ഇരട്ടച്ചങ്കൻ വിചാരിച്ചിട്ടും രക്ഷയില്ല!

കേസിന്റെ തുടക്കം തൊട്ടേ തെളിവുകൾ നശിപ്പിച്ചും പ്രതികൾക്ക് വഴിവിട്ട സംരക്ഷണം ഒരുക്കിയും സത്യത്തെ കഴുമരത്തിലേറ്റുകയായിരുന്നു പൊ­ലീസ്

ഇരട്ടച്ചങ്കൻ വിചാരിച്ചിട്ടും രക്ഷയില്ല!

കെ സി റിയാസ്

* ക്രിമിനലുകളെ രക്ഷിക്കുന്ന അരാജകസര്‍പ്പങ്ങള്‍

കള്ളന് ഏണി വയ്ക്കുക, ശവത്തിൽ കുത്തുക, വാദിയെ പ്രതിയാക്കുക എന്നൊക്കെ പറയാറുണ്ട്. സത്യത്തിൽ എന്താണ് ഇവിടത്തെ പൊലീസിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? തലസ്ഥാനത്തെ യുവ മാദ്ധ്യമ പ്രവര്‍ത്തകന്‍ സിറാജിലെ കെ.എം ബഷീറിനെ മ­ദ്യലഹരിയിൽ കാറിടിച്ച് കൊന്ന ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് സേന വീണ്ടും അത്തരമൊരു വഴിയിലാണെന്ന വാദത്തെ കൂടുതൽ ബലപ്പെടുത്തുകയാണ് പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. അപകടം സംബന്ധിച്ച്‌ സിറാജ് മാനേജ്‌മെന്‍റ് പരാതി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമനെന്ന ഐ.എ.എസ്സുകാരന്റെ രക്ത സാമ്പിൾ എടുക്കുന്നത് വൈകാൻ കാരണമെന്ന നട്ടാൽ മുളയ്ക്കാത്ത നുണയാണ് ആ റിപ്പോർട്ടിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ മാദ്ധ്യമസമൂഹം ഒന്നടങ്കവും കേസ് നിയമത്തിന്റെ വഴിയെ പോകാൻ ശക്തമായി ഇടപെട്ടെങ്കിലും ആ വഴിക്കല്ല അന്വേഷണങ്ങൾ നട­ന്നത് എന്ന ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ ആദ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പുല്ലുവിലയാണ് അദ്ദേഹത്തിന്‍റെ വകുപ്പിൽ. നിയമം നടപ്പാക്കാൻ ബാദ്ധ്യസ്ഥനായ ഐ.എ.എസ്സുകാരന്‍ നിയമത്തെ നോക്കുകുത്തിയാക്കുന്നു. അതിന് ഓശാന പാടി ഏതാനും പൊലീസ് ചട്ടമ്പിമാരും നമുക്കു മുമ്പിലുണ്ടെന്നതിന്‍റെ ലജ്ജിപ്പിക്കുന്ന തെളിവാണ് കേസിലെ തുടര്‍ നാടകങ്ങള്‍.

സ്വന്തം കാൽ നിലത്തുറക്കാതിരുന്ന പ്രതിയുടെ നടക്കാത്ത രക്തപരിശോധന നടത്തിയെന്ന് പൊലീസ് മേധാവി ലോക് നാഥ് ബഹ്റയെ അടക്കം തെറ്റിദ്ധരിപ്പിച്ച് കേസിലെ തെളിവുകൾ തേച്ചുമായ്ക്കാൻ ഗൂഢനീക്കം നടത്തിയവരാണ് പൊലീസ് സേനയിലെ കൊള്ളരുതായ്മകൾ മറച്ചുവയ്ക്കാൻ വളരെ ദുർബലവും വിചിത്രവുമായ വാദങ്ങൾ നിരത്തിയത്. ഇത് സ്വന്തം ചെയ്തിയെ ന്യായീകരിച്ച മറ്റൊരു ക്രിമിനലിന്‍റെ വാദത്തോട് സാമ്യമുള്ള ശുദ്ധ തെമ്മാടിത്തമാണ്. സ്വന്തം മാതാപിതാക്കളെ കുത്തിക്കൊന്ന മകനെ ജീവപര്യന്തം തടവിന് കോടതി വി­ധിച്ചുവത്രെ. അവസാനം വിധി നടപ്പാക്കുംമുമ്പ് പ്രതിയുടെ അവസാന ആഗ്രഹം എന്താണെന്നു ജഡ്ജ് ചോദിച്ചപ്പോൾ, പ്രതി, ഞാൻ യത്തീമാണ് (അനാഥൻ) അതിനാൽ എന്നെ വെറുതെ വിടണം എന്നു പറഞ്ഞുവത്രെ. ഇതേപോലെയാണ് പൊലീസിന്‍റെ ഇപ്പോഴത്തെ കൈകഴുകലെന്നു വ്യക്തം.

