ഛായം പൂശാൻ ഞങ്ങളുമുണ്ടേ...

കുട്ടികൾക്ക് കൂട്ടായി വിദേശികളും

ഛായം പൂശാൻ ഞങ്ങളുമുണ്ടേ...

കൊച്ചി: വഴിയരികിൽ കുറച്ച് കുട്ടികൾ ഭിത്തിയിലും മതിലിലുമെല്ലാം ചിത്രങ്ങൾ വരക്കുന്നു. അവർക്കൊപ്പം ഛായം പകർത്തുന്നതിൽ മുഴുകിയിരിക്കുകയാണ് മൂന്ന് വിദേശികളും. ബെൽജിയം സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളാണ് കൊച്ചി ചെൽഡ്‌ലൈൻ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമാകാൻ എത്തിയിരിക്കുന്നത്.


എറണാകുളത്തുള്ള ഏക ചെൽഡ്‌ലൈൻ ഓഫീസാണിത്. ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങളും മറ്റും വരക്കുന്നത്. ഇതിന് സ്വമേധയാ താൽപര്യം പ്രകടിപ്പിച്ച് എത്തിയതാണ് വിദേശികളായ വിദ്യാർത്ഥികളെന്ന് ചൈൽഡ്‌ലൈൻ ജീവനക്കാരനായ അഭിലാഷ് പറഞ്ഞു. ജേക്കബ് ജോർഡൻസ്, അനെറ്റെ വാൻഡിവോൾ, സെലിൻ ഡിമാറ്റലെർ എന്നിവരാണ് വഴിയരികിൽ കുട്ടികൾക്ക് കൂട്ടായത്. ബാച്ചിലർ ഓഫ് അപ്ലൈഡ് സൈക്കോളജി വിദ്യാർത്ഥികളാണ് മൂവരും. പ്രൊജക്ടിന്റെ ഭാഗമായാണ് തങ്ങൾ ഇവിടെയെത്തിയത്. ബാലപീഡനവും അനുബന്ധവിഷയങ്ങളുമാണ് പ്രൊജക്ടിന്റെ ഇതിവൃത്തം.

വർദ്ധിച്ചു വരുന്ന ബാല പീഡനവും മറ്റും എങ്ങനെ കുറക്കാം, ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രൊജക്ട് ചെയ്യുന്നത്, ജേക്കബ് പറഞ്ഞു. പ്രൊജക്ട് പൂർത്തിയാക്കി തിരിച്ച് ബെൽജിയത്തിലേക്ക് മടങ്ങും. കഴിഞ്ഞ ഫൊബ്രുവരിയിലാണ് ഇവർ പഠനാവശ്യത്തിനായി കളമശ്ശേരി രാജഗിരിയിൽ എത്തിയത്. പ്രൊജക്ടിന്റെ ഭാഗമായി ഓരാഴ്ച്ചയോളം ഇവർ ചൈൽഡ്‌ലൈനിൽ ഉണ്ടാകും. ജൂണോടെ ബെൽജിയത്തിലേക്ക് മടങ്ങാനാകുമെന്നാണ് ഇവർ കരുതുന്നത്. ചൈൽഡ്‌ലൈനോട് ചേർന്ന് അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്.


അദ്ധ്യയന വർഷം ആരംഭിക്കുന്നതോടെ കുട്ടികളെ ആകർഷിക്കാനും മറ്റുമാണ് ചിത്രങ്ങളും മറ്റും വരക്കുന്നത്. കളമശേരി സ്വദേശി പ്രേം ശങ്കറിന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരക്കുന്നത്. കാക്കനാട് നെസ്റ്റിലെ ജീവനക്കാരനാണ് പ്രേം ശങ്കർ. ഒഴിവുസമയങ്ങളിൽ ചിത്രരചനയാണ് പ്രേമിന്റെ വിനോദം. കളമശേരിയിൽ ഒരു അങ്കണവാടിയിൽ പ്രേം ചിത്രങ്ങൾ വരച്ചിരുന്നു. അത് കണ്ടിട്ടാണ് ജേക്കബും സംഘവും പ്രേമിനെ ചൈൽഡ്‌ലൈനിലെ ചിത്രപ്പണിക്കും ക്ഷണിച്ചത്.

കുട്ടികളും വിദേശികളും എല്ലാവരും ചേർന്ന് ആഘോഷമാക്കുകയാണ് ചൈൽഡ്‌ലൈൻ അങ്കണം.

Read More >>