സിംബാബ്‌വെക്ക് വിലക്ക്; ഐ.സി.സി അംഗത്വത്തില്‍ പുറത്ത്

അടുത്തമാസവും ഒക്ടോബറിലും നടക്കുന്ന വനിതാ- പുരുഷ ടി 20 ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ടീമിന്റെ പങ്കാളിത്തം പ്രതിസന്ധിയിലായി.

സിംബാബ്‌വെക്ക് വിലക്ക്; ഐ.സി.സി അംഗത്വത്തില്‍ പുറത്ത്

സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്. അസോസിയേഷന്റെ ഐ.സി.സി അംഗത്വം റദ്ദാക്കി. ഐ.സി.സിയുടെ എല്ലാ ധനസഹായവും മരവിപ്പിക്കും. രാജ്യത്തു നിന്നുള്ള ക്രിക്കറ്റ് ടീമുകള്‍ക്ക് ഐ.സി.സിയുടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അടുത്തമാസവും ഒക്ടോബറിലും നടക്കുന്ന വനിതാ- പുരുഷ ടി 20 ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ടീമിന്റെ പങ്കാളിത്തം പ്രതിസന്ധിയിലായി.

ഇന്നലെ ലണ്ടനില്‍ ചേര്‍ന്ന ഐ.സി.സി വാര്‍ഷിക യോഗത്തിലാണ് തീരുമാനം. സിംബാബ് വെ സര്‍ക്കാരിന്റെ അമിത ഇടപെടലാണ് വിലക്കിന് കാരണണമെന്ന് ഐ.സി.സി വ്യക്തമാക്കി. ഐ.സി.സി നിയമങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ ഇടപെടല്‍ സിംബാബ്‌വെ ക്രിക്കറ്റിലുണ്ടായതായും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

സിംബാബ്‌വെ പുറമേ ക്രോയേഷ്യ ക്രിക്കറ്റ് ഫെഡറേഷനെയും സാംബിയ ക്രിക്കറ്റ് ഫെഡറേഷനെയും ഐ.സി.സി. പുറത്താക്കി. ഐ.സി.സി അംഗത്വത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി.

ക്രിക്കറ്റിനെ രാഷ്ട്രീയ ഇടപെടലില്‍നിന്ന് മുക്തമാക്കാനാണ് സസ്പെന്‍ഷനെന്ന് ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പ്രതികരിച്ചു. അംഗത്വത്തില്‍ നിന്ന് ഒരു രാജ്യത്തെ പുറത്താക്കുന്ന നടപടി പെട്ടെന്നുണ്ടായതല്ല. ഐ.സി.സി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് സിംബാബ് വെയിലുണ്ടായത്. ഇത് പരിഹരിക്കാതെ മുന്നോട്ട് പോകാനാവില്ല. ഐ.സി.സി ഭരണഘടന പ്രകാരമാകണം സിംബാബ്‌വെയിലെ ക്രിക്കറ്റ് മുന്നോട്ട് പോകേണ്ടതെന്ന് ശശാങ്ക് മനോഹര്‍ അഭിപ്രായപ്പെട്ടു. സിംബാബ് വെ ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. ഒക്ടോബറില്‍ നടക്കുന്ന ഐ.സി.സി മീറ്റിങ്ങില്‍ വിലക്ക് പുനഃപരിശോധിക്കും.

ഐ.സി.സി ഭരണഘടനയിലെ 2.4 സി, ബി വകുപ്പുകള്‍ സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന്‍ ലംഘിച്ചതായി ലണ്ടനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജൂണില്‍ ക്രിക്കറ്റ് അസോസിയേഷനെ സിംബാബ്‌വെ സര്‍ക്കാരിന് കീഴിലുള്ള സ്പോര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷന്‍ പിരിച്ചുവിട്ടതടക്കമുള്ള നടപടികള്‍ രാജ്യത്തെ ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി ഐ.സി.സി ചൂണ്ടിക്കാട്ടുന്നു. മൂന്ന് മാസത്തിനകം സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സിംബാബ്‌വെയോട് നേരത്തെ ഐ.സി.സി ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റിന്റെയോ കളിക്കാരുടെ പുരോഗതിക്കായി ചെ ലവഴിക്കേണ്ട ഫണ്ടുകള്‍ സിംബാബ്വെ സര്‍ക്കാറിലേക്ക് വഴിമാറ്റുന്നതും ഐ.സി.സി വിലക്കിന് കാരണമായതായി റിപോര്‍ട്ടുകളുണ്ട്.

ഇതാദ്യമായാണ് ഒരു പൂര്‍ണ അംഗത്വമുള്ള ക്രിക്കറ്റ അസോസിയേഷന് ഐ.സി.സി വിലക്കേര്‍പ്പെടുത്തുന്നത്. 2015ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷനെ രാഷ്ട്രീയ ഇടപെടലിന്റെ പേരില്‍ ഐ.സി.സി താക്കീത് ചെയ്തിരുന്നു. നിരവധി അസോസിയേറ്റ് അംഗങ്ങളെ മുമ്പ് വിലക്കിയിരുന്നു. നേപ്പാള്‍ അടക്കമുള്ള അസോസിയേറ്റ് അംഗങ്ങള്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. എന്നാല്‍ സസ്പെന്‍ഷന്‍ കാലാവധിയിലും ഐ.സി.സി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഈ ടീമുകള്‍ക്ക് അനുമതിയുണ്ട്.

Read More >>