കേസിന്റെ തുടക്കം തൊട്ടേ തെളിവുകൾ നശിപ്പിച്ചും പ്രതികൾക്ക് വഴിവിട്ട സംരക്ഷണം ഒരുക്കിയും സത്യത്തെ കഴുമരത്തിലേറ്റുകയായിരുന്നു പൊ­ലീസ്. ഇത് അതീവ ഗൗരവമർഹിക്കുന്നു. കൊലപാതകിയെ കുരുക്കാനല്ല, രക്ഷിക്കാനുള്ള ദൗത്യമാണ് ഇവിടെ അതിവിദഗ്ദ്ധമായി നടപ്പാക്കപ്പെട്ടത്. ആൽക്കഹോളിന്‍റെ അംശം പോലും ഇല്ലാതാക്കും വിധം മെഡിക്കൽ സംഘം ഹീമോ ഡയാലിസിസ് വരെ നടത്തിയെന്ന കടുത്ത ആരോപണമാണ് പുറത്തുവന്നത്. ഫോറൻസിക് തെളിവുകൾ കണ്ടെത്തുന്നതിലും വീഴ്ചയുണ്ടായി. അതുകൊണ്ടാണ് വാഹനമിടിച്ചു കൊന്ന കേസ് പരിഗണിക്കവേ 'പ്രതി നേരിട്ട് വന്ന് തെളിവ് കൊണ്ടുവരുമോ?' എന്നുപോലും കേരള ഹൈക്കോടതിക്കു ചോദിക്കേണ്ടി വന്നത്. പ്രതികളെ കൂട്ടിലാക്കേണ്ട പൊലീസിന് ഇക്കാര്യത്തിലുള്ള വീഴ്ചയുടെ ഒന്നാന്തരം നിരീക്ഷണമായിരുന്നു ആ ചോദ്യം. അന്ന് തെളിവ് നശിപ്പിച്ചവർ ഇന്ന് കാര്യങ്ങൾ മുറപ്രകാരം നടക്കാതിരുന്നതിന് അങ്ങേയറ്റം അപഹാസ്യവും അതിക്രൂരവുമായ ന്യായീകരണം മുന്നോട്ടുവച്ചുവെന്നു മാത്രം.

പുതിയ റിപ്പോർട്ടിലൂടെ ഇരയോടും കുടുംബത്തോടും നീതി പുലരണമെന്നാഗ്രഹിക്കുന്ന പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണ് അന്വേഷണസംഘം പുറത്തെടുത്തത്. ഇത് നീതിബോധമുള്ള ഒരാൾക്കും അംഗീകരിക്കാനാവില്ല. അതിനാൽ ഈ അന്വേഷണസംഘത്തിലും അവിശ്വാസത്തിന്‍റെ ആദ്യ പടിയായേ റിപ്പോർട്ടിനെ കാണാനൊക്കൂ.

