ഇമ്രാൻ ഖാൻ കശ്മീരിനെ ഇന്ത്യയ്ക്ക് വിറ്റു: പാക് പ്രതിപക്ഷ പാർട്ടികൾ

കശ്മീർ വിഷയത്തിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ഇമ്രാൻ ഖാന് സാധിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഇമ്രാൻ ഖാൻ കശ്മീരിനെ ഇന്ത്യയ്ക്ക് വിറ്റു: പാക് പ്രതിപക്ഷ പാർട്ടികൾ

ഇസ്ലാമാബാദ്: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. കശ്മീരിനെ ഇമ്രാൻ ഖാൻ ഇന്ത്യയ്ക്ക് വിറ്റതാണെന്നാണ് ഇവരുടെ ആരോപണം. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായാണ് ഇമ്രാൻ ഖാനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.

കശ്മീർ വിഷയത്തിൽ പാകിസ്താൻ പരാജയപ്പെട്ടുവെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ ഇമ്രാൻ ഖാന് സാധിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വിദേശ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ സാധിക്കാത്തതിൽ ഇമ്രാൻ ഖാന് സ്വന്തം പാർട്ടിക്ക് അകത്തുനിന്നും വിമർശനമുയരുന്നുണ്ട്.

കശ്മീരിന്റെ ഭാവിയെക്കുറിച്ച് ഇന്ത്യ തീരുമാനിച്ചാൽ പാകിസ്താൻ മൗനമായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കഴിഞ്ഞമാസം നടത്തിയ ചർച്ചയിൽ ഇമ്രാൻ ഖാൻ പറഞ്ഞതിന്റെ തുടർച്ചയാണ് ഈ നിശബ്ദതയെന്നും ജെ.യു.ഐ-എഫ് നേതാവ് മൗലാനാ ഫസലുർ റഹ്മാൻ പറഞ്ഞു.

എന്നാൽ പാകിസ്താനിലെ മുഖ്യ പ്രതിപക്ഷ പാർട്ടികളായ പാകിസ്താൻ പീപ്പിൾസ് പാർട്ടി, പാകിസ്താൻ മുസ്ലിം ലീഗ് നവാസ് എന്നിവർ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. 'ഇപ്പോൾ കശ്മീരിലെ നിലപാടിൽ മാറ്റം വന്നിരിക്കുന്നു. ഇന്നലെ വരെ എങ്ങനെ ശ്രീനഗറിനെ സ്വന്തമാക്കാനം എന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ ഇന്ന് എങ്ങനെ പാക് അധീന കശ്മീരിലെ മുസഫറാബാദ് സംരക്ഷിക്കാനാകും എന്നാണ് ചിന്ത.'-മൗലാനാ ഫസലുർ റഹ്മാൻ പറഞ്ഞു.

നിലവിൽ സാമ്പത്തിക തകർച്ചയും മറ്റ് പ്രശ്‌നങ്ങലും കാരണം പ്രതിസന്ധിയിലായ ഇമ്രാൻ ഖാൻ സർക്കാരിന് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം മറ്റൊരു തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

Read More >>