ഇറ്റാലിയന്‍ ഓപ്പണ്‍: ക്വാര്‍ട്ടര്‍ ഉറപ്പിച്ച് പ്രമുഖര്‍

റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ടിറ്റ്സിപാസ് എന്നിവരെല്ലാം ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി.

ഇറ്റാലിയന്‍ ഓപ്പണ്‍: ക്വാര്‍ട്ടര്‍ ഉറപ്പിച്ച് പ്രമുഖര്‍

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്ത് പ്രമുഖര്‍. പുരുഷ സിംഗിള്‍സില്‍ പോരാട്ടം കടുപ്പിച്ച് റോജര്‍ ഫെഡറര്‍,റാഫേല്‍ നദാല്‍,നൊവാക് ജോക്കോവിച്ച്,ടിറ്റ്സിപാസ് എന്നിവരെല്ലാം ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി.

ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് 56ാം സ്ഥാനക്കാരാനായ ജര്‍മനിയുടെ ഫിലിപ്പ് കോള്‍സ്‌ക്രിബറെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റിനായിരുന്നു ജയം. സ്‌കോര്‍ 6-3,6-0. മാഡ്രിഡ് ഓപ്പണ്‍ റണ്ണേഴ്സപ്പായ എട്ടാം റാങ്കുകാരന്‍ ഗ്രീസിന്റെ ടിറ്റ്സിപാസും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഒരു മണിക്കൂറും 13 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 6-4,6-3 എന്ന സ്‌കോറിനാണ് യുവതാരത്തിന്റെ ജയം. ലോക രണ്ടാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലും അനായാസ ജയമാണ് നേടിയത്. ഒരു മണിക്കൂറും രണ്ട് മിനുട്ടും മാത്രം നീണ്ട പോരാട്ടത്തില്‍ 6-1,6-0 എന്ന സ്‌കോറിനാണ് നദാലിന്റെ ജയം.

മൂന്നാം റാങ്കുകാരന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടറില്‍ കടന്നത്. 15ാം റാങ്കുകാരനായ ക്രൊയേഷ്യയുടെ കോറിക്കിനെ കീഴ്പ്പെടുത്താന്‍ രണ്ട് മണിക്കൂറും 33 മിനുട്ടും ഫെഡറര്‍ക്ക് വേണ്ടിവന്നു. സ്‌കോര്‍ 2-6,6-4,7-6.

വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വീനസ് വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ മുട്ടുമടക്കി. നാട്ടുകാരിയായ ജൊഹാന കോന്റയാണ് വീനിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പുറത്താക്കിയത്. സ്‌കോര്‍ 6-2,6-4. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ നവോമി ഒസാക്ക ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. റൊമാനിയയുടെ മിഹീല ബുസര്‍നെസ്‌ക്യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക്ക തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,6-3. ഏഴാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കയുടെ കെനിനിനെ 4-6,6-4,6-3 എന്ന സ്‌കോറിനാണ് കരോളിന തോല്‍പ്പിച്ചത്.

Read More >>