നീതി കിട്ടുന്നത് കുറ്റവാളി ശിക്ഷിക്കപ്പെടുമ്പോഴാണ്. അതിനുള്ള വഴികളാണ് ഇത്രയും നാൾ പൊലീസ് അടച്ചത്. കണ്ണിൽ പൊടിയിടാനുള്ള ചില ഇടപടലുകൾ മാത്രമാണ് ഇതുവരെയും ഉണ്ടായതെന്ന് ഏത് കുട്ടിക്കും മനസ്സിലാവും വിധമാണ് കാര്യങ്ങളുടെയെല്ലാം കിടപ്പ്. കൊല്ലപ്പെട്ട ബഷീറിന്‍റെ ചെരുപ്പും മറ്റു വസ്തുക്കളുമെല്ലാം സംഭവസ്ഥലത്തുനിന്നു കിട്ടി. എന്നാൽ, സ്മാർട്ട് ഫോൺ ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇത് ദു­രൂ­ഹത വർദ്ധിപ്പിക്കുന്നു. നഷ്ടമായ ഈ ഫോൺ ഒരു മണിക്കൂറിനുള്ളിൽ ആരോ ഉപയോഗിച്ചിട്ടുണ്ടെന്നും അതാരാണെന്ന് കണ്ടെത്താനും പൊലീസിന് സാധിച്ചില്ല. പ്രതികളുടെ ഫോൺ പരിശോധിക്കാനോ ചികിത്സയുടെ മറവിൽ പ്രതികളെ രക്ഷിക്കാൻ ഗൂഢനീക്കങ്ങൾക്കു താവളമൊരുക്കിയ കേന്ദ്രങ്ങളിലേക്കോ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാനും പൊലീസ് തയ്യാറായില്ല. ഒരു കേസിൽ പ്രോസിക്യൂഷൻ ഉണ്ടാക്കേണ്ട തെളിവുകളെല്ലാം സ്വയം നശിപ്പിച്ചും ദുർബലപ്പെടുത്തിയും പ്രതികളെയും വേട്ടക്കാരെയും സഹായിച്ച പൊലീസ്, ഇരകൾക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കുന്ന സമീപനമാണ് ഇത്രയും നാൾ സ്വീകരിച്ചത്. അതിന്റെകേസിന്‍റെ തുടക്കം തൊട്ടേ തെളിവുകൾ നശിപ്പിച്ചും പ്രതികൾക്ക് വഴിവിട്ട സംരക്ഷണം ഒരുക്കിയും സത്യത്തെ കഴുമരത്തിലേറ്റുകയായിരുന്നു പൊ­ലീസ്.

ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്ദുരൂഹത ഉയർത്തുന്ന മറ്റു ചില ഗുരുതര നിരീക്ഷണങ്ങൾ മുൻ എസ്.പി ജോർജ് ജോസഫ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ചെങ്കിലും ആ വഴിക്ക് തിരിഞ്ഞുനോക്കാൻ പോലും പൊലീസ് മനസ്സു വച്ചിട്ടില്ല. മുഖ്യമന്ത്രിയെന്നല്ല, അദ്ദേഹത്തിന്‍റെ അഛൻ മുണ്ടയിൽ കോരൻ ശ്മശാനത്തിൽ നിന്നു എണീറ്റു വന്നാൽപോലും ഒരു ചുക്കും സംഭവിക്കില്ലെന്ന ധിക്കാരമാണിവർക്ക്. അതിനാൽ ഇവരെ വെള്ളപൂശാൻ മനസ്സാക്ഷിയുള്ള ഒരാൾക്കുമാവില്ല.

