അതിജീവനപാതയില്‍ ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

കച്ചവടവും ടൂറിസ്റ്റ് വാഹനങ്ങളുമായി ഉപജീവനം നടത്തിയിരുന്നവരില്‍ ഭൂരിഭാഗവും തൊഴിലില്ലാത്ത അവസ്ഥയിലാണ്. മണ്‍സൂണ്‍ നേരിട്ടനുഭവിച്ചറിയാന്‍ മുന്‍ വര്‍ഷങ്ങളില്‍ വിദേശ രാജ്യങ്ങളില്‍നിന്നു ധാരാളമായി സഞ്ചാരികളെത്തിയിരുന്നു. കൂടുതലും അറബ്, യൂറോപ്യന്‍ മേഖലകളില്‍ നിന്നായിരുന്നു ഇത്.

അതിജീവനപാതയില്‍ ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

ഇടുക്കി:മഴക്കെടുതിയില്‍ തളര്‍ന്ന ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍. സഞ്ചാരികളെത്താത്തതു പല കേന്ദ്രങ്ങളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രളയക്കെടുതി ജില്ലയിലെ ടൂറിസം മേഖലയെ തളര്‍ത്തിയതോടെ ആയിരക്കണക്കിനു തൊഴിലാളികളും തൊഴിലുടമകളും ദുരിതത്തിലാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ വിപുലമായ ഒരുക്കളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടത്തിയിരിക്കുന്നത്.

കച്ചവടവും ടൂറിസ്റ്റ് വാഹനങ്ങളുമായി ഉപജീവനം നടത്തിയിരുന്നവരില്‍ ഭൂരിഭാഗവും തൊഴിലില്ലാത്ത അവസ്ഥയിലാണ്. മണ്‍സൂണ്‍ നേരിട്ടനുഭവിച്ചറിയാന്‍ മുന്‍ വര്‍ഷങ്ങളില്‍ വിദേശ രാജ്യങ്ങളില്‍നിന്നു ധാരാളമായി സഞ്ചാരികളെത്തിയിരുന്നു. കൂടുതലും അറബ്, യൂറോപ്യന്‍ മേഖലകളില്‍ നിന്നായിരുന്നു ഇത്.

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ധാരാളം ബുക്കിങ്ങും ഉണ്ടായിരുന്നു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമായതോടെ വിനോദസഞ്ചാരികള്‍ യാത്ര ഉപേക്ഷിച്ചു ബുക്കിങ് റദ്ദാക്കി. ഇതോടെ മണ്‍സൂണ്‍ ടൂറിസത്തില്‍ കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്ന റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവ പ്രതിസന്ധിയിലായി. വ്യാഴവട്ടത്തിനു ശേഷമുള്ള നീലക്കുറിഞ്ഞി പൂക്കാലം മുന്നില്‍ക്കണ്ട് നിരവധി പ്രവര്‍ത്തനമാണു വിനോദ സഞ്ചാര മേഖലയില്‍ നടത്തിയത്. മണ്ണിടിച്ചിലും ദുരിതമഴയും ഇക്കുറി ഈ മേഖലയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പ്രവര്‍ത്തനം നിലച്ച റിസോര്‍ട്ടുകളില്‍നിന്നു മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെ വ്യാപകമായി തിരിച്ചയച്ചു. മൂന്നാര്‍, തേക്കടി, വാഗമണ്‍, അഞ്ചുരുളി, മറയൂര്‍, രാമക്കല്‍മേട് എന്നിവിടങ്ങളെല്ലാം പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ മാത്രം അഞ്ചുകോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതു കൂടാതെ 50 ലക്ഷം രൂപയുടെ റവന്യൂ നഷ്ടവും ഉണ്ടായി. പ്രളയക്കെടുതിയില്‍ മരവിച്ചു പോയ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് നീലക്കുറിഞ്ഞിക്കാലം ഉണര്‍വേകുമെന്നാണു പ്രതീക്ഷ. ഇന്റര്‍നെറ്റ് ബുക്കിങ് സൗകര്യവും പുനരാരംഭിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും തേക്കടിയിലേക്കു വരുന്നത് വളരെ കുറച്ച് സഞ്ചാരികള്‍ മാത്രമാണ്. തേക്കടി തടാകത്തില്‍ ചെറിയ ബോട്ടുകള്‍ മാത്രമാണു പലപ്പോഴും സര്‍വിസ് നടത്തുന്നത്. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നു. സാധാരണ ഓഗസ്റ്റില്‍ തുടങ്ങുന്ന സീസണ്‍ ഫെബ്രുവരിവരെ സജീവമായിരിക്കും. മഴക്കാലം ആസ്വദിക്കാനായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള അറബി വിനോദസഞ്ചാരികളും ധാരാളമായി എത്തുന്നതാണു പതിവ്. മാസങ്ങളായി ചെറുകിട-വന്‍കിട സ്ഥാപനങ്ങളെല്ലാം കാലിയായി കിടക്കുന്നത് ഉടമകളെ കടക്കെണിയിലാക്കി. തൊഴിലാളികള്‍ പലരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. സഞ്ചാരികള്‍ കുറവാണെങ്കിലും വനംവകുപ്പും കെ.ടി.ഡി.സിയും ബോട്ടിങ് നടത്തുന്നുണ്ട്. തേക്കടിയിലേയ്ക്ക് എത്താനുള്ള എല്ലാ റോഡുകളും സഞ്ചാരയോഗ്യമാണ്. എത്ര തിരക്ക് കുറഞ്ഞാലും ശരാശരി രണ്ടായിരം പേരെങ്കിലും എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എത്തുന്നത് ആയിരത്തില്‍ താഴെ സഞ്ചാരികളാണ്.

