കഥകിന്റെ താളവുമായി ജര്‍മ്മനിയുടെ അന്ന

കോഴിക്കോട്: ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തങ്ങളായ കഥകിനെയും മോഹിനിയാട്ടത്തെയും ഹൃദയത്തോടു ചേർത്ത് ജർമ്മൻ സ്വദേശി അന്ന ഡെട്രിച്ച്. ഇന്ത്യൻ...

കോഴിക്കോട്: ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തങ്ങളായ കഥകിനെയും മോഹിനിയാട്ടത്തെയും ഹൃദയത്തോടു ചേർത്ത് ജർമ്മൻ സ്വദേശി അന്ന ഡെട്രിച്ച്. ഇന്ത്യൻ നൃത്തങ്ങളെക്കുറിച്ച് അറിഞ്ഞ അന്ന 2005ലാണ് ഇന്ത്യയിലെത്തുന്നത്. തൃശ്ശൂർ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിലെത്തിയ ഇവർ അന്തരിച്ച പ്രൊഫ. കലാമണ്ഡലം ലീലാമ്മയുടെ കീഴിൽ മോഹിനിയാട്ടവും പിന്നീട് കഥകും പഠിച്ചു. ഇന്ന് ഇന്ത്യൻ നൃത്ത രൂപങ്ങളെ ലോകമെങ്ങും എത്തിക്കുന്നതിൽ പങ്ക് വഹിക്കുന്നു.

ചില സുഹൃത്തുക്കൾ വഴിയാണ് താൻ ഇന്ത്യൻ നൃത്ത വൈവിദ്ധ്യത്തെക്കുറിച്ച് അറിഞ്ഞതെന്ന് കോഴിക്കോട് ചാവറ കൾച്ചറൽ സെന്ററിൽ കഥക് അവതരിപ്പിക്കാനെത്തിയ അന്ന പറഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായ ഈ കലകൾ തന്നെ വളരെ ആകർഷിച്ചു. ഇവയിലെ മുഖഭാവങ്ങൾ വളരെ സൂക്ഷമമാണ്. ഇത് പല അർത്ഥങ്ങളും സൃഷ്ടിക്കുന്നു. ജർമ്മനിയിലെ ബാലെ നൃത്തങ്ങളിലാകട്ടെ മുഖഭാവത്തിന് യാതൊരു പ്രാധാന്യവുമില്ല. ശരീര ചലനങ്ങൾക്കാണ് അവിടെ പ്രാധാന്യം. മനസ്സിലുള്ളത് പുറത്തു കാണിക്കാത്ത ഒരു സംസ്കാരമാണ് ജർമ്മനിയിലേത്.

അതിന്റെ പ്രതിഫലനമാകാം ബാലെയിലും കാണുന്നത്, അവർ പറയുന്നു. കലാമാണ്ഡലത്തിൽ അഞ്ചു വർഷം മോഹിനിയാട്ടം പഠിച്ച ശേഷം കഥക് പഠിക്കാനാരംഭിച്ചു. ​ഗീതാഞ്ജലി ലാലിന് കീഴിലായിരുന്നു പഠനം. ഒരു ഇന്ത്യൻ നൃത്തരൂപം പഠിച്ചാൽ മറ്റുള്ളത് പഠിച്ചെടുക്കാൻ എളുപ്പമാണെന്ന് അന്ന പറയുന്നു. എന്നാലും മോഹിനിയാട്ടവും കഥകും തമ്മിൽ നിരവധി വ്യാത്യാസങ്ങളുണ്ട്. മുദ്രകൾ, മുഖഭാവങ്ങൾ എന്നിവ രണ്ടിലും വ്യത്യസ്തമാണ്. മോഹിനിയാട്ടം വളരെ സാവകാശമുള്ള നൃത്തമാണ്. ശരീരവും മനസ്സും വഴങ്ങാൻ വളരെ പ്രയാസമായിരുന്നു. എന്നാൽ പഠിച്ചെടുത്തപ്പോൾ ഹൃദ്യവും ആനന്ദകരവുമായാണ് അനുഭവപ്പെട്ടത്. കഥകാകട്ടെ അത്ര സാവകാശം കളിക്കുന്ന നൃത്തമല്ല. കഥകും തനിക്ക് വളരെ ഇഷ്ടമാണ്.

എത്ര പഠിച്ചാലും തീരാത്ത അത്രയും ആഴമുള്ള പഠനശാഖയാണ് ഇന്ത്യൻ നൃത്തകല. അത് ഇന്ത്യക്ക് കിട്ടിയ വരദാനമാണ്. ഈ കലാരൂപങ്ങളുടെ മതപരമായ പശ്ചാത്തലവും തന്നെ ആകർഷിച്ചിട്ടുണ്ട്. ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തങ്ങൾ തന്നെ ഇന്ത്യയിലെത്തിച്ചു. ഇപ്പോൾ താൻ പാതി ജർമ്മൻകാരിയും പാതി ഇന്ത്യക്കാരിയുമാണ്. മനസ്സിലും ശരീരത്തിലും മുഴുവൻ നൃത്തമാണ്, അന്ന പറഞ്ഞു.

കബനി, ദ്യുതി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് അന്ന ഡെട്രിച്ചിന്റെ കഥക് അരങ്ങേറിയത്. ​​ഗണേഷവന്ദനം, ദ്രുപത്, കാളിയമർദ്ദനം, ഖരാന എന്നിവയും സമകാലിക നൃത്തവും അവർ അവതരിപ്പിച്ചു.

Read More >>