പൊലീസ് കള്ളക്കഥയുണ്ടാക്കുന്നത് എന്തിനു വേണ്ടിയാ­ണ്? രാജ്യത്ത് നീതിയും ന്യാ­യവും നടപ്പാക്കാൻ ബാദ്ധ്യതപ്പെട്ടവർ എന്തിനാണ് കാര്യങ്ങളെ വഴിതിരിച്ചുവിടുന്നത്? മുഖ്യമന്ത്രി ശ്രീറാം വെങ്കിട്ടരാമന്‍റെ ചെയ്തിയെ പരസ്യമായി തള്ളിപ്പറഞ്ഞ് സത്യസന്ധമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും ആ സംഘവും നേർവഴിക്കു പോകാതിരുന്നെങ്കിൽ ആ ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിന്‍റെ ദുസ്സ്വാധീനം എത്രയാവും?! ഇവർ ഏത് നിയമത്തിന്‍റെ പാലനമാണ് ഇവിടെ നടപ്പാക്കുന്നത്? ഇവിടെ സാ­ധാണണക്കാർക്കും നിയമം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബ്യൂറോക്രാറ്റുകൾ ഉൾപ്പെടെയുള്ള മറ്റു ചിലർക്കും വേറൊരു നിയമം എന്ന പുതിയൊരു നിയമസംഹിത കൂടിയാണ് പൊലീസ് അടിച്ചേൽപ്പിക്കുന്നത്.

മദ്യപിച്ചു ലക്കുകെട്ട് ജീവൻ അപഹരിച്ച ഐ.എ.എസ് ക്രിമിനല്‍ തങ്ങൾക്കു വേണ്ടപ്പെട്ടവനായപ്പോൾ പ്രതിപ്പട്ടികയിൽ പേരില്ല. അജ്ഞാതനാണു പോല്‍! അർദ്ധരാത്രി 12.55നു തലസ്ഥാന നഗരിയില്‍ നടന്ന സംഭവം മ്യൂസിയം പൊലീസ് സ്റ്റേഷന്‍റെ മൂക്കിനു താഴെയായിട്ടും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് പിറ്റേന്ന് രാവിലെ 7.26ന്. പ്രതി മദ്യപിച്ചോ എന്നറിയാൻ യഥാസമയം പരിശോധിച്ചില്ല. അവസാനം 9 മണിക്കൂർ കഴിഞ്ഞ് മദ്യ പരിശോധന നടത്തി ഇവിടത്തെ സംവിധാനങ്ങളോട് പല്ലിളിച്ചു. അങ്ങനെ മദ്യവീര്യം ചോർത്തിക്കളഞ്ഞ ശേഷം പ്രതി മദ്യപിച്ചില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന രേഖകളും ഇവര്‍ തരപ്പെടുത്തി. അതിനിടെ, കാ­റിലുണ്ടായിരുന്ന കൂട്ടുപ്രതിയായ യുവതിയെ ഉടന്‍ വീട്ടിലെത്തിച്ച് രക്ഷിച്ചെടുക്കാനും അമാന്തമുണ്ടായില്ല. ചികിത്സയും നടപടിക്രമങ്ങളും സൗകര്യങ്ങളുമെല്ലാം പ്രതി പറഞ്ഞതുപോലെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോസ്പിറ്റലില്‍ തന്നെ.

ശരിയാംവിധം അന്വേഷണങ്ങൾ നടത്തിയില്ലന്നു മാത്രമല്ല, തെറ്റായ ദിശയിലേക്ക് കാര്യങ്ങൾ നീക്കാനും തെളിവുകൾ നശിപ്പിക്കാനും പൊലീസ് കൂട്ടുനിന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നു ആവർത്തിക്കുമ്പോഴാണീ നാടകങ്ങളത്രയും. എന്തും ഏതും വിലക്കെടുത്ത് നീതി അട്ടിമറിക്കാന്‍ മാത്രം ശക്തമാണീ ലോബിയെന്നു അര്‍ത്ഥം. നിയമമല്ല, പണവും പദവികളും സ്ഥാനമാനങ്ങളുമാണ് ഇവിടെ പലതിന്‍റെയും മാനദണ്ഡം. ഇവരെ നിലക്കുനിര്‍ത്താനുള്ള ഇഛാശക്തി ഇനി ആരു കാണിക്കും?