അഞ്ചുരുളിയിലും കാല്‍വരിമൗണ്ടിലും വാഗമണ്ണിലും സഞ്ചാരികളെത്തിത്തുടങ്ങി

അഞ്ചുരുളി, കാല്‍വരിമൗണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ ആളുകള്‍ എത്തിത്തുടങ്ങി. ശക്തമായ കാലവര്‍ഷത്തിനുശേഷം ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അഞ്ചുരുളി, കാല്‍വരിമൗണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. അഞ്ചുരുളിയില്‍ സഞ്ചാരികള്‍ നില്‍ക്കുന്ന തിട്ടയ്ക്ക് തൊട്ടടുത്താണ് ഇപ്പോഴും ജലനിരപ്പുള്ളത്. ഇരട്ടയാറില്‍നിന്ന് 5.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെ അഞ്ചുരുളിയിലേയ്ക്ക് വെള്ളമെത്തുന്ന തുരങ്കമുഖം ഏറെ ആകര്‍ഷകമാണ്.

ഇവിടെനിന്ന് 70 അടിയിലേറെ താഴ്ചയിലേയ്ക്ക് ഉണ്ടായിരുന്ന വെള്ളച്ചാട്ടം ജലനിരപ്പ് ഉയര്‍ന്നതോടെ ഏതാനും അടി മാത്രമായി ചുരുങ്ങിയിട്ടുണ്ട്. നടപ്പാതയില്‍ മണ്ണിടിഞ്ഞു വീണിരിക്കുന്നതിനാല്‍ നിലവില്‍ ഇതുവഴി കടന്നുപോകാന്‍ കഴിയില്ല. ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും വെള്ളം കയറിക്കിടക്കുന്ന കാഴ്ചയാണ് കാല്‍വരിമൗണ്ടിന്റെ ആകര്‍ഷണീയത.

വാഗമണ്‍ വിനോദ സഞ്ചാരമേഖല പഴയ സ്ഥിതിയിലേക്കു തിരിച്ചു വരുന്നു. മഴക്കെടുതികള്‍ അവസാനിച്ചതോടെ ഇവിടേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. കഴിഞ്ഞയാഴ്ച മുതലാണു കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയത്. മൊട്ടക്കുന്നുകളും, അനന്തമായ പൈന്‍ മരക്കാടുകളും പാലൊഴുകുംപാറയുമെല്ലാം കണ്ടാണു സഞ്ചാരികള്‍ മടങ്ങുന്നത്. ഇവിടങ്ങളിലെ മലമ്പാതയിലൂടെയുഉള്ള യാത്ര അതിമനോഹരമാണ്.

രാമക്കല്‍മേടും ഉണരുന്നു

മഴക്കെടുതിയെ തുടര്‍ന്ന് പൂട്ടിയ രാമക്കല്‍മേട് ടൂറിസം കേന്ദ്രം തുറന്നതോടെ സഞ്ചാരികള്‍ എത്തിത്തുടങ്ങി. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. സീസണ്‍ സമയങ്ങളില്‍ ആയിരക്കണക്കിനു സഞ്ചാരികളാണു രാമക്കല്‍മേടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി എത്തിയിരുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണു രാമക്കല്‍മേട് സ്ഥിതിചെയ്യുന്നത്. തിരക്ക് കുറഞ്ഞതോടെ രാമക്കല്‍മേടിനു സമീപത്തുള്ള വ്യാപാരികളും ഡ്രൈവര്‍മാരും പ്രതിസന്ധിയിലാണ്.

Read More >>