കാവല്‍ ശക്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; ഗോള്‍കീപ്പര്‍മാരായി ആല്‍ബിനോ ഗോമസും പ്രഭ്‌സുഖന്‍ ഗില്ലും ടീമിലേക്ക്

ധീരജ് സിങ് ടീം വിട്ട ശേഷം ഇന്ത്യന്‍ ആരോസിന്റെ ഗോള്‍ വല കാക്കുന്ന ഗില്‍ ഇന്ത്യയില്‍ വളര്‍ന്നു വരുന്ന മികച്ച കീപ്പര്‍മാരില്‍ ഒരാളാണ്.

കാവല്‍ ശക്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്; ഗോള്‍കീപ്പര്‍മാരായി ആല്‍ബിനോ ഗോമസും പ്രഭ്‌സുഖന്‍ ഗില്ലും ടീമിലേക്ക്

കൊച്ചി: അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെയാണ്. പ്രതിരോധത്തിലേക്ക് ജംഷഡ്പൂര്‍ സൂപ്പര്‍ താരം ടിറിയെ എത്തിച്ചതിന് പിന്നാലെ, ഗോള്‍ വലയ്ക്കു മുമ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രണ്ടു പേരെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാന്‍ തീരുമാനിച്ചു.

ഐസ്വാള്‍ എഫ്.സിയുടെ മുന്‍ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ്, ഇന്ത്യന്‍ ആരോസിന്റെ യുവതാരം പ്രഭ്‌സുഖന്‍ ഗില്‍ എന്നിവരെയാണ് കൊമ്പന്മാര്‍ വലയിലാക്കിയത് എന്ന് ഗോള്‍ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

2017ല്‍ ഐ ലീഗ് കിരീടം നേടുമ്പോള്‍ ഐസ്വാള്‍ എഫ്.സിയുടെ കാവല്‍ക്കാരനായിരുന്നു 26 കാരനായ ആല്‍ബിനോ ഗോമസ്. ഒഡിഷ എഫ്.സി ടീം അംഗമാണ്. 2017ന് ശേഷം ഏഴു കളികളില്‍ മാത്രമാണ് ഗോമസ് വല കാത്തിട്ടുള്ളൂ.

ആല്‍ബിനോ ഗോമസ്


ധീരജ് സിങ് ടീം വിട്ട ശേഷം ഇന്ത്യന്‍ ആരോസിന്റെ ഗോള്‍ വല കാക്കുന്ന ഗില്‍ ഇന്ത്യയില്‍ വളര്‍ന്നു വരുന്ന മികച്ച കീപ്പര്‍മാരില്‍ ഒരാളാണ്.

ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വല കാത്ത മലയാളി താരം ടി.പി രഹനേഷും കശ്മീര്‍ താരം ബിലാല്‍ ഖാനും ശരാശരിക്കു താഴെയുള്ള പ്രകടനമാണ് പുറത്തെടുത്തത്. ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ഗോള്‍ വല കാത്ത ടി.പി രഹനേഷ് വന്‍ അബദ്ധങ്ങള്‍ കാണിച്ച് ഗോള്‍ വഴങ്ങുന്നതിനും ഈ സീസണ്‍ സാക്ഷിയായിരുന്നു.

അതിനിടെ, പ്രതിരോധം ശ്ക്തമാക്കാന്‍ ജംഷഡ്പൂരിന്റെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ യോസെ ലൂയിസ് എസ്നോസ അറോയോ എന്ന ടിറിയെ ടീമിലെത്തിക്കാനും ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിച്ചിട്ടുണ്ട്.

ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാണ് ടിറി. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തില്‍ സ്വന്തം ഗോള്‍കീപ്പര്‍ സുബ്രത പാലുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് സൈഡ് ബഞ്ചിലാണിപ്പോള്‍ താരം.


Next Story
Read More >>