പൊരുതി നേടിയ വിജയം; ശ്രീ വീണ്ടും കളത്തിലേക്ക്

ദേശീയ ടീമിലേക്ക് മടങ്ങിപ്പോക്ക് അസാദ്ധ്യമാണെങ്കിലും ലീഗ് ക്രിക്കറ്റിലും വിദേശ ക്രിക്കറ്റ് ലീഗിലും കളിക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.

പൊരുതി നേടിയ വിജയം; ശ്രീ വീണ്ടും കളത്തിലേക്ക്

ഏറെ നാള്‍ നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ശ്രീശാന്ത് മറികടന്നത്. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ശ്രീശാന്തിന് ക്രിക്കറ്റില്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി. ശിക്ഷാ കാലാവധി പുനഃപരിശോധിക്കണമെന്നും മൂന്നു മാസത്തിനുള്ളില്‍ ബി.സി.സി.ഐ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതോടെ ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച ഹൈക്കോടി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിച്ചത്.

വിവാദമായ വിലക്ക്

2013ലെ ഐ.പി.എല്‍ സീസണിലാണ് ശ്രീശാന്തിന്റെ കളിജീവിതം തകര്‍ത്ത ഒത്തുകളി ആരോപണമുണ്ടായത്. ശ്രീശാന്ത് വാതുവയ്പ്പുകാരുമായി ഫോണ്‍ സംഭാഷണം നടത്തിയതിന് തെളിവുണ്ടെന്ന് പറഞ്ഞാണ് ബി.സി.സി.ഐ അദ്ദേഹത്തെ വിലക്കിയത്. ഓവറില്‍ അധിക റണ്‍സ് വഴങ്ങുന്നതിന് ഇടനിലക്കാരില്‍ നിന്നും 10 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെ ഇടനിലക്കാര്‍ക്കുള്ള അടയാളമായാണ് ശ്രീശാന്ത് വെള്ളത്തൂവാല ഉയര്‍ത്തികാട്ടിയതെന്നുമാണ് പൊലീസ് കണ്ടെത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ ആ ഓവറില്‍ 13 റണ്‍സ് ശ്രീശാന്ത് വഴങ്ങിയതും സംശയം വര്‍ദ്ധിപ്പിച്ചു. അന്ന് ശ്രീശാന്തിനൊപ്പം അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന തിഹാര്‍ ജയിലിലാണ് ശ്രീശാന്തിനെ ആദ്യം പാര്‍പ്പിച്ചത്. പിന്നീട് വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ 2015ല്‍ ഡല്‍ഹി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി.

വഴങ്ങാതെ ബി.സി.സി.ഐ

ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവന്താന വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായില്ല. തന്നെ കുടുക്കിയതാണെന്ന് നേരത്തെ ശ്രീശാന്ത് പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള സമീപനമാണ് ശ്രീശാന്തിന് ബി.സി.സി.ഐയില്‍ നിന്ന് നേരിടേണ്ടി വന്നത്. അന്ന് ശ്രീശാന്തിനൊപ്പം പിടിക്കപ്പെട്ട താരങ്ങള്‍ക്ക് ലീഗ് മത്സരങ്ങള്‍ കളിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ശ്രീശാന്ത് മാത്രം തഴയപ്പെട്ടു. ഇതോടെയാണ് അദ്ദേഹം നിയമപോരാട്ടത്തിനിറങ്ങിയത്. ഹൈക്കോടതിയെ സമീപിച്ച ശ്രീശാന്തിന്റെ വിലക്ക് നീക്കില്ലെന്ന കടുത്ത നിലപാടാണ് ബി.സി.സി.ഐ സ്വീകരിച്ചത്. ശ്രീശാന്തിനെതിരേ തെളിവുണ്ടെന്ന് ആവര്‍ത്തിച്ച ബി.സി.സി.ഐയുടെ നിലപാട് ഹൈക്കോടതിയും ശരിവച്ചു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രിം കോടതിയുടെ നിരീക്ഷണം

ആജീവനാന്ത വിലക്ക് നല്‍കുന്നത് ശരിയല്ലെന്ന ശ്രീശാന്തിന്റെ വാദം സുപ്രിം കോടതി ശരിവെച്ചു. ശ്രീശാന്ത് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടണം. അതിനു മുമ്പെ ആജീവനാന്ത വിലക്ക് നല്‍കുന്നത് ശരിയല്ല. എന്താണ് ശിക്ഷ നല്‍കേണ്ടതെന്ന് മൂന്നുമാസത്തിനകം ബി.സി.സി.ഐക്ക് തീരുമാനിക്കാം. അതേ സമയം വാതുവയ്പ്പുകേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല.

ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും ശ്രീശാന്ത് കോടതിയില്‍ വാദിച്ചു. വാതുവയ്പ്പ് കേസില്‍ പൊലീസ് കൊണ്ടു വന്ന ടെലിഫോണ്‍ രേഖകളും തെളിവുകളും അടിസ്ഥാനരഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസഹ്റുദ്ദീന് വിലക്കേര്‍പ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നു. വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയെ അറിയിച്ചു.

ഇനിയെന്ത്?

ഇന്ത്യക്കുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ട്വന്റി20യില്‍ നിന്ന് ഏഴു വിക്കറ്റുമാണ് ശ്രീശാന്ത് സ്വന്തമാക്കിത്. ദേശീയ ടീമിലേക്ക് മടങ്ങിപ്പോക്ക് അസാദ്ധ്യമാണെങ്കിലും ലീഗ് ക്രിക്കറ്റിലും വിദേശ ക്രിക്കറ്റ് ലീഗിലും കളിക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്.

Read More >>