കശ്മീരിൽ ഇന്ത്യ തീക്കളിയാണ് കളിക്കുന്നത്: പാക് പ്രസിഡന്‍റ്

കശ്മീർ പിടിച്ചെടുക്കാനുള്ള നീക്കം ഇന്ത്യക്കുണ്ടെന്നാണ് കരുതുന്നത്, പക്ഷേ അത് നടക്കില്ലെന്നും അദ്ദേഹം പറയുന്നു

കശ്മീരിൽ ഇന്ത്യ തീക്കളിയാണ് കളിക്കുന്നത്: പാക് പ്രസിഡന്‍റ്

ഇസ്ലാമാബാദ്: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീക്കളിയാണ് കളിക്കുന്നതെന്ന് പാകിസ്താൻ പ്രസിഡന്റ് ആരിഫ് അൽവി. കേന്ദ്ര നടപടി കശ്മീരിലെ മതനിരപേക്ഷത തകർക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനയിലെ 370-ാം അനുച്ഛേദം എടുത്തുകളയുന്നതോടെ കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ട അവസ്ഥയിലാകുമെന്ന് ചിന്തിക്കുന്ന കേന്ദ്രം വിഡ്ഢികളുടെ സ്വർഗത്തിലാണ് കഴിയുന്നതെന്ന് ആരിഫ് അൽവിയെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.

ഇതിലൂടെ ഇന്ത്യ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അതിന് പാകിസ്താൻ ഉത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ നിരവധി സുരക്ഷാ സമിതി പ്രമേയങ്ങൾ ഇന്ത്യ അവഗണിച്ചതായും തർക്കം പരിഹരിക്കാൻ പാകിസ്താനുമായി ചർച്ച നടത്താൻ വിസമ്മതിച്ചതായും ആരിഫ് ആൽവി പറഞ്ഞു. കശ്മീർ പിടിച്ചെടുക്കാനുള്ള നീക്കം ഇന്ത്യക്കുണ്ടെന്നാണ് കരുതുന്നത്, പക്ഷേ അത് നടക്കില്ലെന്നും അദ്ദേഹം പറയുന്നു.

'കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ഇനിയും ഉയർത്തി കൊണ്ടുവരും. ഇന്ത്യക്ക് വേണമെങ്കിൽ പുൽവാമ പോലെ ഒരു പുകമറ സൃഷ്ടിച്ച് പാകിസ്താനെ തിരിച്ച് ആക്രമിക്കാം. പക്ഷേ ഞങ്ങൾ ഒരു യുദ്ധത്തിന് തയ്യാറല്ല. ഇനി ഇന്ത്യ ഒരു യുദ്ധം തുടങ്ങിയാൽ പ്രതിരോധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്.'-അദ്ദേഹം പറഞ്ഞു.

Next Story
Read More >>