ഞാന്‍ ഭക്തയാണ്; ബ്രാഹ്മണന്റെ ആചാരങ്ങള്‍ എനിക്കു ബാധകമല്ല : ബിന്ദു അമ്മിണി

“ എനിക്കൊരു അജണ്ടയുമില്ല. സുപ്രിം കോടതി വിധിയുള്ളതു കൊണ്ടാണ് ഞാന്‍ ശബരിമല ദര്‍ശനം നടത്തിയത്. സുപ്രിം കോടതി പറഞ്ഞാല്‍ അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണു “

ഞാന്‍ ഭക്തയാണ്;  ബ്രാഹ്മണന്റെ ആചാരങ്ങള്‍   എനിക്കു ബാധകമല്ല : ബിന്ദു അമ്മിണി

ഭക്തയാണെന്നും എന്നാല്‍ ബ്രാഹ്മണന്റെ ആചാരങ്ങള്‍ തനിക്ക് ബാധകമല്ലെന്നും ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളില്‍ ഒരാളായ ബിന്ദു അമ്മിണി. എഴുത്തുകാരനും ബിന്ദു അമ്മിണിയുടെ ശിഷ്യനുമായ പി ടി മുഹമ്മദ് സാദിഖുമായുള്ള സംഭാഷണത്തിലാണു അവര്‍ ഇക്കാര്യം പറഞ്ഞത്. ഫേസ് ബുക്ക് പോസ്റ്റിലാണു മുഹമ്മദ് സാദിഖ് ബിന്ദു അമ്മിണിയുടെ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വര്‍ത്തമാനത്തിന്റെയും കുറിപ്പിന്റെയും പൂര്‍ണ്ണരൂപം ഇങ്ങനെ

" ഹൈക്കോടതിക്ക് അറിയേണ്ടത് ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയും വിശ്വാസികളാണോ എന്നാണ്. ശബരിമല ദര്‍ശനത്തില്‍ വേറെ ഏതെങ്കിലും അജണ്ട ഉണ്ടായിരുന്നോ എന്നും അറിയണം. യുവതികള്‍ വിശ്വാസികളാണെന്നു സര്‍ക്കാര്‍ മറുപടി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി വാക്കാല്‍ പറഞ്ഞത്.

ഞാന്‍ ഈ രണ്ട് ചോദ്യങ്ങളും എന്റെ അധ്യാപിക കൂടിയായ ബിന്ദു അമ്മിണിയോട് ചോദിച്ചു.

തങ്ങള്‍ രണ്ടു പേരും ഭക്തരാണെന്നാണ് ടീച്ചര്‍ പറഞ്ഞത്. കനക ദര്‍ഗ്ഗ ഭക്തിഗാനമൊക്കെ എഴുതിയിട്ടുണ്ട്. വിശ്വാസം അല്ലെങ്കില്‍ ഭക്തി എന്നാല്‍ എന്താണെന്നു കോടതി പറയട്ടെ. അവര്‍ പറയുന്ന ഭക്തിയുടെ മാനദണ്ഡം എന്താണ്? ഞാന്‍ ഹിന്ദു സിസ്റ്റത്തിനു പുറത്തുള്ളയാളാണ്. ഔട്ട്കാസ്റ്റ്. അതുകൊണ്ടു തന്നെബ്രാഹ്മണന്റെ ആചാരങ്ങള്‍ എനിക്കു ബാധകമല്ല –ബിന്ദു

നിലപാട് വ്യക്തമാക്കുന്നു.

എനിക്കൊരു അജണ്ടയുമില്ല. സുപ്രിം കോടതി വിധിയുള്ളതു കൊണ്ടാണ് ഞാന്‍ ശബരിമല ദര്‍ശനം നടത്തിയത്. സുപ്രിം കോടതി പറഞ്ഞാല്‍ അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ് . അവര്‍ പറഞ്ഞു.

ബിന്ദു അമ്മിണി വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത് നേരാണ്. അതു പക്ഷേ, ശബരിമല ദര്‍ശനം കഴിഞ്ഞു പിറ്റേ ദിവസം തീരുമാനിച്ചതല്ല. കുറേ മുമ്പാണ്. രോഗിയായ സുഹൃത്തിനു വൃക്ക ദാനം ചെയ്യാനുള്ള ആ ആഗ്രഹം പക്ഷേ, നടന്നില്ല. വൃക്ക ദാനം ചെയ്യുന്നത് ബിന്ദുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നു ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

ഭരണഘടനയുടെ പരിഭാഷ എഴുതാനും നിയമ അധ്യാപികയായ ബിന്ദു തീരുമാനിച്ചിട്ടില്ല. മലയാളത്തില്‍ മികച്ച ഭരണഘടനാ ഗ്രന്ഥങ്ങള്‍ ഇല്ലെന്നത് നേരാണ്. അത്തരമൊരു ഗ്രന്ഥമാണ് അവരുടെ ചിന്തയിലുള്ളത്. അതു ഒറ്റയിരുപ്പിനു എഴുതാന്‍ പറ്റിയ ഗ്രന്ഥമല്ല. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഗവേഷണവും കഠിനാധ്വാനവും വേണ്ട സംഗതിയാണ്.

വൃക്കദാനത്തെ കുറിച്ചും ഭരണഘടനാ പരിഭാഷയെക്കുറിച്ചുമുള്ള വാര്‍ത്തയെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് പരിഹസിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് ബിന്ദു പറഞ്ഞു. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അനുവാദം വാങ്ങുക എന്ന അടിസ്ഥാന തത്വം ഇന്ത്യന്‍ മാധ്യമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Read More >>