വഫ ഫിറോസ് വഫ ഫിറോസ്നിയമം സീസണലലാവരുത്, ഇരട്ടനീതി ഒരിക്കല്‍ പോലും ഉണ്ടാകാവതല്ല. ഇര ഒരു മാദ്ധ്യമപ്രവര്‍ത്തകനായതിനാലാണ് ഇത്രയെങ്കിലും വിഷയം ലൈവായത്. ഇവിടെ ആരും ചോദിക്കാനും പറയാനുമില്ലാത്ത നൂറുകണക്കിന് ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്? ഇവർക്കും വേണ്ടേ നീതി? പണവും പദവിയുമില്ലാത്ത, ആ പച്ചപ്പാവങ്ങളുടെ, അവരുടെ കുടുംബത്തിന്‍റെ നിസ്സഹായാവസ്ഥക്കു കൈത്താങ്ങാവാൻ, കണ്ണുനീരൊപ്പാൻ സത്യസന്ധമായി എത്ര ഉദ്യോഗസ്ഥർക്ക് ആവുന്നു? എത്ര മാദ്ധ്യമങ്ങൾക്കാവുന്നു? ഏത് ഭരണാധികാരിക്കാവുന്നു. ഒരു പ്രസ്താവന പോയിട്ട്, ഒരു ഫോൺ കാൾ പോലും ചെയ്യാനില്ലാത്ത എത്ര പേർ നമുക്ക് ചുറ്റുമുണ്ട്? അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് ആരാണ് സമാധാനം പറയുക?

മാദ്ധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് സ്വന്തം കൂടപിറപ്പിന് നീതി ലഭ്യമാക്കാനുള്ള ശ്രമത്തില്‍ ഒരൊറ്റ ശരീരമായി നില്‍ക്കാന്‍ സാധിച്ചുവെങ്കിലും ഈ പോരാട്ടം അതിശക്തമായി മുന്നോട്ടു കൊണ്ടുപോകേണ്ട വെല്ലുവിളിയാണ് മുമ്പിലുള്ളത്.

ബഷീറിന്‍റെ ജീവൻ ഇനി തിരിച്ചുകിട്ടില്ല. പക്ഷേ, ക്രിമിനലുകൾക്ക് കയ്യടി ലഭിക്കുംവിധം കേസ് വീണ്ടും വീണ്ടും അട്ടിമറിക്കപ്പെടുന്നു. ഭരണകൂടത്തെ വിലയ്ക്ക് എടുക്കാവുന്ന ഉദ്യോഗസ്ഥ ലോബിയാണ് സാമൂഹികനീതിക്കു, ബഷീറിന് നീതി ലഭിക്കാനുള്ള നിയമപോരാട്ടത്തിന് തുരങ്കം വയ്ക്കുന്നത്. അത്യധികം സങ്കടകരമാണിത്. ഇത് ഇനിയും വച്ച് പൊറുപ്പിക്കാവതല്ല.

ക്രിമിനൽ എത്ര ഉന്നതനായാലും നീതിബോധത്തിന് ഇനിയും കൈ വിറച്ചുകൂടാ. സർക്കാർ കൂടുതൽ കുറ്റമറ്റ, പഴുതടച്ച പ്രോസിക്യൂഷൻ നടപടികളിലേക്കു നീങ്ങിയേ തീരൂ. അതിനുള്ള ശുദ്ധികലശമാണ് പൊലീസ് സേനയിൽ ഉണ്ടാകേണ്ടത്. അവസാനമായി, ഒന്നുകൂടി... കേസിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രി കാണിച്ച താൽപ്പര്യത്തിൽ, ആത്മാർത്ഥതയിൽ ഇപ്പോഴും അശേഷം സംശയമില്ല. പക്ഷേ, ആ ഇരട്ടച്ചങ്കൻ വിചാരിച്ചിട്ടും ഒന്നും സംഭവിച്ചില്ലല്ലോ എന്നതാണ് എന്‍റെ പരിഭവം!! ഒപ്പം, ഭരണ പരിഷ്ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി സഖാവ് അച്ചു മാമന്‍ ഇതുവരെയും ശ്രീറാം വെങ്കിട്ടരാമനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഭരണപരിഷ്കാരത്തിനും നല്ല നമസ്ക്കാരം.

Read More >>