രണ്ടാം അങ്കത്തിനൊരുങ്ങി ഇന്ത്യ

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം നാളെ നാഗ്പൂരിൽ 1.30 മുതൽ സ്റ്റാർ സ്‌പോർട്സ് 1ൽ തത്സമയം

രണ്ടാം അങ്കത്തിനൊരുങ്ങി ഇന്ത്യ

നാഗ്പൂർ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ വിജയം ആവർത്തിക്കാൻ ഇന്ത്യ നാളെ നാഗ്പൂരിൽ. ട്വന്റി20 പരമ്പര നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം ഏകദിനത്തിലൂടെ മാറ്റാനുറച്ച് ഇന്ത്യയിറങ്ങുമ്പോൾ പരമ്പരയിൽ തിരിച്ചുവരികയാണ് ഓസീസ് ലക്ഷ്യം. ഹൈദരാബാദിലെ ആറ് വിക്കറ്റ് ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലാണ്.

ഓപ്പണർമാർ തിളങ്ങണം

ഓപ്പണിങ്ങിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതിൽ രോഹിത് ശർമയും ശിഖർ ധവാനും പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ പ്രശ്നം. രോഹിത്തിന്റേത് ഭേദപ്പെട്ട പ്രകടനമാണെങ്കിലും ധവാൻ തുടർച്ചയായി നിരാശപ്പെടുത്തുന്നു. കെ.എൽ രാഹുൽ അവസരം കാത്ത് പുറത്തിരിക്കുന്നതിനാൽ ഇനിയും ഫോം കണ്ടെത്തിയില്ലെങ്കിൽ ധവാൻ പുറത്താകും. ഇടവേളയ്ക്ക് ശേഷം ട്വന്റി20യിലൂടെ തിരിച്ചെത്തിയ രാഹുൽ മികച്ച പ്രകടനമായിരുന്നു.

കോലിക്കും ധോണിക്കും മികച്ച റെക്കോഡ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കും മുൻ നായകൻ എം.എസ് ധോണിക്കും മികച്ച റെക്കോഡാണ് നാഗ്പൂരിലുള്ളത്. 2009-17 കാലഘട്ടത്തിനിടെ ഇവിടെ അഞ്ച് ഏകദിനം കളിച്ച ധോണി 134 ശരാശരിയിൽ 268 റൺസാണ് അടിച്ചെടുത്തത്. ഇതിൽ രണ്ട് സെഞ്ച്വറിയും ഉൾപ്പെടും. 124 റൺസാണ് ഉയർന്ന സ്‌കോർ. നാലു മത്സരം കളിച്ച കോലി 69.66 ശരാശരിയിൽ 209 റൺസാണ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടിയിട്ടുള്ള കോലിയുടെ ഉയർന്ന സ്‌കോർ 115. രണ്ടു മത്സരം മാത്രം കളിച്ച രോഹിത് രണ്ടിലും തിളങ്ങി. 102 ശരാശരിയിൽ 204 റൺസ് അടിച്ചെടുത്ത രോഹിതിന്റെ ഉയർന്ന സ്കോർ 125. നിലവിലെ ഓസീസ് താരങ്ങളിൽ ആരോൺ ഫിഞ്ച്, മാർക്കസ് സ്റ്റോണിസ്, ട്രവിസ് ഹെഡ്ഡ് എന്നിവർ ഇവിടെ ഏകദിനം കളിച്ചിട്ടുണ്ടെങ്കിലും മികച്ച പ്രകടനം അവകാശപ്പെടാനില്ല.

ബൗളർമാരിൽ മുൻ ഓസീസ് താരം മിച്ചൽ ജോൺസനാണ് ഇവിടെ കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്. മൂന്നു മത്സരത്തിൽ ഒമ്പത് വിക്കറ്റാണ് ജോൺസൺ പിഴുതത്. നിലവിലെ ഇന്ത്യൻ താരങ്ങൾ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് മുന്നിൽ. ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള ജസ്പ്രീത് ബൂംറ രണ്ടുവിക്കറ്റും വീഴ്ത്തി.

മാക്‌സി വെടിക്കെട്ട്

ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് വെടിക്കെട്ടിൽ പ്രതീക്ഷവെച്ചാണ് ഓസീസിന്റെ വരവ്. ട്വന്റി20യിലെ മികവ് ആദ്യ മത്സരത്തിലും ആവർത്തിക്കാൻ മാക്‌സ് വെല്ലിന് സാധിച്ചെങ്കിലും സഹതാരങ്ങൾ ഫോമിലേക്കുയരാത്തതാണ് പ്രശ്‌നം. ബൗളിങ് കോൾട്ടർ നെയ്‌ലും പാറ്റ് കുമ്മിൻസുമെല്ലാം തരക്കേടില്ലാതെ പന്തെറിയുമ്പോൾ ആരോൺ ഫിഞ്ചും ഡാർസി ഷോർട്ടും സ്‌റ്റോണിസും ഉൾപ്പെടുന്ന മുൻനിര തുടർച്ചയായി പരാജയപ്പെടുന്നു. ഉസ്മാൻ ഖവാജ ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു. അലക്‌സ് ക്യാരി മദ്ധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ജയിക്കാൻ കെൽപ്പുള്ള ഇന്നിങ്‌സ് കാഴ്ചവയ്ക്കാൻ ആർക്കും കഴിയുന്നില്ല.

ഇന്ത്യയുടെ ഭാഗ്യ മൈതാനം

ഇന്ത്യയുടെ ഭാഗ്യമൈതാനങ്ങളിലൊന്നാണ് വിദർഭ ക്രിക്കറ്റ് സ്റ്റേഡിയം. ഇവിടെ ഓസ്‌ട്രേലിയക്കെതിരേ കളിച്ച മൂന്നു തവണയും ജയം ഇന്ത്യക്കായിരുന്നു. 2009ൽ നടന്ന ആദ്യ ഏകദിനത്തിൽ 99 റൺസിന് ഇന്ത്യ ജയിച്ചപ്പോൾ 2013ൽ ആറ് വിക്കറ്റിനായിരുന്നു ജയം. അവസാനമായി 2017ൽ കളിച്ചപ്പോൾ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും മാത്രമാണ് ഇന്ത്യ ഇവിടെ തോറ്റത്.

ബാറ്റിങ്ങിനെ തുണയ്ക്കും

ബാറ്റ്‌സ്മാൻമാരെ തുണയ്ക്കുന്ന മൈതാനമാണ് നാഗ്പൂരിലേത്. ഇവിടുത്തെ ഉയർന്ന ടീം സ്‌കോർ 2009ൽ ഇന്ത്യ ഓസീസിനെതിരേ നേടിയ 354 റൺസാണ്. 2013ൽ 351 റൺസും ഇന്ത്യ നേടിയിട്ടുണ്ട്. 350 റൺസാണ് ഓസീസിന്റെ മികച്ച ടീം ടോട്ടൽ.

Read More >>