വിശ്രമമില്ലാതെ അനൂപിന്റെ പച്ച കുത്തല്‍ കുരങ്ങന്മാര്‍

വൈവിധ്യങ്ങള്‍ നിലനിര്‍ത്തി ആവശ്യക്കാരന്റെ ഇഷ്ടചിത്രങ്ങള്‍ പുതമ നഷ്ടപ്പെടാതെ അത്രയും കൃത്യതയോടെ പകര്‍ത്തി നല്‍കുന്ന കൊച്ചിയിലെ ഏക കലാകാരനായ അനൂപ് ഇത്തരം ചിത്രങ്ങള്‍ ടാറ്റുചെയ്യാന്‍ വാങ്ങുന്നത് 10000 രൂപയാണ്. റെസ്റ്റ്‌ലസ് മങ്കി ക്ലാൻ ടാറ്റൂസ് (ആർ.എം.സി ടാറ്റൂ സെന്റര്‍) അഥവാ 'വിശ്രമമില്ലാത്ത കുരങ്ങുകള്‍' എന്നതാണ് അനൂപിന്റെ ടാറ്റൂസെന്ററിന്റെ പേര്. പേരിലും പുതുമ നിലനിര്‍ത്താന്‍ അനൂപ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വിശ്രമമില്ലാതെ അനൂപിന്റെ പച്ച കുത്തല്‍ കുരങ്ങന്മാര്‍

കൊച്ചി: ടാറ്റു കുത്തുന്നത് ഇപ്പോൾ ഒരു ഫാഷനാണ്. ഇഷ്ടപ്പെട്ട പേരും ചിത്രങ്ങളുമൊക്കെ പലരും കൈയ്യിലും കാലിലും കഴുത്തിലുമൊക്കെ പച്ച കുത്തും. ആ സാധ്യത മുൻനിർത്തി തന്റെ ചിത്രം വരയ്ക്കാനുള്ള കഴിവ് ടാറ്റൂവിലൂടെ പ്രായോഗികമാക്കിയിരിക്കുകയാണ് തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശി അനൂപ് ജയറാം. മറ്റ് ടാറ്റൂ സെന്റ്‌റുകളെ അപേക്ഷിച്ച് അനൂപിന്റെ ടാറ്റൂ സെന്ററിൽ തിരക്ക് കൂടാനുള്ള കാരണവും അനൂപിന്റെ ഈ വ്യത്യസ്ത ശൈലിയാണ്. തൃശ്ശൂരിലാണ് ജനിച്ചതെങ്കിലും കൊച്ചിയിലാണ് അനൂപ് താരം. ടാറ്റൂയിങ്ങിൽ വ്യത്യസ്തത പുലർത്തുന്നത് പോലെ തന്നെ ടാറ്റു ചെയ്യുന്നതിന്റെ അവബോധം ആളുകളിൽ സൃഷ്ടിക്കാനും ഇദ്ദേഹം ശ്രമിക്കാറുണ്ട്. യൂട്യൂബ് ചാനലുകളിലും മറ്റും ലഭിക്കുന്ന വീഡിയോ കണ്ട് സ്വന്തമായി ടാറ്റൂ ചെയ്യുന്ന പ്രവണ കൂടിവരുന്ന ഒരു തലമുറയാണ് നമ്മുടേത്. അത്തരം പ്രവർത്തിയുടെ ഗുണദോഷ ബോധവൽക്കരണവും അനൂപ് നടത്താറുണ്ട്.

ആവശ്യക്കാരന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് അവരുടെ കാമുകി, കാമുകൻ, മക്കൾ, അച്ഛനമ്മമാർ, ഇഷ്ടതാരങ്ങൾ അങ്ങിനെ ആരുടെ ചിത്രങ്ങൾ വേണമെങ്കിലും അനൂപ് ടാറ്റു ചെയ്ത് കൊടുക്കും. ചിത്രങ്ങളിലെ ജീവൻ നിലനിർത്തിക്കൊണ്ടുള്ള ടാറ്റൂ അതാണ് അനൂപിന്റെ പ്രത്യേകത. സാധാരണയായി ഡൽഹി, ബോംബെ പോലുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തിലുള്ള സ്പെഷ്യലിസ്റ്റ് ടാറ്റൂ സെന്ററുകൾ ഉള്ളത്. അവിടങ്ങളിൽ ഇത്തരം ടാറ്റുവിന് ഈടാക്കുന്ന തുക 35,000 രൂപവരെയാണ്. എന്നാൽ അതേ വൈവിധ്യങ്ങൾ നിലനിർത്തി ആവശ്യക്കാരന്റെ ഇഷ്ടചിത്രങ്ങൾ മിഴിവ് നഷ്ടപ്പെടാതെ അത്രയും കൃത്യതയോടെ പകർത്തി നൽകുന്ന കൊച്ചിയിലെ മുൻനിര കലാകാരനായി ഉയർന്നു വരുന്ന അനൂപ് ഇത്തരം ചിത്രങ്ങൾ ടാറ്റുചെയ്യാൻ വാങ്ങുന്നത് 10000 രൂപയാണ്.

