ലെന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇരുകൂട്ടരുടെയും വിരുദ്ധമായ ഈ നിലപാട്. ഈ സ്ഥിതിയിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ചയുണ്ടാകണമെങ്കിൽ മോദിക്കുപകരം മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മുന്നോട്ടുവെക്കുകയോ കണ്ടെത്തുകയോ വേണ്ടിവരുമെന്ന് ആർ.എസ്.എസ് - സംഘ് പരിവാർ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ ബി.ജെ.പി ദേശീയരാഷ്ട്രീയത്തിൽ ഒറ്റപ്പെടുമെന്ന് സംഘ് പരിവാർ ഉൽക്കണ്ഠപ്പെടുന്നു.

തന്റെ നില ഏതു വിധേനയും ശക്തിപ്പെടുത്താനുള്ള പ്രചാരണത്തിലാണ് മോദി തുടർന്നും ഏർപ്പെട്ടിട്ടുള്ളത്. രാഹുൽ ഗാന്ധിയേയും കോൺഗ്രസ്സിനെയും ഒന്നാംനമ്പർ ശത്രുവായി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏറ്റുപിടിക്കുന്നതിന് 28 വർഷം മുമ്പ് രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയെതന്നെയാണ് രാജ്യദ്രോഹിയും അഴിമതിക്കാരനുമായി വീണ്ടും വീണ്ടും മോദി അവതരിപ്പിക്കുന്നത്. അടുത്തദിവസം വരെ മോദിയുടെ പ്രതിച്ഛായ ഉയർത്താൻവേണ്ടി പരിശ്രമിക്കുകയും മോദിയെ പുകഴ്ത്തുന്നതിൽ മത്സരിക്കുകയും ചെയ്ത ദേശീയ ചാനലുകൾതന്നെ മോദിയുടെ ഈ നിലപാടിനെ അതിശക്തമായി അപലപിക്കാൻ നിർബന്ധിതരായിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുമുമ്പ് ഉണ്ടായെന്ന് ആരോപിക്കുന്ന വിഷയങ്ങളുടെ പേരിൽ വോട്ടുചോദിക്കുന്നതിനെ അവർ പരിഹസിക്കാൻ തുടങ്ങി. അഞ്ചുവർഷക്കാലത്തെ തന്റെ ഭരണനേട്ടങ്ങൾ പറഞ്ഞ് വോട്ടുതേടാൻ മോദി തയ്യാറാകാത്തതിനെ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന് ദൃശ്യ മാദ്ധ്യമങ്ങളും ശക്തമായി വിമർശിക്കാൻ തുടങ്ങി. സ്വയം പ്രതിരോധിക്കാൻ കഴിയാത്ത, മരണപ്പെട്ടവരെ വോട്ടിനുവേണ്ടി രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന മോദിയുടെ മാതൃക രാജ്യത്തിന്റെ സാംസ്ക്കാരിക പാരമ്പര്യങ്ങൾക്ക് നിരക്കാത്ത ക്രൂരതയാണെന്ന വിമർശം രാഷ്ട്രീയത്തിനതീതമായി രാജ്യത്ത് ഉയർന്നുവന്നിട്ടുണ്ട്. ഇതാണോ തെരഞ്ഞെടുപ്പിൽ ഇനി മോദിയേയും ബി.ജെ.പിയേയും സഹായിക്കുക എന്ന ചോദ്യം വ്യാപകമാകുകയാണ്.

ഇന്ത്യയുടെ വിമാന വാഹിനി കപ്പലായിരുന്ന ഐ.എൻ.എസ് വിരാട് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞശേഷമാണ് വിദേശിയെ കയറ്റി അശുദ്ധമാക്കിയെന്ന കഥ ബി.ജെ.പി ഗവണ്മെന്റുകളുടെ മൊത്തം 12 വർഷ ഭരണത്തിനുശേഷം മോദി ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങൾക്കാണോ മോദിയുടെ ഭരണത്തിന്റെ ബാലൻസ്ഷീറ്റിനാണോ അടുത്ത രണ്ടു ഘട്ടങ്ങളിൽ ശേഷിക്കുന്ന വോട്ടർമാർ വിധിയെഴുതുക എന്നതാണ് ഇനി കാണാനുള്ളത്.

ഡൽഹി -7, ഹരിയാന - 10, ജാർഖണ്ഡ് - 7, യു.പി - 27, മധ്യപ്രദേശ് - 16, ബിഹാർ - 16, വെസ്റ്റ് ബംഗാൾ -17, പഞ്ചാബ് - 13, ഹിമാചൽ - 4, ഛണ്ഡിഗഡ് - 1 എന്നിവിടങ്ങളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

കടപ്പാട്: വള്ളിക്കുന്ന് ഓൺലൈൻ

Read More >>