കട്ടക്കില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ; പരമ്പര സ്വന്തം

വിരാട് കോലിയാണ് കളിയിലെ കേമന്‍.

കട്ടക്കില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യ; പരമ്പര സ്വന്തം

കട്ടക്ക: അനിശ്ചിതത്വത്തിന്റെ സകല സൗന്ദര്യവും നിറഞ്ഞു നിന്ന 'ഫൈനല്‍' പോരാട്ടത്തില്‍ വിന്‍ഡീസിനെ കീഴടക്കി ഇന്ത്യയ്ക്ക് ഏകദിന പരമ്പര. മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 316 എന്ന ലക്ഷ്യം എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ മറികടന്നത്.

അവസാനഘട്ടത്തില്‍ ആഞ്ഞടിച്ച ഷാര്‍ദുല്‍ താക്കൂര്‍ (ആറു പന്തില്‍ നിന്ന് പുറത്താകാതെ 17) ആണ് ഒരുഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ വിജയതീരത്തേക്കെത്തിച്ചത്. 81 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത വിരാട് കോലി പവലിയനിലേക്ക് തിരിച്ചു കയറിയ ശേഷമായിരുന്നു ഷാര്‍ദുലിന്റെ വരവ്. കോലി നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയ താരം ഷെല്‍ഡര്‍ കോട്രല്‍ എറിഞ്ഞ 47-ാം ഓവറില്‍ സിക്‌സറും ഫോറും സഹിതം 15 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതോടെയാണ് കളിയിലേക്ക് ഇന്ത്യ തിരികെയെത്തിയത്.

കോലിക്കു പുറമേ, തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി കരുത്തുകാട്ടിയ ലോകേഷ് രാഹുല്‍ (89 പന്തില്‍ 77), രോഹിത് ശര്‍മ (63 പന്തില്‍ 63) എന്നിവര്‍ക്കൊപ്പം സമ്മര്‍ദ്ദ ഘട്ടത്തില്‍ അസാമാന്യ മനക്കരുത്തോടെ ഉറച്ചുനിന്ന രവീന്ദ്ര ജഡേജ (31 പന്തില്‍ പുറത്താകാതെ 39) എന്നിവരാണ് ഇന്ത്യയുടെ വിജയം സാദ്ധ്യമാക്കിയത്. വിരാട് കോലിയാണ് കളിയിലെ കേമന്‍. രോഹിത് ശര്‍മ്മ പരമ്പരയുടെ താരമായി.

കട്ടക്കില്‍ ടോസിലെ ഭാഗ്യം തുണച്ചത് ഇന്ത്യയെ ആണ്. ചേസ് ചെയ്യാനുള്ള ടീമിന്റെ മിടുക്കില്‍ കണ്ണുവച്ച് കോലി വിന്‍ഡീസിനെ ബാറ്റിങിന് അയച്ചു.

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പരത്തിയാണ് സന്ദര്‍ശകര്‍ മികച്ച സ്‌കോറിലേക്ക് എത്തിയത്. അവസാന 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കിയ വിന്‍ഡീസ് അടിച്ചെടുത്തത് 118 റണ്‍സ്. 64 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം 89 റണ്‍സെടുത്ത നിക്കോളാസ് പുരാന്‍, 51 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് വിന്‍ഡീസ് സ്‌കോര്‍ 300 കടത്തിയത്.

>അടി തുടര്‍ന്ന് ഓപണര്‍മാര്‍

രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും ഒരിക്കല്‍ക്കൂടി തങ്ങളുടെ ക്ലാസ് തെളിയിച്ചു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് (122) ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അടിത്തറ. കരുതലോടെ തുടക്കമിട്ട ഇരുവരും 8.1 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തി. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 100 പിന്നിട്ടു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യയ്ക്ക് സെഞ്ചുറി കൂട്ടുകെട്ട്. 49 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം രാഹുലാണ് ആദ്യം അര്‍ധസെഞ്ചുറി പിന്നിട്ടത്. രാഹുലിന്റെ അഞ്ചാം ഏകദിന അര്‍ധസെഞ്ചുറിക്കു തൊട്ടുപിന്നാലെ 52 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം രോഹിത് ശര്‍മ 43-ാം അര്‍ധസെഞ്ചുറി കടന്നു.

സ്‌കോര്‍ 63ല്‍ നില്‍ക്കവെ ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹോപ്പിന് ക്യാച്ച് നല്‍കിയ രോഹിത് പുറത്തായി. അല്‍പ്പ നേരം കഴിഞ്ഞ് രാഹുലും മടങ്ങി. അല്‍സാരി ജോസഫിന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള രാഹുലിന്റെ ശ്രമം വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ അനായാസ ക്യാച്ചിലൊതുങ്ങി. 89 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 77 റണ്‍സുമായി മടങ്ങും മുന്‍പ് കോലിക്കൊപ്പം രണ്ടാം വിക്കറ്റില്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തത് 45 റണ്‍സ്.

കീമോ പോളിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ശ്രേയസ് അയ്യര്‍ ബൗണ്ടറിക്കരികെ അല്‍സാരി ജോസഫിന്റെ ഉജ്വല ക്യാച്ചില്‍ പുറത്തായതോടെ ഇന്ത്യ മൂന്നിന് 188 റണ്‍സ് എന്ന നിലയിലായി.

പന്ത് വന്നതും പോയതും ഒരുമിച്ചായിരുന്നു. കീമോ പോളിന്റെ പന്ത് സ്റ്റംപിലേക്ക് വലിച്ചിട്ട് പന്ത് മടങ്ങവെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേടിയത് ഏഴു റണ്‍സ്. 10 പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പതു റണ്‍സെടുത്ത ജാദവും വേഗത്തില്‍ തിരിച്ചു കയറി. ഇതോടെ അഞ്ചിന് 228 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്നായിരുന്നു രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചുള്ള ക്യാപ്റ്റന്‍ കോലിയുടെ രക്ഷാ ദൗത്യം. കട്ടക്കിലെ വിക്കറ്റില്‍ ചെറിയ സ്‌കോറിന് തുടര്‍ച്ചയായി പുറത്താകുന്നു എ്ന്ന അപഖ്യാതി ഈ മത്സരത്തോടെ കോലി തീര്‍ത്തു.

Next Story
Read More >>