റെസ്റ്റ്‌ലസ് മങ്കി ക്ലാൻ ടാറ്റൂസ് (RMC ടാറ്റൂ സ്റ്റുഡിയോ) അഥവാ -'വിശ്രമമില്ലാത്ത കുരങ്ങുകൾ-' എന്നതാാണ് അനൂപിന്റെ ടാറ്റൂസെന്ററിന്റെ പേര്. പേരിലും ഉള്ള പുതുമ മനുഷ്യന്റെ ചഞ്ചലമായ മനസ്സിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. കലയോടുള്ള അഭിനിവേശം മാത്രം കൈമുതലായുള്ള എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അനൂപ്, ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചാണ് ഏകദേശം ഒന്നേകാൽ വർഷം മുൻപ് മുഴുവൻ സമയ ടാറ്റൂയിങ്ങിലേക്ക് തിരിഞ്ഞത്.സ്‌കൂൾ പഠനകാലത്ത് ചിത്രരചനയിലും മറ്റും നിരവധി സമ്മാനങ്ങൾ അനൂപിന് ലഭിച്ചിട്ടുണ്ട്. 8 വർഷമായി ടാറ്റൂയിങ്ങിൽ എക്‌സ്പീരിയൻസ് ഉള്ള അനൂപ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോൾ. സിനിമാ താരങ്ങളുൾപ്പെടെ നിരവധി പ്രമുഖരാണ് അനൂപിന്റെ ടാറ്റൂ സെന്ററിൽ എത്തുന്നത്. ഈ അടുത്ത് യൂട്യൂബിൽ നിറഞ്ഞ് നിന്ന വീഡിയോയിലൂടെയാണ് അനൂപ് സോഷ്യൽ മീഡിയയിൽ താരമായത്. ഒരു മൂന്നു വയസ്സുകാരൻ കുട്ടിയുടെ ചിത്രം അവന്റെ അച്ഛന്റെ കൈയ്യിൽ ഒരു തരിമ്പു പോലും വ്യത്യാസമില്ലാത്ത രീതിയിലാണ് അനൂപ് റ്റാറ്റൂ ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഉടനെ തന്നെ വൈറലാവുകയും ചെയ്തു. ഒട്ടുമിക്കവർക്കും ഇന്ന് ടാറ്റൂ ഒരു ആഗ്രഹമാണെങ്കിലും, ഒരുപാട് പേർ ടാറ്റൂയിങ്ങിനെ പേടിയോടെ നോക്കികാണുന്നുണ്ട്. അതിന് കാരണം ഇതിനെ പറ്റി നടക്കുന്ന തെറ്റായ പ്രചരണങ്ങളും, വ്യക്തതയില്ലായ്മയുമാണെന്ന് അനൂപ് പറഞ്ഞു.

ടാറ്റൂ ചെയ്യുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടും, ടാറ്റൂ ചെയ്യ്ത സ്ഥലം വെള്ളം നനയ്ക്കാൻ പാടില്ല, അലർജിയുണ്ടാകും തുടങ്ങി അത്തരത്തിൽ നിരവധി തെറ്റിധാരണകൾ പൊതുവെയുണ്ട്. ടാറ്റു ചെയ്യുന്ന ആളുകളുടെ ഇടയിലും ചെയ്ത് കൊടുക്കുന്ന പലർക്കും കൃത്യമായ അവബോധം ഇല്ലാത്തത് ഇത്തരത്തിൽ പല തെറ്റിധാരണകൾ പരക്കാൻ കാരണമാകുന്നു. ആദ്യ ടാറ്റൂവിനായി തന്നെ സമീപിക്കുന്നവരെയും, ടാറ്റൂ ചെയ്ത ദുരനുഭവമുണ്ടായിട്ടുള്ളവരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിന് നല്ലൊരു ഭാഗം തന്നെ സമയം മാറ്റി വക്കുന്നുവെന്ന് ഇദ്ദേഹം ചിരിയോടെ പറയുന്നു. നമ്മുടെ നാടിന്റെ സമ്പുഷ്ടമായ കലാപാരമ്പര്യം ഒരു പാട് സാധ്യതകളുള്ള ഈ മേഘലയിൽ പ്രതിഫലിക്കുന്നില്ലെന്നും, നല്ല കഴിവുള്ള പുതു തലമുറക്കാർ ശരിയായ പരിശീലനം നേടി ഈ കലയിലേക്കു കടന്നു വരണമെന്നും ഇദ്ദേഹം പറയുന്നു.തന്റെ കലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനായി ഇപ്പോഴും പുതുമകൾ തേടികൊണ്ടിരിക്കുകയാണ് ഈ കലാകാരൻ

Read More >>